‘പൊന്തൻമാട’യുടെ ചിത്രീകരണം നടക്കുന്ന സമയം. മേക്കപ്പ് കഴിഞ്ഞ് പല കാറുകളിലായാണ് അഭിനേതാക്കളും സംഘവും ലൊക്കേഷനിലേക്കു പോയത്. ലൊക്കേഷനിലേക്ക് ഓരോ കാർ എത്തുമ്പോഴും മമ്മൂട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളാണു ചുറ്റും കൂടുന്നത്. മുന്നിലുള്ള കാറിലാണു മമ്മൂട്ടി പോയത്. പുറകിലെ കാറിലെത്തിയ പട്ടണം റഷീദ് കാറിൽ

‘പൊന്തൻമാട’യുടെ ചിത്രീകരണം നടക്കുന്ന സമയം. മേക്കപ്പ് കഴിഞ്ഞ് പല കാറുകളിലായാണ് അഭിനേതാക്കളും സംഘവും ലൊക്കേഷനിലേക്കു പോയത്. ലൊക്കേഷനിലേക്ക് ഓരോ കാർ എത്തുമ്പോഴും മമ്മൂട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളാണു ചുറ്റും കൂടുന്നത്. മുന്നിലുള്ള കാറിലാണു മമ്മൂട്ടി പോയത്. പുറകിലെ കാറിലെത്തിയ പട്ടണം റഷീദ് കാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പൊന്തൻമാട’യുടെ ചിത്രീകരണം നടക്കുന്ന സമയം. മേക്കപ്പ് കഴിഞ്ഞ് പല കാറുകളിലായാണ് അഭിനേതാക്കളും സംഘവും ലൊക്കേഷനിലേക്കു പോയത്. ലൊക്കേഷനിലേക്ക് ഓരോ കാർ എത്തുമ്പോഴും മമ്മൂട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളാണു ചുറ്റും കൂടുന്നത്. മുന്നിലുള്ള കാറിലാണു മമ്മൂട്ടി പോയത്. പുറകിലെ കാറിലെത്തിയ പട്ടണം റഷീദ് കാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാരം പട്ടണം റഷീദ് എഴുതിയ ചമയം എന്ന പുസ്തകത്തിനാണ്. അഭിനേതാവിനെ കഥാപാത്രമാക്കി രൂപാന്തരപ്പെടുത്തുന്നതിൽ ചമയത്തിന്റെ പ്രാധാന്യം സവിസ്തരം പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥമാണ് ചമയെന്ന് അവാർഡ് ജൂറി വിലയിരുത്തി. ചലച്ചിത്ര ശരീരത്തിന്റെ അഭിഭാജ്യഘടകമായ ചമയത്തെപ്പറ്റി ചമയക്കാരൻ തന്നെ എഴുതിയിരിക്കുന്നുവെന്ന അനന്യതയും ഈ കൃതിയെ മികച്ച ചലച്ചിത്രഗ്രന്ഥമായി തിരഞ്ഞെടുക്കാൻ കാരണായി.

‘പൊന്തൻമാട’യുടെ ചിത്രീകരണം നടക്കുന്ന സമയം. മേക്കപ്പ് കഴിഞ്ഞ് പല കാറുകളിലായാണ് അഭിനേതാക്കളും സംഘവും ലൊക്കേഷനിലേക്കു പോയത്. ലൊക്കേഷനിലേക്ക് ഓരോ കാർ എത്തുമ്പോഴും മമ്മൂട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളാണു ചുറ്റും കൂടുന്നത്. മുന്നിലുള്ള കാറിലാണു മമ്മൂട്ടി പോയത്. പുറകിലെ കാറിലെത്തിയ പട്ടണം റഷീദ് കാറിൽ നിന്നിറങ്ങി സംവിധായകൻ ടി.വി.ചന്ദ്രന്റെ അടുത്തേക്കു ചെല്ലുമ്പോൾ മമ്മൂട്ടി ഒരു വടിയും കുത്തിപ്പിടിച്ചു കടത്തിണ്ണയിൽ ഇരിക്കുന്നു. ഒരാൾ പോലും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല! മേക്കപ്പിന്റെ പ്രത്യേകത കൊണ്ട് സെറ്റിൽ അഭിനേതാവിനെ തിരിച്ചറിയാതെ പോയ അനുഭവങ്ങളിൽ ഏറ്റവും തിളക്കമാർന്നതായി പട്ടണം റഷീദ് തന്റെ അനുഭവ, മേക്കപ്പ് പഠന സമാഹാരമായ ‘ചമയ’ത്തിൽ പങ്കുവയ്ക്കുന്നത് പൊന്തൻമാടയിലെ അനുഭവമാണ്.

ADVERTISEMENT

ഇന്നു കാണുമ്പോൾ ഒരു പക്ഷേ, അതിനൊരു അമച്വർ ലുക് തോന്നുമായിരിക്കും. ഇന്ന് ഏതു സങ്കീർണ മേക്കപ്പും അനായാസം ചെയ്യാനുള്ള സാങ്കേതിക വിദ്യകളുണ്ട്. ആ കാലത്തു പക്ഷേ അതൊരു വെല്ലുവിളിയായിരുന്നു. ‘പൊന്തൻമാട’ വരെ മേക്കപ്പിൽ വലിയ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്രത്തോളം മാനസിക സംഘർഷത്തോടെയും ആകുലതയോടെയുമാണ് അത് ചെയ്തതെന്നു റഷീദ് ഓർക്കുന്നു. മമ്മൂട്ടിയെപ്പോലൊരു വലിയ നടന് ഇത്രയും വ്യത്യസ്തമായ രൂപമാറ്റം വരുത്തുന്നതിന്റെ സംശയവും ഭയവുമുണ്ടായിരുന്നു.

ഒരു ഘട്ടത്തിൽ, ബോംബെയിൽനിന്നു കൊള്ളാവുന്ന ആരെയെങ്കിലും കൊണ്ടുവരുന്നതല്ലേ നല്ലതെന്നു പോലും ചോദിച്ചുപോയി. ക്യമാറാമാൻ വേണുവാണ് അന്ന് ധൈര്യവും പ്രോത്സാഹനവും നൽകിയത്. ഏജിങ് മേക്കപ്പിനു വേണ്ടിയുള്ള സാധനങ്ങളെല്ലാം വിദേശത്തുനിന്നു കൊണ്ടുവരികയായിരുന്നു. കളർ ഡള്ളാക്കുകയായിരുന്നു മുഖ്യമായും ചെയ്തത്. കണ്ണിനടിയിൽ ചുളിവുകളുണ്ടാക്കി. നരച്ച താടിയും മുടിയും. കറപിടിച്ച പല്ലുകൾ. തലയിൽ വിഗ് വച്ച് അതിനു മുകളിൽ തൊപ്പിപ്പാള ധരിച്ച് ഒരു ബനിയൻ കൂടി ധരിപ്പിച്ചു. സുന്ദരനായ മമ്മൂട്ടിയെ മണ്ണിന്റെ മണമുള്ള കർഷകനും വയോധികനുമാക്കുക കടുത്ത വെല്ലുവിളിയായിരുന്നു.

മേക്കപ്പ് പൂർത്തിയാക്കിയ ആ നിമിഷത്തെ പട്ടണം റഷീദ് ഇങ്ങനെ ഓർത്തെടുക്കുന്നു: ‘‘മേക്കപ്പ് തീർത്ത് മമ്മൂക്കയുടെ കയ്യിൽ കണ്ണാടി കൊടുത്ത് പതിയെ പുറകിലേക്കു മാറിനിന്നു. മേക്കപ്പ് ശരിയായില്ല എന്നു പുള്ളിക്കു തോന്നിയാൽ എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പോലും പറ്റില്ല. മമ്മൂക്ക ഏതാനും മിനിറ്റുകൾ കണ്ണാടി നോക്കിനിന്നു. അതിനു ശേഷം പതുക്കെ പുറകിലേക്കു തിരിഞ്ഞ് എന്നോടു ചോദിച്ചു – ‘നീ ഇതൊക്കെ എവിടുന്നാടാ പഠിച്ചേ..’ ആ നിമിഷം എന്റെ മനസ്സു തണുത്തു.’’

40 വർഷം, ചരിത്രം കുറിച്ച പുരസ്കാരം

ADVERTISEMENT

ഏതു മലയാളിക്കും പരിചിതനാണ് പട്ടണം റഷീദ്. സ്ക്രീനിൽ ചമയം എന്നു വായിക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന പേര്. സിനിമയിൽ അടിമുടി രൂപമാറ്റമുള്ള കഥാപാത്രമാണെങ്കിൽ പട്ടണം റഷീദിന്റെ ഡേറ്റ് ആദ്യമേ നോക്കിക്കോ എന്നു പ്രമുഖ അഭിനേതാക്കൾ തന്നെ സംവിധായകരോടു നിർദേശിക്കുന്നതു പതിവാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ്, അറബി, സംസ്കൃതം സിനിമകളിലും ചമയക്കാരനായി. ബിഗ് ബജറ്റ് സിനിമകൾ മുതൽ പ്രതിഫലം പറ്റാതെ ചെയ്ത സംസ്കൃതചിത്രം ഇഷ്ടി വരെ എണ്ണമറ്റ സിനിമകൾ.

മേക്കപ്പിന് ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാന അവാർഡ് മുഖ്യമന്ത്രി കെ. കരുണാകരനിൽനിന്ന് ഏറ്റുവാങ്ങിയത് അവിസ്മരണീയമായ ചരിത്ര നിമിഷമാണ്. 1992 ൽ ആധാരം എന്ന ചിത്രത്തിനായിരുന്നു അത്. 2007 ൽ മേക്കപ്പിനുള്ള ആദ്യ ദേശീയ പുരസ്കാരവും റഷീദിനെ തേടിയെത്തി. 7 തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. തമിഴ്നാട് സംസ്ഥാന പുരസ്കാരവും നേടി. ഇന്നു കാണുമ്പോൾ പലതിലും പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെങ്കിലും മലയാളം പോലൊരു സിനിമാ ഇൻഡസ്ട്രിയിലെ പരിമിതമായ ബജറ്റും വിഭവശേഷിയും ഉപയോഗപ്പെടുത്തിയാണ് സാങ്കേതിക സൗകര്യങ്ങൾ ഇത്രയേറെ ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് പട്ടണം റഷീദ് ഈ വിസ്മയങ്ങളെല്ലാം തീർത്തത്.

തെയ്യക്കാരൻ മുഖത്തെഴുത്തു കഴിഞ്ഞ് വേഷവിധാനങ്ങളോടെ കണ്ണാടിയിൽ നോക്കുമ്പോൾ ദൈവമായി മാറുന്നതുപോലെ അഭിനേതാവ് കഥാപാത്രത്തിലേക്കു പൂർണമായി പ്രവേശിക്കുന്നത് ചമയമണിഞ്ഞ ശേഷമാണ്. കഥാപാത്രത്തെ സ്വാധീനിക്കുന്ന ഒന്നായി മാറുന്നതോടെ ചമയവും അഭിനയത്തിന്റെ ഭാഗം തന്നെയായി മാറുന്നു. ചമയകലാരംഗത്ത് നാൽപതു വർഷം പിന്നിട്ട പട്ടണം റഷീദിന്റെ അനുഭവങ്ങളുടെയും അറിവിന്റെയും ആഴം നിറഞ്ഞുനിൽക്കുന്നതാണ് ‘ചമയം’ എന്ന ഗ്രന്ഥം. ചമയത്തിന്റെ ചരിത്രവഴികൾ, സാങ്കേതിക വളർച്ച എന്നിവയെല്ലാം വിശദമാക്കുന്ന പഠന, വായനാനുഭവം. വിവിധ സിനിമകളിൽ മേക്കപ്പ് ഒരുക്കിയതിന്റെ സാങ്കേതിക വശങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നതിനൊപ്പം, കലാകാരൻ എന്ന നിലയിൽ ജീവിതയാത്രയിലെ വേദനകളുടെയും അപമാനങ്ങളുടെയും വഴികളും അദ്ദേഹം ഓർത്തെടുക്കുന്നു.

സ്ക്രീനിൽ നമ്മെ അദ്ഭുതപ്പെടുത്തിയ, ഇപ്പോഴും ഏറെ ഇഷ്ടത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ രൂപപ്പെട്ടതിന്റെ അണിയറക്കഥകൾ ആകാംക്ഷ പകരുന്നതു കൂടിയാണ്. പൊന്തൻമാട, കുഞ്ഞിക്കൂനൻ, പത്തേമാരി, ഉടയോൻ, സെല്ലുലോയിഡ്, എകെജി, കുട്ടിസ്രാങ്ക്, സ്വപാനം, ഓള്, പരദേശി, അനന്തഭദ്രം, ഗുരു, യുഗപുരുഷൻ, കുലം, ഒളിമ്പ്യൻ അന്തോണി ആദം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ആദാമിന്റെ മകൻ അബു, അർധനാരി, ആമി, ദേവരാഗം, ചാണക്യൻ, മദിരാശിപട്ടണം, കാവ്യതലൈവൻ, കാഞ്ചീവരം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, തലൈവി എന്നിങ്ങനെ ചെറുതും വലുതുമായ സിനിമകൾ. നായകൻ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെയുള്ളവർക്ക് ചായം പുരട്ടിയ ഓർമകൾ..

ADVERTISEMENT

‘അനന്തഭദ്ര’ത്തിലെ ദിഗംബരൻ; ‘ഗുരു’വിലെ അന്ധരുടെ ലോകം

മാന്ത്രിക കഥ പറയുന്ന സന്തോഷ് ശിവന്റെ ‘അനന്തഭദ്രം’ ഇന്നും ആരാധകരേറെയുള്ള ചിത്രമാണ്. അതിലെ മനോജ് കെ. ജയന്റെ ചെമ്പട്ടു ധരിച്ച ദിഗംബരൻ എന്ന മന്ത്രവാദി വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ്. ചുരുണ്ട പുരികങ്ങളും തെയ്യത്തിന്റേതു പോലെ കണ്ണെഴുത്തും വിരലുകളിലെ സ്റ്റീൽ നഖവും ശരീരത്തിന്റെ കുങ്കുമവർണവുമെല്ലാം ചേർന്ന് ദിഗംബരൻ ഒരു മിത്തുപോലെ, സ്ക്രീനിൽ നിന്നിറങ്ങി കൂടെവരുന്ന അനുഭവമായി ഇന്നും നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിലെ കലാഭവൻ മണിയുടെ അന്ധ കഥാപാത്രവും ഗാനരംഗത്തിൽ കാവ്യാ മാധവന്റെ രവിവർമ ചിത്രങ്ങളിലെ വേഷങ്ങളുമെല്ലാം മേക്കപ്പിന്റെ അനന്തസാധ്യതകളാണു കാഴ്ചവച്ചത്.

പട്ടണം റഷീദിന്റെ കരിയറിൽ വെല്ലുവിളി ഉയർത്തിയ മറ്റൊരു ചിത്രമായിരുന്നു ശിൽപി കൂടിയായ രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ വന്ന ‘ഗുരു’. അന്ധരുടെ താഴ്‌വരയിൽ ളോഹ പോലുള്ള നീണ്ട വസ്ത്രങ്ങളും വലിയ തലക്കെട്ടുകളുമായി ഒരുകൂട്ടം വിചിത്ര മനുഷ്യർ. കഥയുടെ പശ്ചാത്തലം തന്നെ വ്യത്യസ്തമായതിനാൽ മേക്കപ്പിലും അതാവശ്യമായിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരായിത്തന്നെ മുപ്പത്തഞ്ചോളം അഭിനേതാക്കളുണ്ടായിരുന്നു. ഇവർക്കെല്ലാം മണ്ണിന്റെ നിറവും വ്യത്യസ്ത രീതിയുമുള്ള താടിയും മുടിയുമെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ഒരുക്കുക ശ്രമകരമായിരുന്നു.

ശൂരനാട് കുഞ്ഞ്; ക്ഷമയോടെ കാത്തിരുന്ന മോഹൻലാൽ

പട്ടണം റഷീദ് എന്ന ചമയക്കാരൻ എന്നും ഹൃദയത്തോടു ചേർത്തു വയ്ക്കുന്നതാണ് ‘ഉടയോൻ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മോഹൻലാലിന്റെ കരിയറിലെ തികച്ചും വേറിട്ട വേഷവും രൂപവുമായിരുന്നു അത്. മേക്കപ്പിനായി എത്ര മണിക്കൂർ വേണമെങ്കിലും ക്ഷമയോടെ സഹകരിക്കുന്ന അപൂർവം നടൻമാരിൽ ഒരാളാണ് മോഹൻലാൽ എന്നു പട്ടണം റഷീദ് സാക്ഷ്യപ്പെടുത്തുന്നു. നരച്ച മുടിയും കട്ടിയുള്ള പുരികവും കറപിടിച്ച പല്ലുകളുമൊക്കെയായി മണ്ണിനോടു മല്ലിടുന്ന കർഷകൻ ശൂരനാട് കുഞ്ഞ് എന്ന വീരശൂരപരാക്രമിയായ അച്ഛൻ കഥാപാത്രമായി ഉടയോനിൽ മോഹൻലാൽ നിറഞ്ഞുനിന്നു.

കഥാപാത്രത്തിന്റെ പരാജയമല്ല സിനിമയുടെ പരാജയമാകുന്നത്. അത് മറ്റു പല ഘടകങ്ങൾകൊണ്ടുമാണ്. നിർമാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അന്ന് മുഴുവൻ പ്രതിഫലം പോലും പറ്റാതെയാണ് ആ സിനിമയിൽ സഹകരിച്ചത്. എങ്കിലും ഇപ്പോഴും മേക്കപ്പിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നവർ ഉടയോനെ പരാമർശിക്കുന്നത് അംഗീകാരമായിത്തന്നെ റഷീദ് കരുതുന്നു.

മേക്കപ്പിന് ദേശീയ പുരസ്കാരം ലഭിച്ച ‘പരദേശി’യിൽ മോഹൻലാൽ അവതരിപ്പിച്ച വലിയകത്ത് മൂസ എന്ന കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടങ്ങളാണ് അവതരിപ്പിച്ചത്. വൃദ്ധകഥാപാത്രത്തിനായി താർ മരുഭൂമിയിൽ നടത്തിയ ഷൂട്ടിങ്ങും അതിനായി ചെയ്ത തയാറെടുപ്പുകളും ഏറെയായിരുന്നു.

അബുവായി, ജാക്സനായി സലിം കുമാർ

സലിംകുമാറിന് ദേശീയ അവാർഡ് ലഭിച്ച ‘ആദാമിന്റെ മകൻ അബു’വിലെ അബുവിന്റെ ലുക്ക് തന്നെയായിരുന്നു ഏറ്റവും വലിയ പ്രത്യേകത. നടൻ യഥാർഥത്തിൽ വൃദ്ധനായിരുന്നോ എന്നു ജൂറി ചെയർമാൻ തന്നെ ചോദിച്ചത് ആ മേക്കപ്പിനു കൂടി ലഭിച്ച അംഗീകാരമായിരുന്നു. സലിംകുമാർ അങ്ങനെ ശരിക്കും താടി വളർത്തിയതാണോ എന്നു സംവിധായകൻ ശ്യാമപ്രസാദ് ഒരിക്കൽ ചോദിച്ചതും യഥാർഥത്തിൽ പലരുടെയും ധാരണ കൂടിയാണ്. പൂർണമായും ചമയത്തിന്റെ വൈദഗ്ധ്യമായിരുന്നു അത്.

ക്രോപ്പ് ഹെയർ കുറേശ്ശെ ഒട്ടിച്ചെടുത്ത് അത്യധ്വാനത്തിലൂടെയാണ് ആ താടി ഒരുക്കിയെടുത്തത്. സലിംകുമാറിന്റെ ശരീരഭാഷയോടു ചേർന്നു നിൽക്കുന്ന മേക്കപ്പ് എന്ന നിലയിലാണ് അത് അത്രയേറെ സ്വാഭാവികമായി തോന്നിയത്. തലയിൽ ഗ്രേ ഇടുകയും കണ്ണുകളിൽ കോൺടാക്ട് ലെൻസ് ഉപയോഗിക്കുകയും ചെയ്താണ് ആ രൂപത്തിനു പൂർണത നൽകിയത്. ഇന്ന് മീമുകളിൽ നിറയുന്ന ‘ചതിക്കാത്ത ചന്തു’വിലെ സലിംകുമാറിന്റെ മൈക്കിൾ ജാക്സൻ ലുക്കിലുള്ള കോമഡി കഥാപാത്രത്തിനു രൂപം നൽകിയതും പട്ടണം റഷീദ് തന്നെ.

ശ്രീനാരായണ ഗുരു, പത്തേമാരി, കുഞ്ഞിക്കൂനൻ...

ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന യുഗപുരുഷനു വേണ്ടി പല നടൻമാരെയും മേക്കപ്പ് ടെസ്റ്റ് നടത്തി പരാജയപ്പെട്ടാണ് തലൈവാസൽ വിജയ് എന്ന നടനിലേക്ക് എത്തിയത്. അതിലും പൂർണ തൃപ്തി വരാതെ ചെവിയും മൂക്കും പ്രോസ്തറ്റിക് ചെയ്തെടുക്കുകയായിരുന്നു. പിരീഡ് സിനിമ ആയതിനാൽ സീനുകളുടെ പശ്ചാത്തലത്തിൽ വരുന്നവരെപ്പോലും ആ കാലഘട്ടത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഇതിനായി ഒന്നിൽ കൂടുതൽ മേക്കപ്പ്മാൻമാരെ ഇരുത്തി മീശയുൾപ്പെടെ ശരിയാക്കി എടുക്കുകയായിരുന്നു.

ഇന്ത്യനിലെ കമലഹാസന്റെ റഫറൻസ് ഉപയോഗിച്ചാണ് കല്യാണരാമനിലെ ദിലീപ്-നവ്യ ഏജിങ് പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്തത്. കുഞ്ഞിക്കൂനനിൽ അന്ന് റബറിലാണ് ദിലീപിനായി കൂന് സൃഷ്ടിച്ചത്. ഇന്നാണെങ്കിൽ സിലിക്കോണിലാകും ചെയ്യുക. പത്തേമാരിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചെറുപ്പം മുതൽ 64 വയസ്സുവരെയുള്ള കാലങ്ങളാണു കാണിക്കുന്നത്. ഇതിൽ പ്രായം ചെന്ന കഥാപാത്രം അതുവരെയുള്ള മമ്മൂട്ടിയുടെ ഇത്തരം കഥാപാത്രങ്ങളിൽനിന്നു തികച്ചും വേറിട്ടതായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ‘ആമി’യിലും മഞ്ജു വാരിയർ, മുരളി ഗോപി, അനൂപ് മേനോൻ തുടങ്ങിയവരെയെല്ലാം ശ്രദ്ധാപൂർവമാണ് ഒരുക്കിയത്.

സ്വാതന്ത്ര്യസമര കാലത്തെ പ്രണയകഥ പറഞ്ഞ തമിഴ് ചിത്രം മദിരാശിപട്ടണത്തിനായി അലക്കുകാർ, ബ്രിട്ടിഷുകാർ എന്നിങ്ങനെ ധാരാളം പേരെ ഒരുക്കേണ്ടിവന്നു. തമിഴ്നാട് സംസ്ഥാന അവാർഡ് ലഭിച്ച കാവ്യതലൈവൻ, പുരസ്കാരങ്ങൾ ഏറെ സ്വന്തമാക്കിയ പ്രിയദർശന്റെ കാഞ്ചീവരം, അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ഡാം 999 എന്നീ ചിത്രങ്ങളിലെ മേക്കപ്പും എടുത്തു പറയേണ്ടവയാണ്.

അവസാന നിമിഷം നഷ്ടമായ പുരസ്കാരം; സെല്ലുലോയ്ഡിലെ വേദന

സിനിമാ ജീവിതത്തിൽ ഏറെ സംതൃപ്തിയോടെ ചെയ്ത മേക്കപ്പുകളിലൊന്നാണ് കമൽ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡി’ലേതെന്ന് പട്ടണം റഷീദ് കുറിക്കുന്നു. ഒരുകാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിൽ എല്ലാവരുടെ മേക്കപ്പും പ്രത്യേകതകളുള്ളതായിരുന്നു. അതിൽ തന്നെ പൃഥ്വിരാജ് അവതരിപ്പിച്ച ജെ.സി.ഡാനിയേലിന്റെ വൃദ്ധരൂപം ചെയ്തത് കഴുത്തിൽ മാത്രം പ്രോസ്തെറ്റിക് ചെയ്ത് ഏറെ ശ്രദ്ധയോടെയാണ്. ഒട്ടേറെ തവണ സംസ്ഥാന അവാർഡ് ലഭിച്ചെങ്കിലും സെല്ലുലോയ്ഡിൽ അവാർഡ് കൈവിട്ടത് ഇന്നും വേദനയോടെയാണ് റഷീദ് ഓർക്കുന്നത്. ബജറ്റ് പരിമിതികൾക്കുള്ളിൽ ഏറെ കഷ്ടപ്പെട്ട് നിർവഹിച്ചതായിരുന്നു അതിലെ കഥാപാത്രങ്ങളോരോന്നും. അവാർഡ് പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് പൃഥ്വിരാജ് വിളിച്ച് അഭിനന്ദിക്കുക പോലും ചെയ്തിരുന്നു.

അവ്വൈ ഷൺമുഖിയുടെ ഹിന്ദി പതിപ്പ് ചാച്ചി ചാർ സൗബീസ് എന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കാളിയായപ്പോൾ അതിലെ സ്ത്രീ വേഷം ഒരുക്കിയ ബാരി കൂപ്പറിൽ നിന്നാണ് പ്രോസ്തെറ്റിക്കിന്റെ രീതികൾ കൂടുതലായി പഠിച്ചത്. ചാണക്യൻ എന്ന സിനിമയിൽ ജോലി ചെയ്യുമ്പോൾ അക്കാലത്തു തന്നെ കമലഹാസൻ പകർന്നുതന്ന മേക്കപ്പ് അറിവുകൾ എന്നും മുതൽക്കൂട്ടായെന്നും പട്ടണം റഷീദ് സ്മരിക്കുന്നു.

തിരസ്കാരങ്ങൾ, സഹപ്രവർത്തകരുടെ അവഗണന

മേക്കപ്പ് എന്നത് ഒരഭിനേതാവിനെ കഥാപാത്രമാക്കി മാറ്റുന്ന രാസപരിണാമമാണ്. കഥാപാത്രത്തിന്റെ ചിന്തയും നടപ്പും ശരീരഭാഷയുമെല്ലാം കൈവരുന്നത് അഭിനേതാവ് മേക്കപ്പിലൂടെ കഥാപാത്രമായി സ്വയം തിരിച്ചറിയുമ്പോഴാണ്. എന്നാൽ സംവിധായകനും തിരക്കഥാകൃത്തും രൂപപ്പെടുത്തിയ കഥാപാത്രങ്ങളിൽ മേക്കപ്പ് മുഴച്ചുനിൽക്കുകയുമരുത്. സാങ്കേതികവിദ്യ മാത്രമല്ല, ചമയക്കാരന്റെ കരവിരുതിന്റെയും ആശയങ്ങളുടെയും സമന്വയം കൂടിയാണത്.

ഓരോ കഥാപാത്രവും ചമയക്കാരന്റെ സഹനതയുടെയും ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും കൂടി സൃഷ്ടിയാണ്. ചമയക്കാരനും അഭിനേതാവും തമ്മിൽ മാനസിക സമന്വയം വേണം. മണിക്കൂറുകൾ ക്ഷമയോടെ ഇരിക്കുന്ന അഭിനേതാവിനെ മുഷിപ്പിക്കാതെ ജോലി ചെയ്യുകയെന്നതും വെല്ലുവിളിയാണ്. പക്ഷേ, ഇതെല്ലാം അംഗീകരിക്കാൻ മടിക്കുന്നവരും ഏറെയുണ്ടെന്നാണ് പട്ടണം റഷീദിന്റെ അനുഭവം.

ആർട്ട് ഡയറക്ടർക്കോ കോസ്റ്റ്യൂം ഡിസൈനർക്കോ കിട്ടുന്ന പ്രാധാന്യം പലപ്പോഴും മേക്കപ്പ് ആർട്ടിസ്റ്റിന് കിട്ടാറില്ല. അസിസ്റ്റന്റ് ആയിരിക്കെ അഭിനേതാക്കളിൽനിന്നും സംവിധായകരിൽനിന്നും അവഗണനയും തിരസ്കാരവും നേരിടേണ്ടിവന്ന അനുഭവങ്ങൾ ഒട്ടേറെ. പലപ്പോഴും ജനങ്ങൾ നൽകുന്ന അംഗീകാരം സഹപ്രവർത്തകരിൽനിന്നു കിട്ടാറില്ല എന്നതും വാസ്തവം. ദേശീയ അംഗീകാരം നേടിയ ആളായിട്ടുപോലും തന്നോടുള്ള മനോഭാവം ഇതാണെങ്കിൽ മറ്റ് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥിതി എന്തായിരിക്കുമെന്ന ആകുലതയും റഷീദ് പങ്കുവയ്ക്കുന്നു.

നടീനടൻമാരുടെ മനോഭാവം; മമ്മൂട്ടി പറഞ്ഞ വാക്കുകൾ

കഥാപാത്രത്തെ മനസ്സിലാക്കി ഉള്ളിലേക്കു കടന്നുള്ള മേക്കപ്പ് വേണമെന്നു പറയുന്ന നടീനടൻമാർ ഇപ്പോൾ കുറവാണ്. സ്വന്തമായി മേക്കപ്പ് ആർട്ടിസ്റ്റുകളുമായി വരുമ്പോൾ പലപ്പോഴും മുഴുവൻ സിനിമയുടെ സ്വഭാവത്തോടു ചേരാത്ത മേക്കപ്പ് ആയിപ്പോകുന്ന അവസ്ഥകളുണ്ട്. തീർഥാടനം എന്ന സിനിമയ്ക്കായി കുടജാദ്രിയിൽ വച്ച് താനറിയാതെ തന്നെ, മുഖ്യകഥാപാത്രമായ ജയറാമിന്റെ മേക്കപ്പ് ചെയ്ത് ഷൂട്ടിങ് തുടങ്ങിയത് വേദനിപ്പിച്ച അനുഭവങ്ങളിലൊന്നായി റഷീദ് കുറിക്കുന്നു. ഏറെ മുന്നൊരുക്കങ്ങളുമായി താൻ എത്തിയപ്പോഴായിരുന്നു അത്. സമാനമായി ടി.വി.ചന്ദ്രന്റെ ആടുംകൂത്ത് എന്ന സിനിമയിൽ നവ്യ നായർ അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളിൽ തമിഴ് നാടൻപെൺകുട്ടിയുടെ ലുക്കിനായി ഡാർക് ടോണിൽ മേക്കപ്പ് ചെയ്തത് ഇഷ്ടപ്പെടാതെ തന്റെ മുന്നിൽവച്ചു തന്നെ അവർ മേക്കപ്പ് തുടച്ചുകളഞ്ഞതും ഇന്നും മനസ്സിലുണ്ട്.

സമയബന്ധിതമായി മേക്കപ്പ് തീർക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. മേക്കപ്പ് ശരിയായില്ലെങ്കിൽ ഷൂട്ടിങ് വരെ മുടങ്ങുന്ന സ്ഥിതിയുണ്ടാകും. മേക്കപ്പ് ആർട്ടിസ്റ്റിന് സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നവരാണ് സിനിമാക്കാരിൽ ഏറെയും. തിരക്കഥ വായിക്കുവാനായി ലഭിച്ചാൽ മേക്കപ്പ് ചെയ്യേണ്ട കഥാപാത്രങ്ങൾക്ക് എന്തൊക്കെതരം സ്വഭാവസവിശേഷതകളാണ് ഉള്ളതെന്നും അവരുടെ ശരീരഭാഷ, വസ്ത്രധാരണം, മുഖഭാവം ഇതൊക്കെ എങ്ങനെ വേണം എന്നുള്ളതും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഇക്കാര്യം മനോരമയിലെ ഒരു അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെ സെറ്റിൽ വച്ച് ഒരു പ്രമുഖ നടൻ എല്ലാവരുടെയും മുന്നിൽ തന്നെ പരിഹസിച്ചതും വേദനയുളവാക്കുന്നതായിരുന്നു. എന്നാൽ സിനിമ കഴിഞ്ഞും സ്നേഹവും സൗഹൃദവും പകരുന്ന അഭിനേതാക്കളും കുറവല്ല. കഥാപാത്രങ്ങളുടെ നേട്ടത്തിൽ മേക്കപ്പ്മാന്റെ പങ്ക് ഓർക്കുന്നവരുമുണ്ട്. അത്തരത്തിലൊന്നായിരുന്നു ദേശീയ അവാർഡ് കിട്ടിയപ്പോൾ, ആ കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് പട്ടണം റഷീദിനുള്ളതാണെന്ന് തുറന്നു പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകൾ.

മാതാപിതാക്കളുടെ തണൽ; മദ്രാസിലേക്കു വണ്ടി കയറിയ കാലം

നീണ്ടകാല പ്രയത്നത്തിന്റെ ഫലമായി രചിച്ച ‘ചമയം’ എന്ന പുസ്തകം പട്ടണം റഷീദ് സമർപ്പിച്ചിരിക്കുന്നത് പിതാവിനാണ്. കലയെ അതിരറ്റു സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു റഷീദിന്റെ മാതാപിതാക്കൾ. വാദ്യകലാകാരൻ കൂടിയായിരുന്ന പിതാവ് പി.എം. ഹുസൈൻ എറണാകുളത്തെ നാടക, സംഗീത കൂട്ടായ്മകളുടെ അമരക്കാരനായിരുന്നു. സ്വന്തം വിശപ്പുപോലും മറന്ന് മക്കളെ വളർത്തിയെടുക്കാൻ ഉമ്മ കൈവിട്ട സന്തോഷങ്ങളുടെയും സ്വപ്നങ്ങളുടെയും കൂടി പൂർത്തീകരണമായാണ് തന്റെ കലാജീവിതത്തെ റഷീദ് കാണുന്നത്.

ഏലൂർ എഫ്എസിടി ഈസ്റ്റേൺ എൽപി സ്കൂളിലെ പഠനകാലത്ത് അഭിനയിച്ച നാടകമായിരുന്നു റഷീദിന്റെ കലാപ്രവർത്തനങ്ങളുടെ തുടക്കം. പിൽക്കാലത്ത് സ്നേഹിതനിൽനിന്നു വാങ്ങിയ 30 രൂപയുമായാണ് സിനിമാമോഹവുമായി മദ്രാസിലേക്കു തിരിച്ചത്. പൗർണമി രാവിൽ എന്ന സിനിമയിൽ മേക്കപ്പ് സഹായിയിട്ടായിരുന്നു തുടക്കം. അസിസ്റ്റന്റ് ഡയറക്ടറാകാമായിരുന്നിട്ടും മേക്കപ്പ് ആയിരുന്നു അന്നും ലക്ഷ്യമായി കുറിച്ചത്. പി.എൻ.മണി, കെ.വി. ബോസ്, കരുമം മോഹൻ തുടങ്ങിയവരുടെ അസിസ്റ്റന്റായി.

നവോദയയുടെ ഒന്നുമുതൽ പൂജ്യം വരെയാണ് സ്വതന്ത്രമായി ചെയ്ത ആദ്യചിത്രം. രണ്ടാമതു ചെയ്തത് മൂന്നു മാസങ്ങൾക്കു മുൻപ് എന്ന ചിത്രം. ആദ്യചിത്രത്തിൽ മോഹൻലാലിനും രണ്ടാമത്തേതിൽ മമ്മൂട്ടിക്കും മേയ്ക്കപ്പിട്ട് അപൂർവവും അനുഗൃഹീതവുമായ തുടക്കം. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റായെങ്കിലും തുടർന്നുവന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതോടെ അവസരങ്ങളും കുറഞ്ഞു. കുറച്ചുകാലം നാടകങ്ങളിലും സഹകരിച്ചു. പിന്നീട് പൊന്തൻമാടയാണ് പട്ടണം റഷീദ് എന്ന മേക്കപ്പ്മാനെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്.

എറണാകുളത്ത് പട്ടണം ഡിസൈനറി അക്കാദമി തുടങ്ങാനായത് തന്റെ കലാജീവിതത്തിലെ ഏറ്റവും അർഥവത്തായ ചുവടായി പട്ടണം റഷീദ് കരുതുന്നു. മേക്കപ്പ് രംഗത്തും അക്കാദമിക് നിലവാരമുള്ള കലാകാരൻമാർ ഉയർന്നുവരണമെന്ന താൽപര്യത്തോടെയാണ് ഈ സംരംഭം.

‘ചമയം’ എന്ന പഠനാനുഭവം

ചമയകലാധ്യാപകൻ കൂടിയായ പട്ടണം റഷീദ് ദീർഘകാല പ്രായോഗിക അനുഭവങ്ങളുടെ ആഴത്തിൽനിന്നു നടത്തിയിരിക്കുന്ന, ഒട്ടേറെ സവിശേഷതകളുള്ള രചനയാണ് ‘ചമയം’. മലയാളത്തിൽ ഇത്തരം ഗ്രന്ഥം അപൂർവമാണ്. മേക്കപ്പ് ആർട്ടിസ്റ്റ് നേരിടുന്ന വെല്ലുവിളികളും കഥാപാത്രത്തെ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാങ്കേതിക രംഗത്തെ മാറ്റങ്ങളുമെല്ലാം അക്കമിട്ടു നിരത്തുമ്പോൾ കലാപ്രവർത്തകർക്കും ഈ മേഖലയിലെ വിദ്യാർഥികൾക്കും മികച്ചൊരു റഫറൻസ് ഗ്രന്ഥം കൂടിയായി ‘ചമയം’ മാറുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ ഉദ്യമം അതുകൊണ്ടു തന്നെ ഏറെ പ്രശംസനീയവുമാണ്.

ഏഴു ഭാഗങ്ങളിലായാണു പുസ്തകത്തിന്റെ വൈവിധ്യം. ചമയകലയുടെ ഉത്ഭവം, മുടിയേറ്റും കളമെഴുത്തും തെയ്യവും പോലുള്ള തനതുകലകളിലെ ചയമരീതികൾ, കഥാപാത്രത്തിന്റെ സഞ്ചാരപഥം, ഹോളിവുഡ് മേക്കപ്പിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം, ചമയകലയിലെ ഗുരുവര്യൻമാരെ പരിചയപ്പെടുത്തുന്ന ഭാഗം, വിവിധ സിനിമകളിൽ ചെയ്ത മേക്കപ്പിന്റെ വിശദാംശങ്ങൾ, നാടക-സിനിമാ അനുഭവങ്ങൾ എന്നിവയും ഈ പുസ്തകത്തെ പുതുമയും വൈവിധ്യവുമുള്ള വായനാനുഭവമാക്കി മാറ്റുന്നു.