1990 കാലഘട്ടമായപ്പോഴാണ് എസ്.എൽ. പുരം പറഞ്ഞ വാചകങ്ങൾ എത്ര അർഥവത്താണെന്ന് എനിക്ക് മനസ്സിലായത്. അന്നൊക്കെ ഇന്നത്തെപ്പോലെ ഭീമമായ തുകയൊന്നും വേണ്ട ഒരു സിനിമ എടുക്കാൻ. ആര്‍ട്ടിസ്റ്റിനും, ടെക്നീഷ്യൻസിനുമൊക്കെ പ്രതിഫലം വളരെ കുറവായിരുന്നു. രണ്ടാം നിര നായകന്മാരെ വച്ചെടുക്കുന്ന ഒരു സിനിമയ്ക്ക് ഇരുപതും

1990 കാലഘട്ടമായപ്പോഴാണ് എസ്.എൽ. പുരം പറഞ്ഞ വാചകങ്ങൾ എത്ര അർഥവത്താണെന്ന് എനിക്ക് മനസ്സിലായത്. അന്നൊക്കെ ഇന്നത്തെപ്പോലെ ഭീമമായ തുകയൊന്നും വേണ്ട ഒരു സിനിമ എടുക്കാൻ. ആര്‍ട്ടിസ്റ്റിനും, ടെക്നീഷ്യൻസിനുമൊക്കെ പ്രതിഫലം വളരെ കുറവായിരുന്നു. രണ്ടാം നിര നായകന്മാരെ വച്ചെടുക്കുന്ന ഒരു സിനിമയ്ക്ക് ഇരുപതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1990 കാലഘട്ടമായപ്പോഴാണ് എസ്.എൽ. പുരം പറഞ്ഞ വാചകങ്ങൾ എത്ര അർഥവത്താണെന്ന് എനിക്ക് മനസ്സിലായത്. അന്നൊക്കെ ഇന്നത്തെപ്പോലെ ഭീമമായ തുകയൊന്നും വേണ്ട ഒരു സിനിമ എടുക്കാൻ. ആര്‍ട്ടിസ്റ്റിനും, ടെക്നീഷ്യൻസിനുമൊക്കെ പ്രതിഫലം വളരെ കുറവായിരുന്നു. രണ്ടാം നിര നായകന്മാരെ വച്ചെടുക്കുന്ന ഒരു സിനിമയ്ക്ക് ഇരുപതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1990 കാലഘട്ടമായപ്പോഴാണ് എസ്.എൽ. പുരം പറഞ്ഞ വാചകങ്ങൾ എത്ര അർഥവത്താണെന്ന് എനിക്ക് മനസ്സിലായത്. അന്നൊക്കെ ഇന്നത്തെപ്പോലെ ഭീമമായ തുകയൊന്നും വേണ്ട ഒരു സിനിമ എടുക്കാൻ. ആര്‍ട്ടിസ്റ്റിനും, ടെക്നീഷ്യൻസിനുമൊക്കെ പ്രതിഫലം വളരെ കുറവായിരുന്നു. രണ്ടാം നിര നായകന്മാരെ വച്ചെടുക്കുന്ന ഒരു സിനിമയ്ക്ക് ഇരുപതും ഇരുപത്തിയഞ്ചും ലക്ഷമൊക്കെയാണ് പ്രൊഡക്​ഷൻ
കോസ്റ്റ് വന്നിരുന്നത്. 

 

ADVERTISEMENT

‍ഞാനന്ന് ഏറ്റവും കുടുതൽ സിനിമകൾ എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ്. ജഗദീഷ്–സിദ്ദീഖ് ടീമിനെ വച്ച് ചെയ്യുന്ന എല്ലാ സിനിമകളും നന്നായിട്ട് ഓടിക്കൊണ്ടിരുന്നതു കൊണ്ട്, നിർമാതാക്കൾ എനിക്ക് ചുറ്റും വട്ടമിട്ടുകൊണ്ട് നടക്കുന്ന സുവർണ കാലമായിരുന്നു. ഞാൻ അന്ന് വാങ്ങുന്ന പ്രതിഫലം തന്നെ വളരെ തുച്ഛമാണ്.  ഞാൻ പ്രതിഫലം കൃത്യമായി വാങ്ങാതെ അടുത്ത പടത്തിലേക്ക് പോകുന്നതു കണ്ട് സംവിധായകൻ ജോഷിയും, പി.ജി. വിശ്വംഭരനും എന്നെ ഒത്തിരി വഴക്ക് പറഞ്ഞിട്ടുണ്ട്. വിശ്വംഭരനാണ് പ്രായോഗികതയുടെ വക്താവായി വന്ന് എന്നെ കൂടുതൽ ഉപദേശിച്ചിട്ടുള്ളത്. 

 

‘പ്രതിഫലം മുഴുവനും വാങ്ങാതെ നീ ഇങ്ങനെ നിർമാതാക്കളുടെ സംരക്ഷകനായി നടന്നോടാ, ഇപ്പോള്‍ നിന്റെ സമയമാണ്. നിന്റെ വാല്യൂ വച്ച് ചോദിക്കുന്ന പണം നിനക്ക് കിട്ടും. അതൊന്നും വാങ്ങാതെ നക്കാപ്പിച്ച കാശിന് സ്ക്രിപ്റ്റും ഡിസ്ട്രിബ്യൂഷനും ഔട്ട്റൈറ്റ്സുമൊക്കെ ഉണ്ടാക്കിക്കൊടുത്തിട്ട് പറഞ്ഞുറപ്പിച്ച പൈസ പോലും കൃത്യമായി വാങ്ങാതെ നീ ഇങ്ങനെ നടന്നോ. എപ്പോഴും സമയം ഒരേ പോലിരിക്കില്ല. അന്ന് ഈ പറഞ്ഞ ആളുകൾ ആരും നിന്റെ കൂടെ ഉണ്ടാവില്ല, പറഞ്ഞേക്കാം.’

 

ADVERTISEMENT

ഇങ്ങനെയുള്ള അനുഭവങ്ങളും ഉപമകളും ഒക്കെ പറഞ്ഞു വിശ്വംഭരൻ എന്നെ ഒത്തിരി ഉപദേശിച്ചിട്ടുണ്ടെങ്കിലും അന്ന് ഞാനതൊന്നും ചെവിക്കൊണ്ടില്ല. പടം റിലീസിന് ഒരുങ്ങുമ്പോൾ നിർമാതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ കാണുമ്പോൾ എനിക്ക് കുത്തിന് പിടിച്ചു പ്രതിഫലം വാങ്ങാൻ കഴിയാതെ വന്നിട്ടുണ്ട്. അതെന്റെ ഒരു ബേസിക് ക്യാരക്ടറാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾ പലരും എന്നെ കളിയാക്കിയിട്ടുമുണ്ട്. 

 

വീണ്ടും എസ്. എൽ. പുരത്തിലേക്ക് വരാം...

 

ADVERTISEMENT

1993 ഒക്ടോബറിലാണ് ഞങ്ങൾ സിനിമയിലെ ടെക്നീഷ്യൻസെല്ലാവരും കൂടി ‘മാക്ട’ എന്ന സാംസ്കാരിക സംഘടന തുടങ്ങുന്നത്. ഞാനും സുരേഷ് ഗോപിയും തമ്മിലുണ്ടായ ഒരു ഇഷ്യുവിന്റെ പേരിലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. (ഇതിനെക്കുറിച്ചുള്ള പൂർണ വിവരണങ്ങൾ തുടർ ഭാഗങ്ങളിൽ പറയാം). മലയാള സിനിമയിലെ ചലച്ചിത്രകാരന്മാരുടെ വലിയ ഒരു കൂട്ടായ്മയായിരുന്ന മാക്ടയുടെ തുടക്ക സമയത്ത് എസ്. എൽ. പുരം തുടങ്ങിയ പഴയ കലാകാരന്മാരൊന്നും മെമ്പർഷിപ്പ് എടുത്തിരുന്നില്ല. പിന്നെ പതുക്കെ പതുക്കെയാണ് മലയാളത്തിലെ എല്ലാ ടെക്നീഷ്യൻസും മാക്ട എന്ന പ്രസ്ഥാനത്തിന്റെ ഒരു കുടക്കീഴിൽ അണി നിരന്നത്. 

 

ഓപ്പോൾ എന്ന ചിത്രത്തിൽ നിന്നും

ഒരു ദിവസം മാക്ടയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ, അതി നാടകീയതയോടെ എസ്. എൽ. പുരം കയറി വരുന്നതാണ് എല്ലാവരും കണ്ടത്.  ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ ബഹുമാനപൂർവം യോഗത്തിലേക്ക് ആനയിച്ചു. അദ്ദേഹവുമായി അടുപ്പമുള്ളവർ കുറവായിരുന്നതു കൊണ്ട് എന്റടുത്തു വന്നാണ് ഇരുന്നത്. ഞങ്ങൾ കുശലങ്ങൾ പറഞ്ഞ് സൗഹൃദം പുതുക്കി. 

 

മീറ്റിങിൽ വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങളൊക്കെ എസ്.എൽ. പുരം ആണ് കൊണ്ടുവന്നത്. യോഗത്തിന്റെ ഒഴിവു വേളയില്‍ ഞാനും അദ്ദേഹവും കൂടിയിരുന്ന് ഓരോ വിശേഷങ്ങളിലേക്ക് കടന്നപ്പോഴാണ് 1992 ലെ സംസ്ഥാന അവാര്‍ഡിനെക്കുറിച്ചുള്ള പരാമർശമുണ്ടായത്. ആ വർഷത്തെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് എനിക്കായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ‘കുടുംബസമേത’ത്തിന്റെ രചനയ്ക്കാണ് എനിക്ക് പുരസ്കാരം ലഭിച്ചത്. അന്നത്തെ അവാർഡ് കമ്മിറ്റിയിൽ എസ്.എൽ. പുരവും ഉണ്ടായിരുന്നുവെന്ന വിവരം ഞാൻ അറിയുന്നത് അദ്ദേഹം പറഞ്ഞപ്പോഴാണ്. എംടിയുടെയും ലോഹിതദാസിന്റെയുമൊക്കെ ചിത്രങ്ങളോടായിരുന്നു കുടുംബസമേതത്തിന് മത്സരിക്കേണ്ടി വന്നത്. മലയാളിയല്ലാത്ത ജൂറി ചെയർമാനും എസ്.എൽ. പുരവുമാണ് കുടുംബസമേതത്തിന്റെ തിരക്കഥയ്ക്കാണ് അവാർഡ് കൊടുക്കേണ്ടതെന്ന് ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്. എനിക്ക് അവാർഡ് ലഭിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ എസ്.എൽ. പുരത്തിന്റെ നാവിൻ തുമ്പിൽ നിന്ന് കേട്ട ആ സന്തോഷവാർത്തയറിഞ്ഞ് ഞാൻ വിസ്മയം പൂണ്ടിരുന്നുപോയി. 

 

ഞാൻ ഓർക്കുകയായിരുന്നു. നമ്മള്‍ അറിയാതെ വന്നു ചേരുന്ന അപൂർവഭാഗ്യങ്ങൾക്ക് നിമിത്തമാവുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയിൽ നിന്നാവുമ്പോൾ ആ വലിയ മനസ്സിന്റെ മുന്നിൽ അറിയാതെ ശിരസ്സ് കുനിച്ചിരുന്നു പോകുന്ന നിമിഷമാണത്.

KS Sethumadhavan

 

വർഷങ്ങൾ ചിലതു കടന്നു പോയി. കുറെക്കാലത്തേക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. മാക്ടയുടെ ജനറൽ ബോഡി യോഗത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാതായി. ഒരു ദിവസം തിരുവനന്തപുരത്തിന് പോകുന്ന വഴി അദ്ദേഹത്തെ കയറി കാണാണമെന്ന് വിചാരിച്ചിക്കുമ്പോഴാണ് ചേർത്തലയിൽ നിന്ന് എന്റെ ഒരു സുഹൃത്തിന്റെ ഫോൺ വരുന്നത്. ‘നമ്മുടെ എസ്. എൽ. പുരം സാർ പോയി ഡെന്നീച്ചായാ’. പെട്ടെന്ന് കേട്ടപ്പോൾ ഒരു നിമിഷം ഞാനൊന്നു വല്ലാതായി. 

 

അപ്പോൾ തന്നെ ഞാൻ മാക്ടയിൽ വിളിച്ചു അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോൾ ഞാനും സിബി മലയിലും ജോസ് തോമസും കൂടി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാനായി ചേർത്തലയിലേക്കു തിരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിൽ നിൽക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിക്കുകയായിരുന്നു. തന്റെ വിശ്വാസങ്ങളിലും കാഴ്ചപ്പാടിലും നിലപാടിലും ഉറച്ചു നിന്നിരുന്ന ധീരനായ ചലച്ചിത്രകാരൻ ശൂന്യഗ്രഹസ്ഥനായി ഭൂമിയില്‍ നിന്ന് ഒരിക്കലും തിരിച്ചു വരാത്ത ഒരു ലോകത്തേക്ക് പോയിരിക്കുന്നു. 

 

എസ്. എൽ. പുരത്തിന്റെ മരണശേഷം നാലഞ്ചു  വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹം തിരക്കഥ എഴുതിയ ‘യവനിക’ എന്ന ചിത്രക്കെക്കുറിച്ച് ചില വിവാദങ്ങളൊക്കെ ഉയർന്നു വരുന്നത്. സംവിധായകനായ കെ. ജി. ജോർജ് സര്‍ നാടക കലാകാരന്മാുടെ ജീവിതം പറയുന്ന ‘യവനിക’ സിനിമയാക്കാൻ പോയപ്പോൾ തിരക്കഥ എഴുതാൻ വിളിച്ചത് മലയാള നാടകവേദിക്ക് സവിേശഷമായ ഭാവുകത്വ പരിണാമം കൊണ്ടു വന്ന നാടകാചാര്യനായ എസ്. എൽ.പുരത്തിനെയായിരുന്നു. സംവിധായകനായ കെ. ജി. ജോർജും, തിരക്കഥാകാരനായ എസ്. എൽ. പുരവുമായുള്ള ഡിസ്ക്കഷൻ കഴിഞ്ഞപ്പോൾ ടൈറ്റിൽ കാർഡിൽ രണ്ടു പേരുടെയും പേരാണ് വച്ചിരുന്നത്. യവനികയ്ക്ക് നല്ല തിരക്കഥയ്ക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുകയും, രണ്ടു പേരും പോയി അവാർഡ് സ്വീകരിക്കുകയും ചെയ്തു. 

 

വർഷങ്ങൾ ചിലതു കഴിഞ്ഞ് ജോർജ്സാർ ‘യവനിക’യുടെ തിരക്കഥ പുസ്തക രൂപത്തിലാക്കി. അതിൽ എസ്. എൽ. പുരത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ എസ്. എൽ. പുരത്തിന്റെ മക്കൾ നിയമനടപടികളുമായി രംഗത്തു വന്നു. പ്രശ്നം രൂക്ഷമാകുന്നു എന്നു മനസ്സിലാക്കിയ പ്രസാധകർ പുസ്തകത്തിന്റെ  വിൽപന നിർത്തി വച്ചു തിരക്കഥ വിവാദം അവസാനിപ്പിക്കുകയായിരുന്നു. 

 

കെ.ജി. ജോർജ് സാർ അറിഞ്ഞോ അറിയാതെയാണോ ഇതൊക്കെ സംഭവിച്ചതാണെന്ന് എനിക്ക് അറിയില്ല. ഏതായാലും ഇങ്ങനെയുള്ള വിഷയങ്ങൾ മലയാള സിനിമയിൽ കൂടി കൂടി വരികയാണ്. കഥയുടെയോ തിരക്കഥയുടെയോ പങ്കാളിത്തം വേണമെന്ന് പറയുന്ന സംവിധായകർക്ക് സ്വന്തമായി  എഴുതാൻ കഴിവുണ്ടെങ്കിൽ പിന്നെ എന്തിനാണ് മറ്റൊരു തിരക്കഥാകാരനെ വിളിച്ച് എഴുതിക്കുന്നതെന്ന് ഃനിക്ഷപക്ഷമതികളായ കലാകാരന്മാർ പറയുന്നത്.

 

കെ. എസ്. സേതുമാധവൻ...

 

മലയാള സിനിമയില്‍ പുതിയൊരു ചലച്ചിത്ര സംസ്കാരത്തിന് തുടക്കം കുറിച്ച സർഗധനനായ കെ. എസ്. സേതുമാധവൻ സാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. അതിഭാവുകത്വമോ അതിനാടകീയതയോ കള്ളനും പൊലീസും കളിയോ ഒന്നുമില്ലാതെ പ്രമേയപരമായ വൈജാത്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പുതുവഴികൾ വെട്ടിത്തുറന്ന അനുഗ്രഹീതനായ ഒരു ചലച്ചിത്രകാരനായിരുന്നു സേതുമാധവൻ സാർ. 

 

സേതുമാധവൻ സാറിന്റെ ജീവിതം പോലെതന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും എന്ന് നിരൂപകനായ വിജയകൃഷ്ണന്‍ എഴുതിയത് എത്ര അന്വർഥമാണ്. അദ്ദേഹത്തിന്റെ ആദർശങ്ങളും മൂല്യങ്ങളും നിലപാടുകളും പക്വതയും പാകതയും ശാന്തതയുമെല്ലാം മരണത്തിലും അദ്ദേഹം പരിപാലിച്ചിരിക്കുന്നു എന്നുവേണം പറയുവാൻ. 

 

സിനിമയ്ക്ക് നല്ല കഥ കിട്ടാനില്ലെന്ന് മുറവിളി കൂട്ടി നടന്നിരുന്ന നിർമാതാക്കൾക്കും സംവിധായകർക്കും, മികച്ച സാഹിത്യസ‍ൃഷ്ടികളെടുത്തു സിനിമയാക്കാമെന്ന പുതിയൊരു നേർകാഴ്ച തെളിയിച്ചു കൊടുത്തത് സേതു സാറാണ്. അദ്ദേഹം ചലച്ചിത്രരൂപം നൽകിയിട്ടുള്ള സാഹിത്യകൃതികളുടെ കണക്കെടുത്താൽ നമ്മൾ അദ്ഭുതംകൂറിയിരുന്നു പോകും. ജനപ്രിയ സാഹിത്യകാരനായ മുട്ടത്തുവർക്കിയുടെ കരകാണാക്കടൽ, അഴകുള്ള സെലീന, സ്ഥാനാർഥി സാറാമ്മ, പമ്മന്റെ അടിമകൾ, ചട്ടക്കാരി, പാറപ്പുറത്തിന്റെ അരനാഴിക നേരം, പണിതീരാത്ത വീട്. കെ. ടി. മുഹമ്മദിന്റെ കടൽപാലം, കേശവദേവിന്റെ ഓടയിൽ നിന്ന്, മലയാറ്റൂരിന്റെ യക്ഷി, കെ. സുരേന്ദ്രന്റെ ദേവി, തകഴിയുെട ഏണിപ്പടികൾ കൂടാതെ ഉറൂബ്, എംടി. പത്മരാജൻ തുടങ്ങിയ മലയാള സാഹിത്യത്തിലെ കുലപതികളുടെയെല്ലാം നോവലുകൾക്ക് അഭ്രഭാഷ്യം നൽകിയിട്ടുള്ളത് സേതുമാധവൻ സാറാണ്. 

 

നോവലുകളെക്കാൾ കാവ്യഭംഗിയോടെ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ് അരനാഴികനേരവും, പണിതീരാത്ത വീടും, യക്ഷിയും, അടിമകളുമെല്ലാം. ഇതേപോലെ തന്നെ തോപ്പിൽഭാസിയുടെ കൂട്ടുകുടുംബവും എസ്. എൽ. പുരത്തിന്റെ ഒരു പെണ്ണിന്റെ കഥയുമൊക്കെ സേതുമാധവന്റെ കൈകളിൽ ഭദ്രമായിരുന്നു. സേതുമാധവൻ സാറിന്റെ സിനിമകളെല്ലാംതന്നെ കലയും കച്ചവടവും ഇഴചേർന്നു കൊണ്ടുള്ള ചിത്രങ്ങളായിരുന്നു. ‌

 

പിന്നെ സത്യനെന്ന അതുല്യ നടന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ സേതു സാറിന്റെ സൃഷ്ടികളാണ്. അനുഭവങ്ങൾ പാളിച്ചകളും, യക്ഷിയും, കടൽപാലവും, ഓടയിൽ നിന്നുമെല്ലാം ഉദാഹരണം. സേതുസാറിനെക്കുറിച്ച് ഇത്രയുമൊക്കെ പറയുന്നത് ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമോ പടങ്ങൾ ചെയ്തുള്ള സൗഹൃദമോ ഒന്നുമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ പടങ്ങളോടുള്ള ഒരു വലിയ ഇഷ്ടം എന്നതാണ് സത്യം. 

 

ഞാൻ ആദ്യമായി സേതു സാറിനെ കാണുന്നത് ആലുവായിൽ ‘കലിയുഗ’ത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. ചിത്രപൗർണമിയുടെ പത്രാധിപരെന്ന പേരിലുള്ള ഔപചാരികമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. പിന്നീട് ഞാൻ കുറേ കാലങ്ങൾക്കുശേഷം മദ്രാസിൽ വച്ച് കാണുകയുണ്ടായി. മിതഭാഷിയാണെങ്കിലും മാന്യമായ പെരുമാറ്റവും ലാളിത്യവും സിനിമയോടുള്ള പാഷനും എല്ലാം കൂടി ചേർന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സേതു സാർ. 

 

നാലഞ്ചു വർഷങ്ങൾക്കു മുൻപാണ് ഞാൻ അദ്ദേഹത്തിന്റെ ശബ്ദം അവസാനമായി കേൾക്കുന്നത്. അൽപം അവശ സ്വരമാണെങ്കിലും നല്ല വ്യക്തതയും കൃത്യതയുമൊക്കെയുള്ള ചെറുമൊഴികളായിരുന്നു അവ.

 

ആ സമയത്ത് ‘പുനർജന്മം’എന്ന പേരിൽ ഞാൻ ഒരു നോവൽ എഴുതിയിരുന്നു. ഒരു റീബർത്ത് സ്റ്റോറി, അത് സിനിമയാക്കാൻ ഒരു നിർമാതാവ് വന്നു. എനിക്ക് അഡ്വാന്‍സും തന്നു ഞാൻ സ്ക്രിപ്റ്റ് എഴുതാനും തുടങ്ങി. വലിയ താരനിരയൊന്നുമില്ലാത്ത ഒരു സിനിമയാണ്. അപ്പോൾ നല്ല പബ്ലിസിറ്റിയുണ്ടെങ്കിലേ തിയറ്ററിലേക്ക് ജനം വരൂ എന്ന് തോന്നിയപ്പോൾ എന്റെ ബുദ്ധിയിൽ ഉദിച്ച ഒരാശയമാണ് പത്തു നാൽപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപ് പ്രേംനസീറും ജയഭാരതിയും അഭിനയിച്ച സേതു സാറിന്റെ ഒരു സിനിമയുണ്ട്, പുനർജന്മം. നല്ല വിപണന മൂല്യം നേടിയ സിനിമയാണത്. 

 

വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു പുനർജന്മം വരുന്നു. ആദ്യ ‘പുനർജന്മ’ത്തിന്റെ സംവിധായകൻ കെ.എസ്. സേതുമാധവൻ സ്വിച്ച് ഓൺ നിർവഹിക്കുന്നു. ഞങ്ങൾ കൊടുക്കാനിരുന്ന പരസ്യവാചകം ഇതായിരുന്നു. പക്ഷ‌േ ആ പ്രോജക്ട് പാതിവഴിയിൽ മുടങ്ങിപ്പോയി. ഞങ്ങൾ വിചാരിച്ച നായകനടനെ കിട്ടിയില്ല. ഇപ്പോഴും ആ സ്റ്റോറി ചെയ്യാൻ പലരും വന്ന് സംസാരിക്കുന്നുണ്ട്. 

 

ഇനി നടനെ കിട്ടിയാല്‍ തന്നെ ആദ്യ പുനർജന്മത്തിന്റെ സംവിധായകനായ സേതു സാറിനെ കിട്ടുകയില്ലെന്നോർത്തപ്പോൾ എന്റെ മനസ്സിൽ ഒരു വല്ലായ്മ പടർന്നു. 

 

(തുടരും)

 

അടുത്തത്: മധു സാറിന്റെ വലിയ മനസ്സ്