പ്രശസ്ത എഴുത്തുകാരനായ സേതു എഴുതിയ ‘ചങ്ങമ്പുഴ പാർക്ക്’ എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കൻ മലയാളിയായ വിനോദ് മേനോൻ, സാൻഫ്രാൻസിസ്കോ സർഗ്ഗ വേദിയുടെ ബാനറിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചങ്ങമ്പുഴ പാർക്ക് എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. മക്കൾ വിദൂര സ്ഥലങ്ങളിൽ ആയ വിഭാര്യനായ ഒരു വൃദ്ധന്റെ ആകുലതകൾ അവതരിപ്പിക്കുന്ന കഥയാണ് ചങ്ങമ്പുഴ പാർക്ക്. 

വിരമിച്ച മലയാള അധ്യാപകനും വിഭാര്യനുമായ നാരായണകുട്ടി മാഷ് അമേരിക്കയിലെ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നു. അദ്ദേഹത്തിന്റെ താമസം സുഖകരവും വിശ്രമവുമാക്കാൻ കുടുംബം പരമാവധി ശ്രമിക്കുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ മന‌സിന്റെ കോണിൽ ഇപ്പോഴും താൻ വൈകുന്നേരങ്ങൾ ചിലവഴിക്കാറുള്ള ചങ്ങമ്പുഴ പാർക്ക് മാത്രം. അദ്ദേഹത്തിന്റെ നൊസ്റ്റാൾജിയയും വൈകുന്നേരവും,  മുതിർന്ന പൗരന്മാർ ഒത്തുചേരുന്ന ഇടങ്ങളും നിറഞ്ഞു നിൽക്കുന്നു. കേരളത്തിലെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹത്തോടൊപ്പം മകളോടും മരുമകനോടും ചെറുമകളോടും ഉള്ള സ്നേഹം തുലനം ചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നു.

നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയാണ് നാരായണൻകുട്ടിമാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഹൃത്തായ ദേവസ്യ മാഷായി ടി ജി രവിയും  വേഷമിടുമ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമേരിക്കൻ മലയാളികൾ ആണ്. ഷെമി ദീപക്, ശ്യാം ചന്ദ്, ആൻ മേരി ആന്റണി, രഘുനാഥൻ തടങ്ങോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സിലിക്കൺ വാലി ഐടി രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ  പരിശ്രമം കൂടിയാണ് ഈ ഷോർട്ട് ഫിലിം.

സഹസംവിധാനം –ടോം ആന്റണി, ജന ശ്രീനിവാസൻ,ക്രിയേറ്റീവ് കോൺട്രിബൂഷൻസ്– ടോം ആന്റണി, ഛായാഗ്രഹണം– മനോജ് ജയദേവൻ, ജോജൻ ആന്റണി, ഗാനരചന– സിന്ധു നായർ (ബോസ്റ്റൺ), സംഗീതവും ആലാപനവും– ജയ് നായർ, എഡിറ്റിങ്, കളറിങ്– മനോജ് ജയദേവൻ, പശ്ചാത്തല സംഗീതം– ജയ് നായർ, ലോയിഡ് ജോർജ്, മെൽവിൻ ജെറോൾഡ്, ജിതേഷ് രാജൻ, രൂപേഷ് കർത്ത, ശ്രീ നായർ, പ്രൊഡക്ഷൻ കോ– ഓർഡിനേറ്റർ– രാജി മേനോൻ, സ്റ്റിൽസ്– ജോജൻ ആന്റണി.

സാൻഫ്രാൻസിസ്കോയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സർഗ്ഗവേദിയുടെ പ്രഥമ സിനിമ സംരംഭമാണ് ചങ്ങമ്പുഴ പാർക്ക്. പ്രായമേറുന്തോറും ഉളവാകുന്ന നഷ്ടബോധവും അരക്ഷിതത്വവും മറികടക്കാനായി ഉരുത്തിരിയുന്ന സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം ചില്ലറയല്ല. മകളുടെ കുടുംബവുമായി യു എസ്സിലെ വീട്ടിലും കഴിച്ചു കൂട്ടുമ്പോഴും ചങ്ങമ്പുഴ പാർക്കിലെത്താൻ കൊതിക്കുന്ന വൃദ്ധ മനസിന്റെ കഥ ലോകത്തുള്ള എല്ലാ മലയാളികളുടെയും മനസിന് നൊമ്പരമുണ്ടാക്കും. കഴിഞ്ഞ വർഷം കേരള പിറവി ദിനത്തിൽ ആമസോൺ പ്രൈമിൽ അമേരിക്കയിലും യു കെയിലും റിലീസായ ചിത്രം ജനുവരി ഒന്ന് മുതൽ യൂ ട്യൂബിലും ലഭ്യമാണ്.