സിനിമാ പാട്ടെഴുത്താണോ കവിതയെഴുത്താണോ പ്രിയമെന്നു ചോദിച്ചാൽ പാട്ട് കവിതയായി എഴുതുന്നതാണു പ്രിയമെന്നു പറയും വൈരമുത്തു. ‘നീ കാറ്റ്, നാൻ മരം, എന്ന സൊന്നാലും തലയാട്ടുവേൻ’ എന്ന് ആരും തലയാട്ടുന്ന കവിത തുളുമ്പുന്ന വരികളെഴുതുന്ന വൈരമുത്തു, ഫിഫ്റ്റി കെജി താജ്മഹൽ എനക്കേ എനക്കാ എന്നും ഊർവസീ ഊർവസീ ടേക്കിറ്റ് ഈസി ഊർവസീ എന്നും ഉന്നോടു കാതൽ സൊല്ലി നയൻതാരാ എന്നു ജനപ്രിയ ചേരുവയ്ക്കൊപ്പവും ഹിറ്റുകളൊരുക്കും.

പാട്ടെഴുത്തിൽ കയ്യടിക്ക് ഇടംകൊടുക്കുമെങ്കിലും തമിഴ് ഭാഷാ പ്രണയത്തിൽ ആ വിട്ടുവീഴ്ചയില്ല. തമിഴ് വയറ്റുമൊഴിയല്ല വാഴ്കൈമൊഴിയെന്ന് ഉറക്കെപ്പറയുന്ന കവിയാണ് വൈരമുത്തു. തമിഴാണ് തന്റെ ശ്വാസം എന്നു പറയുന്ന കവിഞ്ജർ. ചെന്നൈ പച്ചയപ്പാസ് കോളജിലെ പഠനകാലത്ത് 19ാം വയസ്സിൽ ആദ്യ കവിതാ സമാഹാരം – വൈഗരൈ മേഘങ്ങൾ – പുറത്തിറക്കിയ വൈരമുത്തു, 68–ാം വയസ്സിൽ കവിതയെഴുത്തിൽ അരനൂറ്റാണ്ടിലേക്കു കടക്കുകയാണ്. 

‘കാതലിക്കും പെണ്ണിൻ കൈകൾ തൊട്ടു നീട്ടിനാൽ, ചിന്ന തകരം കൂട തങ്കം താനേ’ എന്നു പ്രണയത്തിനു പുതിയ ഭാവുകത്വം ചമച്ച വൈരമുത്തുവിന്റെ തൂലികയ്ക്ക് തമിഴ് ഗാനശാഖയെ പുതുതലമുറയ്ക്കു കൂടി പ്രിയങ്കരമാക്കിയതിൽ ചെറുതല്ലാത്ത പങ്കുണ്ട്. 7500ൽ അധികം വരുന്ന സിനിമാ ഗാനങ്ങളും ഏഴ് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളുമുൾപ്പെടെ അംഗീകാരങ്ങളുടെ നിറവിൽ തമിഴ് പാട്ടെഴുത്തിന്റെ രാജരാജ ചോഴനായി തുടരുകയാണ് വൈരമുത്തു.

ആദ്യം ഭാരതിരാജ, പിന്നെ ബാലചന്ദർ

സിനിമയിൽ വൈരമുത്തുവിന്റെ അരങ്ങേറ്റം തന്നെ അതികായർക്കൊപ്പമായിരുന്നു. ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ (1980) ആയിരുന്നു ആദ്യ ചിത്രം. ആദ്യഗാനം പൊൻമാലൈ പൊഴുത് പാടിയത് എസ്.പി. ബാലസുബ്രഹ്മണ്യം, സംഗീതം ഇളയരാജ. എങ്കിലും ആദ്യം റിലീസ് ചെയ്തത് രണ്ടാമത്തെ ചിത്രം ഐ.വി.ശശിയുടെ സംവിധാനത്തിലിറങ്ങിയ കാളി. പിന്നാലെ അലൈകൾ ഓയ്‌വതില്ലൈ, കാതൽ ഓവിയം, മൺവാസനൈ, പുതുമൈ പെൺ, ഒരു കൈദിയിൻ ഡയറി, മുതൽ മര്യാദൈ, കടലോര കവിതൈകൾ, സിന്ധു ഭൈരവി, പുന്നകൈ മന്നൻ എന്നിങ്ങനെ ഇളയരാജയ്ക്കൊപ്പം ഹിറ്റുകളുടെ ഒരു പൊൻവസന്തം തന്നെ തീർത്തു വൈരമുത്തു. 

ഇളയരാജയുമായി വഴിപിരിഞ്ഞ വൈരമുത്തുവിന് പിൽക്കാലത്ത് സിനിമയിൽ സ്വപ്നതുല്യമായ തിരിച്ചുവരവൊരുക്കിയത് കെ. ബാലചന്ദറാണ്. തന്റെ നിർമാണ കമ്പനി കവിതാലയായുടെ മൂന്നു ചിത്രങ്ങൾക്കായി ഒരേസമയം വൈരമുത്തുവിനെ നിയോഗിച്ചു ബാലചന്ദർ. വാനമെ എല്ലൈ (സംവിധാനം കെ. ബാലചന്ദർ– സംഗീതം മരഗതമണി), അണ്ണാമലൈ (സംവിധാനം സുരേഷ് കൃഷ്ണ– സംഗീതം ദേവ), റോജ (സംവിധാനം മണിരത്നം – സംഗീതം എ.ആർ. റഹ്മാൻ).

എ.ആർ.റഹ്മാൻ– വൈരമുത്തു

എ.ആർ. റഹ്മാന്റെ പിറവി കുറിച്ച റോജ എല്ലാ അർഥത്തിലും വൈരമുത്തുവിനും അവിശ്വസനീയ ജനപ്രീതിയാണു സമ്മാനിച്ചത്. റഹ്മാന്റെ വിസ്മയ സംഗീതത്തിന്റെ ചിറകിലേറി ഭാഷയുടെ അതിരുകൾ താണ്ടി വൈരമുത്തുവിന്റെ വരികളും ആസ്വാദകരോട് ഇഷ്ടം കൂടി. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആർദ്രത ആ വരികളിൽ തൊട്ടറിഞ്ഞ ഒരു തലമുറ ഊണിലും ഉറക്കത്തിലും ആ ഈരടികൾ ഏറ്റുപാടി. എ.ആർ.റഹ്മാൻ– വൈരമുത്തു എന്ന ടൈറ്റിൽ കാർഡ് തീർത്ത ഓളം ഇനിയും തീർന്നിട്ടില്ല. സിനിമയ്ക്കു മുൻപേ വിപണയിൽ ആ ഗാനങ്ങൾ ഹിറ്റ് കുറിച്ചു. 

മണിരത്നം – എ.ആർ.റഹ്മാൻ– വൈരമുത്തു സിനിമകളെല്ലാം സംഗീതാസ്വാദകർ എക്കാലത്തേക്കുമായി മുതൽക്കൂട്ടി. തിരുടാ തിരുടാ (1993), ബോംബെ (1995), അലൈ പായുതേ (2000), കന്നത്തിൽ മുത്തമിട്ടാൽ (2002), ആയുധ എഴുത്ത് (2004), രാവണൻ (2010), കടൽ (2013), ഒകെ കൺമണി (2015), കാറ്റു വെളിയിടൈ (2017), ചെക്ക ചിവന്ത വാനം (2018) എന്നിങ്ങനെ സിനിമ തീർന്നിട്ടും പാട്ടുകൾ പെയ്തുകൊണ്ടേയിരിക്കുന്നു.

ഷങ്കറിനൊപ്പം ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, ശിവാജി, എന്തിരൻ ഭാരതിരാജയ്ക്കൊപ്പം കിഴക്കു ചീമയിലെ, കറുത്തമ്മ, അന്തിമന്ദാരൈ, താജ്മഹൽ‍ കെ.എസ്. രവികുമാറിനൊപ്പം മുത്തു, പടയപ്പ, വരലാറ് രാജീവ് മേനോനൊപ്പം മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നിങ്ങനെ രണ്ടാംവരവ് വൈരമുത്തു അവിസ്മരണീയമാക്കി. റഹ്മാനൊപ്പം മറ്റു സംവിധായകർക്കായി ചെയ്ത പുതിയ മുഖം, ഡ്യുയറ്റ്, മേയ്മാതം, റിഥം, സംഗമം എന്നിങ്ങനെ മറ്റു ചിത്രങ്ങളുടെ നിര വേറെയും. റഹ്മാൻ സംഗീതത്തിനു പുറത്ത് ബാഷ, ആസൈ, നേർക്കുനേർ, വാലി, ഖുഷി പോലുള്ള ഹിറ്റുകളും.

വൈഗയുടെ തീരം തേനിയിലെ കാലം

വൈഗയുടെ തീരത്തെ കുട്ടിക്കാലവും പറിച്ചുനടലും പിൽക്കാലത്തെ തേനിയിലെ കർഷക ജീവിതവുമാണ് വൈരമുത്തുവിനെ കവിയാക്കിയത്. ആധുനികവൽക്കരണത്തിന്റെ വേദനകൾ സ്വന്തം ജീവിതത്തിൽ നിന്നാണു വൈരമുത്തു പകർത്തിയെഴുതിയത്. ജനിച്ച മണ്ണിൽ അഭയാർഥികളാകേണ്ടി വരുന്നവരുടെ അനുഭവം സ്വന്തം കുട്ടിക്കാലത്തിലേക്കുള്ള ദൂരം മാത്രമാണ് അദ്ദേഹത്തിന്. വൈഗൈ അണക്കെട്ടു നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട തമിഴ് ഗ്രാമങ്ങളിലൊന്നിലായിരുന്നു വൈരമുത്തുവിന്റെ കുടുംബവും. വൈരമുത്തുവിന് നാലു വയസ്സുള്ളപ്പോഴായിരുന്നു കുടുംബം തേനിയിലെ വടുകാപ്പട്ടി ഗ്രാമത്തിലേക്കു പുതിയൊരു ജീവിതം തേടി യാത്രയായത്. കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിൽ വൈരമുത്തു ആ ജീവിതാനുഭവങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. ആ ജീവിതയാത്രയ്ക്കൊപ്പം പെരിയാറുടെയും അണ്ണാദുരൈയുടെയും വാക്കുകളും ഭാരതിയുടെയും കണ്ണദാസന്റെയും കരുണാനിധിയുടെയുമെല്ലാം വരികളും വൈരമുത്തുവിനെ എഴുത്തിലേക്കു നടത്തി. 14–ാം വയസ്സിൽ, തിരുക്കുറലിൽ നിന്നു പ്രചോദനമുൾക്കൊണ്ടായിരുന്നു ആദ്യ രചന.

കവിത, നോവൽ എഴുത്തുവഴികൾ

ഗാനരചയിതാവിനു പുറമെ നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിലും വൈരമുത്തു മികവു തെളിയിച്ചിട്ടുണ്ട്. നാലു സിനിമകൾക്കു രചന നിർവഹിച്ചു (നട്പ്, ഓടങ്ങൾ, തുളസി, വണ്ണ കനവുകൾ, വണക്കം വാധ്യാരേ). ക്യാപ്റ്റൻ, അൻട്രു പെയ്ത മഴയിൽ എന്നീ ചിത്രങ്ങൾക്കായി സംഭാഷണവുമെഴുതി. തമിഴ് ദേശീയതയുടെ പ്രചാരകനായ വൈരമുത്തു, തമിഴ് സാഹിത്യ സംവാദങ്ങളിലും സജീവമാണ്. കവിതാ സമാഹാരങ്ങളും നോവലുമടക്കം 37 പുസ്തകങ്ങൾ രചിച്ചു. കറുവച്ചി കാവിയം, മൂൻട്രാം ഉലകപ്പോർ, എൻ ജന്നലിൻ വഴിയേ, എല്ലാ നദിയിലും എൻ ഓടം (വിദേശ കവിതകളുടെ മൊഴിമാറ്റം) തുടങ്ങിയവ ഏറെ ജനപ്രിയമാണ്. കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

മുതൽ മര്യാദൈ– 1985 (എല്ലാ പാട്ടുകളും), റോജ – 1992 (ചിന്ന ചിന്ന ആസൈ), 1994 – കറുത്തമ്മ (പോരാളേ പൊന്നുത്തായീ), പവിത്ര (ഉയിരും നീയേ), സംഗമം –1999 (മുതൽ മുറൈ കിള്ളിപ്പാർത്തേൻ), കന്നത്തിൽ മുത്തമിട്ടാൽ –2002 (ഒരു ദൈവം തന്ത പൂവേ), തെൻമേർക്കു പരുവക്കാറ്റ് – 2010 (കള്ളിക്കാട്ടിൽ പൊറന്ത തായേ), ധർമദുരൈ – 2016 (എന്ത പക്കം) എന്നിവയാണ് ദേശീയ അവാർഡിന് അർഹമാക്കിയ സിനിമാ ഗാനങ്ങൾ. വൈരമുത്തുവിന്റെ മക്കൾ മദൻ കാർക്കിയും കബിലനും പിതാവിന്റെ പാത പിന്തുടർന്ന് പാട്ടെഴുത്തിലും സജീവമാണ്. 

150ലേറെ സംഗീത സംവിധായകർക്കൊപ്പം ഗാനങ്ങൾ സൃഷ്ടിച്ച വൈരമുത്തുവിനെ മഹാകവി കണ്ണദാസനോടാണ് ഭാരതിരാജ ഉപമിച്ചത്. കവികളിലെ ചക്രവർത്തി എന്ന അർഥത്തിൽ സാക്ഷാൽ മുത്തുവേൽ കരുണാനിധിയാണ് അദ്ദേഹത്തെ കവിപ്പേരരസു എന്നു വിശേഷിപ്പിച്ചത്. 2003ൽ പത്മശ്രീ, 2014ൽ പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചു. വൈരമുത്തു എജ്യുക്കേഷനൽ ട്രസ്റ്റ്, വെട്രി തമിഴർ പേരവൈ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാമൂഹിക സേവന സംരംഭങ്ങളാണ്. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി 2018ൽ ഗായിക ചിൻമയി ശ്രീപദ ഉൾപ്പെടെ ഏതാനും വനിതകൾ വൈരമുത്തുവിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, നിയമനടപടി നേരിടാൻ തയാറാണെന്നു വ്യക്തമാക്കുകയായിരുന്നു.