സിനിമയിലേക്കു വരെ കടന്നിരിക്കുന്നു ഭാഷയുടെ പേരിലുള്ള തർക്കങ്ങൾ. ഹിന്ദിയാണു വലുതെന്നും ഹിന്ദി പറയാത്തവർ ഇന്ത്യക്കാരല്ലെന്നും വരെ ഉയർന്ന വിവാദം സിനിമയെന്ന വിനോദത്തിലും നഞ്ചുകലക്കുന്നു. ഇത്തരം കയ്പൊന്നുമില്ലാതെയാണ് ഇക്കാലമത്രയും നമ്മളെല്ലാവരും സിനിമ കണ്ടിരുന്നത്. വിവിധ സംസ്കാരങ്ങളും ഭാഷകളും വാമൊഴികളും

സിനിമയിലേക്കു വരെ കടന്നിരിക്കുന്നു ഭാഷയുടെ പേരിലുള്ള തർക്കങ്ങൾ. ഹിന്ദിയാണു വലുതെന്നും ഹിന്ദി പറയാത്തവർ ഇന്ത്യക്കാരല്ലെന്നും വരെ ഉയർന്ന വിവാദം സിനിമയെന്ന വിനോദത്തിലും നഞ്ചുകലക്കുന്നു. ഇത്തരം കയ്പൊന്നുമില്ലാതെയാണ് ഇക്കാലമത്രയും നമ്മളെല്ലാവരും സിനിമ കണ്ടിരുന്നത്. വിവിധ സംസ്കാരങ്ങളും ഭാഷകളും വാമൊഴികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലേക്കു വരെ കടന്നിരിക്കുന്നു ഭാഷയുടെ പേരിലുള്ള തർക്കങ്ങൾ. ഹിന്ദിയാണു വലുതെന്നും ഹിന്ദി പറയാത്തവർ ഇന്ത്യക്കാരല്ലെന്നും വരെ ഉയർന്ന വിവാദം സിനിമയെന്ന വിനോദത്തിലും നഞ്ചുകലക്കുന്നു. ഇത്തരം കയ്പൊന്നുമില്ലാതെയാണ് ഇക്കാലമത്രയും നമ്മളെല്ലാവരും സിനിമ കണ്ടിരുന്നത്. വിവിധ സംസ്കാരങ്ങളും ഭാഷകളും വാമൊഴികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലേക്കു വരെ കടന്നിരിക്കുന്നു ഭാഷയുടെ പേരിലുള്ള തർക്കങ്ങൾ. ഹിന്ദിയാണു വലുതെന്നും ഹിന്ദി പറയാത്തവർ ഇന്ത്യക്കാരല്ലെന്നും വരെ ഉയർന്ന വിവാദം സിനിമയെന്ന വിനോദത്തിലും നഞ്ചുകലക്കുന്നു. ഇത്തരം കയ്പൊന്നുമില്ലാതെയാണ് ഇക്കാലമത്രയും നമ്മളെല്ലാവരും സിനിമ കണ്ടിരുന്നത്. വിവിധ സംസ്കാരങ്ങളും ഭാഷകളും വാമൊഴികളും നാട്ടുചൊല്ലുകളുമുള്ള സംസ്ഥാനങ്ങൾ, അവിടെ ഓരോ സ്ഥലങ്ങളിലും ആരും കൊതിക്കുന്ന തരത്തിൽ വൈവിധ്യങ്ങളുടെ കാഴ്ചകൾ. ഈ പലമയെ തകർത്തുകൊണ്ട് എന്ത് അടിച്ചേൽപ്പിച്ചാലും ഇന്ത്യയുടെ അടിസ്ഥാനം തകരും. ഞാൻ എന്ന ഒറ്റയല്ല, നമ്മൾ എന്ന ഒരു കൂട്ടമാണല്ലോ ഇന്ത്യ. അപ്പോൾ, സിനിമയുടെ പേരിൽ ഭാഷാവിവാദം കൊടുമ്പിരിക്കൊണ്ടാൽ മിണ്ടാതിരിക്കാൻ പറ്റുമോ?

 

ADVERTISEMENT

അസ്വസ്ഥമാക്കുന്ന സിനിമാവിവാദം

 

‘എടേയ്, സിനിമ കൊള്ളാമോ?’

‘ഒന്നാന്തരം പടമാടാ. കണ്ടില്ലേൽ നഷ്ടത്തോടു നഷ്ടം.’

ADVERTISEMENT

‘ഡീ, ലുട്ടാപ്പിണീ സിനിമ നല്ലതാണോ?’

‘എന്റെ പൊന്നോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലഡോ, കണ്ടേക്കല്ലേ പൊന്നുമോളേ...’

 

കിച്ച സുദീപ്

നല്ല സിനിമയാണെങ്കിൽ ഹിറ്റാകും ചീത്തയാണെങ്കിൽ പൊട്ടും. പിന്നെ ചിലതുണ്ട്, നമ്മളെപ്പോലെ. എത്ര നന്നായിചെയ്താലും എന്തുകൊണ്ടോ പൊട്ടും. ഇതായിരുന്നു ഞങ്ങളുടെ സ്കൂൾ, കോളജ് കാലത്തെ (ഇപ്പോഴത്തെയും) സിനിമാപ്രമാണം. മലയാളമോ ഹിന്ദിയോ തമിഴോ ഇംഗ്ലിഷോ – ഭാഷയുടെ പേരിൽ ആരും സിനിമയ്ക്കു മാർക്കിട്ടില്ല. മതത്തിന്റെ പേര് സിനിമ കാണുമ്പോൾ ഓർത്തിട്ടുപോലുമില്ലായിരുന്നു. രാഷ്ട്രീയം പറയുന്ന സിനിമകളാണെങ്കിലോ – സിനിമയ്ക്കൊപ്പം നിന്നും എതിർത്ത് ഗ്വാഗ്വാ വിളിച്ചും ഞങ്ങൾ ചറപറാ തർക്കിക്കും. അപ്പോഴും ഞങ്ങളുടെ കൈകൾ ചേർത്തു ചേർത്തങ്ങനെ പിടിച്ചിട്ടുണ്ടാകും. ചങ്ങാത്തത്തിന്റെ തോളുറപ്പിൽ ചേർന്നുകൊണ്ടു തന്നെ പല നിലപാടുകളിൽ ഞങ്ങൾ കാലുറപ്പിച്ചു; പരസ്പരം ബഹുമാനിച്ചുകൊണ്ട്.  പിന്നെ, നമ്മുടെ നായകന്മാർക്ക് സവർണജാതിവാലു മാത്രം ചാടിവന്നിരുന്നതിനെ ഇത്തവണയും ‘നായകൻ സിംഹവാലനാണോടേയ് ’ എന്ന് കളിയാക്കുകയൊക്കെ ചെയ്തിരുന്നു, ഞങ്ങളുടെ സമത്വബോധം.  

ADVERTISEMENT

 

തെലുങ്കും കന്നഡയുമൊന്നും കുട്ടിക്കാലത്തു കണ്ടുപരിചയമില്ലെങ്കിലും മണ്ഡ്യദ ഗണ്ഡു... കുടുകുടുകുടുകുടു കുടുകുടുകുടുകുടു (സ്വന്തം പിന്നണി) മുത്തിന ചെണ്ടു ആ.. കുടുകുടുകുടുകുടു കുടുകുടുകുടുകുടു എന്ന് അംബരീഷിന്റെ കന്നഡ പാട്ടൊക്കെ കുളിമുറീന്നു വലിച്ചു കീറിയിട്ടുണ്ട്. ഞങ്ങൾ ജനിക്കുന്നതിനു മുൻപേ ഹിറ്റായ മലയാളം, ഹിന്ദി, തമിഴ് സിനിമാപ്പാട്ടുകളും ഇംഗ്ലിഷ് ആൽബങ്ങളും ഞങ്ങളിലേക്കും വിളിക്കാതെ കയറിവന്നു. മലയാളിയല്ലേ, എന്നാൽപിന്നെ പോയേക്കാം എന്നു ഹിന്ദിയോ തമിഴോ ഇംഗ്ലിഷോ പറഞ്ഞില്ല. തിരിച്ച്, ഞങ്ങൾ പറഞ്ഞുവിട്ടുമില്ല.

 

‘ആർആർആർ’ സിനിമയിൽ രാജമൗലിക്കൊപ്പം അജയ് ദേവ്ഗൺ

മെഹ്‌ഫിലുകളിൽ നമ്മുടെ പാട്ടുകാർക്കൊപ്പം എസ്പിബിയും ലതാജിയും റഫിയും കിഷോർ കുമാറും ചിലപ്പോൾ ഉംറാവ് ജാന്റെ ‘ഇൻ ആംഖോം കി മസ്തീ കെ മസ്താനെ ഹസാരോം ഹേ’ മുജ്ര നൃത്തവുമൊക്കെ കയറി ആളായി. വാക്കറിയാത്തിടങ്ങളിൽ വായിൽ തോന്നിയതു കൂട്ടിച്ചേർത്തു.  

 

ഹേയ് മിഷ്ടർ, ഒന്നു നിർത്തൂ. എന്താണു പറഞ്ഞു വരുന്നത്. വലിച്ചുനീട്ടതെ ഠപ്പേന്ന് വിഷയത്തിലേക്കു കടന്നാൽ കൊള്ളാം, എന്നു പലരും അസ്വസ്ഥരാകുന്നുണ്ടല്ലേ– അതെ, അസ്വസ്ഥതയുണ്ട്. നീറ്റുകക്ക പോലെ വലിഞ്ഞുപൊള്ളുന്ന അസ്വസ്ഥത. ഇപ്പോഴിതാ സിനിമയിലേക്കു വരെ കടന്നിരിക്കുന്നു ഭാഷയുടെ പേരിലുള്ള തർക്കങ്ങൾ. ഹിന്ദിയാണു വലുതെന്നും ഹിന്ദി പറയാത്തവർ ഇന്ത്യക്കാരല്ലെന്നും വരെ ഉയർന്ന വിവാദം സിനിമ എന്ന വിനോദത്തിലും നഞ്ചുകലക്കുന്നു. അതെ, അതു പറയാൻ വേണ്ടിയാണ് ഇത്തരം കയ്പൊന്നുമില്ലാതെ സിനിമ കണ്ടിരുന്ന, കാണുന്ന കുറേ മനുഷ്യരെക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പേരിൽ ഭാഷാവിവാദം കൊടുമ്പിരിക്കൊണ്ടാൽ മിണ്ടാതിരിക്കാൻ പറ്റുമോ?

 

കെജിഎഫും കിച്ചയും പിന്നെ അജയ് ദേവ്ഗണും

 

കന്നഡ ചിത്രം കെജിഎഫ് ഇന്ത്യയിൽ എല്ലായിടത്തും വെടിക്കെട്ട് വിജയം നേടിയതിനു പിന്നാലെ കന്നഡ നടൻ കിച്ച സുദീപ് ട്വിറ്ററിൽ രണ്ടു വരി കുറിപ്പിട്ടു.  തെന്നിന്ത്യൻ സിനിമകൾ ഉത്തരേന്ത്യയിൽ നേടുന്നത് ഭാഷയ്ക്കപ്പുറമുള്ള വിജയമാണെന്നും ഹിന്ദി ദേശീയ ഭാഷയാണെന്നതു ശരിയല്ലെന്നും ഉള്ള ആ ട്വീറ്റിനെതിരെ ബോളിവുഡ് നടൻ അജയ് ദേവ്‌ഗൺ രംഗത്തെത്തി. ‘‘ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ തെക്കേ ഇന്ത്യൻ ചിത്രങ്ങളെന്തിനാണ് ഹിന്ദിയിലേക്കു മൊഴിമാറ്റി പ്രദർശിപ്പിക്കുന്നത്? ഹിന്ദി ഇന്നും എന്നും ദേശീയ ഭാഷ തന്നെയാണ്. ജന ഗണ മന.’’ എന്ന് ഹിന്ദിയിൽ രൂക്ഷമായ പ്രതികരണം. ഹിന്ദി അറിയാവുന്നതു കൊണ്ട് ആ ട്വീറ്റ് മനസ്സിലായെന്നും കന്നഡയിൽ ഞാനെഴുതിയാൽ വായിക്കാൻ പറ്റുമോ? ഞങ്ങളും ഇന്ത്യക്കാരല്ലേ, സർ, എന്നും കിച്ചയുടെ മറുചോദ്യം. ആരെയും വേദനിപ്പിക്കാനല്ല, ഒരു ഭാഷയാണു മികച്ചതെന്നു പറയുന്നതിൽ അർഥമില്ലെന്നും എല്ലാ ഭാഷയെയും ആദരിക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ എന്തൊക്കെയോ പറഞ്ഞ് ദേവ്ഗണും വെടിനിർത്തി. 

 

പക്ഷേ, വിവാദം അവിടെ തീർന്നില്ല. തീരാനാകില്ല. കാരണം ഏതാനും ദിവസങ്ങളായി ഹിന്ദി അടിച്ചേൽപിക്കൽ വിവാദം ഇന്ത്യയിലാകെ ചൂടുപിടിച്ചിരിക്കുകയാണ് എരിതീയിലെ എണ്ണയായി സിനിമയിലെ ഹിന്ദി മേൽക്കോയ്മാ വാദം. ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘ഹിന്ദി ബോലോ’ എന്ന ആഹ്വാനം ഉയർത്തിയപ്പോൾ മുതൽ വിവാദം തലപൊക്കിയിരുന്നു. കേരളവും തമിഴ്നാടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബംഗാളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ശക്തമായ പ്രതിഷേധമുയർത്തി. പ്രാദേശിക ഭാഷകളെ അവഗണിച്ച് ഹിന്ദി വളർത്താനുള്ള ശ്രമം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും സൗന്ദര്യവുമായ നാനാത്വത്തെ തച്ചുടച്ചു കളയുമെന്ന് ഏറ്റവും ഉച്ചത്തിൽ പറഞ്ഞത് പതിവുപോലെ തമിഴ്നാടാണ്. 

 

അജയ് ദേവ്ഗണിന്റെ ട്വീറ്റിലെ ‘ജന ഗണ മന’ ചൂണ്ടിക്കാട്ടി ചിലർ ഓർമിപ്പിച്ചു, ആശാനേ അതു ഹിന്ദിയല്ല കേട്ടോ. ‘മലയാളത്തിലെ ദ‍ൃശ്യം സിനിമ ചൈനീസിലാക്കി ചൈനയിൽ പ്രദർശിപ്പിച്ചു. അതിന്റെ അർഥം, ചൈനീസ് ആണു മികച്ച ഭാഷയെന്നാണോ. എന്തൊരു തോൽവിയാടോ’ എന്നായിരുന്നു മറ്റൊരു പ്രതികരണം. ‘ജാവോ’ എന്ന ഭീഷ്മ പർവം ഡയലോഗിട്ടായിരുന്നു മറ്റു ചിലരിതിനെ ചാമ്പിയത്. 

 

‘ഹിന്ദിയൊന്നും പറയാൻ പറ്റില്ല, വേണമെങ്കിൽ തമിഴ് കേട്ടു മനസ്സിലാക്ക്’ എന്നു ബീസ്റ്റ് സിനിമയിൽ വിജയ് പറഞ്ഞത് ഓർമിപ്പിച്ചു മറ്റു ചിലർ. തെന്നിന്ത്യൻ സിനിമകൾ അതിരുകൾക്കപ്പുറത്തേക്കു വളരുന്നതു കണ്ട് ബോളിവുഡിനു ‘വിറ’യാണെന്നു സംവിധായകൻ രാം ഗോപാൽവർമ ദേവ്ഗണിനെ വിമർശിച്ചു.

 

ശരിക്കും ഇന്ത്യയ്ക്ക് ദേശീയ ഭാഷ എന്നൊന്നുണ്ടോ?

 

ഒരു ഭാഷയ്ക്കും ദേശീയഭാഷ എന്ന സ്ഥാനം ഇന്ത്യ നൽകിയിട്ടില്ല. ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഒന്നാണു ഹിന്ദിയുമെന്നേ ഉള്ളൂ. മറ്റേതൊരു ഭാഷയെയും പോലെ ഹിന്ദിയും വളരണം. പക്ഷേ, അതു മറ്റു ഭാഷകളെ തളർത്തിക്കൊണ്ടും നിർബന്ധപൂർവം അടിച്ചേൽപിച്ചുകൊണ്ടും ആകരുതെന്നു മാത്രമാണ് ആവശ്യം. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നു ഗുജറാത്ത് ഹൈക്കോടതി (2010) ഉൾപ്പെടെ വിവിധ ഹൈക്കോടതികളും കീഴ്ക്കോടതികളും വിധിച്ചിട്ടുമുണ്ട്. പക്ഷേ എന്തുകൊണ്ടോ ചെറിയ ക്ലാസുകളിൽ ഇന്ത്യയുടെ ദേശീയ ഭാഷ– ഹിന്ദി എന്നു നമ്മൾ ചൊല്ലിപ്പഠിച്ചു. ഇപ്പോഴും അതു കുറേപ്പേർ ആവർത്തിക്കുന്നു. വിവിധ സംസ്കാരങ്ങളും ഭാഷകളും വാമൊഴികളും നാട്ടുചൊല്ലുകളുമുള്ള സംസ്ഥാനങ്ങൾ, അവിടെ ഓരോ സ്ഥലങ്ങളിലും ആരും കൊതിക്കുന്ന തരത്തിൽ വൈവിധ്യങ്ങളുടെ കാഴ്ചകൾ. ഈ പലമയെ തകർത്തുകൊണ്ട് എന്ത് അടിച്ചേൽപ്പിച്ചാലും ഇന്ത്യയുടെ അടിസ്ഥാനം തകരും. ഞാൻ എന്ന ഒറ്റയല്ല, നമ്മൾ എന്ന ഒരു കൂട്ടമാണല്ലോ ഇന്ത്യ. 

 

സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന അമിത് ഷായുടെ നിർദേശത്തിനു മറ്റൊരുപ്രശ്നം കൂടിയുണ്ട്. രാജ്യാന്തരഭാഷയായ ഇംഗ്ലിഷിനെ മാറ്റിനിർത്തിയാൽ വിദേശ രാജ്യങ്ങളിലെ വലിയ തൊഴിൽ ശക്തിയായ ഇന്ത്യക്കാർക്ക് അതു പ്രശ്നമാകില്ലേ? 

ദൃശ്യം ഹിന്ദി പതിപ്പിൽ നിന്നും

 

കൂടുതൽ പേർ സംസാരിക്കുന്നതിനാൽ ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്നാണു പറയുന്നതെങ്കിൽ കൂടുതൽ കാണുന്ന കാക്കയല്ലേ ദേശീയ പക്ഷിയാകേണ്ടത് എന്ന് മുൻ തമിഴ്നാട് മുഖ്യമന്ത്രി സി.എൻ.അണ്ണാ ദുരൈ വർഷങ്ങൾക്കു മുൻപു ചോദിച്ചത് സമൂഹമാധ്യമങ്ങളിൽ ഷായ്ക്കുള്ള മറുപടിയായി നിറഞ്ഞു. 1965ലെ ഒരു അഭിമുഖത്തിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കൂടിയായ അണ്ണാ നിലപാട് വ്യക്തമാക്കിയത്. ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്നു 3 വർഷം മുൻപു ഷാ പറഞ്ഞപ്പോഴും രൂക്ഷപ്രതിഷേധമുയർന്നിരുന്നു. 

 

കിച്ച–ദേവ്ഗൺ വിവാദമുയർന്നപ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ചോദിച്ചു – ഹിന്ദി, ഹിന്ദിയെന്നു വാദിക്കുന്നവർ ഇന്ത്യയുടെ കറൻസി നോട്ട് കണ്ടിട്ടില്ലേ? അതിൽ പല ഭാഷകൾ എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ? 

ഉത്തരേന്ത്യയുടെ ആധിപത്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തലയ്ക്കു മുകളിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്, കന്നഡ സംഘടനകൾ ഉറപ്പിച്ചു പറഞ്ഞു. ഹിന്ദി ദേശീയഭാഷയല്ല എന്ന ഹാഷ്ടാഗും ട്വിറ്ററിൽ നിറഞ്ഞു. 

മണിച്ചിത്രത്താഴും ഗോഡ്ഫാദറും ദൃശ്യവും ഉൾപ്പെടെ എത്രയോ തെന്നിന്ത്യൻ ചിത്രങ്ങൾ ബോളിവുഡിൽ പുനർജനിച്ചിരിക്കുന്നുവെന്ന ചോദ്യവുമായി ദേവ്ഗണിനെതിരെ ചലച്ചിത്രപ്രവർത്തകരുമെത്തി. കലയിലേക്കു കൂടി വേർതിരിവുകളെ വലിച്ചിഴയ്ക്കല്ലേ എന്നു സിനിമാ പ്രേമികളും നയം വ്യക്തമാക്കി. 

 

നാനാത്വത്തിൽ ഏകത്വമാണു ശക്തിയെന്നും സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷകൾക്കു തന്നെയാണു പ്രാധാന്യമെന്നും ബിജെപി നേതാവും കർണാടക മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ പറഞ്ഞതു ശ്രദ്ധേയമായി. കന്നഡ ഭാഷയ്ക്കു വേണ്ടി വിവിധ സംഘടനങ്ങൾ സജീവമായി രംഗത്തുള്ള സംസ്ഥാനമാണു കർണാടക. ഹിന്ദി ബോർഡുകൾ നശിപ്പിച്ചും എഴുത്തുകൾ മായ്ച്ചും വരെ കന്നഡഭാഷാവാദം വേരുറപ്പിക്കുന്ന സ്ഥലം. അവിടെ, ഹിന്ദിയെക്കുറിച്ചു കൂടുതൽ സംസാരിച്ചാൽ പ്രശ്നമാകുമെന്നു ബിജെപിക്ക് അറിയാം. കോൺഗ്രസ്, ജനതാദൾ നേതാക്കളോട് ഇക്കാര്യത്തിൽ ബൊമ്മെയും യോജിച്ചപ്പോൾ പിറന്നത് ഒരു ചരിത്രം കൂടിയാണ് – കർണാടകയിൽ ഭരണ, പ്രതിപക്ഷങ്ങൾ ഒരു വിഷയത്തിൽ ഒരുമിച്ചു എന്ന ചരിത്രം. 

 

തലപ്പൊക്കം പറഞ്ഞ് ബോളിവുഡ്

 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിനിമാ വ്യവസായം ഉണ്ടെങ്കിലും ബോളിവുഡ് ആണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന മട്ടിലുള്ള പല പ്രസ്താവനകളും മുൻപ് ഉണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമ അതിരു ഭേദിച്ചു വളർന്ന ഈയടുത്ത കാലത്തു മാത്രമാണ് ‘തലപ്പൊക്കം’ പറയുന്നത് ബോളിവുഡ് കുറച്ചത്. ചില തെന്നിന്ത്യൻ കലാകാരന്മാർ ബോളിവുഡിന്റെ താരപ്പകിട്ടിൽ തിളങ്ങിയെങ്കിലും ഏറെപ്പേരും പറഞ്ഞത് അവഗണനയുടെ കഥകളാണ്. ഗാനഗന്ധർവൻ യേശുദാസ് മുതൽ ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ മുതൽ എത്രയോ അനുഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നാം കേട്ടു. കഴിഞ്ഞദിവസം ഐപിഎൽ മത്സരത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയിൽ ഒരു കമന്റ് കേട്ടു – ഉത്തരേന്ത്യൻ ലോബിയുടെ പിടിയിലായിരുന്നല്ലോ ക്രിക്കറ്റും എന്ന്. കലയിലും കായിക രംഗത്തുമെല്ലാമുള്ള വേർതിരിവുകളെക്കുറിച്ചുള്ള പരാതികൾ–അവയ്ക്ക് അടിസ്ഥാനമുണ്ടെങ്കിൽ മാത്രം – പരിഹരിക്കേണ്ടതല്ലേ എന്ന വലിയ ചോദ്യം ബാക്കി. 

 

വീരതമിഴ്, അന്നും ഇന്നും എന്നും

 

‘ഹിന്ദി ഒഴിക, തമിഴ് വാഴ്ക’ എന്ന മുദ്രാവാക്യം മദ്രാസ് പ്രസിഡൻസിയായിരുന്ന കാലത്തേ തമിഴ്നാട് ഉറക്കെവിളിച്ചതാണ്. 1937ൽ സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയുള്ള മദ്രാസ് പ്രസിഡൻസി സർക്കാരിന്റെ ഉത്തരവിനെതിരെയാണ് ആദ്യം തമിഴ് വീര്യം തിളച്ചത്. പെരിയാർ ഇ.വി.രാമസ്വാമിയുടെ നേതൃത്വത്തിൽ ജനം തെരുവിലിറങ്ങി. വർഷങ്ങളോളം നീണ്ട സമരങ്ങൾ. കുട്ടികളുൾപ്പെടെ ആയിരങ്ങൾ അറസ്റ്റിലായി. 1940ൽ വിവാദ ഉത്തരവ് പിൻവലിച്ചു. പെരിയാറും അണ്ണാദുരൈയുമുൾപ്പെടെയുള്ള ദ്രാവിഡ നേതാക്കൾക്കൊപ്പം ഹിന്ദിക്കെതിരെ പ്രതിഷേധിച്ച പതിനാലുവയസ്സുകാരൻ പിന്നീട് പലവട്ടം തമിഴ്നാട് മുഖ്യമന്ത്രിയായി; സാക്ഷാൽ കലൈജ്ഞർ കരുണാനിധി. ഡാൽമിയ പുരമെന്ന ഉത്തരേന്ത്യൻ ചുവയുള്ള സ്‌ഥലപ്പേര് ‘കല്ലാക്കുടി’ എന്ന പഴയ പേരിലേക്കു മാറ്റാനുള്ള സമരത്തെ തുടർന്നു ചെറുപ്രായത്തിൽ തന്നെ ജയിൽ കയറിയതാണു കരുണാനിധി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിത്തറകളിലൊന്നു തന്നെ തമിഴ് ഭാഷാ സ്നേഹമാണ്. 

 

സ്വതന്ത്രാനന്തരം രൂപം നൽകിയ ഭരണഘടനാ സമിതിയിൽ ആർ.വി.ധുലേക്കർ വീറോടെ വാദിച്ചത് ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയാക്കാനാണ്. വാദപ്രതിവാദങ്ങൾക്കൊടുവിൽ ആ നീക്കം പാളി. 1948–49 അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ ഹിന്ദി നിർബന്ധമാക്കിയ ഉത്തരവ് വീണ്ടുമിറങ്ങി. മദ്രാസ് പ്രസിഡൻസിയൊന്നാകെ വീണ്ടും പ്രതിഷേധവും ബലപ്പെട്ടു. എങ്കിലും, ഹിന്ദിക്കു മാത്രം ഔദ്യോഗിക ഭാഷാ പദവി നൽകാൻ 1965ലും നീക്കമുണ്ടായി. അതിനെ തമിഴ്നാട് നേരിട്ടത് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം കൊണ്ടാണ്. ജയിൽ, അക്രമം, ലാത്തിച്ചാർജ്, മരണം– നാളുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ സംസ്ഥാനാന്തര ഔദ്യോഗിക വ്യവഹാര ഭാഷകളായി ഇംഗ്ലിഷും ഹിന്ദിയും തുടരുമെന്നു സർക്കാർ വ്യക്തമാക്കി. പിന്നീട് എപ്പോഴൊക്കെ ഹിന്ദി മേൽക്കോയ്മാ വാദം ഉയർന്നോ അപ്പോഴെല്ലാം തമിഴ്നാട് അരയും തലയും മുറുക്കിയിട്ടുണ്ട്. 

 

ഇപ്പോൾ അമിത് ഷായുടെ വാക്കുകൾക്കെതിരെ സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ രംഗത്തെത്തിയപ്പോൾ പിന്തുണച്ചതു ലക്ഷങ്ങളാണ്. ‘തനിത്തമിഴൻഡാ’ വിഡിയോകളും ട്രെൻഡിങ്ങായി. ‘ഭിന്നിപ്പിക്കാൻ എളുപ്പമാണ്. മനുഷ്യനെ ഒന്നിപ്പിക്കുന്ന ഭാഷയുടെ പേരിൽ അവരെ തമ്മിലടിപ്പിക്കരുത്. ഇന്ത്യയെ വടക്ക് – തെക്ക് എന്നു രണ്ടായി കാണരുത്. നാമൊന്നാണ്. ഒരേയൊരിന്ത്യ’ റഹ്മാൻ പറഞ്ഞു. വിവാദം പടർന്നതോടെ അമിത് ഷായെ തമിഴ്നാട് ബിജെപിക്കും തള്ളിപ്പറയേണ്ടി വന്നു. 

 

‘ഹിന്ദി അറിയാത്ത നിങ്ങൾ ഇന്ത്യക്കാരിയാണോ?’ 

 

ഡിഎംകെ എംപി കനിമൊഴിയോട് ചെന്നൈ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥ ചോദിച്ചതാണിത്. ഹിന്ദി അറിയാത്തതിനാൽ ഇംഗ്ലിഷിലോ തമിഴിലോ സംസാരിക്കാമോ എന്നാവശ്യപ്പെട്ടപ്പോഴായിരുന്നു പരിഹാസം. സിഐഎസ്എഫ് മാപ്പു ചോദിച്ചെങ്കിലും വിവാദം പുകഞ്ഞുകത്തി. പല ദക്ഷിണേന്ത്യൻ നേതാക്കളും ഹിന്ദിയുടെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇംഗ്ലിഷും ഹിന്ദിയും ഔദ്യോഗിക ഭാഷയാണെന്നിരിക്കേ ഹിന്ദി മാത്രമെങ്ങനെ ‘ഇന്ത്യത്വ’ത്തിന്റെ തെളിവാകുമെന്നും ഹിന്ദി അറിയാത്തവർ ഇന്ത്യക്കാർ അല്ലാതാകുമോ എന്നും കനിമൊഴി ചോദിച്ചു. കഴിഞ്ഞ വർഷം അവസാനം ലോക്സഭയിലെ പ്രസംഗത്തിലും, ഹിന്ദി അടിച്ചേൽപിക്കരുതെന്നു കനിമൊഴി ആവശ്യപ്പെട്ടു.

 

പദ്ധതികളുടെയെല്ലാം പേരുകൾ ഹിന്ദിയിലാകുന്നതു പ്രയാസമാണെന്നും എംപിമാരും മന്ത്രിമാരും ഇംഗ്ലിഷിനു പകരം ഹിന്ദിയിൽ മാത്രം സംസാരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞു. ലോക്സഭയിൽ ഏതു ഭാഷയിലും സംസാരിക്കാമല്ലോ, മൊഴിമാറ്റം ഉണ്ടാകുമല്ലോ എന്നു ബിജെപി അംഗം പറഞ്ഞപ്പോൾ ‘സരി ഇനി മേലേ തമിഴിലേ പേശറാം, പുരിയതാ സൊല്ലുങ്കേ (ശരി, ഇനി മുതൽ തമിഴിൽ സംസാരിക്കാം, മനസ്സിലാകുന്നെങ്കിൽ പറഞ്ഞോളൂ) എന്നായി കനിമൊഴി. മറ്റൊരു ഭാഷയിൽ സംസാരിക്കണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങേണ്ട അവസ്ഥയല്ലേ എന്നും അവർ സ്പീക്കറോടു ചോദിച്ചു. 

 

മന്ത്രി പീയൂഷ് ഗോയലിനോട് ഇംഗ്ലിഷിൽ ചോദിച്ച ചോദ്യത്തിന് ഹിന്ദിയിൽ അദ്ദഹം മറുപടി പറഞ്ഞതിനെ കനിമൊഴി എതിർക്കുന്ന വിഡിയോയും വൈറലായി. ഇംഗ്ലിഷിൽ സംസാരിക്കണമെന്ന ആവശ്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നേരത്തേ മറ്റൊരു ഡിഎംകെ എംപി ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഗോയൽ മുഷിഞ്ഞു സംസാരിക്കുകയാണു ചെയ്തത്. 

 

2020ൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ദേശീയ ഓൺലൈൻ സെമിനാറിൽ ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഇംഗ്ലിഷിൽ സംസാരിക്കണമെന്നു തമിഴ്നാട്ടിലെ ഡോക്ടർമാർ അഭ്യർഥിച്ചപ്പോഴായിരുന്നു ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊതേച്ചയുടെ വിവാദപരാമർശം. കോവിഡ് വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ നടപടിക്രമങ്ങൾ പൂർണമായി ഹിന്ദിയിലാക്കിയപ്പോഴും ഡിഎംകെ വിമർശനമുന്നയിച്ചു. ദേശീയവിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷ–ഇംഗ്ലിഷ്–ഹിന്ദി എന്ന ത്രിഭാഷാ നിർദേശം ഉയർന്നതും ട്രെയിൻ ടിക്കറ്റ് റിസർവേഷനു പിന്നാലെ ഹിന്ദിയിൽ എസ്എംസ് വന്നതുമെല്ലാം എതിർപ്പുകൾക്കിടയാക്കി.

 

2019ൽ പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയതും തമിഴ്നാടിന്റെ ഇടപെടലിലാണ്. ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും പരീക്ഷയെഴുതാമെന്ന വ്യവസ്ഥ ലംഘിച്ച് ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രം പരീക്ഷ നടത്തിയതിനെതിരെ തമിഴ്നാട് ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. അന്ന് എൻഡിഎയെ പിന്തുണയ്ക്കുന്ന അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ ഡിഎംകെയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും സിപിഎമ്മും സിപിഐയുമുൾപ്പെടെ പ്രതിഷേധിച്ചതോടെ പരീക്ഷ റദ്ദാക്കി. പ്രാദേശിക ഭാഷകളിലുൾപ്പെടെ പുനഃപരീക്ഷ നടത്തുമെന്നും അറിയിച്ചു. 

 

ഹിന്ദി പഠിക്കാൻ ഉപദേശിച്ച് സൊമാറ്റോയും....

 

ഓൺലൈൻ ഭക്ഷണ വിതരണ സൈറ്റായ സൊമാറ്റോയിൽ ഓർഡർ ചെയ്ത ഐറ്റം കിട്ടാത്തതിൽ പരാതി പറയാൻ വിളിച്ച യുവാവ് തമിഴിൽ സംസാരിച്ചപ്പോഴാണ്, രാഷ്ട്രഭാഷയായ ഹിന്ദി എല്ലാവരും അറിഞ്ഞിരിക്കണമെന്ന് കസ്റ്റമർ കെയർ ജീവനക്കാരി ഉപദേശിച്ചത്.  വിവാദമായതോടെ കമ്പനി മാപ്പു പറഞ്ഞെങ്കിലും ജീവനക്കാരിക്കെതിരെ നടപടിയെടുക്കാത്തതിൽ വിമർശനമുയർന്നു. ‘ഹിന്ദി തെരിയാത്, പോടാ’ എന്ന പേരിൽ ഓരോ സംഭവത്തിനു പിന്നാലെയും തമിഴ്നാട് ഹിന്ദിക്കെതിരെ ചൊടിച്ചു. കർണാടകയിലും ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രയിലും തെലങ്കാനയിലും എല്ലാം ഹിന്ദി അടിച്ചേൽപിക്കലിനെതിരെ പലവട്ടം ശക്തമായ എതിർപ്പുകളും സമരങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ വീറു കൂടുതൽ തമിഴ്നാടിനാണെന്നു മാത്രം. 

 

കഥബാക്കി: ചിലർ ചോദിക്കുന്നതു കേൾക്കാം. മലയാള സിനിമയെന്താ ഹോളിവുഡ് സിനിമപോലെ ആകാത്തത് എന്ന്. രണ്ടും ഒരേ പോലെയാണെങ്കിൽ പിന്നെ ഏതെങ്കിലും ഒന്നും പോരേ എന്നാണു മറുചോദ്യം. നിങ്ങളെന്താ മറ്റൊരാളെപ്പോലെയാകാത്തത് എന്നു ചോദിക്കും പോലെയല്ലേ ഇത്? രണ്ടും രണ്ടാണെന്നും രണ്ടിടത്തെയും കഥകളും കഥപറച്ചിലും പശ്ചാത്തലവുമെല്ലാം വ്യത്യസ്തമാണെന്നും അറിയാഞ്ഞിട്ടാണോ ആവോ ഈ ചോദ്യം. സിനിമ മാത്രമല്ല, എല്ലാ കലകൾക്കും എല്ലാ പാട്ടുകൾക്കും എല്ലാ ഭാഷകൾക്കും അഴകുണ്ട്; പലയിനം മനുഷ്യരെപ്പോലെ, പല വിശ്വാസങ്ങളെപ്പോലെ, പല മതങ്ങളെപ്പോലെ. നമുക്കിനിയും എല്ലാ ഭാഷകളിലെയും സിനിമകൾ കാണാം, പാട്ടുപാടാം, ഒപ്പം ഡാൻസ് ചെയ്യാം. അതാണ് ഇന്ത്യ, അതാവണം ഇന്ത്യ എന്നു സിനിമാ സ്റ്റൈലിൽ പറയാം.

 

English Summary: Let's Unite in the Name of India; What is Hindi Language Controversy?