സമീപകാലത്തെ രണ്ടു പ്രധാന സിനിമകളിൽ മമ്മൂട്ടി കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും. രണ്ടു കഥാപാത്രങ്ങളും സ്വയം തിരിച്ചറിയുന്ന രംഗമാണിത്. ഒരാൾ തന്നിലെ അപരവ്യക്തിത്വവും രണ്ടാമൻ തന്റെ ലൈംഗികസ്വത്വവും സ്വയം കണ്ടെത്തുന്നതിന്റെ ദൃശ്യപ്രകാശനങ്ങളാണ് അവ. മറ്റൊരാളെ

സമീപകാലത്തെ രണ്ടു പ്രധാന സിനിമകളിൽ മമ്മൂട്ടി കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും. രണ്ടു കഥാപാത്രങ്ങളും സ്വയം തിരിച്ചറിയുന്ന രംഗമാണിത്. ഒരാൾ തന്നിലെ അപരവ്യക്തിത്വവും രണ്ടാമൻ തന്റെ ലൈംഗികസ്വത്വവും സ്വയം കണ്ടെത്തുന്നതിന്റെ ദൃശ്യപ്രകാശനങ്ങളാണ് അവ. മറ്റൊരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തെ രണ്ടു പ്രധാന സിനിമകളിൽ മമ്മൂട്ടി കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും. രണ്ടു കഥാപാത്രങ്ങളും സ്വയം തിരിച്ചറിയുന്ന രംഗമാണിത്. ഒരാൾ തന്നിലെ അപരവ്യക്തിത്വവും രണ്ടാമൻ തന്റെ ലൈംഗികസ്വത്വവും സ്വയം കണ്ടെത്തുന്നതിന്റെ ദൃശ്യപ്രകാശനങ്ങളാണ് അവ. മറ്റൊരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തെ രണ്ടു പ്രധാന സിനിമകളിൽ മമ്മൂട്ടി കണ്ണാടിയിൽ നോക്കുന്ന രംഗമുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും. രണ്ടു കഥാപാത്രങ്ങളും സ്വയം തിരിച്ചറിയുന്ന രംഗമാണിത്. ഒരാൾ തന്നിലെ അപരവ്യക്തിത്വവും രണ്ടാമൻ തന്റെ ലൈംഗികസ്വത്വവും സ്വയം കണ്ടെത്തുന്നതിന്റെ ദൃശ്യപ്രകാശനങ്ങളാണ് അവ. മറ്റൊരാളെ നോക്കുന്നതുപോലെ ഒരാൾ തന്നെത്തന്നെ നോക്കിക്കാണുന്ന ഈ പ്രവണതയെ മനഃശാസ്ത്രജ്ഞർ ‘മിറർ ഗെയ്‌സിങ്’' എന്നാണു വിളിക്കുന്നത്. കഥാപാത്രങ്ങൾ മാത്രമല്ല അദ്ദേഹത്തിലെ നടനും താരവും ഈ കണ്ണാടിനോട്ടം പതിവാക്കിയിരിക്കുകയാണ് എന്നു തോന്നും. സ്വന്തം പ്രതിച്ഛായയോടു പൊരുതുന്നതിനും സ്വയം പുതുക്കുന്നതിനും അഴിച്ചുപണിയുന്നതിനുംവേണ്ടിയുള്ള ആത്മപരിശോധന കൂടിയാണത്.  

പ്രതിബിംബക്കെണിയിൽ അകപ്പെടാതിരിക്കാനുള്ള കരുതലുകൾ മമ്മൂട്ടിയുടെ കരിയറിലുടനീളം കാണാം. സ്‌നേഹം കിനിയുന്ന ദീപ്തപൗരുഷം, ധീരോദാത്തനതിപ്രതാപഗുണവാൻ എന്നീ വാർപ്പുമാതൃകകളിൽ തളച്ചിടപ്പെട്ട താരശരീരത്തിൽനിന്നുള്ള കുതറലുകൾ. ഒരു വശത്ത്, ദുർബലനും നിസ്സഹായനുമായ മനുഷ്യന്റെ നിശ്ശബ്ദമായ നിലവിളികൾക്കു ചെവിയോർത്തുകൊണ്ട് ഭൂതക്കണ്ണാടിയിലും 'തനിയാവർത്തന'ത്തിലും പേരൻപിലും പൊന്തൻമാട'യിലും ഡാനിയിലും നടത്തിയ കരുണാർദ്രമായ പകർന്നാട്ടങ്ങൾ. മറുവശത്ത്, വിധേയനിലും പാലേരി മാണിക്യത്തിലും പുഴുവിലും ഭ്രമയുഗത്തിലും നാം കണ്ട ദുര മൂത്ത അധികാരത്തിന്റെ പുരുഷാകാരങ്ങൾ.

ADVERTISEMENT

Read More: ‘മഞ്ഞുമ്മൽ’ കണ്ടു, ചന്ദനക്കുറി സുധിക്കു നിർബന്ധം: ദീപക്കിനു നന്ദി പറഞ്ഞ് സുധിയുടെ ഭാര്യ

ഇവയ്ക്കിടയിൽ വിസ്മയകരമായ വഴക്കമുള്ള ശരീരഭാഷയുമായി പ്രാഞ്ചിയേട്ടനും രാജമാണിക്യവും നിലകൊള്ളുന്നു. എന്നാൽ ഇടയ്ക്കിടെ കണ്ണാടിനോക്കിക്കൊണ്ട് ഉടലിനെ പരീക്ഷണോപാധിയാക്കുന്നതിലെ സാമാന്യം ദീർഘമായ ഇടവേളകൾ ഒഴിവാക്കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. സ്വന്തം താരപദവിയെ പുനർനിർവചിച്ചുകൊണ്ട് സമകാലികർക്കും പിൻഗാമികൾക്കും അനുകരണീയമായ മാതൃകകൾ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

മമ്മൂട്ടിയുടെ സമീപകാല വേഷപ്പകർച്ചകൾ മലയാള സിനിമയ്ക്ക് പുത്തനുണർവു നൽകുന്നുണ്ട്. പ്രമേയത്തിലും ദൃശ്യപരിചരണത്തിലുമുള്ള ധീരമായ പരീക്ഷണങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വിധം മുഖ്യധാരാ പ്രേക്ഷകരുടെ സംവേദനക്ഷമതയെ നവീകരിക്കുന്ന ദൗത്യം കൂടി അദ്ദേഹം നിർവഹിക്കുന്നു. മൂന്നു കഥാപാത്രങ്ങളെ മാത്രം അണിനിരത്തി ഒരൊറ്റ ലൊക്കേഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ഭ്രമയുഗത്തിൽ കാര്യമായ വാണിജ്യച്ചേരുവകളില്ലായിരുന്നു. വർണങ്ങളോ ദ്രുതഗതിയിലുള്ള ആഖ്യാനമോ ഇല്ലാത്ത ആ പരീക്ഷണചിത്രത്തിന്റെ പാൻ ഇന്ത്യൻ സ്വീകാര്യതയ്ക്കുള്ള മുന്നുപാധിയായി വർത്തിച്ചത് മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ്. 

ഹോമോഫോബിയ നിലനിൽക്കുന്ന യാഥാസ്ഥിതിക സമൂഹത്തിലെ സ്വവർഗപ്രണയികളുടെ അടക്കിപ്പിടിച്ച തൃഷ്ണകൾക്ക് ആവിഷ്‌കാരം നൽകിക്കൊണ്ട് കാതലുള്ള ഒരു രാഷ്ട്രീയ ഉള്ളടക്കത്തെ കൂടുതൽ പ്രേക്ഷകരിലെത്തിക്കുന്നതിലും അദ്ദേഹം നിർണായകപങ്കുവഹിച്ചു. താരപ്രതിച്ഛായയ്ക്ക് പോറലേൽപ്പിക്കുന്നതും സൂപ്പർതാരപരിവേഷമുള്ള നടന്മാർ എടുത്തണിയാൻ മടിക്കുന്നതുമായ വേഷങ്ങൾ നിസ്സങ്കോചം അവതരിപ്പിക്കുന്നതിലൂടെ ജനപ്രിയ സംസ്‌കാരത്തിൽ ഗുണപരമായ പരിവർത്തനങ്ങൾ നടത്തുകയാണ് അദ്ദേഹം. 

ADVERTISEMENT

സ്വവർഗപ്രണയം വിവാഹം കഴിച്ചാൽ മാറാവുന്ന ഒരു ലൈംഗിക വ്യതിയാനമായി കരുതപ്പെട്ടിരുന്ന ഒരു തലമുറയുടെ ഭാഗമായിരിക്കുമ്പോഴും പുതിയ രാഷ്ട്രീയ ശരികളിലേക്കു പല തലമുറകളുടെ കൺതുറപ്പിക്കുന്ന താരപ്രഭാവം കൂടിയായി മമ്മൂട്ടി. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ചരിത്രപരമായ അനീതി തിരുത്തിക്കൊണ്ടിരിക്കുന്ന സമീപ ഭൂതകാലത്ത് ഉയർന്നുവന്ന യുവതാരങ്ങൾ ഒരു സ്വവർഗപ്രണയിയെ അവതരിപ്പിക്കുന്നതുപോലെ എളുപ്പമായിരുന്നില്ല അത്. 

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതൽ - ദ് കോർ' സിനിമയുടെ പോസ്റ്റർ

സൂക്ഷ്മാഭിനയത്തിന്റെ മമ്മൂട്ടി മാതൃക അഭിനയപാഠപുസ്തകത്തിലെ ഒരധ്യായമായി മാറുമെന്ന് ഉറപ്പ്. അബുദാബിയിൽ ഭ്രമയുഗത്തിന്റെ ഗ്ലോബൽ ലോഞ്ചിനു ക്ഷണിച്ചുകൊണ്ടുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയിൽ കഥാപാത്രത്തിന്റെ ദുരൂഹതയെയും വന്യതയെയും തന്റെ ചിരിയിലേക്കും ശബ്ദത്തിലേക്കും അദ്ദേഹം ആവാഹിച്ചെടുക്കുന്നത് അദ്ഭുതാവഹമായ കാഴ്ചയാണ്. അനുനിമിഷം മാറുന്ന ഭാവം, ശബ്ദം, ചിരിയിലൊളിപ്പിച്ച വന്യത എന്നിവ അഭിനയവിദ്യാർഥികളെ കാണിക്കാൻ ഈ പ്രൊമോ വിഡിയോ ധാരാളം.

കാതലിൽ കണ്ണാടി നോക്കുന്ന രംഗത്ത് മുഖത്തിന്റെ ഇരുപാതികളിലും നിറയുന്നത് സമ്മിശ്രവികാരങ്ങളാണ്. അതിൽ നിസ്സംഗതയുണ്ട്, നിസ്സഹായതയുണ്ട്, സാമൂഹിക സമ്മർദങ്ങൾ ഏൽപ്പിച്ച വികാരവിക്ഷുബ്ധതകളുണ്ട്.  മതിലുകൾ കണ്ട് ബ്രിട്ടിഷ് നിരൂപകൻ ഡെറിക് മാൽക്കം പറഞ്ഞ അഭിനയത്തിന്റെ ആ അടക്കിപ്പിടിച്ച ഊഷ്മളത നാമിന്ന് എല്ലാ മമ്മൂട്ടിച്ചിത്രങ്ങളിലും കാണുന്നു.

മമ്മൂട്ടിയെ ഇറ്റാലിയൻ നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും 'മാൻ ഓഫ് ആക്ഷൻ' അഥവാ 'ഫാലിക് ഹീറോ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സൈനിക, പൊലീസ് വേഷത്തിൽ ഫാലിക് സിംബൽ ആയ തോക്കു ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയുടെ പതിവു വേഷങ്ങളായിരുന്നു 2002ൽ എഴുതപ്പെട്ട പഠനത്തിലെ ആ പരാമർശത്തിനു കാരണം. ഹിംസാത്മകമായ ഈ ആണത്തപ്രകടനത്തിൽ നിന്നു പിൻവാങ്ങിക്കൊണ്ടുള്ള കഥാപാത്ര തിരഞ്ഞെടുപ്പുകളാണ് ഈയിടെയായി അദ്ദേഹം നടത്തുന്നത്. 

ADVERTISEMENT

ഉണ്ട, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകളിൽ നിയമം കൈയിലെടുക്കാത്ത, മേലുദ്യോഗസ്ഥരെ അനുസരിക്കാൻ സന്നദ്ധനായ സാധാരണക്കാരനായ പോലീസുകാരനായി താരഭാരം കുടഞ്ഞെറിഞ്ഞ് കഥാപാത്രമായി ജീവിക്കുകയാണ് അദ്ദേഹം. ധർമിഷ്ഠനും സദാചാരനിരതനുമായ ഉത്തമപുരുഷൻ എന്ന മുൻകാല പ്രതിച്ഛായ മായ്ച്ചുകളഞ്ഞുകൊണ്ടാണ് അദ്ദേഹം പുഴുവിലും ഓസ്‌ലറിലും ഭ്രമയുഗത്തിലും പ്രതിനായകനാവുന്നത്. റോഷാക്കിലും പ്രതികാരദാഹിയായ പുരുഷന്റെ ദയാരഹിതമായ നിയന്ത്രിതഭാവങ്ങളാണ്. 

1921, നിറക്കൂട്ട് എന്നീ ചിത്രങ്ങളിൽ മൊട്ടയടിച്ചും പൊന്തൻമാട, സൂര്യമാനസം, മൃഗയ എന്നീ ചിത്രങ്ങളിൽ സ്വയം ഡിഗ്ലാമറൈസ് ചെയ്തും കഥാപാത്രമായി രൂപാന്തരപ്പെട്ട മമ്മൂട്ടി ഭ്രമയുഗത്തിലത്തെുമ്പോൾ ഒരുപടി കൂടി മുന്നേറുന്നു. സ്വന്തം അഴകിനെ വെട്ടിയൊതുക്കിയും ശരീരത്തെ മെരുക്കിയും ശബ്ദത്തെ നിയന്ത്രിച്ചും നാലു ദശകങ്ങളായി നമുക്കു പരിചയമുള്ള ആരുമല്ലാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. നാലു പതിറ്റാണ്ടുകൾ. നാനൂറിൽപ്പരം സിനിമകൾ. എന്നിട്ടും റിലീസ് ദിനങ്ങളിൽ തിയറ്റർ നിറയ്ക്കുന്ന കൗമാര യൗവനങ്ങൾക്ക് മമ്മൂട്ടിയോടുള്ള ആവേശത്തിനു കാരണം അഭിനയരീതിയുടെ ഈ നവയൗവനം തന്നെ. 

മാറുന്ന കാലത്തിനും സംവേദനക്ഷമതയ്ക്കും അനുസരിച്ച് സ്വയം പുതുക്കിയെടുത്തതാണ് ഈ നടനശരീരം. നിരവധി നവാഗത സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് എന്നും പുതുമയോട് ചേർന്നു നിൽക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.  കോവിഡ്കാല ഇന്ത്യൻ സിനിമയുടെ ദ്രുതകർമസേന ബോളിവുഡ് അല്ല, മലയാള സിനിമയായിരുന്നുവെന്ന് നമ്രത ജോഷി എന്ന നിരൂപക ഗാർഡിയൻ പത്രത്തിൽ എഴുതിയിരുന്നല്ലോ. അന്യഭാഷാ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഈ ദ്രുതകർമ്മസനയുടെ മുന്നണിപ്പോരാളിയായി തുടരുകയാണ് മമ്മൂട്ടി. 

(ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)