ദക്ഷിത് ക്രിയേഷൻസിന്റെ ബാനറിൽ അനൂപ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡീടോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഗോകുൽ നന്ദകുമാർ ആണ് ഛായാഗ്രഹണവും എഡിറ്റിങും. അഭിറാം ഉണ്ണികൃഷ്ണൻ–ബിജിഎം. സൗണ്ട് ഡിസൈൻ വിധു നന്ദൻ.

കൈക്കുഞ്ഞുമായി ഓഫിസിൽ ജോലിക്കെത്തുന്ന അന്ന എന്ന യുവതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മുലയൂട്ടുന്ന അമ്മ നേരിടേണ്ടി വരുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നു.

സിനിമയെക്കുറിച്ച് അണിയറക്കാർ പറയുന്നത് ഇങ്ങനെ: മാറ്റം അനിവാര്യമായ ഒരു പിടി ചിന്താഗതികളിൽ കുടുങ്ങിക്കിടക്കുന്നവരാണ് നമ്മളോരോരുത്തരും. എവിടെ നിന്നൊക്കെയോ ഒഴുകി വന്നു തലയിലടിഞ്ഞ ഈ ചളി കഴുകി കളഞ്ഞ് ഡിടോക്സ് ചെയ്യുവാനോർമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിങ്ങളുടെ മുന്നിലേക്ക് ഈ ചെറിയ കാഴ്ച സമർപ്പിക്കുന്നു. ഇവിടെ വന്നു പോകുന്ന കഥാപാത്രങ്ങളിൽ ഞാനും നിങ്ങളുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത റിലേഷൻഷിപ്പുകളെ, കാഴ്ചകളെ, മാറ്റങ്ങളെ ഉൾക്കൊള്ളാനാവാത്ത നമ്മൾ.. ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ സംസാരങ്ങളിൽ, പെരുമാറ്റരീതികളിൽ ഒക്കെ അത് പ്രതിഫലിക്കാറുണ്ട്. തെറ്റാണു പറയുന്നത്, ചെയ്യുന്നത് എന്ന് നമുക്കു പോലും തോന്നാത്ത രീതിയിൽ കണ്ടീഷൻ ചെയ്യപ്പെട്ടു പോയിട്ടുണ്ട്. നമ്മൾ പോലുമറിയാതെ പലരുടെയും ജീവിതം ദുസ്സഹമാക്കാറുണ്ട്. ഒരു സമൂഹമെന്ന നിലയിൽ ഇപ്പോൾ നമ്മൾ ഇങ്ങനെയൊക്കെയാണ്. മാറേണ്ടേ??

ഒരമ്മയ്ക്ക് ഇവിടെ പരസ്യമായി മുലയൂട്ടാൻ കഴിയേണ്ടേ? നമുക്ക് പരിചയമുള്ള വിവാഹ സങ്കല്പങ്ങൾ മാറി വരുകയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളും സ്വവർഗ്ഗവിവാഹങ്ങളുമൊക്കെ അംഗീകരിക്കാനുള്ള മാനസിക വളർച്ച പ്രാപിക്കേണ്ടേ? ഒളിഞ്ഞു നോട്ടവും, വ്യാജവാർത്ത പ്രചരിപ്പിച്ചു ക്ലിക്ക്‌ കൂട്ടുന്നതും നിർത്തേണ്ടേ? ഇരകൾ , പ്രത്യേകിച്ചു സ്ത്രീകളെ സ്സ്വഭാവഹത്യ ചെയ്യുന്നത് ഇനി നമ്മൾ എന്ന് നിർത്തും..?നമ്മൾ അശ്ലീലമെന്നു കരുതുന്ന പലതും അശ്ലീലമല്ല. ശ്ലീലമെന്നു കരുതുന്ന പലതും അശ്ലീലവും. സ്വാഭാവികമെന്നും സംസ്കാരമെന്നും രീതികളെന്നും.. എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും , കാലഹരണപ്പെട്ട പലതും മാറണം..ഒരു സമൂഹമെന്ന നിലയിൽ വളരാൻ ഇനിയുമേറെയുണ്ട്.