പോക്കുവെയില്‍ പൂക്കളെ പോലെ പുഴയില്‍ വീണൊഴുകിയ ഒരു മധ്യാഹ്നത്തിലാണ് അവര്‍ തമ്മില്‍ കണ്ടു പിരിയുന്നത്. ജീവിതത്തിന്‍റെ കടവില്‍ നിന്നും അവള്‍ നടന്നുമറയുന്ന പുഴയോരത്ത് അയാള്‍ നിശ്ചലനായി നോക്കി നില്‍ക്കുകയാണ്. 

കണ്‍ നിറയെ അത് കണ്ട് നിന്നു പോയി 

എന്‍റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയി... 

എന്നാണ് ആ നഷ്ടകാമുകന് വേണ്ടി ഒഎന്‍വി കുറിക്കുന്നത്. കാവ്യഭംഗി കൊണ്ടു മനോഹരമായ ഒരു പ്രണയ ഗാനം. ലെനിന്‍ രാജേനദ്രന്‍റെ പ്രശസ്തമായ ‘ചില്ല്’ എന്ന ചിത്രത്തിലെ ഗാനം. അലസവും മൂകവുമായൊരു നോട്ടം കൊണ്ട് ഒരു തലമുറയ്ക്കു പ്രണയ രസം പകര്‍ന്ന വേണുനാഗവള്ളി. ആ അലസ  സാന്നിധ്യം കൊണ്ടു തന്നെ ആര്‍ദ്രമായ ദൃശ്യങ്ങള്‍. യേശുദാസ് പാടുകയും കൂടിയാവുമ്പോൾ ഈ പോക്കുവെയിലിലെ പ്രണയത്തിന് എന്തെന്തൊരഴകാണ്. മനോഹരമായ പാട്ടുകൾ ഈ ചിത്രത്തിൽ വേറെയുമുണ്ടെങ്കിലും കഥയും സംവിധാനവും നിർവ്വഹിച്ച ലെനിനും ഈ ഗാനത്തിനോടായിരുന്നു വ്യക്തിപരമായ ഇഷ്ടം.

വരികളുടെയും ദൃശ്യത്തിന്‍റെയും മനോഹാരിതയ്ക്കൊത്ത് ഒഴുകി നീങ്ങുന്നു എംബി ശ്രീനിവാസിന്റെ സംഗീതം. പാട്ടിലെ സാഹിത്യഭംഗിയെ പൊലിപ്പിക്കുന്നതാണ് എം ബി എസിന്റെ രീതി. മനോഹരമായ വരികള്‍ കിട്ടിയാല്‍ മതി മറന്നു നൃത്തം ചവിട്ടുന്ന ആ സംഗീത‍ഞ്ജനെക്കുറിച്ച് ഒഎന്‍ വി പറഞ്ഞിട്ടുണ്ട്. ചില്ലിലെ ഗാനങ്ങളുടെ കമ്പോസിങ്ങ് ചെന്നൈയിലെ പാംഗ്രൂവ് ഹോട്ടലിലായിരുന്നു. ആ ഗാനങ്ങളുടെ മാസ്മരികതയില്‍ വീണു പോയ അദ്ദേഹം പാട്ടുകൾക്ക് ഈണം തേടി  മറീന ബീച്ചിലേക്ക് പോയി. ആ മനോഹര പ്രകൃതിയുടെ സ്പന്ദനങ്ങള്‍ പാട്ടുകളിലും നമുക്കനുഭവിക്കാനാവും.

ഈ ലോകത്തിന്‍റെ ഏതെങ്കിലും കോണിലേക്കെന്നെ കൊണ്ടു പോകൂ എന്ന അവളുടെ യാചന സ്വീകരിക്കാന്‍ കാമുകന് കഴിയുന്നില്ല. പിന്നെ പിന്നെ അവളുടെ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം അയാളില്‍ വാടാതെ കിടക്കുന്നു. ആ ഓര്‍മ്മകള്‍ അയാളില്‍ ഗാനങ്ങളായി നിറഞ്ഞൊഴിയുന്നു. നഷ്ട പ്രണയത്തെ അത്രയും മധുരം നിറഞ്ഞൊരു പാട്ടിലൊളിപ്പിക്കുന്നു ഒ എൻ വി യുടെ മനോഹര വരികൾ. പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വെച്ചോ പാവലിന് നീര്‍ കൊടുക്കുന്ന തൊടിയിലോ എവിടെ വെച്ചായിരുന്നു ആദ്യം കണ്ടത് എന്നയാള്‍ക്കോര്‍മ്മയില്ല. ഒന്നുമാത്രമേ അയാള്‍ക്കറിയു, അയാളുടെ പാട്ട് അവളെക്കുറിച്ചുളളതാണ്. പാട്ടില്‍ ഈ പാട്ടില്‍ നിന്നോര്‍മ്മകള്‍ മാത്രം. എന്നാണ് ആ കാമുകഹൃദയം തേങ്ങുന്നത്.

പ്രണയവും പ്രണയ നഷ്ടവും വെറുമൊരു നോട്ടത്തില്‍ അർത്ഥപൂർണമാക്കിയ വേണു നാഗവള്ളിയിലെ കാമുകന്‍. പറയാതെ പറയുന്ന ആ  പ്രണയ മൂഹൂര്‍ത്തങ്ങള്‍ പാട്ടിന്‍റെ ദൃശ്യഭംഗി കൂട്ടുന്നു. ചിത്രകലാ വിദ്യാര്‍ത്ഥിയായ അനന്തുവായാണ് വേണു നാഗവള്ളി സിനിമയില്‍ എത്തുന്നത്. അയാളുടെ പാട്ടില്‍ ഒരോര്‍മ്മയായാണ് ജലജ അഭിനയിച്ച പ്രണയിനി കടന്ന് വരുന്നത്. പ്രണയകാലത്തിന്‍റെ മധുരസ്മരണകള്‍ ഏകാന്തതകളില്‍ ആ നഷ്ടകാമുകനു കൂട്ടാവുന്നു. ക്യാംപസിലെ ബഹളങ്ങളില്‍ നിന്ന് അകന്ന് ഏകനാവുമ്പോള്‍ അവള്‍ ഒരു പാട്ടു പോലെ അയാളിലേക്കെത്തുന്നു. 

അഞ്ജനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു

അഞ്ചിതള്‍  താരകള്‍ നിന്‍ മിഴിയില്‍ കണ്ടു...

അവളുടെ തൂനെറ്റിയില്‍ അയാള്‍ തൊട്ടകുറിയും നാണത്തില്‍ കുനിയുന്ന ആ മുഖത്തിന്‍റെ ശാലീന ഭംഗിയും ഓര്‍ത്ത് സംതൃപ്തിയടയുകയാണ് കാമുകന്‍റെ കാല്‍പനിക ഹൃദയം. ഈ രാത്രി എന്നോമലെ പോലെയെന്ന് പാടി അയാൾ ആശ്വാസം കണ്ടെത്തുന്നു. അനനന്തുവിന്‍റെ സഹപാഠിയായ ആനിയും (ശാന്തികൃഷ്ണ) മനുവുമായുളള (റോണി വിന്‍സെന്‍റ്) പ്രണയവും പ്രണയ നഷ്ടവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. അനന്തുവുമായുളള ആനിയുടെ സൗഹൃദം മനുവില്‍ സംശയങ്ങളുണ്ടാക്കുകയും അവര്‍ വേര്‍പിരിയുകയും ചെയ്യുന്നു. മറ്റൊരു വിവാഹം കഴിച്ചെങ്കിലും അയാള്‍ക്ക് ആനിയെ മറക്കാന്‍ കഴിയാതെ വിവാഹ രാത്രി തന്നെ അവളെ തേടി വരുന്നതുമൊക്കെയാണ് കഥ. 1982ല്‍ ഇറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകള്‍ എല്ലാം ഹിറ്റാണ്. ഇക്കാലത്തും ഈ പ്രണയഗാനത്തിന് പ്രേക്ഷകമനസ്സില്‍ പ്രിയം ഏറെയാണ്.