ഇരയ്ക്ക് പുറകേയുള്ള വേട്ടക്കാരന്റെ നെട്ടോട്ടത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം ‘കുടുക്ക്’ ശ്രദ്ധ നേടുന്നു. ലോക്ഡൗൺ സമയത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ അവരുടെ ചുറ്റുമുള്ള സിനിമാ സാധ്യതകളെ ഉപയോഗപ്പെടുത്തി നിർമിച്ച ഈ കുഞ്ഞു ചിത്രത്തിന്റെ സംവിധായകൻ ധനു ആണ്.

പൂർണമായി ഇരവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ വേട്ടക്കാരൻ ഇരയ്ക്ക് പിന്നാലെ നടത്തുന്ന നെട്ടോട്ടത്തെ ഭാര്യയും ഭർത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ. ലോക്ഡൗൺ സമയത്ത് ലഭിച്ച പരിമിതമായ സൗകര്യങ്ങളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ജിഷ്ണു ദാമോദറിന്റെ ക്യാമറ ചലനങ്ങളും ശ്രദ്ധേയം. മുഹമ്മദ്‌ ഫർഹദിന്റേതാണ് തിരക്കഥ. അരുണേഷ് ശങ്കർ എഡിറ്റിങ്ങും സുവീൻ ബാല സംഗീതവും നിർവഹിച്ചിട്ടുള്ള ഈ കുഞ്ഞു സിനിമ നിർമിച്ചിരിക്കുന്നത് ഷാഫിയാണ്.

നാടകങ്ങളിലൂടെയും സിനിമയിലൂടെയും ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സനോജ് മാമോയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വിദ്യാർഥിനിയായ ശ്രുതി കാർത്തികയുമാണ് അഭിനേതാക്കൾ. വ്യത്യസ്തമായ കഥകൊണ്ടും ആവിഷ്കാരം കൊണ്ടും കുടുക്ക് സജീവമായ ചർച്ചയ്ക്കുള്ള സാധ്യതകളാണ് തുറന്നു വച്ചിരിക്കുന്നത്.