പണ്ടു പണ്ടു പണ്ട് ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു–അദ്ഭുത മനുഷ്യർ. കണ്ണടച്ചില്ലിലൂടെ നിറമുള്ള കഥകൾ മെനഞ്ഞ, കുഞ്ഞുകടലാസുകളിൽ കവിത കുറിച്ച, പുതിയ കഥകൾ തേടി ഒത്തിരി ദൂരം എന്നും സഞ്ചരിച്ച, ജാലവിദ്യകൾ കാട്ടാനറിയാവുന്ന അദ്ഭുത മനുഷ്യർ. നമുക്കിടയിൽ ഇന്നും അദൃശ്യരായി ജീവിക്കുന്ന ആ മനുഷ്യരുടെ കഥയാണ് ‘ദി ഇൻവിസിബിൾ ഹ്യൂമൻസ്’. കോവിഡ് ലോക്ഡൗണ്‍ കാരണം കേരളത്തിലെ വീടുകളിൽ അടച്ചുപൂട്ടപ്പട്ടെ വയോധികരാണ് ഈ അദ്ഭുത മനുഷ്യർ. കേരളത്തിലെ ജനസംഖ്യയിൽ ഏകദേശം 17 ശതമാനവും 65 വയസ്സിനു മുകളിലുള്ളവരാണ്. പുറത്തേക്കിറങ്ങാനാകാതെ വീട്ടിൽ ഒറ്റയ്ക്കായിപ്പോയ അവരുടെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കാൻ നമുക്ക് ഓരോരുത്തർക്കുമാകും എന്ന് ഓർമിപ്പിക്കുന്ന ഈ ഹ്രസ്വചിത്രമൊരുക്കിയത് ആരോൺ മാത്യു. 

ആരോൺ തുടക്കം കുറിച്ച ‘ബൺ ഓംലെറ്റ്’ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നമ്മുടെ അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ഒരു ജന്മം മുഴുവൻ അനുഭവിച്ചു തീർത്ത ജീവിതത്തെ മൂന്നു മിനിറ്റിൽ വരച്ചു കാട്ടുകയാണ് സംവിധായകൻ. ഇപ്പോൾ അവർ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്ന ഓർമപ്പെടുത്തലും കൂടിയാണ് ‘ദി ഇൻവിസിബിൾ ഹ്യൂമൻ’. സത്യൻ അന്തിക്കാടിന്റെ ശബ്ദത്തിലാണ് ചിത്രം പ്രേക്ഷകനു മുന്നിലെത്തുന്നത്. 

‘മരണത്തെയല്ല പേടിക്കേണ്ടത്.

വാർധക്യത്തെയാണ്.

വാർധക്യത്തിലെ ഒറ്റപ്പെടലിനെയാണ്.

പല കുടുംബങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്, പ്രസക്തി നഷ്ടപ്പെട്ട കുറേ മനുഷ്യരെ.

ജീവിച്ചിരിക്കുമ്പോഴും അദൃശ്യരായി കഴിയുന്നവർ..

ശബ്ദമില്ലാത്തവർ..

അവരെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ കൊച്ചു ചിത്രം...’

എന്ന കുറിപ്പുമായി സത്യൻ അന്തിക്കാടിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. കേരളത്തിലെ വയോധികരുടെ ഒറ്റപ്പെടൽകാലത്തെപ്പറ്റി വായിച്ച ഓൺലൈൻ വാർത്തയാണ് ഇത്തരമൊരു ചിത്രമൊരുക്കുന്നതിന് ആരോണിന് പ്രചോദനമായത്. ഷാരൺ വേലായുധൻ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം സാമുവൽ എബി, തിരക്കഥ–ക്രിയേറ്റിവ് ഡയറക്‌ഷൻ ശ്രീജിത്ത് ബാലഗോപാൽ, എഡിറ്റിങ് മൃദുൽ, നിർമാണം ഓസ്റ്റിൻ ഏബ്രഹാം.