ബിക്കിനി ചിത്രത്തിലെ കമന്റ്; ആരാധകനെ കരയിപ്പിച്ച് സമാന്ത!

ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവക്കാറുള്ള നടിയാണ് സമാന്ത. കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ നടി ഷെയർ ചെയ്തിരുന്നു. ‘മിനിവെക്കേഷന്‍ തുടങ്ങി’ എന്നായിരുന്നു നടി ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയത്.

എന്നാൽ ഈ ചിത്രം കുറച്ച് കടന്നുപോയെന്നായിരുന്നു ചിലരുടെ വിമർശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളിൽ നിന്നാണ് പഠിക്കുന്നതെന്നും ഒരു വിമർശകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. എത്രനാൾ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകൾ കണ്ട് മിണ്ടാതിരിക്കുമെന്നും ഈ ചിത്രത്തിന് താഴെ ആരാധകൻ കുറിച്ചു.

എന്നാൽ ഈ കമന്റ് സമാന്തയ്ക്ക് അത്ര പിടിച്ചില്ല. ഉടൻ തന്നെ നടി ചുട്ടമറുപടിയുമായി രംഗത്തെത്തി. തലമുറ അവരുടെ കാര്യങ്ങൾ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവർ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നും സമാന്ത മറുപടിയായി പറഞ്ഞു. നിങ്ങളുടെ വില കുറഞ്ഞചിന്താഗതിയിൽ പുച്ഛം തോന്നുന്നുവെന്നും സമാന്ത പറഞ്ഞു. കൂടാതെ ഈ കമന്റ് പോസ്റ്റ് ചെയ്ത വിദ്വാനെ നടി ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതുകൊണ്ടാണ് ട്വിറ്ററിലെ ബ്ലോക് ബട്ടൻ താൻ ഇഷ്ടപ്പെടുന്നതെന്നും അടുത്ത സെക്കൻഡിൽ ഇയാൾ ഇല്ലാതാകുമെന്നും സമാന്ത ട്വീറ്റ് ചെയ്തു.

സമാന്തയുടെ മറുപടിക്കെതിരെ ഈ വിമർശകൻ വീണ്ടും രംഗത്തെത്തി. എനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയുണ്ടെന്നും നിങ്ങൾ ഇന്ന് സൃഷ്ടിച്ച വിവരക്കേടിനുള്ള ഫലം എന്താണെന്ന് എനിക്ക് അറിയണമെന്നും ഇയാൾ പറയുന്നു. ആരാധകർ എന്നാൽ നിങ്ങളുടെ സൗന്ദര്യം വാഴ്ത്തുന്നവർ മാത്രമല്ലെന്നും ഇപ്പോൾ നിങ്ങൾക്കൊപ്പമുള്ളവർ നാളെ തള്ളിപ്പറയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി സമാന്ത എന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും അമിത ആത്മവിശ്വാസവും നിറഞ്ഞ യുവതി ഇറങ്ങിപ്പോകൂ എന്നും ഈ ആരാധകൻ സ്വന്തം അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. സമാന്തയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു ഈ വിമര്‍ശകനെന്ന് മറ്റൊരു വസ്തുത. ഈ ട്വീറ്റ് ചെയ്തതിന് ശേഷം ആരാധകൻ മനംനൊന്ത് സ്വന്തം അക്കൗണ്ടും നീക്കം ചെയ്തു.