കാട്ടിലെ കാവിൽ കളിയാട്ടവും കഴിഞ്ഞ് മടങ്ങുകയായിരുന്നു ദാസൻ പെരുമണ്ണാനും സഹായി മണിയനും. കള്ളൻ മറുത എന്നു കുപ്രസിദ്ധനായ മോഷ്‌ടാവ് കാടിനെയും നാടിനെയും കിടുകിടാ വിറപ്പിച്ചിരുന്ന നാളുകളായിരുന്നു അത്. ആ കാട്ടിലൂടെയായിരുന്നു പെരുമണ്ണാന്റെയും യാത്ര. പ്രതീക്ഷിച്ചതു പോലെത്തന്നെ സംഭവിച്ചു. അദ്ദേഹത്തിനു മുന്നിൽ കള്ളൻ ചാടി വീണു. പക്ഷേ തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വെറും ഏഴര മിനിറ്റിൽ പ്രേക്ഷകനെ ആകാംക്ഷയുടെ കാടു കയറ്റുന്നതാണ് കള്ളൻ മറുതയെന്ന ഹ്രസ്വചിത്രം. 

സാരംഗി ക്രിയേഷൻസിന്റെ ബാനറിൽ രജിൽ കേസി സംവിധാനം ചെയ്ത ചിത്രം ചലച്ചിത്രലോകത്തെ പ്രമുഖർ ഒരുമിച്ചാണ് റിലീസ് ചെയ്തത്. സിനിമ പോലെ ചിത്രീകരിച്ച ഹ്രസ്വചിത്രമെന്നാണ് നാദിർഷ, ഹരിശ്രീ അശോകൻ, സുരഭി ലക്ഷ്മി, ദിൻജിത് അയ്യത്താൻ, ജിസ് ജോയ്, എം.മോഹനൻ, നിർമല്‍ പാലാഴി, നാരാണിപുഴ ഷാനവാസ്, ലീല തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖർ ‘കള്ളൻ മറുത’യെ വിലയിരുത്തിയത്. ഛായാഗ്രഹണത്തിലും ശബ്ദവിന്യാസത്തിലും ഉള്‍പ്പെടെ അത്രയേറെ സിനിമാറ്റിക് ആണ് ചിത്രം. 

ചലച്ചിത്രമേഖലയിലെ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിനു പിന്നിലെ ഭൂരിപക്ഷം പേരെന്നും പറയുന്നു രജിൽ. കോവിഡ്‌കാലത്ത് വീട്ടിലിരിക്കെ ക്രിയേറ്റിവായി എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കെയാണ് ഇത്തരമൊരു ആശയം ലഭിക്കുന്നത്. തെയ്യത്തെ ആസ്പദമാക്കിയുള്ള ആശയത്തിൽനിന്നാണ് കള്ളൻ മറുതയിലേക്കെത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു സന്ദേശം നൽകുകയെന്നതിനപ്പുറം ത്രില്ലർ അനുഭവത്തിലൂടെ, പ്രസക്തമായ ഒരു വിഷയം പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാമെന്നതിനാണ് കള്ളൻ മറുതയിലൂടെ ശ്രമിച്ചതെന്നും രജിൽ പറയുന്നു. 

അർജുൻ അജു, വൈശാഖ്, ഷൈജു പേരാമ്പ്ര, ലക്ഷ്മി കൂടേരി, തേജ ലക്ഷ്മി എന്നിവരാണ് അഭിനേതാക്കൾ, ശരൺ ശശിധരന്റേതാണു ഛായാഗ്രഹണം, കട്ട്/ഗ്രാഫിക്സ്: വിപിൻ പിബിഎ, സൗണ്ട് എൻജിനീയർ അരുൺ, സാൻഡിയാണ് സൗണ്ട് ഡിസൈൻ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീരാജ്, ചന്തു മേപ്പയൂരാണ് ക്രിയേറ്റിവ് ഹെഡ്.  

ചലച്ചിത്രമേഖലയിൽനിന്ന് ഉണ്ണി മുകുന്ദൻ, നെടുമുടി വേണു, ഗിന്നസ് പക്രു, ആന്റണി വർഗീസ്, ഇന്ദ്രൻസ്, ആസിഫ് അലി, അഷ്‌കർ അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, നിമിഷ സജയൻ, നിർമൽ പാലാഴി, നാദിർഷ, സജിദ് യാഹിയ, സുരഭി ലക്ഷ്മി ദീപക്, അനശ്വര പൊന്നമ്പത്ത്, അനശ്വര രാജൻ തുടങ്ങിയവരും ഹ്രസ്വചിത്രത്തിന് ആശംസകളുമായെത്തിയിരുന്നു.