പ്രമുഖ വ്യക്തികളുടെ മരണശേഷം അവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും കണ്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ ആഗ്രഹിച്ച രീതിയിലുള്ള അന്ത്യയാത്രയില്‍ പലപ്പോഴും പൊതുസമൂഹത്തിന്റെയും ബന്ധുക്കളുടെയും ഇടപെടലുകള്‍ കൊണ്ട് സംഘര്‍ഷഭരിതമാവുന്നു. കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ ഡിപ്ലോമ വിദ്യാര്‍ഥികള്‍ ചെയ്ത അബുവിന്റെ സംസ്കാരം എന്ന ഷോര്‍ട്ട് ഫിലിം ഇത്തരമൊരു സാമൂഹികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച യുട്യൂബിലൂടെ റിലീസ് ചെയ്ത ചിത്രം ഗൗരവമുള്ള വിഷയാവതരണം കൊണ്ട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മതത്തിന്റെയും സമൂഹത്തിന്റെയും വിലക്കുകളുള്ള മനുഷ്യന്‍ മരണശേഷവും ആ ലക്ഷ്മണരേഖയ്ക്കകത്തു തന്നെയെന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. സംവിധായകന്‍ ഹരീഷ് സി. എമ്മിന്‍റെ ആദ്യ ചിത്രമായ ‘അബുവിന്റെ സംസ്കാരത്തി’ന് പ്രവാസിയായ ആദര്‍ശ് മാധവന്‍കുട്ടിയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.