സംഗീതത്തെ ജീവവായുവായി കാണുന്ന ഒരു ചെറുപ്പക്കാരനുണ്ട് കോഴിക്കോട്. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ആമുഖങ്ങളാവശ്യമില്ലാത്ത സൗരവ് കിഷൻ എന്ന ‘കുട്ടി റഫി’യെക്കുറിച്ചാണ്. ഈ പേരിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മൂല്യമേറെയാണ്. അതിന്റെ കാരണമോ മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയുടെ കഴിഞ്ഞ ദിവസത്തെ ഒരൊറ്റ ട്വീറ്റ്. സ്വതസിദ്ധമായ ആലാപനത്തിലൂടെ ത്രില്ലടിപ്പിച്ച കുട്ടി റഫിയുടെ പാട്ട് ആനന്ദ് കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. ആ ട്വീറ്റ് കണ്ട് അഭിമാനം കൊണ്ടത് കോഴിക്കോടുകാർ മാത്രമായിരുന്നില്ല ലോകമെമ്പാടുമുള്ള മലയാളികളും സംഗീതപ്രേമികളുമാണ്. തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും അഭിനന്ദന സന്ദേശങ്ങളും ഫോൺ കോളുകളും സൗരവിനരികിലെത്തി. ചൈനയിലെ സിൻജിയാങ് സർവകലാശാലയിൽ എംബിബിഎസ് അവസാനവർഷ വിദ്യാർഥിയാണ് സൗരവ്. അവധിക്കു നാട്ടിലെത്തിയ ഇദ്ദേഹത്തോട് ഇപ്പോഴത്തെ സന്തോഷത്തെക്കുറിച്ചു ചോദിച്ചാൽ ഒറ്റ വാക്യത്തിൽ പറയാനുള്ളത് ഇത്ര മാത്രം. ‘ഞാൻ ഇപ്പോഴും സ്വപ്നലോകത്തിലാണ്’. ഞൊടിയിടയിൽ വൈറലായ ‘കുട്ടി റഫി’ സംഗീതവിശേഷങ്ങൾ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

സ്വപ്നത്തിൽ നിന്നു ഞാൻ ഉണർന്നിട്ടില്ല

ഞാൻ ഇപ്പോഴും സ്വപ്നലോകത്തിലാണ്. എനിക്ക് ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നതേയില്ല. ആനന്ദ് മഹീന്ദ്ര സാറിന്റെ ട്വീറ്റ് കണ്ടതിനു ശേഷം ഞാൻ ആകെ ഷോക്കായി നിൽക്കുകയാണ്. പിറ്റേ ദിവസം ഉറങ്ങിയെഴുന്നറ്റപ്പോൾ മാഞ്ഞു പോകുന്ന സ്വപ്നമായിരിക്കുമിതെന്നാണ് ഞാൻ വിചാരിച്ചത്. ഈ യാഥാർഥ്യം വിശ്വസിക്കാൻ ഇപ്പോഴും എനിക്കു സാധിക്കുന്നില്ല. എന്റെ പാട്ട് അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുക എന്നതു പോലും ഭാഗ്യമാണ്. അപ്പോൾ സർ അത് പങ്കുവയ്ക്കുക കൂടി ചെയ്തപ്പോൾ ഇരട്ടി സന്തോഷം. എന്റെ സുഹൃത്തുക്കൾ പറഞ്ഞാണ് സർ പാട്ട് പോസറ്റ് ചെയ്ത കാര്യം ഞാൻ അറിഞ്ഞത്. സംഗീതജീവിതത്തിലെ വലിയ അംഗീകാരമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. 

അവധിക്കാലത്തെ ഇരട്ടിമധുരം

വെക്കേഷൻ തുടങ്ങിയതോടെ ഫെബ്രുവരിയിലാണ് ഞാൻ ചൈനയിൽ നിന്നും നാട്ടിലേക്കു വന്നത്. എന്റെ പാട്ട് കണ്ട് ആനന്ദ് മഹീന്ദ്ര സർ നൽകിയ പ്രോത്സാഹനവും തുടർന്നു വന്ന അഭിനന്ദന സന്ദേശങ്ങളും ഫോൺ കോളുകളുമെല്ലാം എന്റെ ഒഴിവുകാലത്തെ ഏറെ സുന്ദരമാക്കി. ഒരു ഗായകൻ എന്ന നിലയിൽ എനിക്കു നൽകിയ എല്ലാ അംഗീകാരങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുകയാണ്. കോഴിക്കോട് ജനിക്കാൻ സാധിച്ചതു തന്നെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. കാരണം ചുറ്റുമുള്ളവരെല്ലാം എനിക്ക് പരിപൂർണ പിന്തുണയാണു നൽകുന്നത്. 

സകലതും എനിക്കെന്റെ സംഗീതം

മൂന്നു വയസ്സ് മുതൽ ഞാന്‍ സംഗീതം പഠിക്കുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സംഗീതത്തിനാണ്. അത് കഴിഞ്ഞേ മറ്റെന്തു ഉള്ളു എന്നു തന്നെ പറയാം. സംഗീതത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നു. എന്റെ മുത്തച്ഛൻ രാമക‍ൃഷ്ണനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഞാൻ സംഗീതത്തിലേയ്ക്കെത്തിയത്. അദ്ദേഹം വളരെ മികച്ച ഒരു ഗായകനാണ്. മുത്തച്ഛനുമായി എനിക്ക് വലിയ ആത്മബന്ധമുണ്ട്. എനിക്ക് എല്ലാം എന്റെ സംഗീതമാണ്. എങ്കിലും ഇപ്പോൾ വിദ്യാർഥിയായതുകൊണ്ടു തന്നെ പഠനത്തിനു വേണ്ടിയും സമയം കണ്ടെത്താറുണ്ട്. 

റഫി ഗാനങ്ങളോട് അടങ്ങാത്ത പ്രണയം

മുത്തച്ഛൻ വീട്ടിൽ എന്നും റഫി സാറിന്റെ പാട്ടുകൾ ഗ്രാമഫോണിൽ പ്ലേ ചെയ്യുമായിരുന്നു. ഞാൻ ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതു വരെ ഈ പാട്ടുകളാണ് കേൾക്കുക. അങ്ങനെ കുഞ്ഞായിരിക്കുമ്പോൾ മുതൽ റഫി സാറിന്റെ പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗാനങ്ങളോട് ഒരു വല്ലാത്ത പ്രണയമാണ് എനിക്ക്. റഫി സാറിന്റെ ഏകദേശം എണ്ണൂറോളം ഗാനങ്ങൾ ഞാൻ പഠിച്ചിട്ടുമുണ്ട്. പിന്നെ ഞാൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത കാലത്ത് അവിടെ വിധികർത്താവായി എത്തിയ ജോൺസൺ മാഷ് എന്നോടു പറഞ്ഞു, റഫി സാറിന്റെ ഗാനങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്. അദ്ദേഹം തന്നെയാണ് എനിക്ക് ‘കുട്ടി റഫി’ എന്ന ലേബൽ സമ്മാനിച്ചതും. 

അവർ എപ്പോഴും കൂടെയുണ്ടല്ലോ 

എന്റെ മുത്തച്ഛൻ ഡോക്ടർ ആണ്. മുത്തച്ഛൻ മാത്രമല്ല കുടുംബാംഗങ്ങളിൽ പലരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവരാണ്. അവരെയൊക്കെ കണ്ടും കേട്ടും വളർന്ന എനിക്കും മെഡിക്കൽ ഫീൽഡിനോടു താത്പര്യം തോന്നി. അങ്ങനെയാണ് എംബിബിഎസിനു ചേർന്നത്. കുടുംബാംഗങ്ങൾ എല്ലാവരും സംഗീതത്തിൽ ഏറെ തൽപരരും മികവു തെളിയിച്ചവരുമാണ്. എന്റെ സഹോദരൻ വൈഭവ് കിഷൻ ഗിറ്റാറിസ്റ്റാണ്. അവനും മെഡിക്കൽ വിദ്യാർഥി തന്നെ. കുടംബാംഗങ്ങളുടെയെല്ലാം ഭാഗത്തു നിന്നും എനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. 

English Summary: Interview with viral singer Saurav Kishan