മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍

മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍ ഒന്നുപോലും. അറിവും പുതിയ അനുഭവങ്ങളും തേടിയുള്ള അലച്ചിലിനിടെ ഉള്ളിലെ മോഹം സാക്ഷാത്ക്കരിക്കാന്‍ പത്രപ്രവര്‍ത്തകനായി മാറിയ ഒരാളുടെ കഥേതര രചനകള്‍ക്കു മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലുള്ള പ്രസക്തി വായനക്കാര്‍ക്കു ബോധ്യപ്പെടും ഈ പുസ്തകത്തിന്റെ താളുകളിലൂടെ സഞ്ചരിച്ചാല്‍. മലയാളത്തില്‍ വിശദമായ ചലച്ചിത്രോത്സവ റിപ്പോര്‍ട്ടിങ് അരംഭിക്കുന്നത് സി.വി. ബാലകൃഷ്ണനാണ്. ഇവയൊന്നും വെറും റിപ്പോര്‍ട്ടുകളല്ല. എഴുത്തിനോടും ചലച്ചിത്രകലയോടുമുള്ള അഗാധപ്രണയത്തില്‍ നിന്ന് രൂപപ്പെട്ട സര്‍ഗാത്മക നിരീക്ഷണങ്ങളാണ്. കാല്‍ നൂറ്റാണ്ട് മുമ്പാണ് കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. ഇതിനുമെത്രയോ മുമ്പ് കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മുംബൈയിലും നടന്ന മേളകളെപ്പറ്റിയും അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ലോകോത്തര സിനിമകളെപ്പറ്റിയും എഴുതപ്പെട്ട വിശകലനാത്മക റിപ്പോര്‍ട്ടുകള്‍ ഈ സമാഹാരത്തിലുണ്ട്. 

 

ADVERTISEMENT

നാലു പതിറ്റാണ്ടു മുമ്പ് കൊല്‍ക്കത്ത ടോളിഗഞ്ചിലെ ഇന്ദ്രപുരി സ്റ്റുഡിയോയില്‍ സത്യജിത് റായിയുടെ സിനിമാ ചിത്രീകരണം നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ബാലകൃഷ്ണന്‍. ഹീരക് രാജാര്‍ ദേശേയ് എന്ന  ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് റായ് അന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 

 

അവതരണ ശൈലിയിലും പ്രമേയ സ്വീകരണത്തിലും സ്‌ഫോടനാത്മകമായ മാറ്റം വരുത്തി നാടകത്തെ പ്രേക്ഷകമധ്യത്തിലേക്കിറക്കിയ  ബാദല്‍ സര്‍ക്കാരിന്റെ ആദ്യ പരീക്ഷണങ്ങളുടെ നാളുകളില്‍ ബാലകൃഷ്ണന്‍ അദ്ദേഹവുമായി ദീര്‍ഘസംഭാഷണം നടത്തി. ഒരേ തരത്തിലുള്ള ചലനങ്ങളും രംഗങ്ങള്‍ തന്നെയും ആവര്‍ത്തിക്കുന്നത് ഒഴിവാക്കാവുന്നതല്ലേ എന്ന് അദ്ദേഹം ബാദല്‍ദായോടു ചോദിക്കുന്നുണ്ട്. ഒരു കാര്യം ഊന്നിപ്പറയാന്‍ ഒരേ രീതി രണ്ടിടങ്ങളില്‍ ഉപയോഗിച്ചുകൂടെന്നില്ലല്ലോ എന്നായിരുന്നു ബാദല്‍ സര്‍ക്കാരിന്റെ മറുപടി. ഗിരീഷ് കാസറവള്ളി, പി. ലങ്കേഷ്, മൃണാള്‍ സെന്‍, സയിദ് മിര്‍സ, ഉദയ് ശങ്കര്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളും ഈ വിധത്തില്‍ സംവാദാത്മകമാണ്. സ്തുതിഗീതങ്ങളുടെ അകമ്പടി സംഗീതമല്ല, വിമര്‍ശനാത്മക നിരീക്ഷണങ്ങളുടെ മുഴക്കമാണ് സി.വി. ബാലകൃഷ്ണന്റെ ചോദ്യങ്ങളിലുടനീളമുള്ളത്. 

 

ADVERTISEMENT

ബംഗാളി നാടകവേദിയെപ്പറ്റി പഠിക്കാനാണ് എഴുപതുകളുടെ അവസാനം ബാലകൃഷ്ണന്‍ കൊല്‍ക്കത്തയിലെത്തുന്നത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത കാലം. പുറപ്പെടും മുമ്പ് ദേശാഭിമാനി നല്‍കിയ പ്രസ് ട്രങ്ക് കോള്‍ കാര്‍ഡ് കൈവശമുണ്ടായിരുന്നു. അന്ന് കമ്പി തപാല്‍ വകുപ്പ് പത്രങ്ങള്‍ക്ക് അനുവദിക്കുന്ന പ്രത്യേക കാര്‍ഡാണിത്. ഇന്ത്യയിലെ ഏതു കമ്പി തപാല്‍ ഓഫിസില്‍ നിന്നും ഈ കാര്‍ഡിലുള്ള രണ്ടു നമ്പരുകളിലേക്കു വിളിക്കാം. അതിനുള്ള തുക പത്രങ്ങള്‍ ഒന്നിച്ച് അടച്ചാല്‍ മതി. ട്രങ്ക് കാള്‍ ബുക്ക് ചെയ്യാന്‍ തന്നെ വലിയ ക്യൂ ഉണ്ടായിരുന്ന കാലം. പ്രധാന തപാല്‍ ഓഫിസുകളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. ചലച്ചിത്രമേളകളുടെ ഇടവേളകളില്‍ തപാല്‍ ഓഫിസുകളില്‍ ഓടിയെത്തി ക്യൂ നില്‍ക്കുകയും അവിടെ നിന്നു തന്നെ റിപ്പോര്‍ട്ടുകള്‍ എഴുതി തയാറാക്കി കോഴിക്കോട്ടെ പത്രം ഓഫിസിലേക്കു വിളിച്ചു പറയുകയും ചെയ്ത അനുഭവത്തെപ്പറ്റിയും അനുബന്ധമായി ചേര്‍ത്ത അഭിമുഖത്തില്‍ ബാലകൃഷ്ണന്‍ വിശദീകരിക്കുന്നുണ്ട്. 

 

കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഒന്നുമില്ലാത്ത കാലത്ത് ഇങ്ങനെ ഫോണില്‍ വിളിച്ചു പറഞ്ഞ ചലച്ചിത്രോത്സവ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍  അതിശയിക്കുമെന്നു തീര്‍ച്ച. കാരണം സിനിമകളുടെ പേരും പത്രസമ്മേളനങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്ന സംവിധായകരുടെയും മറ്റും പേരുകളും അടങ്ങിയ വെറും റിപ്പോര്‍ട്ടുകളല്ല ഇവയൊന്നും. സിനിമയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും അറിയാവുന്ന ഒരാളുടെ വിശകലനങ്ങളാണ്. സാധാരണക്കാര്‍ക്ക് ചലച്ചിത്രമേളകളെപ്പറ്റിയോ അവിടെ പ്രദര്‍ശിപ്പിക്കുന്ന സമാന്തര സിനിമകളെപ്പറ്റിയോ ധാരണയൊന്നുമില്ലാത്ത കാലത്താണ് ഇതെന്നോര്‍ക്കണം. മുഖ്യധാരാ സിനിമകള്‍ മാത്രം കണ്ടിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെ കലാമൂല്യമുള്ള ചിത്രങ്ങളുടെ ലോകത്തേക്ക് ആനയിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ റിപ്പോര്‍ട്ടുകളുടെയും വിശകലനങ്ങളുടെയും പ്രസക്തി. 

 

ADVERTISEMENT

ഇവയൊക്കെ സമാഹരിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത എഴുത്തുകാരനെയും പ്രസാധകരായ കൈരളി ബുക്‌സിനെയും അഭിനന്ദിക്കാതെ വയ്യ. പഴയ കാലത്തെ റിപ്പോര്‍ട്ടിങ് സാഹസികമായിരുന്നെങ്കില്‍ അതിനേക്കാള്‍ കഠിനാധ്വാനം വേണ്ടിവന്നു നിറംമങ്ങിയും പൊടിഞ്ഞും പോയ പത്രത്താളുകളില്‍ നിന്ന് ഈ എഴുത്തുകള്‍ കണ്ടെടുക്കാനെന്ന് ബാലകൃഷ്ണന്‍ പറയുന്നു. പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കും ചലച്ചിത്രപഠന ശാഖയ്ക്ക് പ്രത്യേകിച്ചും ഇതൊരു മുതല്‍ക്കൂട്ടാണ്. 

 

1983 ലെ ഡല്‍ഹി ചലച്ചിത്രോത്സവത്തില്‍ പ്രശസ്ത തുര്‍ക്കി സംവിധായകനായ ഇല്‍മാസ് ഗുനെയുടെ കാനില്‍ പുരസ്‌കാരം ലഭിച്ച യോള്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഒരു ജഡ്ജിയെ വെടിവച്ചു കൊന്നുവെന്നതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട സംവിധായകന്റെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ തുര്‍ക്കി സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തലേദിവസം സ്വന്തം വീട്ടിലിരുന്ന് ചിത്രം കാണുകയും പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു. ഭരണാധികാരികള്‍ സിനിമാ സെന്‍സറിങ് കടുപ്പിക്കുന്ന ഇക്കാലത്ത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം. സത്യജിത് റായിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇന്ദിരാ ഗാന്ധിക്ക് നല്ല കലാബോധവുമുണ്ടായിരുന്നു. ഇല്‍മാസ് ഗുനെ എന്ന സംവിധായകനെ തൊട്ടു മുമ്പത്തെ വര്‍ഷം നടന്ന കൊല്‍ക്കത്ത ഫിലിമോത്സവിന്റെ കാലത്തു തന്നെ കേരളത്തിനു പരിചയപ്പെടുത്തിയതും ബാലകൃഷ്ണനാണ്. 

 

 1982 ല്‍ ഫിലിമോത്സവ് നടന്നത് കൊല്‍ക്കത്തയിലായിരുന്നു. ഇവിടെ, സത്യജിത് റായിയുടെയും മൃണാള്‍ സെന്നിന്റെയും ഋത്വിക് ഘട്ടക്കിന്റെയും നഗരത്തില്‍ ഒരു അന്തര്‍ദേശീയ മേള കൂടി അരങ്ങേറുന്നു. ഫിലിമോത്സവ് 82 ന് ഇന്നു തുടക്കം എന്ന വരികളോടെയാണ് ഇതിന്റെ റിപ്പോര്‍ട്ടിങ് തുടങ്ങുന്നത്. എന്നാല്‍ തൊട്ടടുത്ത വരികളില്‍ പതിവു റിപ്പോര്‍ട്ടിങ് ശൈലി പാടെ ഉപേക്ഷിക്കുകയാണ് ബാലകൃഷ്ണന്‍. അദ്ദേഹം എഴുതുന്നു- ബംഗാളി സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കു പൊതുവെയും ഈ മേള എത്രത്തോളം അര്‍ത്ഥവത്തായിരിക്കുമെന്ന് ഇപ്പോള്‍ പറയുക വയ്യ. ഒരു പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞ് അപ്പോഴേക്കും ശ്രദ്ധേയനായിത്തീര്‍ന്ന പുതിയ ചലച്ചിത്രകാരനില്‍ നിന്ന് നാം അതേക്കുറിച്ചറിയും. ചലച്ചിത്രമേളകള്‍ എങ്ങനെയാണ് തന്നെ സ്വാധീനിച്ചതെന്നതിനെപ്പറ്റി മൃണാള്‍ സെന്‍ സ്വന്തം ഡയറിയിലെഴുതിയ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് മുന്നേറുന്നത്. 

 

ചലച്ചിത്ര മേളകളിലൂടെ ലോകസിനിമകളുമായുണ്ടായ അടുപ്പവും പരിചയവും കേരളത്തില്‍ തന്നെ എത്രയോ പ്രതിഭാശാലികള്‍ക്കു പിന്നീട് ജന്മം നല്‍കിയിട്ടുണ്ടെന്ന് ഇന്നു നമുക്കറിയാം. മേളകളുടെ പ്രസക്തി ഇതു തന്നെയാണെന്ന പ്രവചനത്തോടെയാണ് 1982 ജനുവരിയില്‍ ബാലകൃഷ്ണന്‍ തന്റെ ആദ്യ ഫിലമോത്സവ് കവറേജ് തുടങ്ങുന്നത്. റിട്രോസ്‌പെക്ടീവ് എന്ന ഇംഗ്ലിഷ് വാക്കിന് പശ്ചാത് പ്രദര്‍ശനം എന്നൊരു  പദവും അദ്ദേഹം അന്നുപയോഗിച്ചു. കൊല്‍ക്കത്ത മേളയില്‍ ഋത്വിക് ഘട്ടക്കിന്റെ റിട്രോസ്‌പെക്ടീവ് ഉള്‍പ്പെടുത്താത്തതു സംബന്ധിച്ച വിവാദം പരാമര്‍ശിക്കുന്നതിനിടെയായിരുന്നു ഈ പദപ്രയോഗം. തുടര്‍ന്ന് പലയിടങ്ങളിലും  ഈ വാക്കു കാണാം. അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം പ്രദര്‍ശിപ്പിക്കപ്പെട്ടത് ഈ മേളയിലായിരുന്നു. ഴാങ് ലുക് ഗൊദാര്‍ദ് എന്ന പ്രശസ്ത സംവിധായകനെപ്പറ്റി ഗൊദാര്‍ദിനെപ്പോലെ ഗൊദാര്‍ദ് മാത്രം എന്ന വിശദമായ ലേഖനം എഴുതപ്പെടുന്നതും ഇക്കാലത്താണ്. 

 

ഹംഗേറിയന്‍ സിനിമയും പോളിഷ് സിനിമയുമെല്ലാം മലയാളികള്‍ക്കു പരിചയപ്പെടുത്തുന്ന വിശകലനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. സോള്‍ട്ടന്‍ ഫാബ്രിയിലൂടെ ആരംഭിച്ച ഹംഗേറിയന്‍ സിനിമയുടെ സുവര്‍ണ ദശകങ്ങളെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് 1982 ഫെബ്രുവരി 22 നാണ്. തുടര്‍ന്ന് ഇതേ വര്‍ഷം മേയ് മാസത്തില്‍ ഫാബ്രിയുടെ സിനിമകളെപ്പറ്റി മാത്രമായുള്ള പഠനവും പ്രസിദ്ധീകരിക്കപ്പെട്ടു. ആന്ദ്രേ വൈദ, ആന്ദ്രേ മങ്ക്, ജെഴ്‌സി കവലറോവിസ് , വൊഴ്‌സിക് ഹാസ് എന്നിവരിലൂടെ വികാസം പ്രാപിച്ച പോളിഷ് സിനിമയെപ്പറ്റിയും ഇതേ മാസത്തില്‍ തന്നെ ബാലകൃഷ്ണന്‍ എഴുതി. പോളണ്ടുകാര്‍ അറിയും മുമ്പ് എഡിറ്റിങ് ടേബിളില്‍ നിന്ന് നേരെ കാന്‍ ഫെസ്റ്റിവലിലേക്കു പോയി ക്രിസ്റ്റോഫ് സനൂസിക്ക് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത കോണ്‍സ്റ്റാന്‍സ് എന്ന ചിത്രത്തെപ്പറ്റിയുള്ള ലേഖനമഴുതുന്നതും ഇതേ വര്‍ഷം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തോടെയാണ് സനൂസിയുടെ ചിത്രങ്ങള്‍ കേരളത്തില‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടത്. തന്റെ സിനിമകളെല്ലാം സ്വപ്നങ്ങളായിരുന്നുവെന്ന പ്രശസ്ത സ്വീഡിഷ് സംവിധായകന്‍ ഇംഗ്മാര്‍ ബര്‍ഗ്മാന്റെ കണ്ടെത്തലിനെക്കുറിച്ചുള്ള ലേഖനവും സമാഹാരത്തിലുണ്ട്.  

 

1982 ജൂണ്‍ 10 ന് മൂണിക്കിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രശസ്ത ജര്‍മന്‍ സംവിധായകന്‍ റെയ്‌നര്‍ വെര്‍ണര്‍ ഫാസ് ബിന്‍ഡറെപ്പറ്റിയുള്ള ലേഖനം ജൂണ്‍ 20 നു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. മുപ്പത്തിയാറാമത്തെ വയസ്സിലായിരുന്നു ഈ പ്രതിഭാശാലിയുടെ വിയോഗം. ഫാസ് ബിന്‍ഡറുടെ സിനിമകള്‍ ഇന്നും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മൂന്നു മാസത്തിലൊരിക്കല്‍ ഒരു സിനിമയെന്ന നിലയില്‍ കഠിനാധ്വാനം ചെയ്ത് ചലച്ചിത്രസൃഷ്ടി നടത്തിയ അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കി യൗവനത്തില്‍ തന്നെ വിടപറയുകയായിരുന്നു. 

ഇതുപോലെ തന്നെ ഇന്ത്യന്‍ ശില്‍പകലയെ പുതുക്കിപ്പണിത പ്രശസ്തനായ കലാകാരന്‍ രാംകിങ്കറിന്റെ വിയോഗവും അനുസ്മരണക്കുറിപ്പോടെ മലയാളത്തില്‍ രേഖപ്പെടുത്തിയത് ബാലകൃഷ്ണന്‍ മാത്രമാണ്. രാംകിങ്കര്‍ എന്ന കലാകാരനെപ്പറ്റി മിക്ക മലയാള വായനക്കാരും ആദ്യം അറിഞ്ഞതും അന്നായിരിക്കണം. 1980 ഓഗസ്റ്റ് ഒന്നിനു രാത്രിയാണ് സെറിബ്രല്‍ ത്രോംബോസിസ് മൂലം അദ്ദേഹം കൊല്‍ക്കത്തയില്‍ അന്തരിക്കുന്നത്. ഓഗസ്റ്റ് 10 നു തന്നെ അനുസ്മരണലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. 

 

ലോക സിനിമയെപ്പറ്റി എഴുതുന്നതിനിടെ മലയാളത്തിലെ പ്രതിഭാശാലിയായ സംവിധായകന്‍ ജി. അരവിന്ദനെപ്പറ്റി എഴുതാനും അദ്ദേഹം മറക്കുന്നില്ല. കേരളത്തിലെ നാടോടി കലാരൂപങ്ങളെപ്പറ്റി ഡോക്യുമെന്ററി നിര്‍മിക്കുന്ന കാലത്താണ് അരവിന്ദനുമായി നടത്തിയ കൂടിക്കാഴ്ച. അനുഷ്ഠാനങ്ങളിലും ക്ലാസിക്കല്‍ കലാരൂപങ്ങളിലുമുള്ള മുഖചിത്രണത്തെയും ശിരസ്സലങ്കാരങ്ങളെയും പറ്റി പഠനം നടത്തുകയായിരുന്നു അന്ന് അരവിന്ദന്‍. ചലച്ചിത്രമേഖലയെപ്പറ്റിയുള്ള എഴുത്തുകളില്‍ മാത്രം ഒതുങ്ങുന്നില്ല ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തനം. വക്കീല്‍ ഗുമസ്തന്മാര്‍ നേരിടുന്ന അവഗണനയെപ്പറ്റിയും കൈത്തറി തൊഴിലാളികളുടെ ദുരിതത്തെപ്പറ്റിയുമെല്ലാമുള്ള ഫീച്ചറുകളും കൂട്ടത്തിലുണ്ട്. 

 

ഇടശ്ശേരി ഗോവിന്ദന്‍ നായരെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ് വക്കീല്‍ ഗുമസ്തന്മാരുടെ തൊഴില്‍ മാഹാത്മ്യത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. ഈ ലേഖനത്തിനായി വലിയ ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമുണ്ടായത് അഭിഭാഷകരല്ല, വക്കീല്‍ ഗുമസ്തന്മാരായിരുന്നുവെന്ന കൗതുകകരമായ കാര്യം ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. തലശ്ശേരിയില്‍ ആദ്യത്തെ കോടതി നിലവില്‍ വരുമ്പോള്‍ അഭിഭാഷകരുടെ വംശം രൂപപ്പെട്ടിരുന്നില്ല. ലോ കോളജുകളുണ്ടായതും നിയമബിരുദധാരികളുണ്ടായതും പിന്നീടാണ്. ആദ്യ കാലത്ത് തലശ്ശേരി കോടതിയില്‍ കേസുകള്‍ നടന്നപ്പോള്‍ കക്ഷികള്‍ക്കു വേണ്ടി ഹാജരായിരുന്നത് പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസമുള്ള പൊതുകാര്യ പ്രസക്തരായിരുന്നു. ഇവരില്‍ നിന്നു തുടങ്ങുകയാണ് വക്കീല്‍ ഗുമസ്തന്മാരുടെ ചരിത്രമെന്ന് ബാലകൃഷ്ണന്‍ എഴുതുന്നു. ടി. പത്മനാഭന്റെ പഴയ കുതിരകള്‍ എന്ന കഥയിലെ ഗോപാലന്‍ ഗുമസ്തനും ലേഖനത്തില്‍ കടന്നുവരുന്നു. അഡ്വക്കറ്റ് ക്ലര്‍ക്കുമാരുടെ ജീവിതപ്രതിസന്ധിയെപ്പറ്റിയുള്ള ഫീച്ചര്‍ സാഹിത്യവുമായി ബന്ധിപ്പിച്ച് കൂടുതല്‍ പാരായണക്ഷമമാക്കുകയാണ് എഴുത്തുകാരന്‍. 

 

കര്‍ണാടകയിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. ലങ്കേഷിനോട് എഴുത്തുകാരുടെ പ്രതിജ്ഞാബദ്ധതയെപ്പറ്റി ബാലകൃഷ്ണന്‍ ചോദിക്കുന്നുണ്ട്. തികഞ്ഞ കമ്മിറ്റ്‌മെന്റ് ഭാവിക്കുന്ന എഴുത്തുകാരുടെ സംഘടനയില്‍പ്പെട്ടവരില്‍ നിന്ന് കര്‍ണാടകയില്‍ ശ്രദ്ധയര്‍ഹിക്കുന്ന ഒറ്റ രചന പോലുമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. പ്രതിബദ്ധത സാഹിത്യത്തിലെ ഗുണനിര്‍ണയത്തിന് ഉതകുന്ന ഘടകമല്ലെന്നും അതു ചിന്തയ്ക്കു പരിധി കല്‍പിക്കുമെന്നും ലങ്കേഷ് കൂട്ടിച്ചേര്‍ക്കുന്നു. രാഷ്ട്രീയത്തെപ്പറ്റിയുള്ള ചോദ്യത്തിന് താന്‍ ലോഹ്യ സോഷ്യലിസ്റ്റും ഗാന്ധിയനുമാണെന്നു ലങ്കേഷ് മറുപടി നല്‍കുന്നു. വ്യക്തിവികാസത്തെ വിലക്കുകയും വഴങ്ങുന്ന ജനക്കൂട്ടങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്നതിനാല്‍ കമ്യൂണിസത്തെ നിരാകരിക്കേണ്ടിവരുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. 1981 ഡിസംബര്‍ ആറിനാണ് മാതൃഭൂമി ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. 

 

പത്രപ്രവര്‍ത്തനത്തെ തൊഴില്‍ എന്ന നിലയിലല്ല കണ്ടിരുന്നതെന്നു ബാലകൃഷ്ണന്‍ പറയുന്നു. ഇത്തരം എഴുത്തുകള്‍ വലിയ ആഹ്ലാദം പകര്‍ന്നിരുന്നു. ആ സമയത്ത് കഥകളോ നോവലുകളോ ഒന്നും എഴുതിയിരുന്നില്ല.  റിപ്പോര്‍ട്ടിങ് സര്‍ഗാത്മക സാഹിത്യത്തിന് ഗുണം ചെയ്യില്ലെന്ന് പല എഴുത്തുകാരും ഉപദേശിച്ചു. എന്നാല്‍ ഹെമിങ്‌വേയും ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസുമായിരുന്നു ബാലകൃഷ്ണന്റെ വഴികാട്ടികള്‍. ഒന്നു മറ്റൊന്നിനെ സഹായിക്കുമെന്നു പ്രഖ്യാപിക്കുകയും തങ്ങളുടെ രചനകളിലൂടെ അതു തെളിയിക്കുകയും ചെയ്തവരാണിവര്‍. 

350 പേജുള്ള നേര്‍ക്കാഴ്ചകളുടെ നേര് മലയാള പത്രപ്രവര്‍ത്തനത്തിന് ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ നല്‍കിയ അമൂല്യ സംഭാവനകളുടെ സമാഹാരമാണ്. ഇതത്രയും ഇങ്ങനെ സമാഹരിക്കപ്പെട്ടിരുന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെയെന്നു വിവേകമുള്ളവരാരും ചിന്തിച്ചുപോകുമെന്നതാണ് വായനയുടെ ബാക്കിപത്രം.