ഓർമ്മകളിലേക്ക് ഈറൻ കാറ്റായി വന്ന് തണുപ്പിക്കുന്നൊരു പാട്ടാണ് മനസിൻ മണിച്ചിമിഴിൽ... എന്ന് . ഗിരീഷ് പുത്തഞ്ചേരിയുടെ ആദ്യത്തെ മഴപ്പാട്ട്.  കേൾക്കുമ്പോൾ ഓർമ്മകൾ രാത്രിമഴ പോലെ പെയ്തു തുടങ്ങും. ഏത് ഗ്രീഷ്മ താപങ്ങളെയും ഉരുക്കിയ ആർദ്രമായ ചില ഓർമ്മകൾ മനസ്സിലേക്ക് ഒഴുകി വരും.

മഴ പെയ്യുന്നൊരു സന്ധ്യക്ക് ഷൊർണൂരിലെ മയൂരം ഗസ്റ്റ് ഹൗസ് വരാന്തയിലാണ് മഴയഴക് പീലി വിരിച്ചാടുന്ന ഈ പാട്ട് പിറന്നത്. എഴുതാനിരുന്ന ഗിരീഷ് പുത്തഞ്ചേരിക്ക്  മഴയെക്കുറിച്ചെഴുതണമെന്ന് ഉദ്ദേശമില്ലായിരുന്നെങ്കിലും മൂടിക്കെട്ടി പെയ്ത മഴ പാട്ടിനെ  ആവാഹിച്ചു വരുത്തി. മനസ്സിൻ മണിച്ചെപ്പിലേക്ക് പനിനീർ തുള്ളി പോലെ പെയ്തലിയുന്നൊരു ഗാനം.

ലോഹിതദാസ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലെയാണ് ഗാനം. രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികതയിലേക്ക് യേശുദാസിന്റെ മാന്ത്രിക സ്വരം അലിഞ്ഞ് ചേരുമ്പോൾ കേൾവിക്കാരിലും ഒരു മഴ  പെയ്യാതിരിക്കില്ല. ഗസ്റ്റ് ഹൗസിന്റെ ഈറൻ പടർന്ന വരാന്തയിലിരുന്ന് സമൃദ്ധമായ മുറുക്കിലായിരുന്നു പുത്തഞ്ചേരിയും രവീന്ദ്രൻ മാസ്റ്ററും. രണ്ടു ദിവസമായിട്ടും പാട്ടൊന്നും ശരിയാവാത്തതിന്റെ പിരിമുറുക്കവുമായിരിക്കുമ്പോഴാണ് തലക്ക് മീതെ കൈ കമിഴ്ത്തിപ്പിടിച്ച് സത്യൻ അന്തിക്കാട്  ഓടിക്കയറി വരുന്നത്. ആ സൗഹൃദ സന്ദർശനം രണ്ടു പേരിലും ഉത്സാഹം നിറച്ചു.

അകാലത്തിൽ പെയ്ത മഴയെക്കുറിച്ചായത്രേ പിന്നെ സംസാരം. വർത്തമാനത്തിനിടയിൽ പെട്ടന്ന് രവിന്ദ്രൻ മാസ്റ്റർ ചോദിക്കുന്നു "എടാ. നീ മഴയെക്കുറിച്ച് പാട്ട് വല്ലതും എഴുതിയിട്ടുണ്ടോ? ഇല്ലെന്ന് പുത്തഞ്ചേരിപറഞ്ഞപ്പോൾ എന്നാൽ ലോഹിയുടെ ഈ പടത്തിൽ നീ മഴയെക്കുറിച്ച് എഴുത് എന്നായി മാസ്റ്റർ. അങ്ങനെയാണ് മലയാളിയുടെ മനസിന്റ മണി ചെപ്പിലേക്ക് രാത്രിമഴയായി ആ ഓർമ്മകൾ പെയ്തത്.

ഒരു മാത്ര മാത്രമെൻ മൺകൂടിൻ ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ എന്ന് പരിഭവിക്കുന്ന പ്രണയത്തിന് എന്തൊരഴകാണ്. സഫലമാവാതെ പോയൊരു പ്രണയത്തിന്റെ വിങ്ങൽ പാട്ടിൽ തുടിക്കുന്നു. വെറുതെ... പെയ്തു നിറയുന്ന രാത്രിമഴയുടെ ഓർമ്മകൾ കേൾവിക്കാരെയും പ്രണയ കാലത്തെക്ക് കൈ പിടിക്കും. വെറുതെ എന്ന വാക്കിന് പോലും പുത്തഞ്ചേരിയുടെ വാക്കുകൾക്കിടയിലാവുമ്പോൾ  എന്തൊരു ചേലാണ് പകരുന്നത്. പാട്ടിലെ വരികൾ പോലെ, ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്ധർവ്വ സംഗീതമായൊരനുഭൂതി ബാക്കിയാവുന്നു.

നഷ്ട പ്രണയത്തെ കാത്തിരിക്കുന്ന പഴയ കളിക്കൂട്ടുകാരിയുടെ ഓർമ്മകളാണ് പാട്ടിൽ. ചെറുപ്പത്തിൽ വീട്ടുകാരോട് പിണങ്ങി നാടുവിടുന്ന പഴയ കളിക്കൂട്ടുകാരനെ കാത്തിരിക്കുകയാണ് മയൂരിയുടെ കഥാപാത്രം. കാത്തിരിക്കണം എന്ന് പറഞ്ഞാണവൻ പോയത്. കൂട്ടുകാരൻ (മമ്മൂട്ടി ) പക്ഷേ വിവാഹിതനും അച്ഛനുമൊക്കെയായാണ് തിരിച്ചെത്തുന്നത്. ലക്ഷ്മി ഗോപാലസ്വാമിയാണ് നായകന്റെ ഭാര്യാവേഷത്തിലെത്തുന്നത്. ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശവും ഈ ചിത്രത്തിലൂടെയായിരുന്നു.