‘‘നമുക്ക് പ്രിയപ്പെട്ടവരെന്നു കരുതി നെഞ്ചോടു ചേർക്കുംമുൻപ് ഒന്നുകൂടി ഒരുനിമിഷം ആലോചിക്കുക, ഇവർ നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണോയെന്ന്.’’ – ഏതോ ഒരു ഗ്രീക്ക് തത്വചിന്തകൻ പണ്ടെങ്ങോ പറഞ്ഞ ഈ മൊഴി ഈയിടെയായി ഇടയ്ക്കിടക്ക് എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. അപ്പോൾ മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് ഞാൻ

‘‘നമുക്ക് പ്രിയപ്പെട്ടവരെന്നു കരുതി നെഞ്ചോടു ചേർക്കുംമുൻപ് ഒന്നുകൂടി ഒരുനിമിഷം ആലോചിക്കുക, ഇവർ നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണോയെന്ന്.’’ – ഏതോ ഒരു ഗ്രീക്ക് തത്വചിന്തകൻ പണ്ടെങ്ങോ പറഞ്ഞ ഈ മൊഴി ഈയിടെയായി ഇടയ്ക്കിടക്ക് എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. അപ്പോൾ മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നമുക്ക് പ്രിയപ്പെട്ടവരെന്നു കരുതി നെഞ്ചോടു ചേർക്കുംമുൻപ് ഒന്നുകൂടി ഒരുനിമിഷം ആലോചിക്കുക, ഇവർ നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണോയെന്ന്.’’ – ഏതോ ഒരു ഗ്രീക്ക് തത്വചിന്തകൻ പണ്ടെങ്ങോ പറഞ്ഞ ഈ മൊഴി ഈയിടെയായി ഇടയ്ക്കിടക്ക് എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. അപ്പോൾ മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നമുക്ക് പ്രിയപ്പെട്ടവരെന്നു കരുതി നെഞ്ചോടു ചേർക്കുംമുൻപ് ഒന്നുകൂടി ഒരുനിമിഷം ആലോചിക്കുക, ഇവർ നമുക്ക് പ്രിയപ്പെട്ടവർ തന്നെയാണോയെന്ന്.’’ – ഏതോ ഒരു ഗ്രീക്ക് തത്വചിന്തകൻ പണ്ടെങ്ങോ പറഞ്ഞ ഈ മൊഴി ഈയിടെയായി ഇടയ്ക്കിടക്ക് എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്.

 

ADVERTISEMENT

അപ്പോൾ മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് ഞാൻ ഓർത്തുപോയത്. കാര്യസാധ്യത്തിനായി സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അമൃതുമായി വരുന്നവർ കയ്പുള്ള കാഞ്ഞിരക്കഷായമാണെന്നു കണ്ടുപിടിക്കാനുള്ള മാന്ത്രികശക്തിയൊന്നും എന്റെ പാവം മനസ്സിനില്ല. ആരെയെങ്കിലും വിശ്വസിക്കാതെ ഈ ഭൂമിയിൽ ആർക്കും ജീവിക്കാനുമാകില്ല. വിശ്വാസത്തിൽ അധിഷ്ഠിതമാണല്ലോ നമ്മുടെ ഹ്രസ്വമായ ജീവിതം. മനുഷ്യന്റെ മനഃശാസ്ത്രം കണ്ടുപിടിക്കുന്ന മഹാന്മാരായ സൈക്യാട്രിസ്റ്റുകൾ ഉണ്ടായിട്ടുകൂടി മനുഷ്യമനസ്സ് എന്താണെന്ന് ആർക്കും ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. 

 

ഇങ്ങനെയുള്ള ചില ചിന്തകൾ എന്നിലേക്കു വരുമ്പോൾ എന്റെ നീണ്ട നാൽപത്തിയഞ്ച് വർഷക്കാലത്തെ സിനിമാജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഒത്തിരി ചലച്ചിത്രകാരന്മാരും നിർമാതാക്കളുമൊക്കെയാണ് മനസ്സിലേക്കു കടന്നുവരുന്നത്.

 

ADVERTISEMENT

ഇവരിൽ ‘നേരെ വാ നേരെ പോ’ എന്ന മട്ടുള്ളവരെന്ന് എനിക്കു തോന്നിയിട്ടുള്ള അപൂർവം ചില വ്യക്തിത്വങ്ങളുണ്ട്. അവരിൽ ഒരാളെക്കുറിച്ചാണ് ഇക്കുറി ഞാൻ ഈ കോളത്തിൽ കുറിക്കുന്നത്. അതിൽ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും ഉറച്ച കോൺഗ്രസ് അനുയായിയുമായ സലീംകുമാറാണ്.

 

1997 മാർച്ചിലെ ഒരു പകൽ. ഞാൻ ഹൈവേ ഗാർഡനിലിരുന്നു പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യാൻ പോകുന്ന ‘സുവർണ സിംഹാസന’ത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്ന സമയം. പെട്ടെന്നാണ് തുറന്നുകിടക്കുന്ന വാതിലിൽ മുട്ടി അകത്തേക്കൊരു ചെറുപ്പക്കാരൻ കടന്നുവന്നത്. കറുത്തു മെലിഞ്ഞ് ഉയരംകൂടിയ, മുടി അൽപം ഉയർത്തി വച്ചിട്ടുള്ള ഒരു പെക്കൂലിയർ രൂപഭാവമുള്ള ആൾ. ഞാൻ അപരിചിതഭാവത്തോടെ നോക്കിയപ്പോൾ കക്ഷി സ്വയം പരിചയപ്പെടുത്തി: ‘‘ഗുഡ്മോണിങ് സാർ, ഞാൻ സലീംകുമാർ. ഒരു മിമിക്രി ആർട്ടിസ്റ്റാണ്. ഒന്നുരണ്ടു സിനിമകളില്‍ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സാറും പി.ജി. വിശംഭരൻ സാറും കൂടി ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് റിസപ്ഷനിൽ നിന്നറിഞ്ഞു. അതിൽ എനിക്ക് ഒരു ചാൻസ് തരണം.’’

 

ADVERTISEMENT

സലീംകുമാറിന്റെ പ്രത്യേക ശൈലിയിലുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു. ഞാൻ ഇരിക്കാൻ പറഞ്ഞപ്പോൾ മറ്റു ചാൻസ് മോഹികൾ കാണിക്കുന്നതു പോലെ അതിവിനയം കാണിച്ച് ഒതുങ്ങിനിൽക്കാതെ ചെറുപ്പക്കാരൻ അടുത്തു കിടന്നിരുന്ന സെറ്റിയിൽ ഇരുന്നു. ആമുഖമായുള്ള എന്റെ ചില ചോദ്യങ്ങൾക്ക് കക്ഷി വ്യക്തമായി മറുപടി പറഞ്ഞശേഷം ഞാൻ എഴുതിയ മിമിക്സ് പരേഡും കാസർകോഡ് കാദർഭായിയുമൊക്കെ കണ്ട കാര്യവും നല്ല രസകരമായ സിനിമയാണെന്നുമൊക്കെ പറഞ്ഞു. 

 

അപ്പോൾ എന്റെ മനസ്സിൽ ഒരു സംശയം കടന്നുവന്നു. ഒരു സിനിമാ നടന്റെ രൂപഭംഗിയൊന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരനായ ഇയാളൊക്കെ സിനിമയിൽ വന്നാൽ രക്ഷപ്പെടുമോ എന്നുള്ള ചിന്തയായിരുന്നു എനിക്ക്. പെട്ടെന്നുതന്നെ എന്റെ മനോമുകുരത്തിലേക്ക് മറ്റൊരു മറുചോദ്യം കൂടി തലനീട്ടി. നമ്മുടെ മാമുക്കോയയും മാള അരവിന്ദനുമൊക്കെ സൗന്ദര്യമുണ്ടായിട്ടാണോ വലിയ നടന്മാരായി മലയാള സിനിമയിൽ വിലസുന്നത്. 

 

അൽപനേരംകൂടിയിരുന്ന് സംസാരിച്ച ശേഷം ഞാൻ പറഞ്ഞു: ‘‘നമുക്ക് നോക്കാം സലീമേ. നാളെ കഴിഞ്ഞ് സംവിധായകൻ വിശ്വംഭരൻ വരും. അദ്ദേഹം വരുമ്പോൾ സലിം ഒന്നുകൂടി വന്നാൽ മതി.’’

 

സലിംകുമാർ വളരെ പ്രത്യാശയോടെയാണ് അന്നവിടുന്നു തിരിച്ചു പോയത്. 

 

രണ്ടു ദിവസം കഴിഞ്ഞ് വിശ്വംഭരൻ വന്നപ്പോൾ സലിംകുമാര്‍ കൃത്യസമയത്തു തന്നെ എത്തി. ഞാൻ സലീമിനെ പരിചയപ്പെടുത്തി. സലീമിന്റെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ വിശ്വംഭരൻ പതുക്കെ എന്നോട് പറഞ്ഞു, ‘‘നല്ല കോമഡി ലുക്കുണ്ടല്ലോടാ’’. വിശ്വംഭരന് കോമഡി പറയുന്നവരെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് താൽപര്യക്കുറവൊന്നും കാണിക്കാതെ ഒരു ചാൻസ് കൊടുത്തുനോക്കാമെന്നുള്ള പച്ചക്കൊടിയും കാട്ടി. ഹൈവേ ഗാർഡനിൽ സലീംകുമാറിന്റെ ഒരു സുഹൃത്തു താമസിക്കുന്നതുകൊണ്ടാണ് ഇടയ്ക്കൊക്കെ കക്ഷി അവിടെ വന്നുപോകുന്നത്. പിന്നീട് ചില വൈകുന്നേരങ്ങളിൽ സലീംകുമാർ ഞങ്ങളുടെ മുറിയിൽ വന്ന് എന്തെങ്കിലും കുസൃതി തമാശ നമ്പറുകളൊക്കെ പറഞ്ഞു പോവുകയും ചെയ്തു. 

 

പെട്ടെന്നാണ് ഒരു ദിവസം ഞങ്ങളുടെ മുറിയിലേക്ക് വളരെ സന്തോഷകരമായ ഒരു വാർത്തയും കൊണ്ട് സലിം വന്നത്. ‘‘സാർ, എനിക്ക് സിബി മലയില്‍ സാറിന്റെ പടത്തിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി. ദിലീപിന്റെ കൂടെ തരക്കേടില്ലാത്ത വേഷമാണ്. ‘നീ വരുവോളം’ എന്നാണ് ചിത്രത്തിന്റെ പേര്. എന്നെ അനുഗ്രഹിക്കണം സാർ.’’

 

അതുകേട്ടപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നി. ഒരു മിമിക്രിക്കാരൻ കൂടി രക്ഷപ്പെടട്ടെ എന്ന് തമാശരൂപേണ പറഞ്ഞ് സലിമിനെ അന്ന് അനുഗ്രഹിച്ചാണ് കോട്ടയത്തെ ലൊക്കേഷനിലേക്ക് പറഞ്ഞു വിട്ടത്. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ തിരക്കഥയുടെ തിരക്കിൽ ഇരിക്കുമ്പോള്‍ കോട്ടയത്ത് സിബിമലയിലിന്റെ ലൊക്കേഷനിൽനിന്ന് എന്റെ സുഹൃത്തും ബന്ധുവുമായ അലക്സാണ്ടർ വിളിക്കുകയാണ്: ‘‘ഡെന്നിച്ചായൻ അറിഞ്ഞില്ലേ? നിങ്ങൾ അനുഗ്രഹം ചൊരിഞ്ഞു പറഞ്ഞു വിട്ട സലിംകുമാറിനെ അഭിനയിക്കാൻ കൊള്ളത്തില്ലെന്നു പറഞ്ഞ് സിബി മലയിലിന്റെ ലൊക്കേഷനില്‍ നിന്നും പറഞ്ഞു വിട്ടു.’’

 

‘‘ഉം എന്തുപറ്റി?’’ എനിക്ക് ജിജ്ഞാസയായി. 

 

‘‘സലിംകുമാറിന്റെ അഭിനയം അവർക്ക് ഇഷ്ടപ്പെട്ടില്ലത്രേ. പകരക്കാരനായി ഇന്ദ്രൻസാണ് അഭിനയിക്കുന്നത്.’’

 

അന്ന് വൈകിട്ട് വിശ്വംഭരൻ മുറിയിൽ വന്നപ്പോൾ ഞാൻ ഈ വിവരം പറഞ്ഞു. ‘‘ചിലപ്പോൾ സലിമിന് പറ്റിയ വേഷമായിരിക്കില്ലെടാ. അല്ലാതെ അങ്ങനെ പറഞ്ഞു വിടുമോ?’’ വിശ്വംഭരനിലെ സംവിധായകന്റെ ഭാവന ഉണർന്നു. 

 

പിറ്റേന്ന് രാവിലെ തന്നെ സലീംകുമാർ ഞങ്ങളെ കാണാൻ ഹൈവേ ഗാർഡനിലെത്തി. വളരെ പ്രതീക്ഷയോടെ അഭിനയിക്കാൻ പോയിട്ട് തന്റെ അഭിനയം കൊള്ളില്ലെന്നു പറഞ്ഞ് തിരിച്ചയച്ചതിന്റെ നിരാശയും വിഷമവുമൊക്കെ സലീമിന്റെ മുഖത്ത് പ്രകടമാണെങ്കിലും അതൊന്നും സംസാരത്തിൽ കാണിക്കാതെ ചെറിയൊരു ചിരിപ്രസാദവുമായി നിൽക്കുന്നതു കണ്ടപ്പോൾ ‍ഞങ്ങൾക്കു വല്ലാത്ത വിഷമം തോന്നി. 

 

കോട്ടയത്തെ ലൊക്കേഷനിൽ ഉണ്ടായ സംഭവങ്ങളുടെ ആകെത്തുക സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ ഞങ്ങളുടെ മുൻപില്‍ അവതരിപ്പിക്കുകയായിരുന്നു സലിംകുമാര്‍.

 

അഭിനയിക്കാൻ കൊള്ളില്ലെന്നു പറഞ്ഞ് തിരസ്കരിക്കപ്പെട്ടവരാണ് നമ്മുടെ അമിതാഭ് ബച്ചനും ശിവാജി ഗണേശനുമൊക്കെ. അവരെപ്പോലെ ഇന്ന് ലോകം അറിയുന്ന വേറെ ഏത് നടന്മാരാണുള്ളത്. ശിവാജി ഗണേശന്റെ ഒരു അനുഭവ കഥ ഒരിക്കൽ ജെമിനി ഗണേശൻ മദ്രാസിൽ വച്ച് എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. അന്ന് തമിഴിലെ പ്രശസ്ത നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായ ജെമിനി വാസന്റെ ചിത്രത്തിനുവേണ്ടി ആർട്ടിസ്റ്റ് സിലക്‌ഷനിൽ പങ്കെടുക്കാൻ ശിവാജി ഗണേശനും എത്തിയിരുന്നു. എന്നാൽ ടെസ്റ്റിൽ, ശിവാജിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് തിരിച്ചയച്ചതാണ്. അന്ന് ജെമിനി ഗണേശൻ ജെമിനി സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സിലക്‌ഷൻ ടീമിലെ പ്രധാനിയായിരുന്നു. സിലക്‌ഷൻ ബുക്കിൽ ജെമിനി എഴുതിയത് ഇങ്ങനെ ആയിരുന്നു: ‘‘ഈ മനുഷ്യൻ ഭാവിയിൽ വലിയ ഒരു നടനാകും. ഇദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു അഭിനേതാവ് മറഞ്ഞിരിപ്പുണ്ട്.’’

 

ജെമിനി പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. 1952 ൽ ശിവാജി ഗണേശൻ ‘പരാശക്തി’യിലൂടെ വന്ന് തമിഴ് സിനിമാലോകം കീഴടക്കുകയായിരുന്നു. ഈ കഥ അന്നവിടെവച്ചു ഞാൻ സലിമിനോടു പറഞ്ഞു. ഇന്നതൊക്കെ സലിം ഓർക്കുന്നുണ്ടാവുമോ എന്നെനിക്കറിയില്ല. പിന്നെയും ഞാനും വിശ്വംഭരനും കൂടി ഓരോന്നു പറഞ്ഞ് സലിമിനെ ആശ്വസിപ്പിക്കുകയായിരുന്നു. സലീം ഇറങ്ങാൻ നേരം വിശ്വംഭരൻ പറഞ്ഞു: ‘‘സലിം വിഷമിക്കേണ്ട. ഞങ്ങളുടെ പുതിയ പടത്തിൽ സലിമിനെ ജനം ശ്രദ്ധിക്കുന്ന ഒരു വേഷം തന്നിരിക്കും. ധൈര്യമായിട്ട് പൊയ്ക്കോളൂ.’’

 

സലിം വളരെ പ്രത്യാശയോടെയാണ് അന്ന് അവിടെനിന്നിറങ്ങിയത്. 

 

കാലം തന്റെ മാന്ത്രിക വടികൊണ്ട് എന്തെല്ലാം അദ്ഭുതങ്ങളാണ് ഓരോ മനുഷ്യനിലും വാരി വിതറുന്നത്. അങ്ങനെ അന്ന് പറഞ്ഞതുപോലെ സലിമിനു വേണ്ടി കഥയിൽ ഇല്ലാത്ത ഒരു തമാശവേഷം ഞാൻ എഴുതി ഉണ്ടാക്കുകയും ചെയ്തു. സുരേഷ് ഗോപി, മുകേഷ്, സുകന്യ, ജഗതി, ജഗദീഷ്, നരേന്ദ്രപ്രസാദ്, കവിയൂർ പൊന്നമ്മ തുടങ്ങിയ വലിയ താരനിര അഭിനയിക്കുന്ന ‘സുവർണ സിംഹാസന’ത്തിൽ സലിംകുമാറിന് തരക്കേടില്ലാത്ത ഒരു വേഷമാണ് ഞങ്ങൾ കൊടുത്തത്. ആ വേഷം സലിം കുമാർ വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു. 

 

തുടർന്ന് ഞാൻ എഴുതിയ വളരെ കൊച്ചു ചിത്രമായ മേരാ നാം ജോക്കറിൽ നായകനായ നാദിർഷായുടെ കൂട്ടുകാരായ നാൽവർ സംഘത്തിൽപെട്ട ഒരാളുടെ ഒരു വേഷവും സലീമിന് കൊടുത്തു. അങ്ങനെ ചെറിയ കഥാപാത്രങ്ങളിലൂടെ വേഷപ്പകർച്ച കൊണ്ട് മലയാള സിനിമയിലെ നമ്പർ വൺ കോമഡി നടനായി മാറുകയായിരുന്നു സലീംകുമാർ. 

 

തുടർന്നുള്ള വർഷങ്ങൾ സലിമിന്റേതായിരുന്നു. മീശമാധവൻ, തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, പുലിവാൽ കല്യാണം, കല്യാണക്കച്ചേരി, മഴത്തുള്ളിക്കിലുക്കം, ചതിക്കാത്ത ചന്തു, മായാവി, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മറ്റൊരു നടനെ വച്ചു ചിന്തിക്കാൻ പോലും പറ്റാത്ത വിധം അത്ര രസകരമായിട്ടാണ് സലീംകുമാർ നിറഞ്ഞാടിയത്. അതിനു ശേഷം കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാല’ത്തിൽ സലീംകുമാർ അന്നുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ ഒരു മുസ്‌ലിം വൃദ്ധന്റെ സീരിയസ് റോളിലാണ് അഭിനയിച്ചത്.

 

പിന്നീട് നമ്മൾ കണ്ടത് സിബി മലയിലിന്റെ ലൊക്കേഷനിൽ നിന്ന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു തിരസ്കരിക്കപ്പെട്ട സലീംകുമാറിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ഇന്ത്യാ മഹാരാജ്യം ആദരിക്കുന്നതാണ്. ചില പ്രതിഭകൾ ആദ്യമൊന്നും അറിയപ്പെടാതെ ഭാവിയിൽ അറിയപ്പെടാൻ വേണ്ടി ചരിത്രം സൂക്ഷിച്ചുവയ്ക്കുന്ന ഒരു പ്രതിഭാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതു തന്നെയാണ് സലീംകുമാറിന്റെ ജീവിതത്തിലും സംഭവിച്ചത്. ഇതേ തുടർന്ന് സംസ്ഥാന സർക്കാരിന്റേതടക്കം എത്രയെത്ര പുരസ്‌കാരങ്ങളാണ് വടക്കൻ പറവൂർ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായ സലീംകുമാർ വാരിക്കൂട്ടിയത്.

 

അന്നുമിന്നും ഞാൻ സലീംകുമാറിൽ കണ്ട പ്രത്യേകത, ആദ്യ ദിവസം എന്നെ കാണാൻ വന്നപ്പോൾ സലീംകുമാറിൽ നിന്നുണ്ടായ ആ പെരുമാറ്റവും സംസാരവുമൊക്കെ ഇത്രയും ഉയരങ്ങളിലെത്തിയിട്ടും ഒരു മാറ്റവും വരുത്താതെ കാത്തുസൂക്ഷിച്ചു എന്നുള്ളതാണ്. സിനിമയിൽ ആരെയും ചെറുതായി കാണരുതെന്നുള്ള ഒരു ഓർമപ്പെടുത്തലാണ് സലീംകുമാർ. 

 

(തുടരും...)