അമ്മ, അതിരുകൾ നിർണയിക്കാനാകാത്ത സ്നേഹവായ്പ്. മാതൃസ്നേഹത്തോളം മധുരമുള്ള മറ്റെന്താണ് പാരിലുള്ളത്. ആ അനന്തമായ സ്നേഹപ്രവാഹം നിലയ്ക്കാതങ്ങനെ ഒഴുകുകയാണ്. സ്നേഹവും വാത്സല്യവും കരുതലും സമം ചാലിച്ച തേൻപുഴ പോലെ. ലോകം മുഴുവൻ എതിർത്താലും അമ്മയെന്ന മഹാ അദ്ഭുതം മാറോടണയ്ക്കുമ്പോൾ തോന്നുന്ന പ്രത്യാശയും മനോധൈര്യവും ചെറുതല്ല. ഗർഭത്തിൽ ഉരുവാക്കപ്പെടുന്ന നാൾ മുതൽ ദിവസങ്ങളെണ്ണി, പ്രതീക്ഷയുടെ നൂലിഴകൾ കോർത്ത് കുഞ്ഞുടുപ്പുകൾ തുന്നി കാത്തിരിക്കുന്ന മാതൃത്വം. ‌നൊമ്പരം നിറഞ്ഞ ഗർഭകാലത്തിനു ശേഷം പ്രാണൻ പകുത്ത് ജന്മം നൽകിയ കുഞ്ഞിന്റെ മുഖത്തേയ്ക്കു നോക്കി എല്ലാ നോവും കണ്ണീരും അലിയിച്ചു കളഞ്ഞു പുഞ്ചിരി പൊഴിക്കുന്ന സ്നേഹാമൃതമാണ് അമ്മ. മണ്ണോടു ചേരും വരെ സ്നേഹത്തിലും കരുതലിലും ഏറ്റക്കുറച്ചിലുകൾക്കു സ്ഥാനം കൊടുക്കാത്ത മാതൃത്വം. കാലചക്രം എത്രയധികം മുന്നോട്ടു ചലിച്ചാലും അമ്മയെന്ന പദത്തിന്റെ നിർവചനത്തിനു വകഭേദങ്ങൾ ഉണ്ടാവില്ല.

മാതൃത്വത്തിന്റെ മധുരം കിനിയുന്ന എത്രയോ ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയെ സ്നേഹസാന്ദ്രമാക്കി ഒഴുകിയിറങ്ങുന്നു. മക്കൾക്ക് അമ്മയോടുള്ള സ്നഹവും അമ്മയ്ക്കു മക്കളോടുള്ള സ്നേഹവും എഴുതിയും പാടിയും പറഞ്ഞു മതി വരുന്നില്ല സംഗീതജ്ഞർക്ക്. കണ്ണെത്താ ദൂരത്താണെങ്കിലും മാതൃമധുര ഗാനങ്ങൾ കേൾക്കുമ്പോൾ അമ്മയ്ക്കരികിലേക്കു പറന്നു ചെല്ലാൻ മനസു കൊതിക്കാത്തവരായി ആരുണ്ട്. ചില പാട്ടുകൾ അങ്ങനെയാണ്. ആസ്വാദനത്തിനു പുതിയ മാനങ്ങൾ നൽകി ഈണവും ഈരടികളും അന്തരംഗങ്ങളിലേക്കു പെയ്തിറങ്ങും. ചിലത് കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല. അമ്മയെന്ന അദ്ഭുതത്തെ അടയാളപ്പെടുത്തിയ മലയാളത്തിലെ ചില അമ്മ പാട്ടുകളിലൂടെ ഈ മാതൃദിനത്തിൽ ഒരു കടന്നു പോക്ക്......

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ

 

ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും

 

എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ  മുത്തേ നീ വന്നു....

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം കടിച്ചമർത്താനാകാതെ നിറമിഴികളോടെ തേങ്ങുന്ന ഒരമ്മ. സ്നേഹിച്ചുകൊതിരും മുന്‍പേ വിധി തട്ടിയെടുത്ത മകളുടെ ഓർമകളിൽ നീറി നീറി ജീവിക്കുന്ന മാതൃത്വം. വസന്തം കൊഴിഞ്ഞുവെങ്കിലും ആ ശൂന്യതയിൽ ഇടയ്ക്കുവച്ച് ഒരു കുഞ്ഞു പൂവ് ഇതൾ വിരിക്കുന്നു. അവളുടെ ‘അമ്മേ എന്ന നിഷ്കളങ്കമായ വിളി കേട്ട് കരൾ പിളർത്തുന്ന വേദനയോടെ കണ്ണീർ തുടച്ച് ആ കുഞ്ഞു പൂവിനെ നോക്കിയ അമ്മ വീണ്ടും വസന്തത്തിനു നിറം ചാർത്താനൊരുങ്ങുകയാണ്. അകാലത്തിൽ പൊലിഞ്ഞ മകളുടെ മണമുള്ള കുഞ്ഞുടുപ്പുകളെടുത്തണിയിച്ച് സ്വന്തം മകളെ പോലെ ആ കുഞ്ഞിനു നെഞ്ചിലെ ചൂടുകൊടുത്തുറക്കുന്ന അമ്മയുടെ മനോവ്യഥ മനസിലാക്കാത്ത മലയാളികളുണ്ടോ? മകളുടെ കിലുക്കം നിലച്ച പാദസരത്തിൽ നിന്നും വീണ്ടും താളം ഉതിർന്നപ്പോൾ സംഗീത പ്രേമികൾക്ക് ഈ ഗാനം ജീവരാഗമായി. കൈതപ്രം ദാമോദരൻ നമ്പൂതിരി വരച്ചിട്ട വരികൾക്ക് ഔസേപ്പച്ചൻ ഉള്ളുതൊടും സംഗീതം പകർന്നു.  ജി.വേണുഗോപാലിന്റെയും കെ.എസ് ചിത്രയുടെ ആലപാനത്തിൽ ആസ്വാദകഹൃദയങ്ങളിലേക്കു ഈ ഗാനം പെയ്തിറങ്ങി.

വാലിന്മേൽ പൂവും വാലിട്ടെഴുതിയ 

 

വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

 

സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ

 

വരൂ നാവോറ് പാടാൻ നീ ഇനിവരും വിഷു നാളിൽ...

അമ്മ–മക്കൾ സ്നേഹത്തിന്റെ വ്യാപ്തി അളക്കാൻ സാധിക്കില്ലെന്നു തെളിയിച്ച ഗാനം. വർഷങ്ങൾക്കിപ്പുറം അമ്മ വീണ്ടും ഗർഭം ധരിച്ചുവെന്നറിയുമ്പോഴുണ്ടാകുന്ന മകന്റെ സന്തോഷം വരച്ചുകാണിച്ച ഗാനം. അമ്മയുെടെ ഉദരത്തിൽ ജീവന്റെ തുടിപ്പ് കണ്ടപ്പോൾ മുതൽ ഓരോ ദിനവുമെണ്ണി കുഞ്ഞുടുപ്പുകളൊരുക്കി, തൊട്ടിൽ കെട്ടി കാത്തിരിക്കുന്ന മകൻ. ഗർഭത്തിൽ ഉരുവായ നിമിഷം മുതൽ അമ്മ നൽകിയ സ്നേഹ പരിലാളനകൾക്കു പകരമായി അയാൾ അമ്മയ്ക്ക് ആവോളം സന്തോഷം പകരുന്നു. അകാലത്തിൽ ഗർഭം ധരിച്ചതിന്റെ ജാള്യതയിലും മകന്റെ സ്നേഹ പരിചരണങ്ങൾക്കു വാത്സല്യപൂർവം വഴങ്ങുകയാണ് ആ അമ്മ. മക്കളെ പരിചരിക്കുന്ന അമ്മയുടെ പൊതുചിത്രം മാറ്റിവച്ച് അമ്മയെ പരിലാളിക്കുന്ന മകനെയും ആ സ്നേഹം ആസ്വദിക്കുന്ന അമ്മയെയും അവതരിപ്പിച്ച ഗാനരംഗം അതിശ്രേഷഠമെന്ന് ആസ്വാദകർ വിലയിരുത്തി. ഒ.എൻ.വി കുറുപ്പിന്റെ വരികൾ‌ക്കൊപ്പം ശരത്തിന്റെ സംഗീതം ചേർന്നു. ഒപ്പം എം.ജി.ശ്രീകുമാറിന്റെയും സുജാതയുടെയും സ്വരാലാവണ്യവും ഇഴ ചേർന്നപ്പോൾ പാട്ട് അനശ്വരതയിലേക്കു വഴി മാറി.

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

 

എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

 

വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

 

എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ.....

മാതൃസ്നേഹത്തിന്റെ മാധുര്യം ആവോളം ആസ്വദിക്കാൻ ഭാഗ്യം ലഭിക്കാത്ത പല കുഞ്ഞുങ്ങളുടെ നെഞ്ചുലച്ച ഗാനമാണ് ‘പപ്പയുടെ സ്വന്തം അപ്പൂസി’ലെ ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ....’. അമ്മയുടെ കരത്തിന്റെ തണലിൽ മയങ്ങാനാകാത്ത കുഞ്ഞ് അവന്റെ അമ്മയുടെ ചലനങ്ങളെ വിഡിയോയിലൂടെ കണ്ടാസ്വദിക്കുകയാണ്. കാത്തിരുന്നു പിറന്ന മകന് കുഞ്ഞരിപ്പല്ലുകൾ മുളയ്ക്കുന്നതിനു മുൻപേ ഓർമയായ അമ്മ പ്രേക്ഷകര്‍ക്കും നൊമ്പരമായി. അമ്മിഞ്ഞപ്പാലിന്റെ മധുരം നുകരാനാകാത്ത ആ ബാല്യം മനസിൽ സ്വപ്നങ്ങൾ നെയ്യുകയാണ്. അമ്മയുണ്ടായിരുന്നെങ്കിൽ അവന്റെ ബാല്യം നിറപ്പകിട്ടാകുമായിരുന്നു. മാതൃസ്നേഹം നുകരാനാകാതെ സ്വപ്നങ്ങൾ കൊണ്ടു നിർവൃതിയണയുന്ന ആ നിഷ്കളങ്ക ബാല്യം പ്രേക്ഷകർക്കു സങ്കടക്കാഴ്ചയാകുന്നു. ബിച്ചു തിരുമല എഴുതിയ വരികള്‍ക്ക് ഇളയരാജ സംഗീതം പകർന്നു. പകരക്കാരില്ലാത്ത എസ്.ജാനകി പാടി അമൃതു പൊഴിയിച്ച സ്നേഹഗാനം ഇന്നും മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ.

താമരക്കണ്ണനുറങ്ങേണം

 

കണ്ണും പൂട്ടിയുറങ്ങേണം

 

അച്ഛനു തുണയായ് വളരേണം

 

അമ്മയ്ക്കു തണലായ് മാറേണം.....

ജീവിതവഴികളിൽ എങ്ങനെ ചലിക്കണമെന്ന് ഒരു അമ്മ മകനു സ്നേഹോപദേശം നൽകുന്നത് സാധാരണമാണ്. എന്നാൽ അതെല്ലാം ഒരു പാട്ടിലൂടെ ആവിഷ്കരിക്കുക എന്നത് അത്ര എളുപ്പമല്ല. പതിറ്റാണ്ടുകൾക്കിപ്പുറവും പ്രഭ ചോരാതെ നിൽക്കുന്ന ‘താമരക്കണ്ണനുറങ്ങേണം’ എന്ന ഗാനം അത്തരത്തിലുള്ളതാണ്. കുഞ്ഞിനെ മാറോടണച്ച് പാട്ടു പാടുന്ന വാത്സല്യനിധിയായ ആ അമ്മ ഒരുപാട് അമ്മമാരുടെ നേർചിത്രമാണ്. ‘പൂവിരിഞ്ഞ വഴികളിൽ മുള്ളുകണ്ടു നീങ്ങണം’ എന്ന വരിയിലൂടെ ലളിതവും സ്പഷ്ടവുമായി യഥാർഥ ജീവിതചിത്രം കുഞ്ഞിനു മനസിലാക്കി കൊടുക്കുകയാണ് ആ അമ്മ. മഴയും കുളിർകാറ്റുമൊക്കെ ചൊരിഞ്ഞ് പ്രകൃതി തന്നെ കുഞ്ഞിനെ ഉറക്കാനുള്ള ശാന്തമായ അന്തരീക്ഷം ഒരുക്കി കൊടുക്കുന്നു. അമ്മയ്ക്കു കുഞ്ഞിനോടുള്ള വാത്സല്യമാണ് വരികളിൽ പ്രതിഫലിക്കുന്നതെങ്കിലും ഒരു മേൽക്കൂരയ്ക്കു കീഴിലെ എല്ലാവരോടുമുള്ള സ്നേഹം ഗാനരംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അമ്മയുടെ സ്നേഹചുംബനങ്ങളേറ്റ് ആ വാത്സല്യം ആവോളം ആസ്വദിച്ച മകൻ കുഞ്ഞുമിഴികൾ പൂട്ടി നിദ്രയിലാഴുന്നു. കുഞ്ഞിനോടുള്ള സ്നഹലാളനകൾ അണുവിട മുറിയാതെ പ്രവഹിക്കുകയാണ് ആ പാട്ടിലൂടെ. അമ്മപ്പാട്ടുകളെഴുതാൻ അസാമാന്യ വൈഭവമുള്ള കൈതപ്രം കുറിച്ച വരികൾക്ക് എസ്.പി.വെങ്കടേഷ് ഈണം നൽകി. കെ.എസ്.ചിത്രയുടെ ശ്രുതിമധുരമായ ആലാപനം പാട്ടിനെ ശ്രേഷ്ഠമാക്കി.

 

എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

 

എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

 

എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി

 

എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു...

ഓമനിച്ചു കൊണ്ടു നടന്ന മകനെ പെട്ടെന്നൊരു ദിവസം നഷ്ടപ്പെടുത്തേണ്ടി വന്നാല്‍ ഏത് അമ്മയ്ക്കാണ് അതു സഹിക്കാൻ സാധിക്കുക. പൊന്നു പോലെ വളർത്തിയ കുഞ്ഞിനെ സന്യാസിയാക്കാൻ അയക്കേണ്ടി വരുന്ന അമ്മയുടെ ഹൃദയവ്യഥ അടയാളപ്പെടുത്തുന്ന ഗാനമാണ് ദേശാടനത്തിലെ ‘എങ്ങനെ ഞാൻ ഉറക്കേണ്ടു....’. സ്വാമിയാർ മഠത്തിലെ സന്യാസിയാകാൻ കുട്ടിയെ തിരഞ്ഞെടുത്തപ്പോൾ അവന്റ മുത്തച്ഛൻ ഏറെ അഭിമാനിച്ചു. പക്ഷേ, കുഞ്ഞിനെ കൈവിട്ടുപൊകുമെന്നറിഞ്ഞ മാതാപിതാക്കൾ ആ ദു:ഖം എങ്ങനെ താങ്ങും. ഉറ്റവരോടും ഉടയവരോടും അവനു യാത്ര പറഞ്ഞേ മതിയാകൂ. പ്രാണൻ പകുത്തു നൽകി സ്നേഹിച്ച മകൻ കൈവിട്ടുപോകുന്നതിന്റെ ദു:ഖം ആ മാതൃഹൃദയത്തിനു താങ്ങാനായില്ല. കുഞ്ഞിനെ അവസാനമായി മാറോടണച്ച് എങ്ങനെ ഞാൻ ഉറക്കേണ്ടു എന്നു പാടുന്ന ആ അമ്മ ഒരുപാട് അമ്മമാരുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ടാകാം. മകനുള്ള അവസാന താരാട്ടു പാട്ടു പാടി അവനെ യാത്രയയയ്ക്കുന്ന മാതൃ സ്നേഹം മുഴുവൻ ആ ഗാനരംഗത്തിൽ അസാമാന്യമായി അവതരിപ്പിച്ചിരിക്കുന്നു. കൈതപ്രം തന്നെ വരികളെഴുതി സംഗീതം പകർന്ന ഗാനം പാടിയത് സുജാത മോഹൻ. 

 

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ

 

കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ

 

നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ

 

മൊഴിയോ, കിന്നാരക്കിലുങ്ങലോ

 

ചിരിയോ, മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ

അമ്മയും മക്കളും തമ്മിലുള്ള സ്നേഹവും പരിഭവവും സമാസമം ചാലിച്ചൊരുക്കിയ ഗാനം. ബാല്യകൗമാരങ്ങളിലെ കുറുമ്പും കുസൃതിയുമെല്ലാം തമ്മിൽ ചേർന്നലിഞ്ഞൊഴുകിയ ഗാനം ആസ്വാദകരുടെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുപോലെ ചൊരിയുന്നു. അമ്മ മാറോടണയ്ക്കുമ്പോൾ മാഞ്ഞു പോകുന്ന ദു:ഖങ്ങളേ പലരുടെയും മനസിലുള്ളു. എത്ര വളർന്നാലും എന്തൊക്കെയായാലും ആ മാതൃത്വത്തിനു പകരം വയ്ക്കാനായ് മറ്റെന്തുണ്ട്. അമ്മയോടു കുസൃതി കാണിച്ചു നടന്ന വികൃതിപ്പയ്യൻ വർഷങ്ങൾക്കിപ്പുറം താൻ പിച്ചവച്ചു നടന്ന തിരുമുറ്റത്തേയ്ക്കു തിരികെയെത്തുന്നു. ആഹ്ലാദങ്ങളും ആനന്ദവുമില്ലാതെ ശൂന്യമായി കിടന്ന അവിടെ അപ്പോഴും അവന്റെ അമ്മയുടെ സുഗന്ധം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഓർമകളിലേക്ക് ഊളിയിട്ടു പോകുന്ന ആ യുവത്വം, അകാലത്തിൽ നഷ്ടമായ അമ്മയുടെ ഓർമകളിൽ വിതുമ്പുന്നു. പാട്ടു പാടി ഉറക്കിയിരുന്ന അമ്മ, സ്നേഹം പകർന്ന് അമൃത് ഊട്ടിയ അമ്മ, എല്ലാം മാഞ്ഞു പോയി. ഓർമകളുടെ മധുരം നുണഞ്ഞ് വീണ്ടും ആ മുറ്റത്തു നിന്നിറങ്ങിയപ്പോൾ മനസിലുണ്ടായിരുന്നത് ബാല്യത്തിലെ വർണാഭമായ ഓർമകൾ മാത്രം. അനശ്വര കലാകാരൻ ജോൺസൻ മാസ്റ്ററിന്റെ സംഗീത്തതത്തിനൊപ്പം കെ.എസ്.ചിത്രയുടെ മധുവൂറും നാദം ചേർന്നപ്പോൾ പാട്ട് വിശേഷണങ്ങൾക്ക് അപ്പുറം സഞ്ചരിച്ചു. കൈതപ്രം തന്നെയാണ് വരികളെഴുതിയത്.

മലർകൊടി പോലെ വർണത്തുടി പോലെ

 

മയങ്ങൂ നീയെൻ മടിമേലെ

 

അമ്പിളീ നിന്നെ പുൽകി

 

അമ്പരം പൂകി ഞാൻ മേഘമായ്....

കൈ വളരുന്നതും കാൽ വളരുന്നതും നോക്കി കുഞ്ഞിനെ താഴത്തു വയ്ക്കാതെ ലാളിക്കുന്ന ഒരമ്മ. ‘വിഷുക്കണി’ എന്ന ചിത്രത്തിൽ ആ അമ്മ കുഞ്ഞിനെയുറക്കിയ പാട്ട് കേട്ട് കേരളത്തിലെ എത്രയോ കുരുന്നുകൾ കുഞ്ഞു മിഴികൾ പൂട്ടി നിദ്രയിലാഴ്ന്നു. മാതൃത്വത്തിന് മധു പകരുന്ന കുഞ്ഞിനെ എത്ര ലാളിച്ചിട്ടും ആ അമ്മയ്ക്കു മതിയാകുന്നില്ല. ഈ ജന്മത്തിലും വരും ജന്മത്തിലും നിർവൃതി പകരാൻ ആ പൈതലിനെ അമ്മ ആഗ്രഹിക്കുന്നു. മകളുടെ കുഞ്ഞരിപ്പല്ലു കാണിച്ചുള്ള ചിരിയും പാദസരം കിലുക്കിയുള്ള കാലൊച്ചകളും പതിഞ്ഞത് അമ്മയുടെ ഹൃദയത്തിലായിരുന്നു. എല്ലാ സുഖവും സന്തോഷവും മകളിൽ കണ്ടെത്തുന്ന പകരം വയ്ക്കാനില്ലാത്ത സ്നേഹം. താരാട്ടു പാട്ടു പാടാനുള്ള എസ്. ജാനകിയുടെ അസാമാന്യമായ വൈഭവം പാട്ടിനെ അനശ്വരമാക്കി. ശ്രീകുമാരൻ തമ്പിയുടെ കാവ്യാത്മകതയ്ക്ക് സലിൽ ചൗധരി സംഗീതം പകർന്നപ്പോൾ ആസ്വാദന തലത്തെ തഴുകിയിറങ്ങിയ സ്നേഹഗീതമായി അത് മാറി.