കള്ളൻ എന്നായിരുന്നു എം.പി.നാരായണപിള്ള ആദ്യമെഴുതിയ കഥയുടെ പേര്. കള്ളനെക്കുറിച്ച് എഴുതാത്ത കഥാകൃത്തുക്കൾ കുറവായിരിക്കും. കള്ളന്റെ കഥ പറഞ്ഞ സിനിമകൾ ഒക്കെത്തന്നെ ഹിറ്റായിരുന്നു.കള്ളൻ പവിത്രൻ എന്ന പടം കാണുമ്പോഴൊക്കെയും അങ്ങനെയൊരു കഥ വിരിഞ്ഞ തലച്ചോറിന് നീട്ടിവലിച്ച് സല്യൂട്ട് അടിക്കാൻ തോന്നാറുണ്ട്. "

കള്ളൻ എന്നായിരുന്നു എം.പി.നാരായണപിള്ള ആദ്യമെഴുതിയ കഥയുടെ പേര്. കള്ളനെക്കുറിച്ച് എഴുതാത്ത കഥാകൃത്തുക്കൾ കുറവായിരിക്കും. കള്ളന്റെ കഥ പറഞ്ഞ സിനിമകൾ ഒക്കെത്തന്നെ ഹിറ്റായിരുന്നു.കള്ളൻ പവിത്രൻ എന്ന പടം കാണുമ്പോഴൊക്കെയും അങ്ങനെയൊരു കഥ വിരിഞ്ഞ തലച്ചോറിന് നീട്ടിവലിച്ച് സല്യൂട്ട് അടിക്കാൻ തോന്നാറുണ്ട്. "

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കള്ളൻ എന്നായിരുന്നു എം.പി.നാരായണപിള്ള ആദ്യമെഴുതിയ കഥയുടെ പേര്. കള്ളനെക്കുറിച്ച് എഴുതാത്ത കഥാകൃത്തുക്കൾ കുറവായിരിക്കും. കള്ളന്റെ കഥ പറഞ്ഞ സിനിമകൾ ഒക്കെത്തന്നെ ഹിറ്റായിരുന്നു.കള്ളൻ പവിത്രൻ എന്ന പടം കാണുമ്പോഴൊക്കെയും അങ്ങനെയൊരു കഥ വിരിഞ്ഞ തലച്ചോറിന് നീട്ടിവലിച്ച് സല്യൂട്ട് അടിക്കാൻ തോന്നാറുണ്ട്. "

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കള്ളൻ എന്നായിരുന്നു എം.പി.നാരായണപിള്ള ആദ്യമെഴുതിയ കഥയുടെ പേര്. കള്ളനെക്കുറിച്ച് എഴുതാത്ത കഥാകൃത്തുക്കൾ കുറവായിരിക്കും. കള്ളന്റെ കഥ പറഞ്ഞ സിനിമകൾ ഒക്കെത്തന്നെ ഹിറ്റായിരുന്നു.കള്ളൻ പവിത്രൻ എന്ന പടം കാണുമ്പോഴൊക്കെയും അങ്ങനെയൊരു കഥ വിരിഞ്ഞ തലച്ചോറിന് നീട്ടിവലിച്ച് സല്യൂട്ട് അടിക്കാൻ തോന്നാറുണ്ട്.

" വെറുമൊരു മോഷ്ടാവായോരെന്നെ

ADVERTISEMENT

കള്ളനെന്നു വിളിച്ചില്ലേ താൻ

കള്ളനെന്നു വിളിച്ചില്ലേ ? "

 

അയ്യപ്പപ്പണിക്കർ സാറിൻറെ  പ്രസിദ്ധമായ ഒരു കവിതയുടെ തുടക്കമാണിത്.പക്ഷേ  പലരും കരുതും പോലെ കള്ളൻ എന്നല്ല ഈ കവിതയുടെ തലക്കെട്ട്. മോഷണം എന്നാണ്. അയ്യപ്പപ്പണിക്കർ സാറിൻറെ അത്ര പ്രസിദ്ധനല്ലെങ്കിലും കള്ളൻ എന്ന തലക്കെട്ടിൽ കവിതയെഴുതിയ ഒരാളുണ്ട്. ശ്രീ. പി .എൻ .വിജയകുമാർ.  കള്ളൻ എന്ന    കവിതാസമാഹാരം നിരുപമ പബ്ലിക്കേഷൻസ് പുറത്തിറക്കുന്നത് 2008 ലാണ്.പക്ഷേ അതിലും എത്രയോ വർഷം മുമ്പേ കള്ളൻ എന്ന കവിത ഒരുപാട് പേർ ചൊല്ലി നടന്നിരുന്നു.

ADVERTISEMENT

 

" അച്ഛനെപ്പോലൊരു കള്ളനാണെന്നെന്നെ -

യാദ്യം വിളിച്ചതെന്നമ്മ.

അമ്മിഞ്ഞപ്പാലു കുടിക്കുന്ന കുഞ്ഞിനെ -

ADVERTISEMENT

യമ്മ വിളിക്കുന്നു കള്ളൻ.

കാണായ ദൈവമായച്ഛനെയെന്നെന്നു -

മാരാധിച്ചീടുന്നൊരമ്മ !

കള്ളം കവർച്ചയറിയാത്തൊരച്ഛൻറെ

കാതിൽ മൊഴിഞ്ഞു.... കള്ളാ..

കണ്ണായ്‌ കരളായിരിക്കുമൊരമ്മയെ -

യച്ഛൻ വിളിച്ചു കള്ളീ ..."

 

ഇങ്ങനെ തുടങ്ങുന്ന കള്ളൻ എഴുതിയ വിജയകുമാർ ഒരു ന്യായാധിപനായിരുന്നു. പുള്ളി ജനിച്ചത് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത്‌ ചേനപ്പാടി എന്ന സ്ഥലത്താണ്. കവിയായ ന്യായാധിപനും ന്യായാധിപനായ കവിയുമെന്ന് സി. അച്യുതമേനോൻ വിശേഷിപ്പിച്ച ശ്രീ. വിജയകുമാറിനെ ഞാൻ ശ്രദ്ധിക്കാൻ ഒരു കാരണം ഈ കാഞ്ഞിരപ്പള്ളി കണക്ഷൻ കൂടിയാണ്. നാടിനടുത്തുള്ള ഒരാളാണെന്ന് കാണുമ്പോൾ കൂടുതലായൊരു ശ്രദ്ധ നമുക്ക് വരുമല്ലോ.

 

" കൊച്ചു കുറുമ്പുകൾ കാട്ടുമ്പോഴെന്നെയെ -

ന്നേട്ടൻ വിളിച്ചു കള്ളൻ !

ഇഷ്ടം വരുമ്പോഴുമിഷ്ടക്കേടായാലു -

മമ്മ വിളിക്കുന്നു കള്ളൻ ! "

 

 ഇങ്ങനെ തുടരുന്ന ഈ കവിത ഞാൻ ആദ്യം കേൾക്കുന്നത് 1995 ലാണ്. ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച്. ടോം പനക്കൽ ചെയർമാനായിരുന്ന  മഹാത്മാഗാന്ധി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ അക്കൊല്ലം യുവജനോത്സവം നടത്താൻ തീരുമാനിച്ചത് ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു. എസ്.ബി. കോളേജിലെ പഠനകാലത്ത് ആ യുവജനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ ഇപ്പോഴും കരുതുന്നത്.ഇന്ന് മലയാള സിനിമയുടെ അഭിമാനപാത്രങ്ങളായി മാറിയ ഒരുപാട് പ്രതിഭകൾ മാറ്റുരച്ച ഒരു കലോത്സവമായിരുന്നു സമന്വയം ' 95.സമന്വയത്തിന്റെ മുഖ്യ മത്സര വേദിയായ മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് കൂടി തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോഴാണ് കള്ളൻ എന്ന കവിതയിലെ വരികൾ ചെവിയിൽ വന്നലയ്‌ക്കുന്നത്. അതും സംഗീതബോധം തൊട്ടുതീണ്ടാത്ത ഒരു സ്വരത്തിൽ.

 

" ക്ലാസിലെ കുട്ടീടെ കയ്യിലെ കല്ലുകോൽ

തട്ടിപ്പറിച്ചോരു കള്ളൻ.

ഓടുമ്പോൾ, ചാടുമ്പോഴൊന്നാമനായപ്പോൾ

കൂട്ടുകാർ വാഴ്ത്തി കൊച്ചു കള്ളൻ.

അച്ഛനോടമ്മിണി ടീച്ചർ പറഞ്ഞു

പഠിക്കാൻ മിടുക്കനീ കള്ളൻ."

 

കവിതാപാരായണ മത്സരത്തിന് കയറി ഇത്രയും വലിയ അക്രമം നടത്തുന്നവൻ ആരാണെന്ന് ഒന്ന് നോക്കിക്കളയാമെന്ന കൗതുകത്തിലാകണം ചുറ്റുവട്ടത്ത് ചിതറി നിന്നിരുന്നവരൊക്കെ വേദിയ്ക്കരികിലേക്ക് വന്നുകൂടി. അപ്പോഴാണ് കാണികൾക്കതിൻറെ ഗുട്ടൻസ് പിടികിട്ടിയത്. നടക്കുന്നത് കവിതാപാരായണമല്ല, മോണോആക്ട് ആണ്. മുഖത്തെ രണ്ട് കണ്ണുകളും ബൾബ് പോലെ മിന്നിച്ചുകൊണ്ട് ഒരാൾ സ്റ്റേജിൽ നിന്ന് തകർത്തുവാരുകയാണ്. കള്ളൻ എന്ന വിളിയുടെ പല ഭാവാന്തരങ്ങൾ അതീവ രസകരമായിട്ടയാൾ അവതരിപ്പിച്ചു മുന്നേറി.

 

"കാമിനിമാരെ കമൻറടിക്കും നേരം

നാണമില്ലല്ലോടാ കള്ളാ!

മുട്ടിയുരുമ്മുമ്പോളിഷ്ടപ്പെടാത്തവൾ

പാദുകമൂരി നിന്നോതി :

കള്ളനെപ്പോലെന്നെ തൊട്ടു തലോടിയാൽ

കാരണം പുകയുമെന്നോർത്തോ

കോളേജ് ക്ലാസിലെ കന്യകമാരുടെ

വോട്ട് ചോദിച്ചു ഞാൻ ചെന്നു !

കാര്യ വിവരം തിരിയാത്ത കള്ളനു

വോട്ട് തരില്ലെന്നു ചൊന്നു! "

 

മേള നടക്കുന്ന മൈതാനത്തെ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റി ആ വിദ്യാർഥി. പരിപാടി അവസാനിച്ചപ്പോൾ കരഘോഷത്തിന്റെ വെടിക്കെട്ട് നടത്തിയാണ് കാണികൾ അയാളെ യാത്രയാക്കിയത്. മോണോ ആക്റ്റ് മത്സരത്തിന് ഒന്നാം സ്ഥാനം ആ മഹാരാജാസ് കോളേജ്കാരനാണെന്ന് ഏവരും ഉറപ്പിച്ചു. പക്ഷേ മൂന്നാംസ്ഥാനമോ മറ്റോ ആണ്  കിട്ടിയത്. കൃത്യമായിട്ട് ഓർക്കുന്നില്ല.മിമിക്രി മത്സരത്തിൽ അയാൾക്ക് രണ്ടാംസ്ഥാനമാണ് കിട്ടിയത് എന്ന കാര്യത്തിൽ എനിക്ക് സംശയമേയില്ല . ഒന്നാം സ്ഥാനം മിമിക്രിയിൽ നേടിയത്  ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ അന്ന് പഠിച്ചിരുന്ന  പ്രജോദ്. ആര്‍. ആയിരുന്നു. പിന്നീട് കലാഭവൻ പ്രജോദ് എന്ന പേരിൽ പ്രശസ്തനായ അതേ ആൾ തന്നെ.

 

ഓവറോൾ ട്രോഫി നേടിയെങ്കിലും അക്കൊല്ലം മഹാരാജാസ് കോളജിന് തീയേറ്റർ ട്രോഫി ലഭിച്ചില്ല.നാടകം, സ്കിറ്റ്,മൈം, മോണോ ആക്ട്, ഫാൻസി ഡ്രസ്സ് തുടങ്ങിയ തിയേറ്റർ ഇനങ്ങളിലെ ആകെ പോയിൻറ് നിലയിൽ എസ്. ബി. കോളേജ് ആയിരുന്നു മുന്നിലെത്തിയത്. തീയേറ്റർ ട്രോഫി നേടുന്ന കോളജാണ് അടുത്ത വർഷം  ദക്ഷിണേന്ത്യ അന്തർസർവകലാശാല യുവജനോത്സവത്തിലും ദേശീയ യുവജനോത്സവത്തിലുമൊക്കെ നാടക ഇനങ്ങളിൽ മത്സരിക്കാൻ യോഗ്യത നേടുക. എറണാകുളം നഗരത്തിലെ കോളേജുകളായ മഹാരാജാസിന്റെയും സെൻറ് ആൽബർട്സിൻറെയും കുത്തകയായിരുന്നു അന്നേവരെ തിയേറ്റർ ട്രോഫി. നാടകാവതരണത്തിന് വേണ്ടി തലമൊട്ടയടിച്ചാണ് അന്നത്തെ മഹാരാജാസ് തിയേറ്റർ സംഘം ചങ്ങനാശ്ശേരിയിൽ എത്തിയത്. അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിയൻ മെമ്പർമാരടക്കം ഒരുപാട് മഹാരാജാസ് വിദ്യാർഥികൾ അന്ന് മൊട്ടയടിച്ചിരുന്നു. അത്രയും ത്യാഗം സഹിച്ച് പങ്കെടുത്ത പ്രസ്റ്റീജിയസ് മത്സരത്തിൽ ട്രോഫി നേടാനായില്ല എന്നത് മഹാരാജാസുകാരെ കടുത്ത നിരാശയിലാഴ്ത്തി. 

 

സ്കിറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം പോലും ലഭിക്കാത്തതിൽ അവർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നു.തങ്ങളുടെ ചെലവിൽ വേദിയൊരുക്കിയാൽ വീണ്ടും മത്സരിക്കാൻ തയ്യാറുണ്ടോ എന്ന് മഹാരാജാസുകാർ  പത്രങ്ങളിലൂടെ എസ്. ബി. കോളേജ് സംഘത്തെ വെല്ലുവിളിച്ചു. എസ്.ബി.നാടകസംഘം വെല്ലുവിളി ഏറ്റെടുത്തെങ്കിലും രണ്ടുകൂട്ടരുടെയും ഭാഗ്യത്തിന് ആ കൂട്ടപ്പൊരിച്ചിൽ നടന്നില്ല. ആ വെല്ലുവിളി ഏറ്റെടുത്ത സംഘത്തിൽ പെട്ടവരായിരുന്നു ഇന്നത്തെ ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഞാനുമൊക്കെ. വെല്ലുവിളിച്ച സംഘത്തിൽ പെട്ടവരായിരുന്നു പ്രഖ്യാത സംവിധായകനായ അമൽ നീരദും അൻവർ റഷീദും ആഷിഖ്‌ അബുവുമൊക്കെ. അന്ന് മഹാരാജാസിന്റെ നാടകവും സ്കിറ്റും ഒരുക്കിയതാവട്ടെ ഇയ്യോബിന്റെ പുസ്തകത്തിന്റെയും തുറമുഖത്തിന്റെയുമൊക്കെ തിരക്കഥാകൃത്തായ ഗോപൻ ചിദംബരവും. ഈ കോലാഹലമൊക്കെ പതിയെ കെട്ടടങ്ങി. കാലത്തിന്റെ കോമഡി നാടകം നോക്കണേ.അൻവർ റഷീദിനൊപ്പം അതേ സ്കിറ്റിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. അതിന് ദേശീയ യുവജനോത്സവത്തിൽ സമ്മാനം ലഭിക്കുകയും ചെയ്തു. എസ്. ബി. കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന ഞാൻ  മഹാരാജാസ് കോളേജിലെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിത്തീർന്നു. പഴയ ശത്രുക്കളൊക്കെ ഏറ്റവുമടുത്ത  മിത്രങ്ങളായി.

 

അങ്ങനെ മഹാരാജാസിൽ എം.എ. ചെയ്തു കൊണ്ടിരുന്നപ്പോഴാണ്  പഴയ മോണോ ആക്ട്കാരനെ പിന്നീട് നേരിട്ട് കാണുന്നത്.  കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ കക്ഷി ഒരു ഷൂട്ടിങ്ങിനായി വന്നതായിരുന്നു കലാലയത്തിൽ. ഓട്ടോ ബ്രദേഴ്സ് എന്ന സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു മേൽപ്പടിയാൻ. അപ്പോഴേക്കും ഏഷ്യാനെറ്റിലെ ചില കോമഡി പരിപാടികളിൽ ഒക്കെ അഭിനയിച്ച് നാട്ടുകാരറിയുന്ന ഒരു നടനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. അന്ന് അധികം സ്വകാര്യ ചാനലുകൾ ഇല്ല. ശശികുമാറും ബി.ആർ.പി.ഭാസ്കറും സക്കറിയയും സുരേഷ് പട്ടാലിയുമൊക്കെ നിറഞ്ഞാടിയിരുന്ന അന്നത്തെ ദൃശ്യമാധ്യമരംഗം  ഇന്നത്തെ പരുവത്തിലുമല്ല. ചിന്ത രവി എന്നറിയപ്പെട്ടിരുന്ന രവീന്ദ്രൻ അവതരിപ്പിച്ചിരുന്ന എന്റെ കേരളം എന്നൊരു യാത്രാപരിപാടി ഉണ്ടായിരുന്നു അക്കാലത്ത്. "വാഴുക വാഴുക, കേരളം വാഴുക" എന്ന സിഗ്നേച്ചർ ടൈറ്റിൽ സോങ് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും പരിചിതമായിരുന്നപ്പോൾ. ആ പരിപാടിയെ അനുകരിച്ച് നമ്മുടെ നടൻ നടത്തിയ ഹാസ്യാവതരണം എന്റെ കേരളത്തേക്കാൾ ഹിറ്റായി എന്നതാണ് സത്യം.

 

"വാഴയ്ക്കാ വാഴയ്ക്കാ, കേരളം വാഴയ്ക്കാ " എന്ന പാരഡി ടൈറ്റിൽ സോങ് വരെ ഇന്ന് കൃത്യമായി ഓർത്തെടുക്കാനാകുന്നുണ്ട്. ചെറിയൊരു താരമായി കോളജിലെത്തിയ ആ പൂർവവിദ്യാർഥിയെ അല്പം ആശങ്കയോടെയാണ് ഞങ്ങൾ അന്ന് സമീപിച്ചത് . കോളേജിലെ വിദ്യാർഥികൾ യുവജനോത്സവത്തിന് ഒരുങ്ങുന്ന സമയമായിരുന്നു അത്. കേണും കെഞ്ചിയും താണും തൊഴുതുമൊക്കെ പിരിവെടുത്തു സ്വരൂപിക്കുന്ന തുക കൊണ്ടാണ് അന്നും ഇന്നും മഹാരാജാസുകാർ യുവജനോത്സവങ്ങളിൽ പങ്കെടുക്കാറ്. ചെറിയൊരു തുക സംഭാവന വാങ്ങുകയായിരുന്നു നടനെ കാണാൻ ചെന്നതിന്റെ ലക്ഷ്യം. കരയുകയോ കാലു പിടിക്കുകയോ ചെയ്യേണ്ടിവന്നില്ല. കാര്യം പറഞ്ഞപ്പോൾത്തന്നെ യൂണിയൻ ചെയർമാനായ അനീഷ് പി. ബി. യുടെ കയ്യിൽ യാതൊരു മടിയും കൂടാതെ മണിപേഴ്സിൽനിന്ന്  2000 രൂപ എടുത്തു കൊടുത്തു "സ്മരണയുള്ള തേവർ". രണ്ടായിരാമാണ്ടിന് മുൻപുള്ള രണ്ടായിരം രൂപയാണെന്നോർക്കണേ.

 

ഒരുപാട് കാലത്തിനു ശേഷം ആ നടന്റെ വീട്ടിൽ തിരക്കഥ വായിക്കാനും പോയിട്ടുണ്ട്.ആ കഥയുടെ ക്ലൈമാക്സ് കൊള്ളില്ലെന്ന് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്ന സമയത്ത് അത് അടിപൊളിയാണെന്നു പറഞ്ഞ്‌ ആത്മവിശ്വാസം പമ്പു ചെയ്തുതന്നു പഴയ മോണോ ആക്ട്കാരൻ.ആ സിനിമയുടെ സംവിധായകനാകട്ടെ, പണ്ട് മഹാരാജാസുകാർ വെല്ലുവിളിച്ച നാടക ടീമിന്റെ നട്ടെല്ലായിരുന്ന മാർട്ടിൻ പ്രക്കാട്ടും. കാലത്തിൻറെ ഓരോ ലീലാവിലാസങ്ങളേ!!!

 

കാലത്തിന്റെ കറക്കത്തിൽ പണ്ടൊരിക്കൽ വന്നുപോയ ഐ. എഫ്. എഫ്. കെ. കൊച്ചിയിൽ വീണ്ടും വന്നു. വിളക്ക് കൊളുത്താനുള്ള വിശിഷ്ടാതിഥികളുടെ  ലിസ്റ്റിൽ മേൽ വിവരണത്തിലെ പല മഹാരാജാസുകാരുടെയും പേര് പരിഗണനയിലുണ്ടായിരുന്നത്രെ. പലർക്കുമതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ അസാന്നിധ്യം കൊണ്ട് ഏറ്റവും ശ്രദ്ധേയനായത്  ഒരാളായിരുന്നു.പണ്ടത്തെ ചങ്ങനാശ്ശേരി യൂത്ത് ഫെസ്റ്റിവലിൽ കള്ളൻ കവിത അരങ്ങവവതരണമാക്കി കാണികളുടെ ഹൃദയം കവർന്ന അതേ കലാകാരൻ.ആദാമിന്റെ മകൻ അബു എന്ന ചലച്ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിയ സാക്ഷാൽ സലിംകുമാർ.

 

സംഭവിച്ചതെന്തായാലും ശരി കേരളീയർ നിങ്ങളുടെ കഥാപാത്രങ്ങളെ കൂടെ കൊണ്ടുനടക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. മീശമാധവനിലെ മുകുന്ദനുണ്ണിയെയും കല്യാണരാമനിലെ പ്യാരിയെയും ചതിക്കാത്ത ചന്തുവിലെ ഡാൻസർ വിക്രമിനെയും പുലിവാൽകല്യാണത്തിലെ മണവാളനെയും മായാവിയിലെ ആശാനെയും തൊമ്മനും മക്കളുമിലെ രാജാക്കണ്ണിനെയുമൊക്കെ മറന്നുകൊണ്ട് മലയാളിക്കൊരു ചിരിജീവിതമുണ്ടോ . അതൊന്നും കണ്ടാൽ  ചിരി വരാത്തവരുമുണ്ടായേക്കാം. ആന ചവിട്ടിയാലും ചാകാതെ ശേഷിക്കുന്നവരുണ്ടാകുമല്ലോ. ആനയ്ക്ക് എരണ്ടക്കെട്ട് വരുമ്പോലെ ചിരിമുറുക്കം പിടിച്ചു മരിക്കാനാകും ചിലരുടെ വിധി. വിധിയെ തടുക്കാൻ ബ്രഹ്മനും കഴിയില്ലല്ലോ.‌

 

പഴയ മഹാരാജാസുകാരാ, ചിരിച്ചു മണ്ണ് കപ്പിക്കാൻ മാത്രമല്ല കരയിച്ചു കരളിൽ കൊളുത്തി വലിക്കാനും അനായാസേന കഴിയുന്ന ഒരു അഭിനേതാവാണ്‌ നിങ്ങളെന്ന് തെളിയിക്കാൻ ആരും  സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. നിങ്ങളുടെ രാഷ്ട്രീയത്തോട് പലർക്കും വിയോജിപ്പുണ്ടാകാം,പക്ഷേ പ്രതിഭയെക്കുറിച്ച് ചോറുണ്ണുന്നവർക്കു മാത്രമല്ല ചപ്പാത്തി തിന്നുന്നവർക്കും നന്നായിട്ടറിയാം. അതുകൊണ്ട് വിവാദങ്ങളുടെ രാജകുമാരനായിട്ടല്ല ഉജ്ജ്വലനായ ഒരു അഭിനേതാവായാണ് സലിംകുമാർ എന്ന് മനുഷ്യൻ മറ്റു മനുഷ്യരുടെ മനസ്സിൽ മുദ്രപ്പെടുന്നത്. പണ്ട് നിങ്ങളുടെ മോണോആക്ട് കണ്ട കാണികൾക്ക് മാത്രമല്ല  ഇന്ന് കേരളത്തിലുള്ള പ്രേക്ഷകലക്ഷങ്ങൾക്ക് മുഴുവനറിയാം നിങ്ങൾ ഒരു സംഭവമാണെന്ന്. വെറുമൊരു സംഭവമല്ല, ഒരേയൊരു സലിംകുമാരസംഭവം.

പ്രിയപ്പെട്ട സലീമേട്ടാ, നിങ്ങൾക്ക് സ്നേഹത്തോടെ ഒരു വലിയ സലാം നൽകുന്നതിന് പലതരത്തിലുള്ള വിയോജിപ്പുകളും  തടസ്സമാകുന്നില്ല എന്ന് മാത്രം പറഞ്ഞു നിർത്തട്ടെ.