കാഴ്ചക്കാരുടെ ഹൃദയം തൊട്ട എത്രയോ തിരക്കഥകളുടെ രചയിതാവായിട്ടും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ മാത്രമാണ് ലോഹിതദാസിനു ലഭിച്ചത്. ആദ്യ സംവിധാന സംരഭമായ 'ഭൂതക്കണ്ണാടി'ക്ക്. ആദ്യ തിരക്കഥയായ 'തനിയാവര്‍ത്തന'ത്തിനു കിട്ടിയത് മികച്ച കഥയ്ക്കുള്ള അവാര്‍ഡാണ്. ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ

കാഴ്ചക്കാരുടെ ഹൃദയം തൊട്ട എത്രയോ തിരക്കഥകളുടെ രചയിതാവായിട്ടും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ മാത്രമാണ് ലോഹിതദാസിനു ലഭിച്ചത്. ആദ്യ സംവിധാന സംരഭമായ 'ഭൂതക്കണ്ണാടി'ക്ക്. ആദ്യ തിരക്കഥയായ 'തനിയാവര്‍ത്തന'ത്തിനു കിട്ടിയത് മികച്ച കഥയ്ക്കുള്ള അവാര്‍ഡാണ്. ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചക്കാരുടെ ഹൃദയം തൊട്ട എത്രയോ തിരക്കഥകളുടെ രചയിതാവായിട്ടും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ മാത്രമാണ് ലോഹിതദാസിനു ലഭിച്ചത്. ആദ്യ സംവിധാന സംരഭമായ 'ഭൂതക്കണ്ണാടി'ക്ക്. ആദ്യ തിരക്കഥയായ 'തനിയാവര്‍ത്തന'ത്തിനു കിട്ടിയത് മികച്ച കഥയ്ക്കുള്ള അവാര്‍ഡാണ്. ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചക്കാരുടെ ഹൃദയം തൊട്ട എത്രയോ തിരക്കഥകളുടെ രചയിതാവായിട്ടും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ മാത്രമാണ് ലോഹിതദാസിനു ലഭിച്ചത്. ആദ്യ സംവിധാന സംരംഭമായ 'ഭൂതക്കണ്ണാടി'ക്ക്. ആദ്യ തിരക്കഥയായ 'തനിയാവര്‍ത്തന'ത്തിനു കിട്ടിയത് മികച്ച കഥയ്ക്കുള്ള അവാര്‍ഡാണ്. ഒരിക്കല്‍ സ്വകാര്യ സംഭാഷണത്തിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പതിവുപോലെ പൊട്ടിച്ചിരിച്ചു. ‘എന്റെ സിനിമകള്‍ വന്ന വര്‍ഷങ്ങളില്‍ എംടി സാറിന്റെ സിനിമകളുമുണ്ടായിരുന്നു. അതുകൊണ്ട് ഞാനൊരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല’.

 

ADVERTISEMENT

എംടി. വാസുദേവന്‍ നായരുടെ സിനിമയുള്ളപ്പോള്‍ താന്‍ അവാര്‍ഡ് വാങ്ങുന്നതെങ്ങനെ എന്ന എളിമ  എന്നും ലോഹിതദാസിനെ വിനയാന്വിതനാക്കി. എംടി കൈകാര്യം ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് പലപ്പോഴും ലോഹിതദാസ് തിരക്കഥകളില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. എങ്കിലും എംടി എന്ന എഴുത്തുകാരനോടുള്ള ആരാധനയും സ്‌നേഹവും എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചു. തിരക്കഥയില്‍ തന്റെ വഴികാട്ടി തോപ്പില്‍ ഭാസിയാണെന്ന് തുറന്നുപറഞ്ഞു. തിരക്കഥയിലേക്കു പ്രവേശിച്ചിട്ടും നാടകത്തിന്റെ രചനാരീതി ഉപേക്ഷിക്കാനുള്ള പ്രയാസം തോപ്പില്‍ ഭാസി അനുഭവിച്ചിരുന്നെങ്കിലും ലോഹിതദാസ് ആദ്യ തിരക്കഥയില്‍ത്തന്നെ അതു മറികടക്കുകയും ചെയ്തു.

 

തിരക്കഥാരചനയില്‍ അതിശയിപ്പിച്ചിട്ടുള്ളത് പത്മരാജനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ഒരിടത്തൊരു ഫയല്‍വാനും' 'കള്ളന്‍ പവിത്ര'നുമായിരുന്നു ലോഹിതദാസിന്റെ ഇഷ്ടപ്പെട്ട പത്മരാജന്‍ സിനിമകള്‍. തൃശൂരില്‍ നിന്നു പാലക്കാട്ടേക്കുള്ള ഒരു യാത്രയ്ക്കിടെ 'അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍' എന്ന സിനിയെപ്പറ്റി മാത്രമായിരുന്നു സംസാരം. മമ്മൂട്ടി, നെടുമുടി വേണു, അശോകന്‍, സുകുമാരി, ഉണ്ണിമേരി തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സവിശേഷതകളെപ്പറ്റി ആവേശത്തോടെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാറോടിച്ചത്. പലകുറി കണ്ട ആ സിനിമ മനസ്സില്‍ പുനരാവിഷ്‌കരിച്ച് തികച്ചും വ്യത്യസ്തമായ വിധത്തില്‍ വായിച്ച പ്രതീതിയായിരുന്നു യാത്ര കഴിഞ്ഞപ്പോള്‍.

 

ADVERTISEMENT

അകലൂരിലെ വീട്ടില്‍ വച്ച് ലോഹിതദാസുമായി നടത്തിയ സംഭാഷണം ഐ.വി. ശശി മരിച്ച സമയത്ത് ഒരു കുറിപ്പായി സമൂഹ മാധ്യമത്തില്‍ എഴുതിയിരുന്നു. ഒരിടത്തും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ആ കുറിപ്പ് ഇപ്പോള്‍ വീണ്ടും ഓര്‍മയിലേക്കു വരികയാണ്. കാരണം ലോഹിതദാസിന്റെ സിനിമകളെപ്പറ്റി അധികം പറയേണ്ടതില്ല. അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും ഏതെങ്കിലുമൊരു ടിവി ചാനലില്‍ കാണിക്കാത്ത ദിവസങ്ങളില്ല. ചലച്ചിത്രമേളകളിലൂടെയും ഇന്റര്‍നെറ്റിന്റെ സഹായത്താലും ലോകസിനിമയുമായുണ്ടായ പരിചയത്തിന്റെ ബലത്തില്‍ മലയാള സിനിമ പ്രമേയപരിചരണത്തിലും ആഖ്യാന ശൈലിയിലും വലിയ മാറ്റങ്ങള്‍ പ്രകടിപ്പിക്കുന്ന ഇക്കാലത്തും ലോഹിതദാസ് സിനിമകള്‍ മടുപ്പില്ലാതെ കാണാന്‍ പ്രേക്ഷകര്‍ താല്‍പര്യം കാണിക്കുന്നതുകൊണ്ടാവുമല്ലോ ചാനലുകള്‍ അവ വീണ്ടും സംപ്രേഷണം ചെയ്യുന്നത്.   അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്കു പ്രസക്തി നഷ്ടമായിട്ടില്ലെന്നതിന് ഇതിലും വലിയ സാക്ഷ്യം ആവശ്യമില്ല.

 

അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനികളെപ്പറ്റിയല്ല, മറ്റു സിനിമാ പ്രവര്‍ത്തകരെ അദ്ദേഹം എങ്ങനെ കണ്ടിരുന്നു എന്നതിനെപ്പറ്റി അല്‍പകാലത്തെ അടുപ്പത്തില്‍ നിന്നു മനസ്സിലാക്കിയ ചില സംഗതികള്‍ വീണ്ടും പറയാന്‍ തോന്നുന്നു. അന്ന് അകലൂരിലെ വീട്ടില്‍ വച്ച് ലോഹിതദാസ് കുഴക്കുന്ന ഒരു ചോദ്യം ചോദിച്ചു.  'ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ'?

 

ADVERTISEMENT

അകലൂരിലെ 'അമരാവതി' വീടിന്റെ ഉമ്മറത്ത് പ്രഭാതഭക്ഷണത്തിനു ശേഷമുള്ള ഇരിപ്പാണ്. പെട്ടെന്ന് മറുപടി പറയാന്‍ കഴിയാത്തതിനാലും ലോഹിയേട്ടന്റെ ബീഡിവലിയോടു കൊതി തോന്നിയതിനാലും ഒരു ബീഡി കടംവാങ്ങി കത്തിച്ചു. പ്രിയപ്പെട്ട ഒരു സിനിമയുടെ പേരു പറയാനുള്ള പ്രയാസം കാരണം പല സിനിമകളുടെ പേരു പറയുകയും അവ പല കാരണങ്ങളാല്‍ പ്രിയപ്പെട്ടതാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ലോഹിയേട്ടന്‍ സ്വതസിദ്ധമായ കുലുങ്ങിച്ചിരിയില്‍ മറുപടി ഒതുക്കി. അപ്പോഴും പറഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ നിന്ന് ഒരെണ്ണം കണ്ടെത്താന്‍ അകമേ ശ്രമം നടത്തുകയായിരുന്നു.

 

'ഇഷ്ടസംവിധായകന്‍ കെ. ജി. ജോര്‍ജാണ്'.

 

'അതില്‍ വിരോധമില്ല. പക്ഷേ, ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ'.?

ലോഹിതദാസിനൊപ്പം ലേഖകൻ

 

വീണ്ടും അദ്ദേഹം ആ കുഴഞ്ഞ ചോദ്യം തന്നെ കുസൃതിച്ചിരിയോടെ ആവര്‍ത്തിച്ചു. എന്റെ ഉത്തരം ഒരു ലോഹിതദാസ് സിനിമ ആയിരിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതു കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യമെന്ന് ദീര്‍ഘകാലമായി അദ്ദേഹത്തെ അടുത്തറിയാവുന്നതിനാല്‍ എനിക്കും സംശയമില്ല. കെ. ജി. ജോര്‍ജ്, അടൂര്‍, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍ തുടങ്ങിയവരുടെ പല ചിത്രങ്ങളും ഓര്‍ത്തു. ജോണ്‍ ഏബ്രഹാം ഇഷ്ടപ്രതിഭയാണെങ്കിലും അദ്ദേഹം മലയാളത്തിലെ മികച്ച ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ല. എടുക്കാത്ത മഹാചിത്രത്തിന്റെ സംവിധായകനാണല്ലോ ജോണ്‍.

 

ഒറ്റപ്പേരിലുള്ള ഉത്തരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അല്‍പവിവരം വച്ച് മലയാള സിനിമയിലെ പലരുടെയും സംഭാവനകളെപ്പറ്റിയൊക്കെ വെറുതെ വാചകമടിച്ചു. അതൊക്കെ ശരിവച്ചു തലകുലുക്കിക്കൊണ്ട് കസേരയിലിരുന്ന് ലോഹിതദാസ് ബീഡിയുടെ അവസാന പുകയുമെടുത്ത് കുറ്റി ആഷ്‌ട്രേയില്‍ തിരുകി. പിന്നെ പറഞ്ഞു, 'എനിക്കിഷ്ടം ശശിയേട്ടന്റെ അവളുടെ രാവുകളാണ്.'

 

എന്റെ പട്ടികയില്‍ ആ സിനിമയേ ഉണ്ടായിരുന്നില്ല. ഐ.വി. ശശി തന്നെയും ഉണ്ടായിരുന്നില്ല. ബര്‍ഗ്മാനും കുറസോവയും ഫെല്ലിനിയും ഡിസീക്കയും മുതല്‍ എമിര്‍ കുസ്തുറിക്ക വരെ മനസ്സില്‍ കളിക്കുന്ന പാതിവെന്ത ആസ്വാദകന്റെ അല്‍പബുദ്ധിയില്‍ ഉടലെടുക്കാനിടയുള്ള 'അയ്യേ' എന്ന ശബ്ദം പുറത്തുവരാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു. ഐ.വി. ശശി എന്ന സംവിധായകന്റെ ക്രാഫ്റ്റിനെപ്പറ്റി ലോഹിതദാസ് സംസാരിച്ചു തുടങ്ങി. തന്റെ തിരക്കഥയില്‍ 'മൃഗയ'ക്കു ജീവന്‍ വയ്ക്കുമ്പോള്‍ അദ്ദേഹമതു നേരില്‍ അനുഭവിച്ചതാണ്. 'അവളുടെ രാവുകള്‍' എന്ന സിനിമയെപ്പറ്റിയായി പിന്നെ സംസാരം. അടുത്ത ബീഡിയും കത്തിത്തുടങ്ങി.

 

'അവളുടെ രാവുകള്‍' റിലീസായ കാലത്ത് ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അന്നു പോസ്റ്റര്‍ കണ്ടു കൊതിച്ചതേയുള്ളൂ. അല്‍പകാലം കഴിഞ്ഞപ്പോള്‍ ഉച്ചപ്പടമായി അതു വീണ്ടും ടാക്കീസില്‍ വന്നു. അപ്പോഴാണ് ആദ്യം കണ്ടത്. നന്നായി ആസ്വദിച്ച സിനിമയാണ്. ഇതുപോലുള്ള എത്രയോ സിനിമകള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ വെറും വിനോദ ചിത്രങ്ങള്‍ മാത്രം എന്ന ചിന്ത പിന്നീടുണ്ടായി. സിനിമയുടെ രാഷ്ട്രീയമാനങ്ങളെപ്പറ്റിയൊക്കെ വായിച്ചു തുടങ്ങിയ കാലത്ത് പുതിയ ചലച്ചിത്രകാരന്മാരുടെ പേരുകള്‍ പരിചയപ്പെട്ടു. ഫിലിം സൊസൈറ്റികളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ കണ്ടു. ഇങ്ങനെ ലോകസിനിമയിലെ അദ്ഭുതങ്ങള്‍ വന്ന് മൂടിയപ്പോള്‍ ആദ്യകാലത്ത് രസിപ്പിച്ച ചിത്രങ്ങള്‍ തഴയപ്പെട്ടു. അല്ലെങ്കില്‍ അവയെപ്പറ്റിയൊക്കെ സംസാരിക്കുന്നത് മോശമല്ലേ എന്നൊരു തോന്നലുണ്ടായി. ഈ തോന്നലിനു മേലുള്ള പ്രഹരമായിരുന്നു 'അവളുടെ രാവുകളെ'പ്പറ്റിയുള്ള ലോഹിതദാസിന്റെ വിലയിരുത്തല്‍.

 

'ആ സിനിമയുടെ കഥ ഓര്‍മയുണ്ടോ...?'

 

അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍ വീണ്ടും ഒന്നു പകച്ചു. കഥയറിയാം. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മഴയുള്ള രാത്രിയില്‍ രവികുമാറിന്റെ വീട്ടിലേക്കു സീമ വന്നു കയറുന്ന രംഗമാണ്. കഥാപാത്രങ്ങളുടെ പേരറിയില്ല. അവളുടെ കുസൃതി സംസാരം. ഈറന്‍ മാറ്റാന്‍ കുളിമുറിയില്‍ കയറുന്നത്. ധരിക്കാന്‍ തന്റെ ഷര്‍ട്ട് രവികുമാര്‍ ബാത്‌റൂമിലേക്കു നീട്ടിക്കൊടുക്കുന്നത്. അപ്പോള്‍ അകത്ത് സീമ പൂര്‍ണ നഗ്നയായിരിക്കുമല്ലോ എന്ന് രവികുമാറിനൊപ്പം ചിന്തിച്ച് ടാക്കീസ് ഒന്നിച്ചൊരു നെടുവീര്‍പ്പിട്ടത്. ഷര്‍ട്ട് മാത്രം ധരിച്ച് സീമ പുറത്തേക്കു വന്നപ്പോള്‍ ടാക്കീസ് അനേകം തുറിച്ച കണ്ണുകളാല്‍ വിടര്‍ന്നത്. ഇതൊക്കെയായിരുന്നു അവളുടെ രാവുകളെക്കുറിച്ചുള്ള സത്യസന്ധമായ ഓര്‍മ. കൗമാര മനസ്സില്‍ പതിഞ്ഞ ഈ മായാത്ത രംഗത്തെപ്പറ്റിയുള്ള ചിന്ത പാതിവെന്ത ബുദ്ധിജീവി ഒരിക്കലും പുറത്തെടുക്കാന്‍ പാടില്ല. അതു നാണക്കേടാണ്. എങ്കിലും ലോഹിതദാസിനോടായതുകൊണ്ടു തുറന്നുപറഞ്ഞു, 'സീമ കുളികഴിഞ്ഞിറങ്ങുന്ന രംഗം മാത്രമേ ശരിക്കും ഓര്‍മയിലുള്ളൂ'.‌

 

അദ്ദേഹത്തിന്റെ ചിരി കൂടുതല്‍ ഉച്ചത്തിലായി. അടുക്കളയില്‍ ജോലിക്കാരി വിശാലം പാകം ചെയ്യുന്ന ഇറച്ചിയുടെ മണം ആ ചിരിക്കു മുകളിലൂടെ ഒഴുകിപ്പരന്നു.

'അതു മാത്രമേ മിക്ക പുരുഷന്മാരും കണ്ടിട്ടുള്ളൂ. സ്ത്രീകളാകട്ടെ, അപൂര്‍വം ചിലരൊഴികെ ഈ സിനിമ കണ്ടിട്ടുമില്ല. വിവാഹത്തിനു മുമ്പ് ഏതെങ്കിലുമൊരു പുരുഷന്റെ സ്പര്‍ശനമേറ്റാല്‍ പെണ്ണു കളങ്കപ്പെട്ടു എന്ന പതിവ്രതാ സങ്കല്‍പമാണ് മിക്ക കഥാചിത്രങ്ങളുടെയും അടിത്തറ. പുരുഷന് ഈ കളങ്കം ഒരിടത്തും ബാധകമേയല്ല. കളങ്കിതയായ പെണ്ണിന്റെ കണ്ണീര്‍ക്കഥകള്‍ ഏത്രയോ ഹിറ്റ് സിനിമകളുടെ പ്രമേയമായിട്ടുണ്ട്. 

 

അങ്ങനെയൊരു കാലത്താണ്, നിവൃത്തികേടുകൊണ്ട് തെരുവു വേശ്യയാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയെ ഒരമ്മ നിലവിളക്കു കൊളുത്തി സ്വന്തം മരുമകളായി വീട്ടിലേക്കു സ്വീകരിച്ചാനയിക്കുന്ന ക്ലൈമാക്‌സോടെ ഒരു ചലച്ചിത്രം ഐ. വി. ശശി സംവിധാനം ചെയ്തത്. ഏറ്റവും സങ്കടകരമായ കാര്യം മറ്റൊന്നാണ്. ഈ വിപ്ലവത്തിനു സിനിമയില്‍ പിന്നീട് തുടര്‍ച്ചയുണ്ടായില്ല. എന്നുമാത്രമല്ല സ്ത്രീവിരുദ്ധമായാല്‍ മാത്രമേ സിനിമ വിജയിക്കൂ എന്ന അവസ്ഥ വന്നു. ഐ. വി. ശശി തന്നെയും പിന്നീട് ജനപ്രിയ ചിത്രങ്ങളെടുത്തപ്പോള്‍ പഴയ വിഗ്രഹഭഞ്ജനം മറന്നു. അല്ലെങ്കില്‍ മറക്കേണ്ടി വന്നു.'

 

സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന ചില സദാചാര സംഹിതകളെ ലംഘിക്കാതെയുള്ള വിനോദ പരിപാടികളാണ് വിജയത്തിനു വേണ്ടതെന്ന വിശ്വാസത്തില്‍ തനിക്കും ഒട്ടേറെ സിനിമകള്‍ എഴുതേണ്ടിവന്നിട്ടുണ്ടെന്ന് സമ്മതിച്ചുകൊണ്ടാണ് ലോഹിതദാസ് 'അവളുടെ രാവുകളെ'പ്പറ്റി പറഞ്ഞുനിര്‍ത്തിയത്.അപ്പോള്‍ മാത്രം ഞാന്‍ തുറന്നു സമ്മതിച്ചു, ഐ. വി. ശശിയുടെ മിക്ക സിനിമകളും കണ്ടതാണ്. അവയൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. ഇതാ ഇവിടെ വരെ, ഊഞ്ഞാല്‍, ഉയരങ്ങളില്‍, ആരൂഢം തുടങ്ങിയ സിനിമകളെപ്പറ്റി ഓര്‍ത്തു.  

 

'സിഡിയെടുത്ത് അവളുടെ രാവുകള്‍ ഒന്നുകൂടി കണ്ടു നോക്കൂ' എന്ന് അദ്ദേഹം നിര്‍ദേശിച്ചു. തൃശൂരിലെ കടയില്‍ നിന്ന് അന്നു തന്നെ സിഡി വാങ്ങിയാണ് വീട്ടില്‍ പോയത്. ആ രാത്രിയില്‍ കണ്ടു തീര്‍ക്കുകയും ചെയ്തു. കുതിരവട്ടം പപ്പു, സുകുമാരന്‍, സോമന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍. രാജി എന്ന പെണ്‍കുട്ടിയുടെ തെരുവുജീവിതം. ആ ജീവിതം അവള്‍ക്കു പകര്‍ന്നു നല്‍കുന്ന കരുത്ത്. ഒപ്പം അവളുടെ നിസ്സഹായത.  ഇതിലൂടെ മുന്നേറിയപ്പോള്‍ മറ്റൊരു സിനിമ സമാന്തരമായി മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു.  

 

1957 ല്‍ പുറത്തിറങ്ങിയ ഫെഡറിക്കോ ഫെല്ലിനിയുടെ 'നൈറ്റ്‌സ് ഓഫ് കബീരിയ'. തെരുവു വേശ്യയായ കബീരിയ എന്ന പെണ്‍കുട്ടിയുടെ ജീവിതമോഹത്തിന്റെ കഥ. പേരിനു പോലും എന്തൊരു സാമ്യം. അവളുടെ രാവുകള്‍, കബീരിയയുടെ രാവുകള്‍. സ്വന്തം കഥയ്ക്കു ഫെല്ലിനി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് കാന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പശ്ചാത്തലവും മുഖ്യ പ്രമേയവും സമാനമെങ്കിലും ഫെല്ലിനി ചിത്രവുമായി ഐ. വി. ശശിയുടെ ചിത്രത്തിന് സാമ്യമൊന്നുമില്ല. 

 

കബീരിയ എന്ന വേശ്യ പെണ്‍കുട്ടിയെ അവള്‍ സ്‌നേഹിക്കുന്ന പുരുഷന്‍ ചതിക്കുകയാണ്. എങ്കിലും സിനിമയുടെ അവസാനം പാട്ടുപാടി നൃത്തം വച്ചു വരുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം ചേര്‍ന്ന് കണ്ണീരിനിടയിലും പുഞ്ചിരിയുമായി അവള്‍ ജീവിതത്തിലേക്കു തിരികെ നടക്കുന്ന രംഗമാണ് ഫെല്ലിനി ചിത്രീകരിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിനു ശേഷം 1978 ല്‍ മലയാളത്തില്‍ മറ്റൊരു സംവിധായകന്‍ ഇതേ തെരുവുവേശ്യയായ നായികയെ വിളക്കുകൊളുത്തി ജീവിതത്തിന്റെ പൂമുഖത്തേയ്ക്കു സ്വീകരിച്ചു. കബീരിയയായി അഭിനയിച്ച ഗ്വില്ലിറ്റ മാസിനയെ ആണ് ഫെഡറിക്കോ ഫെല്ലിനി വിവാഹം കഴിച്ചത്. ഐ. വി. ശശിയുടെ വിവാഹവും ചരിത്രം.

 

പിറ്റേന്നു തന്നെ ഈ സമാനതകള്‍ ലോഹിതദാസിനോടു ഫോണില്‍ വിളിച്ചു പറഞ്ഞു. അവളുടെ രാവുകള്‍ ഒരുതവണ മാത്രം കണ്ടു മറന്ന ഞാന്‍ നൈറ്റ്‌സ് ഓഫ് കബീരിയ നേരത്തേ മൂന്നുവട്ടം കണ്ടിട്ടുണ്ടായിരുന്നു. ലോഹിയേട്ടന്‍ പറഞ്ഞു, 'ശശിയേട്ടന്റെ ഫോണ്‍ നമ്പര്‍ തരാം. ഒന്നു വിളിക്കൂ. ഇങ്ങനെയൊക്കെ ആരെങ്കിലും വിളിച്ചു പറയുന്നത് അദ്ദേഹത്തിനു സന്തോഷമാകും.'

 

നമ്പര്‍ വാങ്ങിയെങ്കിലും ഒരിക്കലും വിളിച്ചില്ല. വലിയൊരു സംവിധായകനോടു സംസാരിക്കാനുള്ള മടികാരണം. പിന്നീട് ഐ.വി. ശശി മരിച്ചപ്പോഴാണ് ലോഹിതദാസ് പറഞ്ഞ സംഭവം ഓര്‍ത്തതും എഴുതിയതും.

 

ജീവിതദുരിതം മൂലം വേശ്യയായിപ്പോയ ഒരു സ്ത്രീയുടെ കരുണയും പ്രണയവും ചങ്കൂറ്റവും ശക്തമായി ആവിഷ്‌കരിച്ച മറ്റൊരു മലയാള ചലച്ചിത്രമില്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മകന്‍ ജീവിതസഖിയാക്കിയത് ഒരു തെരുവു വേശ്യയെയാണെന്നറിഞ്ഞിട്ടും അവള്‍ മനസ്സുകൊണ്ട് ശുദ്ധയാണെന്ന് തിരിച്ചറിഞ്ഞ് നിലവിളക്കു കൊളുത്തി വീട്ടിലേക്ക് സ്വീകരിക്കുന്ന അമ്മയുടെ ദൃശ്യത്തിലാണ് അവളുടെ രാവുകള്‍ അവസാനിക്കുന്നത്. ഇങ്ങനെ ഒരു നായകനെയും നായികയെയും അമ്മയെയും സ്വീകരിക്കാന്‍ പറ്റാത്തവിധം മലയാളി പ്രേക്ഷകരുടെ മനസ്സ് മാറിപ്പോയതില്‍ സങ്കടമുണ്ടായിരുന്നു ലോഹിതദാസിന്. അതൊരു മൂല്യബോധത്തിന്റെ മാറ്റമാണെന്ന് അറിയാമായിരുന്നിട്ടും.

 

അധികം ശ്രദ്ധിക്കപ്പെടാതെ പോയ 'വളയം' എന്ന സിനിമ തുടങ്ങുന്നത് ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്ന ഗ്രാമീണ വേശ്യയായ വനജയും ശ്രീധരന്‍ ( മുരളി) എന്ന ലോറി ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആവിഷ്‌കരിച്ചുകൊണ്ടാണ്. സിനിമയില്‍ മറ്റൊരു ഘട്ടത്തില്‍ വേശ്യാവൃത്തി അവസാനിപ്പിച്ച് ലോട്ടറി വില്‍പന നടത്തുന്ന വനജയെ കാണാം. 'ഇതെന്താണ് നീ നന്നായിപ്പോയല്ലോ' എന്ന ചോദ്യത്തിന് 'രോഗിയായി കിടന്ന ഭര്‍ത്താവ് മരിച്ചു, ഇനി ചികിത്സയ്ക്കു പണം ആവശ്യമില്ല. ആഹാരം കഴിക്കാനുള്ള കാശ് മതി' എന്നാണ് വനജയുടെ മറുപടി. 

 

ഐ. വി. ശശിക്കു വേണ്ടി എഴുതിയ 'മൃഗയ'യിലെ നായക കഥാപാത്രമായ വാറുണ്ണി (മമ്മൂട്ടി) യും സമൂഹം കെട്ടിപ്പൊക്കിയ സദാചാരനിയമങ്ങളുടെ ചട്ടക്കൂടിലൊതുങ്ങുന്നില്ല. അയാള്‍ മറ്റൊരാളുടെ ഭാര്യയെ പ്രാപിക്കുന്ന രംഗം സിനിമയിലുണ്ടല്ലോ. ലൈംഗികത്തൊഴിലാളികളുടെ ജീവിതം വരച്ചുകാട്ടുന്ന സൂത്രധാരന്‍ എന്ന സിനിമയും പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്തു.

 

മനസ്സിലുള്ള കഥകള്‍ അപരിചിതരോടു പോലും മടിയില്ലാതെ തുറന്നുപറയുമായിരുന്നു ലോഹിതദാസ്. തന്റെ കഥ അതേപടി മോഷ്ടിച്ച് സിനിമയാക്കാന്‍ ആര്‍ക്കും പറ്റില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. കാരണം കഥയേക്കാള്‍ പ്രധാനം തിരക്കഥാ രചനയിലും സംഭാഷണങ്ങളിലുമുള്ള ലോഹിതദാസ് മാന്ത്രികതയാണ്. മറ്റാര്‍ക്കും അത് കവര്‍ന്നെടുക്കാനാവില്ല.

ഭൂതക്കണ്ണാടി മുതല്‍ക്കുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ റോളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു. കന്മദം സിനിമയുടെ മൂര്‍ച്ച ഇപ്പോഴും അനുഭവിക്കുന്നുണ്ട് പ്രേക്ഷകര്‍.  

ഒരിക്കല്‍ ഷൊര്‍ണൂര്‍ ടിബിയില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ ഇരിക്കുന്ന സമയത്ത് ലോഹിതദാസിനോടു ചോദിച്ചു-'എന്താണ് സിനിമയുടെ കഥ...'?

 

'ഒരു പഴയ നാടോടിക്കഥയാണ്. മടിയന്മാരായ മക്കളെ അധ്വാനികളാക്കാന്‍ അച്ഛനൊപ്പിച്ച സൂത്രപ്പണി കേട്ടിട്ടില്ലേ. വീട്ടുപറമ്പില്‍ താന്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നു മക്കളെ വിളിച്ചു പറഞ്ഞു. പക്ഷേ എവിടെയാണെന്നു പറഞ്ഞില്ല. മക്കള്‍ മണ്ണു കുഴിച്ച് കണ്ടുപിടിക്കണം. ഭാഗ്യമുള്ളവനു കിട്ടും. മക്കള്‍ ദിവസങ്ങളെടുത്ത് പറമ്പ് മുഴുവന്‍ കിളച്ചു മറിച്ചു. പക്ഷേ നിധിയൊന്നും കണ്ടെത്തിയില്ല. അവര്‍ അച്ഛനോടു ദേഷ്യപ്പെട്ടു. അപ്പോഴേക്കും അധ്വാനിക്കാന്‍ മടിയില്ലാത്തവരായി അവര്‍ മാറിയിരുന്നു. അദ്ധ്വാനശീലം തന്നെയായിരുന്നു മക്കള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നിധിയും.'

 

ഇതെങ്ങനെ സിനിമയാക്കും. അഥവാ സിനിമയായാല്‍ ആരെങ്കിലും കാണുമോ.. ഇങ്ങനെ പലവിധ സംശയങ്ങളുണ്ടായെങ്കിലും ചോദിച്ചില്ല. പിന്നെ 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമ കണ്ടപ്പോഴാണ് നാടോടിക്കഥയില്‍ നിന്ന് തിരക്കഥയുണ്ടാക്കുന്ന സൂത്രപ്പണി മനസ്സിലായത്. ലോഹിതദാസിനൊപ്പം സിനിമാ ഗാനങ്ങള്‍ ഓര്‍ത്തെടുത്തും പാടിയും എത്ര രാവുകള്‍ ഉറക്കമില്ലാതെ കടന്നുപോയിട്ടുണ്ട്. ഗാനരചയിതാക്കളില്‍ പി. ഭാസ്‌കരനെയും ശ്രീകുമാരന്‍ തമ്പിയെയും ഹൃദയത്തോടു ചേര്‍ത്തുവച്ചിരുന്നു അദ്ദേഹം. വേദാന്തം ചാലിക്കാത്ത വയലാറിന്റെ പ്രണയഗാനങ്ങളും ഇഷ്ടപ്പെട്ടു.

 

'വെങ്കലം' സിനിമയുടെ ആലോചന നടക്കുന്ന സമയത്ത് പി. ഭാസ്‌കന്‍ പോസ്റ്റ് കാര്‍ഡില്‍ ലോഹിതദാസിന് ഒരു കത്തയച്ചു.'ലോഹിയുടെ ഒരു സിനിമയില്‍ പാട്ടെഴുതാന്‍ മോഹം.'

ഇത്രമാത്രമേ കാര്‍ഡിലുണ്ടായിരുന്നുള്ളൂ. തനിക്ക് ലഭിച്ച ഏതു ബഹുമതിയേക്കാളും വിലപ്പെട്ടതാണ് ആ പോസ്റ്റ് കാര്‍ഡെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭാസ്‌കരന്‍ മാസ്റ്റര്‍ പാട്ടെഴുതാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം പറഞ്ഞപ്പോള്‍ സംവിധായകന്‍ ഭരതനും ആഹ്ലാദം അടക്കാനായില്ല.

 

'വെങ്കലം' സിനിമയുടെ ഭൂമിക തിരിച്ചറിഞ്ഞുള്ള മനോഹരങ്ങളായ ഗാനങ്ങള്‍ പി. ഭാസ്‌കരന്‍ ഒരുക്കുകയും ചെയ്തു. മായന്നൂര്‍ക്കാവും കിള്ളിക്കുറിശ്ശിയും കല്ലടിക്കോടുമെല്ലാം ഒട്ടും കല്ലുകടിയില്ലാതെ ഒരു പ്രണയഗാനത്തില്‍ കോര്‍ത്തെടുത്തുവല്ലോ അവസാന കാലത്തും ഭാസ്‌കരന്‍ മാസറ്ററുടെ പ്രതിഭ.

 

സംഗീതസംവിധായകന്‍ രവീന്ദ്രനെപ്പറ്റി  പറയാന്‍ നൂറുനാക്കായിരുന്നു ലോഹിതദാസിന്. 'നീ ജോലിത്തിരക്കിലല്ലേ, ഞാന്‍ രവിയേട്ടന്റെ കൂടെയാണ് ' എന്ന് ഫോണില്‍ പറഞ്ഞ് അസൂയപ്പെടുത്തിക്കൊണ്ടുള്ള പൊട്ടിച്ചിരി ഇന്നും കാതിലുണ്ട്. രവീന്ദ്രന്റെ മരണശേഷം ഒരാഴ്ച കഴിഞ്ഞ് കണ്ടപ്പോള്‍ ലോഹിതദാസ് വല്ലാതെ മൗനിയായിരുന്നു. പിന്നെ കുറേനേരം രവീന്ദ്രന്‍ തമാശകള്‍ പറഞ്ഞ് ഉള്ളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിച്ചു. അല്‍പനേരത്തെ ആലോചനയ്ക്കു ശേഷം പറഞ്ഞു-'നമുക്കും മരണത്തെപ്പറ്റിയൊക്കെ ചിന്തിക്കാനായെന്നൊരു തോന്നല്‍.'

 

പിന്നെ തിരുത്തി-'ഓ എന്തായാലും പതിനഞ്ചു കൊല്ലത്തിനിടയില്‍ എനിക്കൊന്നും സംഭവിക്കില്ല. അതു കഴിഞ്ഞ് ചിന്തിക്കാം അല്ലേ...'നമ്മുടെ ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കുമപ്പുറത്താണ് ജീവിതമെന്ന് എത്രയോ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ടല്ലോ ലോഹിതദാസ്. അദ്ദേഹം അന്നു പറഞ്ഞത് എത്ര ശരിയാണ്. പതിനഞ്ചു കൊല്ലമല്ല, ഇനിയുമൊരുപാടു കാലം പിന്നിട്ടാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല. ഭൗതികസാന്നിധ്യം ഇല്ലാതായാലും കലാകാരന്മാര്‍ സമൂഹത്തോടു സംവദിച്ചുകൊേണ്ടയിരിക്കും. പുതുതലമുറ പുതിയ വായനകളാല്‍ അവരിലെ പ്രതിഭയുടെ തിളക്കമേറ്റും.  

 

ലോഹിതദാസ് വിടവാങ്ങിയിട്ടു പന്ത്രണ്ടു വര്‍ഷമായി. പക്ഷേ അദ്ദേഹം എല്ലാ മലയാളി കുടുംബങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. എന്നും ഓര്‍മിക്കപ്പെടുന്നു. പ്രതിഭകള്‍ ജീവിതത്തോടു വിടപറയുന്നില്ല. അവര്‍ ഭൗതികമായി ഇല്ലാതാവുന്ന പ്രായത്തില്‍ ജനഹൃദയങ്ങളില്‍ അമരത്വം നേടുകയാണ്.