ആദ്യ പേര് ‘ഭൂമികുലുക്കിപ്പക്ഷി’; സെറ്റിലെത്തിയ നായികയെ കണ്ട് കമൽ ധർമസങ്കടത്തിലായി; അഴകിയ രാവണന് 25

തിയറ്ററിൽ വീണു പോയിട്ടും ടെലിവിഷനിലൂടെ ഉയിർത്തെണീറ്റ് തരംഗമാവുക! ആ അപൂർവനേട്ടം സ്വന്തമാക്കിയ ആദ്യ മലയാള പടങ്ങളിലൊന്നാണ് കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണൻ’. മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമകൾ സമ്മാനിച്ച അഴകിയ രാവണന് 25 വയസ്സു തികയുകയാണ്. 1996 ഫെബ്രുവരി ഒൻപതിനായിരുന്നു റിലീസ്. അഴകിയ രാവണനിലെ അനുരാധയെ

തിയറ്ററിൽ വീണു പോയിട്ടും ടെലിവിഷനിലൂടെ ഉയിർത്തെണീറ്റ് തരംഗമാവുക! ആ അപൂർവനേട്ടം സ്വന്തമാക്കിയ ആദ്യ മലയാള പടങ്ങളിലൊന്നാണ് കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണൻ’. മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമകൾ സമ്മാനിച്ച അഴകിയ രാവണന് 25 വയസ്സു തികയുകയാണ്. 1996 ഫെബ്രുവരി ഒൻപതിനായിരുന്നു റിലീസ്. അഴകിയ രാവണനിലെ അനുരാധയെ

തിയറ്ററിൽ വീണു പോയിട്ടും ടെലിവിഷനിലൂടെ ഉയിർത്തെണീറ്റ് തരംഗമാവുക! ആ അപൂർവനേട്ടം സ്വന്തമാക്കിയ ആദ്യ മലയാള പടങ്ങളിലൊന്നാണ് കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണൻ’. മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമകൾ സമ്മാനിച്ച അഴകിയ രാവണന് 25 വയസ്സു തികയുകയാണ്. 1996 ഫെബ്രുവരി ഒൻപതിനായിരുന്നു റിലീസ്. അഴകിയ രാവണനിലെ അനുരാധയെ ‘മറവത്തൂർ കനവി’ലെ ചാണ്ടിക്കുഞ്ഞ്  പ്രണയിച്ചാൽ എങ്ങനെയിരിക്കും? സത്യത്തിൽ അതായിരുന്നു അഴകിയ രാവണന്റെ ആദ്യത്തെ കഥ. 

‘മഴയെത്തും മുൻപേ’യുടെ വൻവിജയത്തെ തുടർന്നു സംവിധായകൻ കമലും നിർമാതാവ് വി.പി. മാധവൻ നായരും ചേർന്നു പുതിയൊരു പടം ആലോചിക്കുന്ന സമയം. തിരക്കഥ ശ്രീനിവാസനെത്തന്നെ ഏൽപ്പിച്ചു. കമലും ശ്രീനിയും ചേർന്ന് ആദ്യമാലോചിച്ചത് മറവത്തൂർ കനവിലെപ്പോലൊരു നാടൻ കൃഷിക്കാരന്റെ കഥയായിരുന്നു. അതു മുന്നോട്ടു പോയില്ല. അങ്ങനെയാണ് കുട്ടിശങ്കരൻ എന്ന ‘അധോലോക’ ശങ്കർദാസിന്റെ കഥയിലെത്തിയത്. 

വെണ്ണിലാചന്ദനക്കിണ്ണവുമായി വന്ന വിദ്യാസാഗർ

ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും പരിസരത്തുമായിരുന്നു ഷൂട്ടിങ്. ചേർത്തലയിലെ അന്ത്രപ്പേർ ഗാർഡൻസാണ് ശങ്കർദാസിന്റെ ബംഗ്ലാവായത്. ബംഗ്ലാവിന്റെ രണ്ടാംനിലയും വീടിനു മുൻപിലെ ബോട്ട് ജെട്ടിയും സെറ്റിട്ടു. ചമ്പക്കുളം തച്ചൻ‌ വരെ കൂടെയുണ്ടായിരുന്ന സാലു ജോർ‌ജിനു ശേഷം കമലിന്റെ ടീമിലേക്കു പുതിയൊരു സ്ഥിരം ക്യാമറാമാൻ (പി. സുകുമാർ) വന്ന പടം കൂടിയായിരുന്നു അഴകിയ രാവണൻ. അവിടം മുതൽ സുകുമാറായി ദീർഘകാലം കമലിന്റെ ക്യാമറാമാൻ. ഭൂമികുലുക്കിപ്പക്ഷി എന്ന പേരാണ് പടത്തിന് ആദ്യം ആലോചിച്ചത്. ചിത്രീകരണം തുടങ്ങിയ ശേഷം പേരു മാറ്റി. 

മഴയെത്തും മുൻപേയിലെ പാട്ടുകൾ ചെയ്യുന്നതിനിടെ രവീന്ദ്രൻ മാഷുമായി ചെറിയ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്നു കമൽ പുതിയൊരു സംഗീതസംവിധായകനെ തിരയുന്ന കാലം കൂടിയായിരുന്നു. (അക്കാലത്തു കമലിന്റെ പടങ്ങളിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെടും. പടം വേണ്ടത്ര ഹിറ്റായില്ലെങ്കിലും പാട്ടുകൾ സൂപ്പർഹിറ്റായിരിക്കും). മമ്മൂട്ടിയാണു വിദ്യാസാഗറിന്റെ പേരു പറഞ്ഞത്. ചെന്നൈ വടപഴനി ആദിത്യ ഹോട്ടലിൽ വിദ്യാസാഗറിന്റെയും കമലിന്റെയും കൂടിക്കാഴ്ച ഒരുക്കിയതും മമ്മൂട്ടി തന്നെ. അർജുന്റെ ‘ജയ്ഹിന്ദി’ലെ ‘ബോതയേറിപ്പോച്ച്..’, ‘കർണ’യിലെ ‘മലരേ മൗനമാ’, സത്യരാജിന്റെ ‘വില്ലാധിവില്ലനി’ലെ ‘ബംബൈ മാമി’ തുടങ്ങിയ ഹിറ്റുകളിലൂടെ വിദ്യ അന്നു തമിഴിൽ തിളങ്ങിത്തുടങ്ങുന്ന കാലം. സുഹാസിനി മണിരത്നത്തിന്റെ ‘ഇന്ദിര’യിൽ എ.ആർ. റഹ്മാൻ ഒരുക്കിയ ‘നിലാ കായ്കിറത്’ പോലൊരു സിഗ്നേച്ചർ ട്യൂണും പാട്ടും വേണമെന്നാണു വിദ്യാസാഗറിനോട് കമൽ പ്രധാനമായും ആവശ്യപ്പെട്ടത്. അങ്ങനെയാണു മലയാളികൾക്കു ‘വെണ്ണിലാചന്ദനക്കിണ്ണം’ കിട്ടിയത്. കൈതപ്രമായിരുന്നു ഗാനരചന. 

മടങ്ങിപ്പോയ മാലാശ്രീ

മമ്മൂട്ടിയുടെ നായികയായി ശിൽപ ശിരോദ്കർ മുതൽ കനക വരെയുള്ള നടിമാരെ പരിഗണിച്ചു. അവസാനം ഗൗതമിയെ ഏതാണ്ട് ഉറപ്പിക്കാനിരുന്നതാണ്. അന്നേരം മമ്മൂട്ടിയാണു തെലുഗു–കന്നഡ നടി മാലാശ്രീയെ നിർദേശിച്ചത്. ഒന്നുരണ്ടു കൊല്ലം മുൻപ് ‘സൂര്യപുത്രുലു’ എന്ന തെലുഗു ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മാലാശ്രീ അഭിനയിച്ചിട്ടുണ്ട്. (അഴകിയ രാവണൻ പുറത്തിറങ്ങി പിന്നെയും ഒരു കൊല്ലം കഴിഞ്ഞായിരുന്നു സൂര്യപുത്രുലു റിലീസ്). കമലാകട്ടെ അങ്ങനെയൊരു നടിയെ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. എന്നാലും സമ്മതിച്ചു. 

പ്രൊഡക്‌ഷൻ കൺട്രോളർ കരാറൊപ്പിട്ടു ഡേറ്റ് വാങ്ങി. ചേർത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമൽ ധർമസങ്കടത്തിലായി. അഴകിയ രാവണനിലെ അനുരാധയ്ക്ക് ഒട്ടുംചേരാത്ത വണ്ണം മാലാശ്രീയുടെ ആകാരം മാറിപ്പോയിരുന്നു. എങ്കിലും ഒരു സീനെടുത്തു നോക്കി. മലയാളത്തിലെ ഒരു വാക്കു പോലും മാലാശ്രീക്ക് ശരിയായി ഉച്ചരിക്കാനാവുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവിൽ, മാലാശ്രീയോടു കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്നമാണെന്നു മാലാശ്രീക്കും ബോധ്യപ്പെട്ടു. ഒട്ടും പ്രതിഷേധമില്ലാതെ അവർ മാന്യമായി പിന്മാറി.

അപ്പോഴേക്കും ഷൂട്ടിങ് തുടങ്ങി ഒരാഴ്ചയോളമായി. ഗൗതമി മുതൽ സുകന്യ വരെയുള്ളവരെ ശ്രമിച്ചു നോക്കി. ആർക്കും ഒഴിവില്ല. അന്നേരമാണ് ആരോ ഭാനുപ്രിയയുടെ കാര്യം പറഞ്ഞത്. കുറച്ചു കാലമായി പടങ്ങളൊന്നുമില്ലാതെ ചെന്നൈയിലെ വീട്ടിലിരിപ്പായിരുന്നു ഭാനുപ്രിയ. പിറ്റേന്നു തന്നെ ഭാനുപ്രിയ സെറ്റിലെത്തി. ‌കാവ്യാ മാധവനാണ് അനുരാധയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. (നേരത്തേ കമലിന്റെ ‘പൂക്കാലം വരവായി’യിലും ബാലതാരമായി കാവ്യയുണ്ടായിരുന്നു).

പ്രതിഭകളുടെ സംഗമം

നടനെന്ന നിലയിൽ തിരക്കേറിയതിനെ തുടർന്ന് അപ്പോഴേക്കും ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർസ്ഥാനം ഒഴിഞ്ഞിരുന്നു. അഴകിയ രാവണനിൽ കമലിന്റെ അസോഷ്യേറ്റ് ഡയറക്ടറായിരുന്ന സൂര്യൻ കുനിശ്ശേരി പിന്നീടു സ്വതന്ത്ര സംവിധായകനായി. സലിം പടിയത്ത് ‘പെരുമഴക്കാല’ത്തിന്റെ നിർമാതാവായി. അക്ബറും എബി ജോസും ചേർന്ന് അക്ബർജോസ് എന്ന പേരിൽ ‘മഴത്തുള്ളിക്കിലുക്ക’വും ‘സദാനന്ദന്റെ സമയ’വും പോലുള്ള സിനിമകൾ സംവിധാനം ചെയ്തു. അക്ബർ പിന്നീട് എബിയുമായി പിരിഞ്ഞ് ‘വെറുതെ ഒരു ഭാര്യ’, ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ തുടങ്ങിയ സിനിമകളൊരുക്കി. അഴകിയ രാവണനു വേണ്ടി കമലും ശ്രീനിവാസനും ആദ്യമാലോചിച്ച് ഉപേക്ഷിച്ച കഥ  പൊടിതട്ടിയെടുത്ത് ലാൽജോസ് ‘മറവത്തൂർ കനവി’ലൂടെ സ്വതന്ത്രസംവിധായകനായി, മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായി. 

ഗായിക സുജാതയ്ക്ക് ഏറെക്കാലത്തിനു ശേഷം മലയാളത്തിൽ ബ്രേയ്ക്ക് നൽകിയ സിനിമയായിരുന്നു അഴകിയ രാവണൻ. ‘പ്രണയമണിത്തൂവൽ പൊഴിയും വർണമഴ’ എന്ന പാട്ട് വലിയ ശ്രദ്ധനേടി. ഗസൽ ഗായകൻ ഹരിഹരന്റെ ആദ്യമലയാള ഗാനവും അഴകിയ രാവണനിലൂടെ കേട്ടു: ‘ഓ..ദിൽരുബാ...’. 

വിദ്യാസാഗറിനും കൈതപ്രത്തിനും സുജാതയ്ക്കും അഴകിയ രാവണനിലൂടെ അക്കൊല്ലത്തെ സംസ്ഥാന അവാർഡും കിട്ടി.  ബിജു മേനോന് മുഖ്യധാരാ സിനിമയിൽ സൂപ്പർതാരങ്ങളോടൊപ്പമുള്ള ആദ്യത്തെ ശ്രദ്ധേയ വേഷം അഴകിയ രാവണനിലായിരുന്നു.

കാണാൻ കൊള്ളാവുന്ന പടമെന്നു പിൽക്കാലത്തു പേരെടുത്തെങ്കിലും റിലീസിങ് കാലത്ത് അഴകിയ രാവണൻ തിയറ്ററിൽ വലിയ വിജയമായിരുന്നില്ല. മമ്മൂട്ടിയുടെ കോമിക് വേഷം സ്വീകരിക്കാൻ കാണികൾ മടിച്ചു. (കോമഡിക്കും ഗൗരവത്തിനുമിടയിൽ എവിടെയാണ് ആ കഥാപാത്രത്തെ പ്രതിഷ്ഠിക്കേണ്ടതെന്ന ആശയക്കുഴപ്പം പടത്തിലുടനീളം മമ്മൂട്ടിയുടെ അഭിനയത്തിൽ വരെ കാണാം). അക്കാലത്തെയൊരു പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാനിർമാതാവിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും വിഡ്ഢിവേഷം കെട്ടാൻ മമ്മൂട്ടി തയാറായില്ല. കഥാപാത്രത്തിനു ബുദ്ധിയില്ലെങ്കിലും സ്റ്റൈലിഷ് ലുക്ക് വേണമെന്നു മമ്മൂട്ടിക്കു നിർബന്ധമുണ്ടായിരുന്നു. ആ കഥാപാത്രവും വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

അഴകിയ രാവണൻ ബോക്സോഫിസിൽ വൻവിജയമാവാതിരുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പക്ഷേ, മറ്റുചില ഘടകങ്ങളാണ്. കല്യാണം നിശ്ചയിക്കപ്പെട്ട പെൺകുട്ടി കാമുകനുമൊത്തു കിടക്ക പങ്കിടുന്നതു പോലുള്ള കഥാമുഹൂർത്തങ്ങൾ സ്വീകരിക്കാൻ മാത്രം മലയാളിപ്രേക്ഷകർ വളർന്നിരുന്നില്ലെന്നു പറയുന്നവരുണ്ട്. ഭാനുപ്രിയയ്ക്ക് അന്നു താരമൂല്യമില്ലാതിരുന്നതും വിപണിയിൽ തിരിച്ചടിയായി. എങ്കിലും കമലിന്റെ സംവിധാനമികവിനു തെളിവായ ഉജ്വല മുഹൂർത്തങ്ങൾ അഴകിയ രാവണനിൽ കാണാം. ഗാനചിത്രീകരണത്തിലെ കമലിന്റെ അസാധാരണവൈഭവവും അഴകിയ രാവണൻ കാണിച്ചു തന്നു. റിലീസ് സെന്ററുകളിൽ വേണ്ടത്ര കലക്‌ഷനുണ്ടായില്ലെങ്കിലും ബി, സി. ക്ലാസ് തിയറ്ററുകളിലെ പ്രദർശനം കൂടി കഴിഞ്ഞപ്പോഴേക്ക് നിർ‌മാതാവിന് ആശ്വാസമായിക്കാണണം.

കണ്ടു കണ്ട് കൾട്ട്

എങ്കിലും മമ്മൂട്ടിയുടെയോ കമലിന്റെയോ ഹിറ്റുകളുടെ കൂട്ടത്തിൽ അഴകിയ രാവണനുണ്ടാവില്ല. പക്ഷേ, വർഷങ്ങൾക്കു ശേഷം, ടിവി ചാനലുകളിലെ  കോമഡി പരിപാടികളിലൂടെയും മറ്റുമുള്ള ആവർത്തിച്ച സംപ്രേഷണത്തിലൂടെ അഴകിയ രാവണൻ മലയാളത്തിലെ കൾട്ട് സിനിമകളിലൊന്നായി. ‘വേദനിക്കുന്ന കോടീശ്വരൻ’, ‘ഇവിടെ പാലുകാച്ച്, അവിടെ താലികെട്ട്’, ’പൊലീസിനെന്താ ഈ വീട്ടിൽ കാര്യം’  തുടങ്ങിയ പ്രയോഗങ്ങൾ പഴഞ്ചൊല്ലു പോലെ പോപ്പുലറായി. 

അഴകിയ രാവണനിൽ ശ്രീനിവാസൻ അവതരിപ്പിച്ച ടെയിലർ അംബുജാക്ഷന്റെ നോവലായ ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന പേരിൽ പുതിയൊരു പടം തന്നെ പിൽക്കാലത്തുണ്ടായി. എങ്കിലും, ഇന്നസെന്റ് പൊലീസ് വേഷത്തിലഭിനയിച്ച സിനിമാചിത്രീകരണ രംഗമായിരിക്കും അഴകിയ രാവണനിലെ ഏറ്റവും ജനപ്രിയ സീൻ. ‘തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കിയ’ കരയോഗം പ്രസിഡന്റ് കാൽനൂറ്റാണ്ടിനിപ്പുറവും മലയാളികളെ ചിരിപ്പിക്കുന്നു. (ആ സീനിൽ ഇന്നസന്റിനു ഡയലോഗ് പറ‍ഞ്ഞുകൊടുക്കുന്ന സംവിധാനസഹായിയായി ലാൽജോസിനെയും, ക്ലാപ്പടിക്കുന്ന പയ്യനായി അക്ബറിനെയും  കാണാം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA