പ്രണയവും പ്രണയഭംഗവുമെല്ലാം സുഖദുഃഖങ്ങളെ സമ്മാനിച്ച കലാലയ ജീവിതത്തിലെ വാകമരത്തണലിലെവിടെയോ വച്ചാണ് ഒഎൻവി എന്ന ത്ര്യക്ഷരീപുണ്യം മനസ്സിൽ കുടിയേറിയത്. ഒരു കവി... പാട്ടെഴുത്തുകാരൻ... അതിനപ്പുറം വല്ല മാന്ത്രികതയും ആ തൂലികയ്ക്കുണ്ടായിരുന്നുവോ എന്ന് അതുവരെ ഞാനറിഞ്ഞിരുന്നില്ല!

വഴിപിരിഞ്ഞകന്ന പ്രണയിനിയും ഉള്ളിൽ കുരുത്ത ചില നഷ്ടബോധങ്ങളും പകർന്ന നിരാശയുടെ വളവു തിരിവുകളിൽ നിശ്ചേഷ്ടനായി നിന്ന ഏകാന്തതയിലെപ്പോഴോ ചൂളം കുത്തിയെത്തുകയായിരുന്നു ആ വരികൾ.... 

‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ 

ഒരു മാത്ര വെറുതേ നിനച്ചു പോയി...’ 

ഒന്നരപ്പതിറ്റാണ്ടു മുമ്പെഴുതിയ വരികൾ, പിടഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിന് അന്നു പകർന്നേകിയ ഭാവം പറഞ്ഞുഫലിപ്പിക്കുക വയ്യ! കോളജ് കാന്റീനുമുമ്പിലെ നെല്ലിമരച്ചോട്ടിൽ അഭിക്കും നെജീവിനുമൊപ്പം, അസ്തമയം കാത്തിരുന്ന എത്രയോ വൈകുന്നേരങ്ങളെയാണ് പിന്നീട് ഒഎൻവി ഒരു സാന്ധ്യദീപം പോലെ ജ്വലിപ്പിച്ചെടുത്തത്!

പ്രണയത്തിന്റെ ആർദ്രഭാവങ്ങളെ സന്നിവേശിപ്പിച്ച ആ വരികൾ ജേസിയുടെ സംവിധാനത്തിൽ 1987 ൽ പിറന്ന ‘നീയെത്ര ധന്യ’ക്കു വേണ്ടി എഴുതപ്പെട്ടതായിരുന്നു.

വിരഹത്തിന്റെയും നഷ്ടബോധത്തിന്റെയും നെടുവീർപ്പുകളെ ഇത്ര ഭാവാർദ്രമായി അനാവരണം ചെയ്ത കാവ്യത്തിൽ ആ എഴുത്തഴകിന്റെ തലയെടുപ്പ് ഞാൻ കണ്ടു. യേശുദാസിന്റെ ഗന്ധർവസ്വരത്തെ ദേവരാജൻ മാസ്റ്റർ അണുവിടപോലും നോവിക്കാതെ ഒരു തലോടലിലെന്നവണ്ണം വിന്യസിപ്പിച്ചതിലെ അദ്ഭുതം ഇന്നുമൊഴിഞ്ഞിട്ടില്ല. സ്വതവേ ഹൃദ്യമായ ഹരികാംബോജി മാസ്റ്ററിന്റെ മാന്ത്രികതയാൽ കേൾവിക്കാരന്റെ പ്രണയയിടങ്ങളിൽ എന്തെന്തു വികാരങ്ങളെയാണ് പെയ്തൊഴിയിക്കുന്നത്!

ആത്മനൊമ്പരങ്ങളുടെ ഇടറിവീഴൽ, അസ്തമിച്ച പ്രതീക്ഷകളുടെ മുറിപ്പെടുത്തുന്ന ശേഷിപ്പുകൾ, തഴുകാൻ തുനിഞ്ഞ കാറ്റും പാതിയിൽ നിലച്ചുപോകുന്നു.... കവിഹൃദയം ഒന്നു തേങ്ങിയോ? ആസ്വാദനത്തിന്റെ പരകോടിയിൽ ഏതോ പ്രേമകഥയെ കൂട്ടുപിടിച്ച് കാവ്യഗതിയുടെ കത്തിക്കയറ്റം കൂടിയായപ്പോൾ പാട്ടിനോടുള്ള പ്രണയം ഏറുകയായിരുന്നു.

പറയാനുള്ളതെല്ലാം ഏതാനും വാക്കുകളുടെ ചേർത്തുവയ്ക്കലാൽ പല്ലവിയിൽത്തന്നെ പറഞ്ഞൊപ്പിക്കുന്ന ഒഎൻവിയുടെ രചനാജാലവിദ്യ പകരം വയ്ക്കാനില്ലാത്തതുതന്നെ. അനുപല്ലവിയെയും ചരണത്തെയും കയറൂരി വിടാൻ കൂട്ടാക്കാതെ പല്ലവിയിലെ ആദ്യ വരികളാൽത്തന്നെ കെട്ടിയിട്ടുകളഞ്ഞു! പാട്ടൊഴുക്കിൽ, എന്തിനൊക്കെയോ വേണ്ടി കേൾവിക്കാരനും ഒരു മാത്ര വെറുതേ നിനച്ചു പോവുകയല്ലേ! 

പ്രണയം പൂക്കുന്ന വേളയിൽ പ്രണയിനിയുടെ സാമീപ്യം കൊതിച്ചുപോകാത്ത ഹൃദയങ്ങളില്ലെന്ന് അടിവരയിടുകയാണ് കവി. അകന്നിരുപ്പിന്റെ വേവേറുമ്പോൾ പ്രണയവും തീവ്രമാവാതെ തരമില്ല. അതാണല്ലോ കവി ‘അരികിൽ നീയുണ്ടായിരുന്നെങ്കി’ലെന്ന് ആശിച്ചു പോകുന്നതിന്റെ പിന്നിൽ.

പ്രണയഹൃദയങ്ങളെ തരളമാക്കുന്ന രാത്രിമഴയിൽ, പിന്നെയതിന്റെ തോർച്ചയിൽ.. പ്രിയപ്പെട്ടവർ കൂടെയുണ്ടാവണമെന്ന് ആർക്കാണ് തോന്നിപ്പോകാത്തത്! കാവ്യവഴിയിൽ കാലെടുത്തുവെച്ച നാൾ മുതൽ കാഴ്ചകളിൽ, കേൾവികളിൽ കാവ്യത്തിന്റെ തുടിപ്പു കേൾക്കാൻ കവിക്കാവുന്നുണ്ട്. ഇലച്ചാർത്തുലഞ്ഞിറ്റുവീണ നീർത്തുള്ളിയുടെ സംഗീതം ആ ഹൃദയത്തിന്റെ തന്ത്രികളിൽ പടർന്നേറുമ്പോൾ കവിയും ഒരു കാമുകനാവുന്നു.

‘മുറ്റത്തു ഞാൻ നട്ട ചെമ്പകത്തൈയിലെ 

ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിൽ....’ 

പറഞ്ഞറിയിക്കാനാവാത്ത ചില സന്തോഷങ്ങളെ എത്ര സരളമായാണ് ആ തൂലികയ്ക്ക് ഫലിപ്പിക്കാനാവുന്നത്! കേൾവിക്കാരന്റെ ഹൃദയവാടികയിൽ ഒന്നല്ല, ഒരായിരം ചെമ്പകമൊട്ടുകൾ ഒരുമിച്ചു വിടർന്ന പ്രതീതി. മൊട്ടിനു പകരം ‘ട്ട’ ഇല്ലാത്ത ഒരു വാക്കു വേണമെന്ന് യേശുദാസും ദേവരാജൻ മാഷും കവിയോട് പറഞ്ഞു നോക്കിയതാണ്. പകരം പദം തിരഞ്ഞെങ്കിലും ‘മൊട്ടി’ന്റെ ഭംഗി മറ്റൊന്നിലും കാണാനാവാത്തതിൽ ആ ശ്രമം ഉപേക്ഷിച്ചു. കവിയുടെ തീരുമാനത്തെ പിന്നീട് കാലവും ശരിവച്ചു. 

ചെമ്പകപ്പൂവൊരുക്കിയ കാഴ്ചവിരുന്നൊടുങ്ങും മുൻപ് വാഗ്ഭംഗിയിൽ ദാ മറ്റൊരു വസന്തം വിടരുന്നു - 

‘സ്നിഗ്ധമാം ആരുടെയോ മുടിച്ചാർത്തിലെൻ 

മുഗ്ധസങ്കല്പം തലോടി നിൽക്കെ....’ 

വാക്കുകളുടെ അർഥവ്യാപ്തിക്കപ്പുറം അവ കൊരുത്തെടുത്തതിലെ പ്രാഗത്ഭ്യം... ഗംഭീരം!

വിരഹത്തിന്റെ വിതുമ്പലും നഷ്ടപ്പെടലിന്റെ നെടുവീർപ്പുകളും ഓരോ കേൾവിയിലും എത്രമേൽ ഇറ്റിച്ചതാണ് ഈ ഗാനം. എൺപതുകളിലെ ഏറ്റവും മികച്ച പ്രണയഗാനവും ഒരുപക്ഷേ ഇതു തന്നെയാവണം. ഇഷ്ടങ്ങളെ ചേർത്തു പിടിക്കുന്ന ഏകാന്തതകളിൽ പഴയ പ്രണയനിസ്വനത്തിനു കാതോർക്കുന്ന കാമുക ഹൃദയങ്ങളെ എത്ര ഭംഗിയായിത്തന്നെ കവി വരച്ചുകാട്ടുന്നു.

ട്രാക്ക് പാടിക്കൽ പതിവാക്കിയ എൺപതുകളുടെ അവസാനം ഈ ഗാനം ദേവരാജൻ മാസ്റ്റർ പഠിപ്പിച്ച് യേശുദാസിനെക്കൊണ്ട് നേരിട്ടങ്ങു പാടിപ്പിക്കുകയായിരുന്നു. കൺസോളിൽ കയറിയ ദാസ് വയലിനിൽ വീണ നീണ്ട ബിറ്റിനെ അനുധാവനം ചെയ്ത് ഒറ്റ ടേക്കിൽ സംഗതി ഓക്കേയാക്കിയാണ് ഇറങ്ങിയതത്രേ!

എഴുതിക്കൊടുത്ത വരികളിൽ ഒരു വാക്കു പോലും മാറ്റാതെയാണ് ദേവരാജൻ മാസ്റ്റർ ഈണമൊരുക്കിയിരിക്കുന്നത്. ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നതിലാണ് കവി ഊന്നൽ കൊടുത്തത്. എന്നാൽ ‘ഒരു മാത്ര വെറുതെ നിനച്ചു പോയി’ എന്ന നോട്ടിലാണ് മാസ്റ്റർ പിടിമുറുക്കിയതെന്നു തോന്നിപ്പോകുന്നു! പാട്ടുസാഹിത്യത്തിന്റെ വ്യാഖ്യാന സാധ്യതയെ ഭാവമാധുര്യം കൊണ്ട് ഏതു ലെവലിലേക്കാണ് യേശുദാസ് കൊണ്ടുപോയിരിക്കുന്നത്!

‘കവിത എനിക്ക് ഉപ്പാണ്. അത് പാകത്തിനു ചേർത്ത് ഞാൻ എന്റെ സഹയാത്രികർക്കു നൽകുന്ന പാഥേയം മാത്രമാണ് പാട്ട്’ - ഒഎൻവി ഒരിക്കൽ പറഞ്ഞു. സത്യത്തിൽ, എത്ര പതിറ്റാണ്ടുകൾ ആ പാഥേയത്തിന്റെ രുചി മലയാളമറിഞ്ഞു!

അൽപം പിന്നാമ്പുറം:-

നീണ്ട 13 വർഷം... ഒരു ചെറിയ പിണക്കമാണ് കവിതയുടെ കുലപതി ഒഎൻവിയെയും ഈണങ്ങളുടെ തമ്പുരാൻ ദേവരാജൻ മാസ്റ്ററെയും അക്കാലമത്രയും വേർപെടുത്തിക്കളഞ്ഞത്. ഇതിങ്ങനെ പോയാൽ പറ്റില്ല, അവരെ ഒരുമിപ്പിക്കേണ്ടിയിരിക്കുന്നു - അടുത്ത സിനിമ അണിയറയിലൊരുങ്ങവേ തിരക്കഥാകൃത്ത് ജോൺ പോളും സംവിധായകൻ ജേസിയും ഉറപ്പിച്ചു. ‘അയാൾക്ക് വിരോധമില്ലെങ്കിൽ എനിക്കു സന്തോഷമേയുള്ളൂ.’ മഞ്ഞുരുക്കാനുള്ള ദൗത്യവുമായെത്തിയ ആത്മസുഹൃത്തുക്കളോട് ഇരുവരുടെയും പ്രതികരണത്തിൽ അന്തരമില്ലായിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നാലു പാട്ടുകളാണ് ജേസിയുടെ സിനിമയ്ക്കായി വേണ്ടിയിരുന്നത്.

എറണാകുളത്തെ ഹോട്ടലിൽ നിശ്ചയിച്ചതിനും ഒരു ദിവസം മുമ്പേയെത്തിയ ഒഎൻവി കംപോസിങ് ‌‌‌ദിവസം വല്ലാതെ അസ്വസ്ഥനായിരുന്നു. കാര്യം തിരക്കിയ ജോൺ പോളിനോട് കവി പറഞ്ഞു- ‘മൂന്നു പാട്ടേ ആയിട്ടുള്ളൂ’. 

‘അതിനെന്താ ദേവരാജൻ മാഷ് ഉച്ചതിരിഞ്ഞല്ലേ എത്തൂ, ഇനിയും സമയമുണ്ടല്ലോ’ – സുഹൃത്ത് ആശ്വസിപ്പിച്ചു.

‘ഈ ദേവരാജൻ വല്ലാത്ത ചൂടനാണ്. ഇഷ്ടക്കേടുണ്ടായാല്‍ നാലാള് കേള്‍ക്കെ പരിഹസിച്ചു കളയും. ഇന്നലെ പുലര്‍ച്ചയ്ക്ക് എഴുതാനിരുന്നപ്പോള്‍ വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനലൊക്കെ കിടന്ന് കടകടാന്ന് അടിക്കുകയും അതിനിടയില്‍ വെള്ളം എറാമ്പലില്‍ നിന്ന് താഴേക്ക് ഇറ്റി വീഴുകയും എങ്ങാണ്ടൂന്നുവന്ന ഒരു പക്ഷി അവിടെ നിന്ന് കാ.. കീന്ന് ഒച്ചയെടുക്കുകയൊക്കെ ചെയ്തതോടെ ടോട്ടലി ഡിസ്റ്റേര്‍ബ് ആയി...’– സുഹൃത്തിന്റെ കയ്യിൽനിന്ന് ഒരു സിഗരറ്റു വാങ്ങി, ഉള്ളിലെരിഞ്ഞ അസ്വസ്ഥതയെ പുകച്ചു പുറന്തള്ളിക്കൊണ്ടെന്നവണ്ണം കവി പറഞ്ഞു. എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് ജോൺ പോൾ അവിടെനിന്നു പോയി.

ഉച്ചയ്ക്കുശേഷം ദേവരാജൻ മാസ്റ്റർക്കരികിലേക്കു കവിയെത്തുമ്പോൾ കയ്യിൽ നാലു കടലാസുകളും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ അവരുടെ ദൗത്യം ഏറെക്കുറെ പൂർത്തിയാക്കിയ മട്ടിലാണ്. കവി അൽപമൊന്ന് പരുങ്ങിയാണ് മുറിയിലേക്കു ചെല്ലുന്നത് - ഏഴുതിക്കൊടുത്തതൊക്കെ ഇഷ്ടപ്പെടുമോ എന്തോ? ഇഷ്ടപ്പെട്ടതേ ആദ്യം കംപോസ് ചെയ്യുകയുള്ളൂ എന്ന പതിവ് അറിയാമായിരുന്നെങ്കിലും തലേന്ന് എഴുതാൻ കഴിയാതിരുന്ന ആ നാലാമത്തെ പാട്ടു തന്നെ മാസ്റ്റർക്കു മുന്നിലേക്ക് കവി ആദ്യം നീട്ടി.

വരികളിലൂടെ കണ്ണോടിച്ച മാസ്റ്റർ മുഖമുയർത്തി ഒഎൻവിയെ ഒന്നു നോക്കി. വീണ്ടും വരികളിലേക്ക്... ഒരു അവിശ്വസനീയത ആ മുഖത്ത് പടർന്നതു പോലെ. ഒരു ദീർഘനിശ്വാസമുതിർത്ത്, വിശന്നിരുന്നവനു  മുമ്പിലേക്ക് മൃഷ്ടാന്ന ഭോജനം കിട്ടിയ സന്തോഷത്തിലെന്നവണ്ണം കവിയെ അരികിൽ വിളിച്ചുപറഞ്ഞു– ‘ഇത് നമുക്ക് ആദ്യം ചെയ്യാം.’ ഒപ്പം മാസ്റ്ററിന്റെ സ്വതസിദ്ധമായ പതിഞ്ഞ സ്വരത്തിൽ പല്ലവിയുമൊന്നു മൂളി - ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....’