‘ഗോഡ്ഫാദറി’ല്‍ അഞ്ഞൂറാനായെത്തിയ എന്‍.എന്‍.പിള്ള സാറിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം പറഞ്ഞത്. അഞ്ഞൂറാനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച ആനപ്പാറ അച്ചാമ്മയെക്കുറിച്ചു പറയാം ഇക്കുറി. അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം മനസ്സില്‍ കരുതിയത് ഒരു പുരുഷ കഥാപാത്രത്തെ തന്നെയായിരുന്നു. പക്ഷേ, മലയാള സിനിമയില്‍

‘ഗോഡ്ഫാദറി’ല്‍ അഞ്ഞൂറാനായെത്തിയ എന്‍.എന്‍.പിള്ള സാറിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം പറഞ്ഞത്. അഞ്ഞൂറാനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച ആനപ്പാറ അച്ചാമ്മയെക്കുറിച്ചു പറയാം ഇക്കുറി. അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം മനസ്സില്‍ കരുതിയത് ഒരു പുരുഷ കഥാപാത്രത്തെ തന്നെയായിരുന്നു. പക്ഷേ, മലയാള സിനിമയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗോഡ്ഫാദറി’ല്‍ അഞ്ഞൂറാനായെത്തിയ എന്‍.എന്‍.പിള്ള സാറിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം പറഞ്ഞത്. അഞ്ഞൂറാനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച ആനപ്പാറ അച്ചാമ്മയെക്കുറിച്ചു പറയാം ഇക്കുറി. അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം മനസ്സില്‍ കരുതിയത് ഒരു പുരുഷ കഥാപാത്രത്തെ തന്നെയായിരുന്നു. പക്ഷേ, മലയാള സിനിമയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗോഡ്ഫാദറി’ല്‍ അഞ്ഞൂറാനായെത്തിയ എന്‍.എന്‍.പിള്ള സാറിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം പറഞ്ഞത്. അഞ്ഞൂറാനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച ആനപ്പാറ അച്ചാമ്മയെക്കുറിച്ചു പറയാം ഇക്കുറി. അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം മനസ്സില്‍ കരുതിയത് ഒരു പുരുഷ കഥാപാത്രത്തെ തന്നെയായിരുന്നു. പക്ഷേ, മലയാള സിനിമയില്‍ ചിരവൈരികളായ പുരുഷൻമാരുടെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരുകാലത്തും പഞ്ഞമില്ലാതിരുന്നതുകൊണ്ട് അഞ്ഞൂറാന്റെ ശത്രുസ്ഥാനത്ത് മറ്റൊരു പുരുഷന്‍ വന്നാല്‍ കഥയില്‍ വലിയ പുതുമയുണ്ടാകില്ലെന്നു തോന്നിയാണ് ആനപ്പാറ അച്ചാമ്മ എന്ന കുരുട്ടുബുദ്ധിക്കാരിയായ വില്ലത്തിയെ കൊണ്ടുവന്നത്. ആ തീരുമാനത്തില്‍ പിള്ള സാറും അന്ന് ഞങ്ങളെ അഭിനന്ദിച്ചിരുന്നു. അച്ചാമ്മയുടെ മണ്ടത്തരത്തിന്റെയും വില്ലത്തരത്തിന്റെയും അനന്തരഫലങ്ങളാണ് ഇരു കുടുംബാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും തുടര്‍ന്നുള്ള സംഭവപരമ്പരകള്‍ക്കും കാരണം. അതിന് ആരു വേണമെന്ന ആലോചനയായി ഞാനും ലാലും. 

 

ADVERTISEMENT

ഞാന്‍ സിനിമ കണ്ടു തുടങ്ങിയ കാലം മുതലേ എനിക്കു ഫിലോമിനച്ചേച്ചിയെ വലിയ ഇഷ്ടമാണ്. ചേച്ചിയുടെ ഡയലോഗുകളും അവതരണശൈലിയും എന്നിലെ സിനിമാപ്രേമിയെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സിനിമയില്‍ ഫിലോമിനച്ചേച്ചി വേണം എന്ന ആഗ്രഹത്തിന്റെ പുറത്തു തന്നെയാണ് ചേച്ചിയെ അച്ചാമ്മയാക്കിയത്. ഒരുഭാഗത്ത് ശക്തനും അതിബുദ്ധിമാനുമായ അഞ്ഞൂറാന്‍. എതിര്‍ഭാഗത്ത് ദുര്‍ബലയും ബുദ്ധിശൂന്യയുമായ ഒരു സ്ത്രീ. ആ കഥാപാത്രമാകാന്‍ ഏറ്റവും ഉചിതം ഫിലോമിനച്ചേച്ചി തന്നെയാണ്. 

 

‘ഗോഡ്ഫാദറി’ല്‍ അഭിനയിക്കാന്‍ വരുന്ന സമയത്ത് ഫിലോമിനച്ചേച്ചിയുടെ ആരോഗ്യം വളരെ ക്ഷയിച്ച് തുടങ്ങിയിരുന്നു. പ്രമേഹം കൂടുതലായി കാലിലെ ഒരു വിരല്‍ മുറിച്ചു കളഞ്ഞിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണു ചേച്ചി ആ സിനിമയിൽ അഭിനയിച്ചത്. അഞ്ഞൂറാന്‍ തന്റെ പേരക്കുട്ടിയുടെ കല്യാണം മുടക്കി എന്നറിയുമ്പോള്‍ ആനപ്പാറ അച്ചാമ്മ കലി തുള്ളി നാടന്‍ തോക്കും എടുത്തുകൊണ്ട് ഇറങ്ങിപ്പുറപ്പെടുന്ന ഒരു രംഗമുണ്ട്. അഞ്ഞൂറാനെ വെടിവച്ചു കൊല്ലാനാണു പോക്ക്. അന്നേരം മക്കളെല്ലാവരും ചേര്‍ന്ന് അമ്മയെ പിടിച്ചു നിര്‍ത്തും. അമ്മയും മക്കളും തമ്മില്‍ പിടിവലി. ശങ്കരാടിച്ചേട്ടൻ അഭിനയിച്ച വക്കീൽ കഥാപാത്രം തോക്കു പിടിച്ചു വാങ്ങാൻ നോക്കുമ്പോൾ അച്ചാമ്മ ശങ്കരാടിച്ചേട്ടന്റെ കയ്യിൽ കടിക്കും. അതിനിടെ തോക്കില്‍നിന്ന് ഒരു വെടി പൊട്ടും. അതിന്റെ തുടര്‍ച്ചയായി അച്ചാമ്മ കുഴഞ്ഞു വീഴുകയാണ്. ആ രംഗം അഭിനയിച്ച് യഥാര്‍ഥത്തില്‍ ഫിലോമിനച്ചേച്ചി കുഴഞ്ഞുവീണു. ഞങ്ങളെല്ലാം വിചാരിച്ചത് ചേച്ചി അഭിനയിച്ചതാണെന്നാണ്. പക്ഷേ അല്ലായിരുന്നു. കട്ട് പറഞ്ഞിട്ടും എഴുന്നേല്‍ക്കുന്നില്ല. നേരെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി ഡ്രിപ്പിട്ടു. അതു കഴിഞ്ഞ് ക്ഷീണം മാറ്റിയിട്ടാണ് അടുത്ത രംഗം അഭിനയിക്കാന്‍ ചേച്ചി വന്നത്. 

 

ADVERTISEMENT

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രേം ആയാസപ്പെട്ട് അഭിനയിച്ചിട്ടില്ല സിദ്ദിഖേ, ലാലേ.’

 

‘പക്ഷേ, അതിഗംഭീരമായിരുന്നു ചേച്ചി.’ ഞാനും ലാലും പറഞ്ഞപ്പോൾ ചേച്ചിക്കു സന്തോഷമായി. അതുപോലെ ചേച്ചിക്കു ഡയലോഗുകള്‍ മനഃപാഠമാക്കി ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമുണ്ടായിരുന്നു. അഞ്ഞൂറാനെതിരെ നിവര്‍ന്നു നില്‍ക്കാന്‍ മക്കള്‍ക്കു പറ്റുന്നില്ലെന്നു തിരിച്ചറിഞ്ഞ് ആനപ്പാറ അച്ചാമ്മ വളരെ വേദനയോടെ ഡയലോഗ് പറയുന്ന ഒരു രംഗമുണ്ട്. 

 

ADVERTISEMENT

‘അവിടെ അഞ്ഞൂറാന്റെ ഭാര്യ നാല് പ്രസവിച്ചപ്പോള്‍ ഇവിടെ ഞാനും പ്രസവിച്ചെടാ നാലെണ്ണത്തിനെ. അവിടെ അവര്‍ ബാലരാമന്‍ എന്നു പേരിട്ടപ്പോള്‍ ഇവിടെ ഞാന്‍ പരശുരാമന്‍ എന്ന് പേരിട്ടു. അവിടെ അവര്‍ പ്രേമചന്ദ്രന്‍ എന്ന് പേരിട്ടപ്പോള്‍ ഇവിടെ ഞാന്‍ ഹേമചന്ദ്രന്‍ എന്ന് പേരിട്ടു. അവിടെ സ്വാമിനാഥന്‍ എന്ന് പേരിട്ടപ്പോള്‍ ഇവിടെ ഭൂമിനാഥൻ എന്ന് പേരിട്ടു. അവിടെ രാമഭദ്രന്‍ എന്ന് വിളിച്ചപ്പോൾ ഇവിടെ വീരഭദ്രന്‍ എന്ന് വിളിച്ചു. അങ്ങനെ പേരില്‍ പോലും വിട്ടു കൊടുത്തിട്ടില്ലെടാ ഈ അച്ചാമ്മ. പക്ഷേ, പിന്നീടാണ് എനിക്കു മനസ്സിലായത് അവിടെ ജനിച്ചത് നാല് ആണ്‍പിള്ളേരാണെന്നും ഇവിടെ ജനിച്ചവൻമാരൊക്കെ ആണും പെണ്ണും കെട്ടവന്‍മാരാണെന്നും.’

 

ആ ഭാഗം മുഴുവന്‍ ചിത്രീകരിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും ചേച്ചിക്കു ഡയലോഗ് ഓര്‍ത്തു പറയാന്‍ പറ്റുന്നില്ല. മുറിച്ചു മുറിച്ചാണു പറഞ്ഞിരുന്നത്. ഒന്നുകിൽ പേരു തെറ്റും. അല്ലെങ്കിൽ ഒാർഡർ തെറ്റും. ഇന്നത്തെ ടെക്നേളജി ഒന്നും അന്നില്ലാതിരുന്നതുകൊണ്ട് ആ ഡയലോഗുകൾ മുറിഞ്ഞു തന്നെ നിന്നു. ഒടുക്കം ആ ഭാഗം മുഴുവനായി സിനിമയില്‍നിന്ന് എടുത്തു മാറ്റി.

 

‘ഗോഡ്ഫാദറി’നു മുന്‍പ് ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലാണ് ഫിലോമിനച്ചേച്ചി ഞങ്ങള്‍ക്കൊപ്പം ആദ്യമായി സഹകരിക്കുന്നത്. അതില്‍ മായയുടെയും സേതുമാധവന്റെയും മുത്തശ്ശിയായിരുന്നു. പിന്നീടാണ് ‘ഗോഡ്ഫാദര്‍’. അതിനു ശേഷം ‘വിയറ്റ്‌നാം കോളനി’. 

 

‘ഹരിഹര്‍ നഗറി’ല്‍ മായയെ വളയ്ക്കാന്‍ ആദ്യം മായയുടെ മുത്തശ്ശിയെ ചാക്കിലാക്കാന്‍ നാല്‍വര്‍ സംഘം തീരുമാനിക്കുന്നുണ്ട്.  സിദ്ദീഖ് അവതരിപ്പിച്ച ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രം വീട്ടില്‍ പോയി കോളിങ് ബെല്‍ അടിക്കുന്നതും ഫിലോമിനച്ചേച്ചി വാതില്‍ തുറന്ന് ഒരു വാക്കത്തിയുമായി വെട്ടാന്‍ വരികയാണ്. വെട്ടുന്നതിനുമുൻപ് ചാടി ഗോവിന്ദൻകുട്ടിയുടെ നെഞ്ചിൽ ചവിട്ടണം. അന്ന് ക്യാമറാ ചെയ്തത് വേണുവാണ്. വേണു ഉടക്കി നില്‍ക്കുകയാണ്.

 

‘അത്രയും പ്രായമുള്ള ഒരു സ്ത്രീക്ക് അങ്ങനെ ചാടിച്ചവിട്ടാന്‍ പറ്റില്ല. നമ്മള്‍ ചെറുപ്പക്കാര്‍ക്കേ പറ്റുന്നില്ല. പിന്നല്ലേ.’

 

‘നമ്മള്‍ സിനിമയില്‍ കാണുന്നതു മുഴുവന്‍ പറ്റുന്ന കാര്യങ്ങളാണോ? പറ്റാത്ത കാര്യങ്ങളെ പറ്റും എന്നു വിശ്വസിപ്പിക്കുകയല്ലേ ചെയ്യുന്നത്?’ ഞാന്‍ ചോദിച്ചു.

 

‘അത് വിശ്വസിപ്പിക്കാന്‍ പറ്റില്ല,’ വേണു തീര്‍ത്തു പറഞ്ഞു.

 

‘നമുക്ക് വിശ്വസിപ്പിക്കാം.ഞാനും ലാലും ഉറപ്പു കൊടുത്തു.

 

അതില്‍ ചേച്ചി ചവിട്ടുന്നതായി കാണിക്കുന്നുണ്ട്. പക്ഷേ, ആ കാല് ലാലിന്റെയാണ്. ലാലിനു നല്ല ഉയരവുമുണ്ട്, പിന്നെ അത്തരം അഭ്യാസങ്ങളൊക്കെ അറിയുകയും ചെയ്യാം. ചേച്ചിയുടെ വസ്ത്രം ധരിച്ചാണ് ലാൽ അതു ചെയ്തത്. ‘വിയറ്റ്‌നാം കോളനി’യില്‍ ഇന്നസന്റേട്ടന്‍ കോണിപ്പടിയില്‍നിന്നു തെന്നി വീഴുന്നതായി കാണിക്കുമ്പോഴും ഉപയോഗിച്ചത് ലാലിന്റെ കാലാണ്. 

 

‘ഹരിഹര്‍ നഗറി’ല്‍ ഫിലോമിനച്ചേച്ചി രാത്രി ആഴ്ചപ്പതിപ്പിലെ നോവല്‍ വായിച്ച് അലറി വിളിക്കുന്നൊരു രംഗമുണ്ട്. അക്കാലത്ത് മനോരമ തുടങ്ങിയ വാരികകളിലെല്ലാം മാന്ത്രിക നോവലുകൾ പ്രസിദ്ധീകരിക്കുമായിരുന്നു. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ രംഗമാണത്. 

 

‘ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കേ ഉടല്‍ നിറയെ കൈകളുള്ള ഭീകരസത്വമായി സുഭദ്ര...’

 

ഇതു വായിക്കുന്നതിനിടെയാണ് ജനലിനപ്പുറത്തു ജഗദീഷ് മുകേഷിന്റെ തോളില്‍ കയറിയിരിക്കുന്നതു കാണുന്നത്. പുസ്തകത്തിലെ കഥാപാത്രം ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ടപ്പോൾ അലറിക്കരയുന്നതാണ് രംഗം. ഇത്തരം രംഗങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ എഴുത്തുകാരനു പ്രചോദനമാകുന്നത് അഭിനേതാക്കളാണ്. ഫിലോമിനച്ചേച്ചിയെ ഇൗ കഥാപാത്രമായി ആലോചിച്ചതിനുശേഷമാണ് ഇത്തരം രംഗങ്ങൾ ഉണ്ടാകുന്നത്. ചേച്ചിയില്‍നിന്നു ഞങ്ങള്‍ ഉദ്ദേശിക്കുന്നതു കിട്ടും എന്നു ഞങ്ങള്‍ക്കറിയാം. അതുപോലെ ഇന്നസന്റേട്ടനും മാമുക്കയ്ക്കും ഒക്കെ വേണ്ടി തമാശ ഉണ്ടാക്കേണ്ടി വരാറില്ല. അത് തനിയേ വന്നോളും. 

 

ഫിലോമിനച്ചേച്ചിക്കു രാത്രിയായാല്‍ ചെറുതായൊന്നു മദ്യപിക്കണം. വളരെ നേരത്തേ മുതലുള്ള സ്വഭാവമാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോള്‍ വഴിയില്‍ കാർ നിര്‍ത്തിയിട്ടിരിക്കുന്നു.

 

‘ഫിലോമിനച്ചേച്ചി കയറിപ്പോയ കാറല്ലേ അത്? ഇതെന്താ ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്?’ വേണു ചോദിച്ചു.

 

കോഴിക്കോട് ‘ഗോഡ്ഫാദറി’ന്റെ ലൊക്കേഷന്‍ ആണ്. അന്ന് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ രാത്രി ഒരു മണിയോട് അടുത്തിരുന്നു. രണ്ടു മണിക്കാണ് വഴിയില്‍ കാർ കണ്ടത്. ഞങ്ങള്‍ നേരെ ചെന്നു.

 

‘എന്താ ചേച്ചി ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്?’

 

‘ഒന്നുമില്ല, ഞാനൊരു സാധനം വാങ്ങിക്കാന്‍ വേണ്ടി വന്നതാണ്.’

 

അവിടെ എന്തു സാധനം വാങ്ങിക്കാനാണ് എന്നു പരസ്പരം അദ്ഭുതപ്പെട്ടുകൊണ്ട് ഞങ്ങള്‍ കൂടുതലൊന്നും ചോദിക്കാതെ സ്ഥലം കാലിയാക്കി. പിറ്റേന്നു ചേച്ചി സെറ്റില്‍ വന്നു.

 

‘അല്ല ചേച്ചി, പാതിരാത്രി എന്തു വാങ്ങിക്കാനാണ്?’

 

‘എന്റെ സിദ്ദിഖേ, ഒന്നും പറയണ്ട. മാനം കെട്ടു.’

 

‘എന്തു പറ്റി ചേച്ചി?’

 

‘എന്റെ കയ്യിലെ പഴ്‌സില്‍ പൈസ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഡ്രൈവറോടു സാധനം വാങ്ങിക്കാന്‍ ലിക്കര്‍ ഷോപ്പില്‍ നിര്‍ത്താന്‍ പറഞ്ഞത്.’

 

അന്ന് ലിക്കര്‍ ഷോപ്പുകള്‍ സര്‍ക്കാരിന്റെയല്ല. പന്ത്രണ്ടു മണി കഴിഞ്ഞാല്‍ പൂട്ടും. പിന്നെ ചെറിയൊരു കിളിവാതിലിലൂടെയാണ് ഈ കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍. ഡ്രൈവര്‍ പോയി സാധനം വാങ്ങി. പൈസയ്ക്കായി ചേച്ചിയുടെ അടുത്തെത്തിയപ്പോഴാണ് ചേച്ചി പഴ്‌സ് എടുത്തിട്ടില്ല എന്നു മനസ്സിലായത്. ഡ്രൈവറോട് കടം ചോദിച്ചപ്പോള്‍ അയാളുടെ കയ്യിലും പൈസയില്ല. 

 

‘പിന്നെ സാധനം തിരിച്ചു കൊടുത്ത് പോന്നു. ഡ്രൈവറോടും കടം ചോദിച്ച് നാണം കെട്ടു.’

 

‘എങ്കില്‍പ്പിന്നെ ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിക്ക് ചോദിച്ചൂടായിരുന്നോ?’

 

‘നിങ്ങളെ എങ്ങനെയെങ്കിലും പറഞ്ഞു വിടാന്‍ നോക്കുവായിരുന്നു ഞാന്‍. കുപ്പി വാങ്ങിക്കാന്‍ നില്‍ക്കുകയാണെന്നു നിങ്ങളോട് എനിക്കു പറയാന്‍ പറ്റുമോ?’

 

പിന്നെ സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. 

 

പിള്ള സാറിനെപ്പോലെ ചേച്ചിക്കും റിഹേഴ്‌സല്‍ ഇല്ലായിരുന്നു. ഡയലോഗ് പറഞ്ഞു പഠിക്കല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും നാടകത്തില്‍നിന്നു വന്നവരാണല്ലോ. അതുപോലെ തന്നെയാണ് കെപിഎസി ലളിത. നര്‍മം എത്രത്തോളം വഴങ്ങുമോ അതുപോലെ വൈകാരിക രംഗങ്ങളും മനോഹരമാക്കുന്ന കലാകാരിയായിരുന്നു. 

 

‘ഗോഡ്ഫാദറി’ലെ ലളിതച്ചേച്ചിയുടെ കഥാപാത്രത്തിന്റെ പേര് കൊച്ചമ്മിണി എന്നായിരുന്നു. ആ വേഷത്തിലേക്ക് ആദ്യം വേറൊരു നടിയെയാണ് മനസ്സില്‍ കണ്ടിരുന്നത്. പക്ഷേ, കഥ മുഴുവന്‍ കേട്ടു കഴിഞ്ഞ് ഇന്നസന്റേട്ടന്‍ ചോദിച്ചു:

 

‘ഈ വേഷം ചെയ്യുന്നത് ആരാണ്?’

 

ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന ആളുടെ പേര് പറഞ്ഞു.

 

‘അയ്യോ അവരൊന്നും മതിയാകില്ല. ഇത് ലളിത തന്നെ ചെയ്യണം. കുറെ ഷേഡുള്ള കഥാപാത്രമല്ലേ. അവര് ചെയ്താലേ നില്‍ക്കൂ.’

 

‘ഇന്നസന്റേട്ടാ, ചേച്ചി നമ്മുടെ പടത്തിലൊക്കെ വരുമോ? ഭരതന്‍ സാറിന്റെ ഭാര്യയല്ലേ?’

 

‘ഏയ് അങ്ങനെയൊന്നുമില്ല. കഥാപാത്രം നല്ലതാണെങ്കില്‍ അവരെന്തായാലും വരും.’

 

അങ്ങനെ ചേച്ചി വന്നു. സീന്‍ വായിച്ചു കഴിഞ്ഞ് ചേച്ചി മേക്കപ്പിടുകയാണ്. സീനില്‍ എഴുതി വയ്ക്കാത്ത കുറെ കാര്യങ്ങളുണ്ടാകും സിനിമയില്‍. അത് ടേക്കിനു മുന്‍പായി ആര്‍ട്ടിസ്റ്റിനു പറഞ്ഞു കൊടുക്കും. ചിലര് പറയും അതുവച്ച് ഒരു റിഹേഴ്‌സല്‍ കൂടി എടുക്കാം എന്ന്. അങ്ങനെ ചെയ്യും. സെറ്റിലെ ലളിതച്ചേച്ചിയുടെ ആദ്യ ദിവസം. ചേച്ചി റിഹേഴ്സൽ ചോദിച്ചില്ല, ടേക്ക് പോകാമെന്നു പറഞ്ഞു, ഞങ്ങളൊന്നു പകച്ചു.  ജഗദീഷ് പുറത്തുകൂടി വരുമ്പോള്‍ ചേച്ചി ജഗദീഷിനെ തള്ളിയിട്ട് അകത്തേക്കു കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്ന വളരെ ദൈർഘ്യമുള്ള രംഗമാണ്. കട്ട് ഇല്ലാതെ ഒന്നിച്ചാണു ചിത്രീകരിക്കുന്നത്. മേക്കപ്പിനിടെ ഞാന്‍ ചെന്ന് ലളിതച്ചേച്ചിയോടു പറഞ്ഞു:

 

‘ചേച്ചി, അവിടെ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും. ഇവിടെ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും’ എന്നൊക്കെ.

 

ചേച്ചി മൂളിക്കേള്‍ക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധിച്ചിട്ടില്ല എന്നെനിക്കു തോന്നി. പോട്ടെ, ആദ്യമായല്ലേ ചേച്ചി നമ്മുടെ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ടേക്ക് എന്നു പറഞ്ഞതും, ഞാന്‍ ആ ചുരുങ്ങിയ സമയംകൊണ്ടു പറഞ്ഞു കൊടുത്ത എല്ലാ കാര്യങ്ങളും മനോഹരമായി ചേച്ചി അവതരിപ്പിച്ചു. നടപ്പിന്റെ സ്പീഡില്‍ വരെ വൈകാരികത വിടാതെ ലളിതച്ചേച്ചി ആ സീന്‍ അഭിനയിച്ചു. കിണറ്റില്‍ ചാടാന്‍ പോകുന്ന സീനില്‍ ചേച്ചി റിഹേഴ്‌സല്‍ കഴിഞ്ഞ് കിതച്ചു വന്നിരുന്ന് ഇന്നസന്റേട്ടനോടു പറഞ്ഞു:

 

‘എന്തൊരു വലിയ സീക്വന്‍സുകളാണ്. എനിക്കു പറ്റുന്നില്ല. ശ്വാസം കിട്ടുന്നില്ല.’

 

‘അത് ലളിത വിഷമിക്കണ്ട. സ്‌ക്രീനില്‍ വരുമ്പോള്‍ ഗംഭീരമായിരിക്കും. ഞാന്‍ ഇവന്‍മാരുടെ കൂടെ തുടക്കം മുതലില്ലേ. എന്നെ കുറെ വിഷമിപ്പിച്ചതാ.’

 

‘ആഹ്, നന്നായി വന്നാല്‍ കൊള്ളാം’ എന്നു ചേച്ചി പറയുകയും ചെയ്തു.

 

ഞാന്‍ സംവിധാനം ചെയ്ത ‘ക്രോണിക് ബാച്ചിലര്‍’ എന്ന സിനിമയില്‍ മുകേഷിന്റെ അമ്മയായാണ് ചേച്ചി അഭിനയിച്ചത്. മകന്റെ കാറില്‍നിന്ന് ഒറ്റച്ചെരിപ്പിട്ട് ഞൊണ്ടി നടക്കുന്ന ഒരു രംഗമുണ്ട്. ആ സിനിമ ടിവിയില്‍ വന്ന ഒരു ദിവസം ചേച്ചി എന്നെ വിളിച്ചു.

 

‘എന്റെ സിദ്ദിഖേ... ഞാന്‍ ചിരിച്ചു ചിരിച്ചു വീണു. എന്റെ അഭിനയം കണ്ടിട്ട് എനിക്കു സാധാരണ ചിരി വരാറില്ല. പക്ഷേ. ആ ചെരിപ്പില്ലാതെ നടക്കുന്നതൊക്കെ കണ്ടപ്പോള്‍ വേറെ ആരോ ആണെന്നു തോന്നി.’

 

‘ഫുക്രി’ വരെയുള്ള എന്റെ സിനിമകളില്‍ പിന്നീട് ലളിതച്ചേച്ചി അഭിനയിച്ചിട്ടുണ്ട്. അതുകൂടാതെ ഞങ്ങള്‍ ഒന്നിച്ച് അമേരിക്കയില്‍ ഒരു ഷോയ്ക്കു പോയിട്ടുണ്ട്. സാധാരണ സുകുമാരിച്ചേച്ചിയാണു വരാറ്. സുകുമാരിച്ചേച്ചിയെ ഒരു ഷോയ്ക്കു കൊണ്ടുപോയാല്‍ പിന്നെ പെണ്‍കുട്ടികളുടെ കാര്യങ്ങളൊക്കെ ചേച്ചി ശ്രദ്ധിച്ചോളും. സ്‌റ്റേജിലും ചേച്ചി വളരെ സജീവമാണ്. ചേച്ചി മരിച്ചതിനുശേഷമുള്ള ഷോയ്ക്കാണു ലളിതച്ചേച്ചിയെ കൊണ്ടുപോയത്. സ്‌റ്റേജില്‍നിന്നു വന്ന ലളിതച്ചേച്ചി എങ്ങനെയാണ് സ്റ്റേജ് തന്റേതാക്കുന്നത് എന്നു കണ്ടുനിന്ന ഞങ്ങളെല്ലാം ആശ്ചര്യപ്പെട്ടിട്ടുണ്ട്. 

 

എന്റെ മകള്‍ സുക്കൂണിന് സെറിബ്രല്‍ പാള്‍സിയാണ്. അവള്‍ നടക്കില്ല. അവള്‍ക്കു രണ്ടു വയസ്സുള്ളപ്പോള്‍ കോഴിക്കോടുനിന്നു ചികിത്സയ്ക്കുശേഷം ഞങ്ങള്‍ ട്രെയിനില്‍ തിരിച്ചു വരികയാണ്. അന്ന് ലളിതച്ചേച്ചിയും ട്രെയിനില്‍ ഉണ്ടായിരുന്നു. ചേച്ചിക്കു മോളെ വളരെ ഇഷ്ടമായി. മരിക്കുന്നതിനു മുന്‍പ് അവസാനമായി സംസാരിച്ചപ്പോഴും ചേച്ചി എന്നോടു ചോദിച്ചു:

 

‘മോള് നടന്നോ?’

 

‘ഇല്ല ചേച്ചി.’

 

‘വിഷമിക്കേണ്ട സിദ്ദിഖേ. അവള്‍ നടക്കും.’

 

ഇതുവരെ അവള്‍ നടന്നില്ല. പക്ഷേ, ചേച്ചിയുടെ ആ വാക്കുകളും സ്‌നേഹവും കരുതലും ഞാന്‍ എന്നും ഓര്‍ക്കും, അത് എന്നും ഒരു പ്രതീക്ഷയാണ്.