തിരക്കൊഴിഞ്ഞ ഒരു ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് ഓടിമറയുന്ന കാഴ്ചകളിലേക്കു കൺ തുറക്കുമ്പോൾ ദാ വരുന്നു ഹൃദയത്തിലേക്കൊരു പാട്ട്.

‘കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

പിന്നിൽ വന്നു കണ്ണു പൊത്തും തോഴനെങ്ങ് പോയി....’

ഏതോ നാട്ടുവഴിയുടെ ഈണത്തിൽ സ്നേഹത്തിന്റെ സുഗന്ധം പൂവിടുന്നതു പോലെ ഒരു പാട്ട്. ആനന്ദത്താൽ മനസ്സ് ഒരു നാട്ടിടവഴിയിലേക്കു തിരിയുകയായി. ചെമ്പരത്തിയും കോളാമ്പി പൂവും മന്ദാരവും പൂക്കുന്ന വേലിപ്പടർപ്പുകൾ. അതിനപ്പുറവുമിപ്പുറവും നിന്ന് ഹൃദയം കൈമാറുന്ന രണ്ടു പേർക്കായി വെറുതെ കണ്ണുകൾ തിരയും. വഴി വക്കിലേക്കു സ്നേഹ കണ്ണും നട്ട് കാത്തിരിക്കുന്നവരെ കാണുമ്പോൾ വല്ലാതെ സ്നേഹം തോന്നും. അതെ, വെറുതെ വെറുതെ സ്നേഹിക്കാൻ തോന്നിപ്പിക്കുന്ന ഒരു പാട്ടാണിത്. 

വീണ്ടും വീണ്ടും  കേൾക്കുമ്പോൾ ഇഷ്ടം കൂടുന്ന പാട്ട്. കുടുംബ സദസ്സുകൾ നെഞ്ചേറ്റിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഗാനം. പത്തരമാറ്റുള്ള ഒരു പ്രേമം മനസ്സിൽ കൊണ്ടു നടന്ന തട്ടാൻ ഭാസ്കരനും ഗൾഫുകാരന്റെ കല്യാണാലോചന വന്നപ്പോൾ ഉപേക്ഷിച്ചു പോയ കാമുകി സ്നേഹലതയും. ആ 

പത്ത് പവൻ മാല ഉണ്ടാക്കിയ പൊല്ലാപ്പുകൾ ആർക്കെങ്കിലും മറക്കാനാവുമോ? ഇണക്കവും പിണക്കവും കുശുമ്പും ഒരുപാട് സ്നേഹവുമുള്ള ആ നാട്  കൺമുമ്പിലങ്ങനെ തെളിഞ്ഞുവരും നാട്ടിൻ പുറത്തിന്റെ ഹൃദയത്തുടിപ്പുകൾ എത്ര മനോഹരമായാണ് ഒ എൻ വി പകർത്തിയിരിക്കുന്നത്. അതിൽ അത്രയും ഇമ്പമായി നിറയുന്നു ജോൺസൺ എന്ന പ്രതിഭയുടെ സംഗീതം.

നാടിന്റെ സ്വന്തം തട്ടാനിൽ പ്രതീക്ഷകളുടെ പൊന്നുരുക്കി തുടങ്ങുന്ന ഈ പാട്ട് ലളിതമായ വരികളിൽ ആ ജീവിതത്തിലെ പുതിയ വഴിത്തിരിവ് സൂചിപ്പിക്കുന്നു.

പ്രേമനൈരാശ്യത്തിെന്റെ ഹൃദയഭാരവുമായി ജീവിതത്തിന്റെ മടുപ്പുകളിലേക്കു തീയൂതുന്ന ഭാസ്ക്കരന്റെ മനസ്സിലേക്ക് അപ്രതീക്ഷിതമായാണ് ഒരു ചിലങ്കയുടെ താളമുണരുന്നത്. പോയ കാലത്തിന്റെ വേദനകളിൽ നിന്നും പുതിയ പ്രതീക്ഷകൾ നാമ്പിടുന്നു.

 

‘കാറ്റു വന്നു പൊൻമുള തൻ കാതിൽ മൂളും നേരം 

കാത്തുനിന്നാതോഴനെന്നെ ഓർത്തു പാടും പോലെ.....’

ടീച്ചറുടെ ഈ പാട്ട് കേൾക്കുമ്പോൾ ശാലീനയായ ആ നൃത്താധ്യാപികയോടു ഭാസ്ക്കരന്റെ മനസിൽ വീണ്ടും പ്രേമം മൊട്ടിടുന്നു.

‘ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി..

പൂത്തിറങ്ങി പൊൻ വെയിലിൽ കുങ്കുമപ്പൂ നീളെ...’

എന്ന വരികളിൽ വരാനിരിക്കുന്ന വസന്തകാലം കാണാം.

മധുവിധു പുതുക്കങ്ങളോടെ പുഴ കടന്നുവരുന്ന പഴയ കാമുകി ഭാര്യയായും അമ്മയായും അപരിചിത ആവുന്നത് വേദനയോടെ ആണെങ്കിലും നായകൻ ഉൾക്കൊള്ളുന്നുണ്ട്. ഒടുക്കം ഒരു തരി ചെമ്പ് ചേരാത്ത തനിതങ്കമായ ജീവിതസഖിയായി അയാൾ ഡാൻസ് ടീച്ചറെ കണ്ടെത്തുന്നു.

പൊൻ മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലൂടെ രസകരങ്ങളായ ഗ്രാമാനുഭവങ്ങൾ തുന്നിചേർത്ത് കഥ പറഞ്ഞത് രഘുനാഥ് പാലേരിയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ അതി മനോഹരമായ ദൃശ്യാനുഭവവുമായി. കഥാകൃത്തിന്റെ മനസിൽ മോഹൻലാൽ തട്ടാൻ ഭാസ്ക്കരനും ശ്രീനിവാസൻ ഗൾഫ്കാരനുമായിരുന്നു. എന്നാൽ സിനിമയിൽ നായികയുടെ അച്ഛനായ പണിക്കർ വേഷം ചെയത ഇന്നസെന്റായിരുന്നു തട്ടാന്റെ വേഷത്തിലേക്ക് ശ്രീനിവാസനെ നിർദേശിച്ചത്. തട്ടാൻ ഭാസ്ക്കരനായെത്തിയ ശ്രീനിവാസനെ മലയാളി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. 

ചിത്രത്തിനായി ഒ എൻ വി എഴുതിയ രണ്ട് പാട്ടുകളും കാൽപനിക ഭംഗി തുളുമ്പുന്നവയാണ്. ഏതു കാലത്തും പ്രിയം കുറയാതെ, മലയാളിയിൽ ഗൃഹാതുരമുണർത്തുന്ന ഈ പാട്ടിനു പിന്നിലെ രസകരമായ കഥ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.

നൃത്ത രംഗത്തു നിന്നും തുടങ്ങുന്ന പാട്ട് ആവശ്യപ്പെട്ടതിനാൽ ഇത്തിരി കട്ടിയുള്ള സാഹിത്യം കലർത്തിയാണ് ഒ എൻ വി ആദ്യമെഴുതിയത്. എന്നാല്‍ ഒരു ലളിതമായ പാട്ടായിരുന്നു സംവിധായകനു താത്പര്യം. പക്ഷേ ആ വലിയ കവിയോട് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെടാൻ വയ്യ. ആശയ കുഴപ്പമായപ്പോൾ ഇതിൽ തന്നെ ശ്രമിച്ചു നോക്കാമെന്നു സംഗീതം ചെയ്യുന്ന ജോൺസണും പറഞ്ഞു. എന്നാൽ തൃപ്തിയായില്ലെങ്കിൽ തുറന്നു പറയുന്നതാണ് നല്ലതെന്ന് പ്രധാന വേഷം ചെയ്ത ശ്രീനിവാസൻ നിർദേശിച്ചു. ഒടുക്കം ഞാനൊരു ചതി ചെയ്യുകയാണ് എന്ന് പറഞ്ഞ് ജോൺസന്റെ മുമ്പിലിരുന്ന് തന്നെ സംവിധായകൻ ഗാനരചയിതാവിനെ വിളിച്ചു.

ഈ പാട്ടിലെ വരികൾ  ജോൺസണ് വഴങ്ങുന്നില്ല, പാട്ട് നന്നാവുന്നില്ല. ജോൺസന്റെ അമ്പരപ്പ് കണ്ടില്ലെന്ന് നടിച്ചു  സത്യൻ അന്തിക്കാട്. അതിന്റെ താളം പിടികിട്ടാത്തതു കൊണ്ടാവും ഞാൻ വരാം എന്ന് കവി. പാട്ട് കുറെക്കൂടി ലളിതമാക്കിയാലോ? സമയെമെടുത്ത് എഴുതിയാൽ മതി. പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ... പോലെ, ഒ എൻ വിയുടെ തന്നെ പഴയ പാട്ടിനെ ഓർമ്മിപ്പിച്ച് പറഞ്ഞൊപ്പിച്ചു അദ്ദേഹം.

പിറ്റേന്ന് രാവിലെ ഏഴ് മണിക്കു തന്നെ  ഒ എൻ വി എത്തി. സംവിധായകനെ അമ്പരപ്പിക്കുന്ന കുന്നിമണി ചെപ്പുമായി. വരി കണ്ട് ഹൃദയം നിറഞ്ഞ സംവിധായകൻ പറഞ്ഞു, ഇത് മനോഹരമായിരിക്കുന്നു. താമസ സ്ഥലത്തെത്തി കുളിക്കാൻ കയറിയപ്പോൾ ജോൺസൺ മുറിയിലിരുന്ന് പാട്ട് വെറുതെ മൂളി നോക്കുന്നത് കേൾക്കാം. ആ നാടൻ ഈണം കേട്ട്  തോർത്താൻ ക്ഷമയില്ലാതെ തല പുറത്തേക്കിട്ടു പറഞ്ഞത്രേ ഇത് മതി, ഇതാണ് ഇതാണ് നമുക്ക് വേണ്ട പാട്ട്. അങ്ങെനെ അത് നമുക്കും വേണ്ടെപ്പെട്ട ഒരു പാട്ടായി.

‘ആരെയോർത്തു വേദനിപ്പൂ ചാരു ചന്ദ്രലേഖ

ഓരിതൾ പൂപോലെ നേർത്തു നേർത്തു പോവതെന്തേ

എങ്കിലും നീ വീണ്ടും  പൊൻ കുടമായ് നാളെ

മുഴുതിങ്കൾ ആകും നാളെ.....’

എന്നാണ്  നായകന്റെ ജീവിതത്തിെലെ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച്  ലളിതമായ വരികളിൽ കവി പറയുന്നത്. പാട്ടു കഴിയുമ്പോൾ ആ പ്രതീക്ഷ നമ്മളിലുമുണ്ട്. പാട്ട് തീരുമ്പോഴും മോഹിപ്പിക്കുന്ന ആ ഈണത്തിൽ അലിഞ്ഞ് ഹൃദയം പിന്നെയും പാടുകയാണ്...

‘ആവണിതൻ തേരിൽ നീ വരാഞ്ഞെതെന്തേ ഇന്ന്  നീ വരാഞ്ഞതെന്തേ....’