മലയാള സിനിമയിൽ മുഖത്തടി കിട്ടിയ പെണ്ണുങ്ങളുടെ പട്ടിക എടുത്താൽ, അതൊരു പക്ഷേ, സിനിമയ്ക്കു മുൻപിൽ കാണിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന പരസ്യചിത്രത്തിലെ അവസാന വാചകത്തോടു സമാനമായിരിക്കും. മലയാളികളുടെ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ രോഗാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്

മലയാള സിനിമയിൽ മുഖത്തടി കിട്ടിയ പെണ്ണുങ്ങളുടെ പട്ടിക എടുത്താൽ, അതൊരു പക്ഷേ, സിനിമയ്ക്കു മുൻപിൽ കാണിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന പരസ്യചിത്രത്തിലെ അവസാന വാചകത്തോടു സമാനമായിരിക്കും. മലയാളികളുടെ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ രോഗാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ മുഖത്തടി കിട്ടിയ പെണ്ണുങ്ങളുടെ പട്ടിക എടുത്താൽ, അതൊരു പക്ഷേ, സിനിമയ്ക്കു മുൻപിൽ കാണിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന പരസ്യചിത്രത്തിലെ അവസാന വാചകത്തോടു സമാനമായിരിക്കും. മലയാളികളുടെ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ രോഗാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ മുഖത്തടി കിട്ടിയ പെണ്ണുങ്ങളുടെ പട്ടിക എടുത്താൽ, അതൊരു പക്ഷേ, സിനിമയ്ക്കു മുൻപിൽ കാണിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന പരസ്യചിത്രത്തിലെ അവസാന വാചകത്തോടു സമാനമായിരിക്കും. മലയാളികളുടെ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീവിരുദ്ധതയുടെ രോഗാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ് അത്തരം രംഗങ്ങൾക്കു കിട്ടുന്ന കയ്യടികളും സ്വീകാര്യതയും! മലയാള സിനിമയിൽ മാത്രമല്ല, പൊതുവെ ഇന്ത്യൻ സിനിമയുടെ കാഴ്ചവട്ടങ്ങളിലും സമാനമായ കാഴ്ചകളാണ് സംഭവിച്ചിട്ടുള്ളത്. 

 

ADVERTISEMENT

എന്നാൽ, ഇതിനെ ചോദ്യം ചെയ്യുകയും മുഖത്തടിയുടെ സ്ത്രീവിരുദ്ധതയെ അതിമനോഹരമായ ചലച്ചിത്ര ഭാഷയിലൂടെ സംവദിക്കുകയും ചെയ്ത ചിത്രമാണ് അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രം 'ഥപ്പഡ്'. അയ്യപ്പനും കോശിയും, കെട്ട്യോളാണെന്റെ മാലാഖ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലിംഗനീതിയുടെ രാഷ്ട്രീയ ശരികളിലേക്ക് നടന്നടുക്കാൻ ശ്രമിക്കുന്ന മലയാള സിനിമയെ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് 'ഥപ്പട്' എന്ന ചിത്രം. മലയാളം ഇതുവരെ കാണാൻ ശ്രമിക്കാതിരുന്ന വിവേചനത്തിന്റെ ആഴങ്ങളൊക്കെ പൊടുന്നനെ അനാവൃതമാകുന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

 

എന്താണ് 'ഥപ്പട്' 

 

ADVERTISEMENT

വിദ്യാഭ്യാസവും ലോകപരിചയവുമുള്ള സ്മാർട്ട് ആയ കുടുംബിനിയാണ് തപ്സി പന്നു അവതരിപ്പിക്കുന്ന അമൃത എന്ന അമ്മു. വീട്ടമ്മയായിരിക്കുക എന്നത് അമൃതയെ സംബന്ധിച്ചിടത്തോളം അവൾ തന്നെ നടത്തിയ തിരഞ്ഞെടുപ്പായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ ഉത്സാഹത്തോടു കൂടി ചെയ്തു കൊടുക്കുന്ന അമൃതയ്ക്ക് അതിൽ പരിഭവങ്ങളേതും ഉണ്ടായിരുന്നതുമില്ല. പക്ഷേ, വീട്ടിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് ഭർത്താവ് അമൃതയുടെ മുഖത്തടിക്കുന്നു. ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി നടത്തിയ വാഗ്വാദത്തിൽ നിന്നു ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അമൃതയെ ഭർത്താവ് അടിക്കുന്നത്. 

 

'ഒരു അടിയല്ലേ, അതു മറന്നു മുന്നോട്ടു പോകൂ' എന്ന ഉപദേശങ്ങളൊന്നും അമൃതയെ ആശ്വസിപ്പിക്കുന്നില്ല. വിവാഹമോചനത്തിലേക്കാണ് ഈ സംഭവം അമൃതയെ കൊണ്ടെത്തിക്കുന്നത്. എത്ര ദേഷ്യം വന്നാലും മാതാപിതാക്കളെയോ മുതിർന്നവരെയോ അടിക്കാൻ നിങ്ങളുടെ കൈ ഉയരുമോ എന്ന പ്രസക്തമായ ചോദ്യമാണ് അമൃത ഉന്നയിക്കുന്നത്. ഭാര്യയെ അടിക്കുന്നത് അക്ഷന്തവ്യമായ തെറ്റായി നമ്മുടെ സമൂഹം കണക്കാക്കുന്നില്ലെന്നും സിനിമ ചൂണ്ടികാണിക്കുന്നു. ആരെയെങ്കിലും പാഠം പഠിപ്പിക്കാനോ, ആരോടെങ്കിലുമുള്ള ദേഷ്യം തീർക്കാനോ അടി വാങ്ങേണ്ടവളല്ല സ്ത്രീകൾ. ഈ തിരിച്ചറിവ് പലപ്പോഴും സ്ത്രീകൾക്കു പോലും ഉണ്ടാവാറില്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ് സിനിമ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്.

 

ADVERTISEMENT

കോശി കുര്യന്റെ കരണത്തടി

 

ഭർത്താവ് ഒറ്റത്തവണ മുഖത്തടിച്ചതിന്റെ പേരിൽ എന്തിനാണ് വിവാഹമോചനം വേണമെന്നു നിർബന്ധം പിടിക്കുന്നതെന്ന് ചോദിച്ച അഭിഭാഷകയോടു ചിത്രത്തിലെ നായിക അമൃത പറയുന്ന ഒരു ഡയലോഗുണ്ട്. "ആ ഒറ്റ അടിയിലൂടെ ഞാൻ നേരിട്ടുകൊണ്ടിരുന്ന എല്ലാ വിവേചനങ്ങളും എനിക്ക് കൃത്യമായി കാണാൻ സാധിച്ചു തുടങ്ങി. അതുവരെ ഞാൻ അതു കണ്ടില്ലെന്ന മട്ടിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു," എന്ന്. സത്യത്തിൽ ഈ സിനിമയും പ്രേക്ഷകന്റെ കാഴ്ചയോടു ചെയ്യുന്നത് ഇതു തന്നെയാണ്. 'ഥപ്പഡ്' എന്ന സിനിമ കാണുന്നതു വരെ അയ്യപ്പനും കോശിയിലെ കോശി കുര്യൻ തന്റെ ഭാര്യ റൂബിയെ മുഖത്തടിക്കുന്നത് കണ്ടിട്ടും കാണാതെ പോവുകയായിരുന്നു പ്രേക്ഷകർ. 

 

കോൺസ്റ്റബിൾ ജെസിക്കും കണ്ണമ്മയ്ക്കും മുൻപിൽ വാലു മുറിഞ്ഞു നിന്ന കോശി കുര്യന്റെ കഥാപാത്രസൃഷ്ടി അതുവരെ മലയാള സിനിമ ആഘോഷിച്ച നായക സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നതിനാൽ റൂബിയെ അടിക്കുന്ന കോശി പ്രേക്ഷകരെ കാര്യമായി അസ്വസ്ഥമാക്കിയില്ല. 'അപ്പനെ അടിക്കാൻ പറ്റില്ലല്ലോ... ഭാര്യയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകും' എന്ന സാമൂഹികബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് അയ്യപ്പനും കോശിയിലെയും ആ രംഗം. അപ്പനെ അടിക്കാൻ പറ്റാത്തതുപോലെ ഭാര്യയെയും അടിക്കാൻ ഭർത്താവിന് യാതൊരു 'സവിശേഷ അധികാരം' (privilege) ഇല്ലെന്ന് 'ഥപ്പട്' ഓർമ്മപ്പെടുത്തുന്നു. ഇക്കാര്യം കുമ്പളങ്ങി നൈറ്റ്സിലെ സിമിയുടെ പ്രശസ്തമായ ഡയലോഗിലൂടെ ( "ഏതു ചേട്ടനാണെങ്കിലും ബേബി മോളെ എടീ പോടീ എന്ന് വിളിക്കരുത്") സംഗ്രഹിക്കാം.– അതായത് എത്ര സ്നേഹമുള്ള ഭർത്താവാണെങ്കിലും ഭാര്യയുടെ മുഖത്തടിച്ച് മര്യാദ പഠിപ്പിക്കാനോ ആണത്തം കാണിക്കാനോ വരണ്ട എന്ന്.  

 

സ്ലീവാച്ചന്റെ ബലാത്സംഗം

 

കുടുംബപ്രേക്ഷകർ ആഘോഷത്തോടെ സ്വീകരിച്ച കെട്ട്യോളാണെന്റെ മാലാഖയിലും കാണാം സിനിമയിലൂടെ സാമാന്യവത്ക്കരിക്കുന്ന ചില തെറ്റായ സാമൂഹിക ശീലങ്ങൾ. അധികമാരും പറയാൻ ധൈര്യം കാണിക്കാത്ത ഭർതൃ ബലാത്സംഗത്തെപ്പറ്റി സംസാരിക്കുന്ന ആ സിനിമയും ഒടുവിൽ ചെന്നെത്തുന്നത് പഴയ കാഴ്ചാശീലങ്ങളിലേക്കാണ്. അതിക്രൂരമായി ബലാത്സംഗം ചെയ്യുന്ന സ്ലീവാച്ചൻ സ്ത്രീവിഷയത്തിൽ അറിവില്ലാത്തവനും സർവോപരി 'നല്ല മനുഷ്യനും' ആയതിനാൽ അയാളോടു ക്ഷമിക്കാൻ ഭാര്യ റിൻസി ബാധ്യസ്ഥയാകുന്നു. 

 

പ്രായപൂർത്തി ആകാത്ത വ്യക്തി ബലാത്സംഗം ചെയ്താൽ അയാൾക്ക് പ്രായത്തിന്റെ ആനുകൂല്യം കൊടുക്കരുതെന്ന് (നിർഭയ കേസ്) വാദിച്ച സമൂഹം തന്നെയാണ് ബലാത്സംഗം ഭർത്താവ് ചെയ്താൽ ഇത്തരം ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. കുടുംബം മുന്നോട്ടു പോകാൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന പൊതുബോധം ഊട്ടിയുറപ്പിക്കുന്ന സിനിമകൾ വിടുന്നതും വീഴിക്കുന്നതും സ്ത്രീകളെ തന്നെയാണ്. 

 

ഥപ്പടിന്റെ രാഷ്ട്രീയം

 

സമൂഹത്തെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയശരികളെ ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ചു സ്വീകാര്യത നേടിയെടുക്കുക എന്നുള്ളത് തികച്ചും ദുഷ്കരമായ ഒന്നാണ്. ഇത്രയും പ്രയാസമേറിയ ഒരു പ്രവർത്തിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അനുഭവ് സിൻഹയും സഹതിരക്കഥകൃത്ത് മൃൺമയിയും 'ഥപ്പട്' എന്ന സിനിമയിലൂടെ വിജയകരമായി നടപ്പാക്കിയത്. 

 

കെട്ടുറപ്പുള്ള തിരക്കഥയും അതിനോടു നീതിപുലർത്തുന്ന ആവിഷ്കാരവും പ്രേക്ഷകരെ അമൃതയുടെ നിലപാടിന്റെ ശരികളിലേക്ക് വലിച്ചടുപ്പിച്ചു. ആദരവ് ഇല്ലാത്ത സ്നേഹത്തിന്റെ ഭീകരാവസ്ഥ അനുഭവിപ്പിക്കാൻ സിനിമയ്ക്കു കഴിഞ്ഞു. സ്ത്രീകളെ പൂജിക്കാനും സ്നേഹിക്കാനും കഴിയുന്നതുപോലെ എളുപ്പത്തിൽ അവരെ ആദരിക്കാൻ നമ്മുടെ കുടുംബ വ്യവസ്ഥിതിക്കോ സമൂഹത്തിനോ കഴിയാറില്ല. ആദരവ് ചോദിച്ചുവാങ്ങുന്നതിൽ സ്ത്രീകൾ ലജ്ജിക്കേണ്ടതില്ലെന്നും സിനിമ ഓർമ്മപ്പെടുത്തുന്നു. അത് ആരുടെയും ഔദാര്യമല്ല. ഈ സമൂഹം അതു ചോദിക്കാതെ തരുമെന്ന പ്രതീക്ഷ ഇല്ലാത്തിടത്തോളം കാലം അതു ചോദിക്കുക തന്നെ വേണമെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു. 

 

ഇതു സിനിമയല്ലേ?

 

സിനിമയിലെ ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകളിൽ പലതും എത്തി നിൽക്കുക 'ഇതു സിനിമയല്ലേ' എന്ന ക്ലിഷേ ചോദ്യത്തിലാണ്. ആ ചോദ്യത്തിനുള്ള ഉത്തരം മലയാള സിനിമയുടെ പുതിയകാല പ്രേക്ഷകർ തന്നെ നൽകുന്നുണ്ട്. ഒറ്റ കരണത്തടി കൊണ്ട് നന്നായിപ്പോകുന്ന നായികമാരും 'നീ വെറും പെണ്ണാണ്' എന്ന ആണത്ത ആഘോഷങ്ങൾക്കു മുന്നിൽ തലകുനിക്കുന്ന സ്ത്രീകഥാപാത്രങ്ങളും 'ഔട്ട്ഡേറ്റഡ്' ആയെന്ന് മലയാളത്തിലെ പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും തിരിച്ചറിയുന്നുണ്ട്. കാരണം അത്തരം സിനിമകൾ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കുന്നില്ല. 

 

ഇത്തരം സിനിമകളെ അർഹിക്കുന്ന അവജ്ഞയോടെ വിട്ടു കളയാനുള്ള ആസ്വാദനശേഷി മലയാളി പ്രേക്ഷകരും ആർജ്ജിച്ചു വരുന്നുണ്ട്. മീശ പിരിച്ചും സ്ത്രീകളുടെ കരണത്തടിച്ചും ആണത്തം കാണിക്കുന്ന നായകന്മാരെ ആഘോഷിക്കാൻ മലയാള സിനിമ ഒന്നു മടിക്കുന്നതിനു കാരണം സിനിമയ്ക്കു സമാന്തരമായി ഉയർന്നു വരുന്ന ചർച്ചകളും വിചിന്തനങ്ങളുമാണ്. സമൂഹത്തിൽ നിലിനൽക്കുന്ന ശീലങ്ങളെയും ബോധ്യങ്ങളെയും ഊട്ടിയുറപ്പിക്കുന്നതിൽ സിനിമ എന്ന സാമൂഹിക കലയ്ക്ക് പങ്കുള്ളിടത്തോളം കാലം ഇത്തരം വിമർശനങ്ങളും തുടർന്നുകൊണ്ടിരിക്കും. 

 

പിൻകുറിപ്പ്: അയ്യപ്പനും കോശിയും എന്ന സിനിമയിൽ സിഎ സതീഷ് കോശിയുടെ അപ്പൻ കുര്യൻ ജോണിനോടു പറയുന്ന ഡയലോഗുണ്ട്– 'അയ്യപ്പന്റെയും കോശിയുടെയും സീസൺ ഒന്നു കഴിഞ്ഞോട്ടെ... അടുത്ത സീസൺ നമ്മൾ തമ്മിലാകാം' എന്ന്. 'ഥപ്പട്' കണ്ടതിനു ശേഷം അയ്യപ്പനും കോശിയുടെയും അടുത്ത സീസണെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ തെളിയുന്നത് ആ സിനിമയിലെ മറ്റു രണ്ടു കഥാപാത്രങ്ങളാണ്. കോശി കുര്യനും അയാൾ കൊടുത്ത അടിയിലൂടെ അതുവരെ ആ കുടുംബത്തിൽ നേരിടേണ്ടി വന്ന അപമാനത്തിന്റെ നേർചിത്രം തിരിച്ചറിയുന്ന റൂബിയും!