ചില ശബ്ദങ്ങൾ കൊണ്ടു തരുന്ന ഓർമ്മകളുടെ പൂമണങ്ങളുണ്ട്. ഒറ്റയടിയ്ക്ക് നമ്മെ ഗൃഹാതുരതയുടെ മരപ്പെയ്ത്തുകളിലേക്കെത്തിക്കുന്ന ഗന്ധങ്ങൾ. അത്തരത്തിൽ ചെറിയ സംഭാഷണങ്ങളിൽ ഇതൾ വിരിയുന്ന ഓർമ്മകളാലും, നൊസ്റ്റാൾജിയയിൽ പൊതിഞ്ഞ കുഞ്ഞുകുഞ്ഞ് നോവുകളാലും നമ്മെ നനച്ചു കുതിർക്കുകയാണ് ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് എന്ന ഷോർട്ട് ഫിലിം. 

നാളെയെന്ന പിടി തരാത്ത മരീചികയെ പിടിയിലൊതുക്കാനുള്ള ഓട്ടത്തിലാണ് നമ്മളെല്ലാവരും. അരികിലുള്ളവരെ കുറിച്ചൊന്ന് കരുതലോടെ ചിന്തയ്ക്കാനോ, വേണ്ടപ്പെട്ടവരെ പോലും ചേർത്ത് പിടിയ്ക്കാനോ, അവർക്കൊപ്പമുള്ള നിമിഷങ്ങളെ ആസ്വദിക്കാനോ കഴിയാത്തത്ര തിരക്ക്. തിരക്കിട്ടെല്ലാം വെട്ടിപ്പിടിച്ച ശേഷം വേണം പ്രിയമുള്ള വിഷയങ്ങളിൽ മുഴുകാൻ എന്നാണ് എല്ലാവരുടെയും ചിന്ത. ഇന്ന് ആസ്വദിയ്ക്കേണ്ടവ പിന്നീട് കയ്യിലൊതുക്കാൻ ശ്രമിക്കുമ്പോൾ വിരലുകൾക്കിടയിലൂടെ ഉതിർന്നു പോയ മണൽതരികൾ പോലെ നഷ്ടബോധം മാത്രമായിരിയ്ക്കാം മിച്ചം വച്ച് പോകുന്നത്. ഇത്തരത്തിൽ അടുത്ത നിമിഷത്തിലേക്ക് മാറ്റി വെക്കാതെ അന്നന്നത്തെ സന്തോഷങ്ങളെ ആഘോഷിക്കേണ്ടതുണ്ടെന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ഈ ചിത്രം. 

ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയ ഹ്രസ്വചിത്രം ജിതേഷ് മംഗലത്തിന്റെ രചനയിൽ സാജൻ രാമാനന്ദൻ ആണ് സംവിധാനം ചെയ്തിരിയ്ക്കുന്നത്. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് ജോയൽ ജോബ് കൊങ്ങപ്പള്ളി, എഡിറ്റിങ് ചെയ്തത് അഖിൽ തിലക്. രതീഷ് എം ശർമ്മ, ജെറിൻ, ശ്രീലക്ഷ്മി, അദ്വൈത് കൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ.നിർമ്മാണം സാജ്ശ്രീ പ്രൊഡക്ഷൻസ്.