കോവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും അതിന്റെ സ്വാഭാവിക താളം തിരിച്ചു പിടിക്കാനൊരുങ്ങുമ്പോൾ അതിലേക്ക് ആത്മബന്ധത്തിന്റെ ഒരു ഹൃദയമിടിപ്പ് ചേർത്തുവയ്ക്കുന്ന സിനിമയാണ് നവാഗതരായ ജോർജ് കോരയും സാം സേവ്യറും സംവിധാനം ചെയ്ത 'തിരികെ'. മലയാളി സംരംഭകരുടെ ഒടിടി പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന, ആത്മാവുള്ള സിനിമയാണ് 'തിരികെ'.

ഡൗൺ സിൻ‍ഡ്രോമുള്ള ഇസ്മു എന്ന 26 കാരനാണ് ചിത്രത്തിന്റെ കേന്ദ്രം. ഡൗൺ സിൻഡ്രോം അവസ്ഥയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി ഗോപി കൃഷ്ണനാണ് ഇസ്മുവായി പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. ഇസ്മുവും അനിയൻ തോമയും തമ്മിലുള്ള സഹോദരബന്ധത്തിന്റെ കഥയാണ് ചിത്രം. ഭിന്നശേഷിക്കാരനായ ഒരാൾ വാണിജ്യസിനിമയിൽ നായകനാകുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാത്ത ഗോപിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ജീവൻ.

ഒരു ഫ്ലാഷ്ബാക്കിലൂടെ തുടങ്ങുന്ന ചിത്രം ഹൃദയസ്പർശിയായ കാഴ്ചാനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട സഹോദരങ്ങൾ അനാഥാലയത്തിൽ എത്തിപ്പെടുന്നു. അവരിൽ ഡൗൺ സിൻഡ്രോമുള്ള മൂത്തയാളെ ഒരു മുസ്‌ലിം കുടുംബം ദത്തെടുക്കുന്നതോടെ, ജീവനെപ്പോലെ സ്നേഹിക്കുന്ന സഹോദരങ്ങൾ രണ്ടിടത്താവുന്നതിൽ നിന്നാണ് കഥയുടെ തുടക്കം. ദത്തെടുത്തവർ മൂത്തയാളെ ഇസ്മയിൽ എന്നു പേരു ചൊല്ലി വിളിച്ചു. ഒരു സ്പെഷൽ ചൈൽഡിന് ആവശ്യമായ കരുതലും വാത്സല്യവും വിദ്യാഭ്യാസവും നൽകി പ്രിയപ്പെട്ടവരുടെ 'ഇസ്മു' ആയി മാറുന്നു ഇസ്മയിൽ. എങ്കിലും അനിയൻ തോമയ്ക്ക് ഇസ്മു ഇപ്പോഴും അവന്റെ അച്ചച്ചനാണ്. പഴയ കാര്യങ്ങൾ ഓർമയില്ലെങ്കിലും തോമ സ്വന്തം അനിയനാണെന്ന തിരിച്ചറിവുണ്ട് ഇസ്മുവിന്. ബാല്യത്തിൽ തന്നിൽ നിന്ന് അടർത്തിയെടുത്ത വല്ല്യേട്ടനെ സ്വന്തം ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള തോമയുടെ ശ്രമങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്.

ഇസ്മുവായി എത്തുന്ന ഗോപി കൃഷ്ണൻ, തോമയെ അവതരിപ്പിക്കുന്ന ജോർജ് കോര എന്നിവർക്കൊപ്പം ശാന്തികൃഷ്ണ, ഗോപി മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവരും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. അങ്കിത് മേനോന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും എടുത്തു പറയേണ്ടതാണ്. തുടക്കം മുതൽ ഇസ്മുവിന്റെയും അനിയൻ തോമയുടെയും ആത്മബന്ധത്തിലേക്ക് പ്രേക്ഷകരുടെ മനസ്സിനെ കൊരുത്തിടുന്നതിൽ പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനും നിർണായക പങ്കുണ്ട്. എസ്. ജാനകി ആലപിച്ച ജോൺസൺ മാഷിന്റെ ഒരു പാട്ടും അതിമനോഹരമായി ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചെറിൻ പോളിന്റെ ഫ്രെയിമുകളും 'ഫീൽ ഗുഡ്' അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലേക്കു വന്ന ജോർജ് കോര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോർജിന്റേതു തന്നെയാണ് കഥയും തിരക്കഥയും. സാം സേവ്യറിനൊപ്പം ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ജോർജ് കോരയാണ്. ഇസ്മുവിന്റെ പ്രിയപ്പെട്ട തോമയായി മുഴുനീള വേഷത്തിലെത്തുന്ന ജോർജ്, അൽപം കുരുത്തക്കേടും മനസ്സു നിറയെ വല്ല്യേട്ടനോട് സ്നേഹവുമുള്ള തോമയായി രസിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ജോർജിന്റെയും സാമിന്റെയും ആദ്യ സിനിമ എന്ന നിലയിൽ ‘തിരികെ’ തീർച്ചയായും കയ്യടി അർഹിക്കുന്നു. കാരണം, മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു നായകനെ ഇത്രയും പോസിറ്റീവ് ആയി അവതരിപ്പിക്കാൻ അവർ നടത്തിയ പരിശ്രമത്തെ അംഗീകരിക്കാതെ തരമില്ല. ആ പോസിറ്റിവിറ്റിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയെ ഇത്രമേൽ ഊഷ്മളമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം, സിനിമയിലെ ഇസ്മു സ്വന്തം ജീവിതം ആഘോഷിക്കുന്ന ഒരു യുവാവാണ്. അവന് സ്വപ്നങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, സ്നേഹബന്ധങ്ങളുണ്ട്. സമൂഹം 'നോർമൽ' ആയി കാണുന്ന ഏതൊരു വ്യക്തിയേക്കാളും 'നോർമൽ' ആയിട്ടാണ് അവൻ ഇടപെടുന്നതും ജീവിക്കുന്നതും. അതുകൊണ്ടു തന്നെ ഇസ്മുവിന്റെ വർത്തമാനങ്ങളും ഇടപെടലുകളും ചേർത്തു പിടിക്കലുകളും പ്രേക്ഷകരുടെ ചുണ്ടിൽ പുഞ്ചിരി നിറയ്ക്കും. തീർച്ചയായും കുട്ടികളോടൊപ്പം കാണാൻ കഴിയുന്ന കൊച്ചു സിനിമയാണ് തിരികെ.