ഭക്തിസാന്ദ്രമായ ദേവാലയാന്തരീക്ഷത്തിലേയ്ക്കു ശാന്തമായി കയറിച്ചെല്ലുകയാണ് ഗായിക രാജലക്ഷ്മി. തുടർന്ന് ഗായികയുടെ സ്വരഭംഗിയിൽ ഒരു പ്രാ‍ർഥനാഗീതം അവിടെ ഒഴുകി നിറയുന്നു. മലയാളി ഏറെ ആസ്വദിച്ച് മനം കൊടുത്തു കേട്ടിരുന്ന ‘സ്നേഹം നീ നാഥാ’ എന്ന മധുരഗാനം. 5 വര്‍ഷം മുൻപ് ‘ചാർളി’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് പാട്ട് ആസ്വാദകഹൃദയങ്ങളിൽ പെയ്തിറങ്ങിയത്. ഏറെ പ്രാർഥനാചൈതന്യത്തിലിരിക്കുന്ന ഒരുകൂട്ടം കന്യാസ്ത്രീകൾക്കിടയിൽ നിന്നും ഒരാൾ പാടുന്നതായാണ് പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്. സിനിമയിലെ ആ ഗായികയ്ക്കു വേണ്ടി യഥാർഥത്തിൽ‌ സ്വരമായത് രാജലക്ഷ്മി ആയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകി ഒരുക്കിയ പാട്ട് പിന്നീട് പാട്ടുപ്രമികൾ പലപ്പോഴായി മൂളി നടന്നു. പക്ഷേ അപ്പോഴും അവരിൽ ചിലരെങ്കിലും ആ പാട്ടിലെ പിന്നണിസ്വരത്തെ തിരിച്ചറിയാതെ പോയി. അങ്ങനെയിരിക്കെയാണ് ഈ പാട്ടിനെ മറ്റൊരു തരത്തിൽ അവതരിപ്പിച്ച് ആസ്വാദകർക്കരികിൽ എത്തിക്കാൻ രാജലക്ഷ്മി തീരുമാനിച്ചത്. ഒട്ടും വൈകിയില്ല തിരുവനന്തപുരത്തുള്ള മൂന്ന് യുവകലാകാരന്മാരെ ഒപ്പം കൂട്ടി ‘സ്നേഹം നീ നാഥാ’ പാട്ടിന് ഗായിക കവർ ഒരുക്കി. ഒപ്പം മികച്ച ദൃശ്യഭംഗിയും. ബാക്കി പാട്ടു വിശേഷങ്ങൾ ഇനി രാജലക്ഷ്മി തന്നെ പറയട്ടെ. കവർഗാനത്തെക്കുറിച്ച് ഗായിക മനോരമ ഓൺലൈനിനോട്:

പാട്ട് അറിയാം പക്ഷേ പാട്ടുകാരിയെ അറിയില്ല

ഗോപി സുന്ദർ ചേട്ടനാണ് ഈ പാട്ട് പാടാൻ എനിക്ക് അവസരം നൽകിയത്. ഞാൻ പാടിയ പാട്ടുകളിൽ വളരെ സ്പെഷൽ ആയ ഒന്നാണിത്. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ഈ പാട്ടിനെക്കുറിച്ച് എനിക്കു കിട്ടിയിട്ടുണ്ട്. ഈ പാട്ട് ഒരുപാട് പേർക്ക് ഇഷ്ടമാണെന്നറിയാം. പക്ഷേ പാടിയത് ഞാൻ ആണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. വിവിധയിടങ്ങളിൽ വച്ച് പുതു തലമുറക്കാരോടുൾപ്പെടെ സംസാരിച്ചപ്പോഴൊക്കെ ഈ പാട്ടിനെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായി. അവരൊക്കെ ഈ പാട്ട് ഒരുപാട് ഇഷ്ടമാണെന്ന് എന്നോടു പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഞാൻ ആണ് പാടിയതെന്നു പലർക്കും അറിയില്ലായിരുന്നു. അത് മനസ്സിലായപ്പോൾ അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. പാട്ടറിയാമെങ്കിലും ഗായികയെ പലരും അറിഞ്ഞിട്ടില്ല എന്നു മനസ്സിലായപ്പോൾ ഈ പാട്ട് മറ്റൊരു രീതിയില്‍ അവതരിപ്പിക്കണമെന്നായി പിന്നീടുള്ള എന്റെ ചിന്ത. ഇതു മാത്രമല്ല ഇതുപോലെ വേറെയും പാട്ടുകളുണ്ട്. പാട്ട് അറിയാമെങ്കിലും അത് ഏറെ ഇഷ്ടമാണെങ്കിലും പാട്ടുകാരിയ തിരിച്ചറിയാതെ പോയിട്ടുണ്ട് പലരും. 

അവർ പറഞ്ഞു ‘നമുക്കിത് ചെയ്യാം ചേച്ചീ’

കവർ പതിപ്പിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് തിരുവനന്തപുരത്തുള്ള അൽ നിഷാദ്, ശ്രാവൺ കൃഷ്ണകുമാർ, സനു എന്നീ യുവകലാകാരന്മാരെ പരിചയപ്പെട്ടത്. അവരോട് ഞാൻ ഇക്കാര്യം പങ്കുവച്ചപ്പോൾ തീർച്ചയായും നമുക്കിത് ചെയ്യാം ചേച്ചീ എന്നായിരുന്നു അവരുടെ പ്രതികരണം. അവർക്ക് ഈ ഗാനം ഒരുപാടൊരുപാട് ഇഷ്ടമാണെന്നും അറിഞ്ഞു. അങ്ങനെ ഞങ്ങൾ പാട്ട് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അൽ നിഷാദ് ആണ് മ്യൂസിക് പ്രൊഡക്‌ഷൻ പൂർണമായും ചെയ്തിരിക്കുന്നത്. ശ്രാവൺ വയലിനിലും സനു ഗിറ്റാറിലും ഈണമൊരുക്കി. ഇവർ മൂന്നു പേരും ഏറെ കഴിവുള്ള, വളർ‌ന്നുവരുന്ന കലാകാരന്മാരാണ്. 

ഒറിജിനലിനെ നോവിക്കരുത്

ഞാൻ ഇതിനു മുൻപ് ഒരുപാട് കവർ ഗാനങ്ങളൊന്നും ചെയ്തിട്ടില്ല. എങ്കിലും ചെയ്തപ്പോഴൊക്കെ യഥാർഥ ഗാനത്തിന്റെ തനിമ ഒരു തരത്തിലും നഷ്ടപ്പെടാതെ ചെയ്യണം എന്ന് എനിക്കു നിർബന്ധമായിരുന്നു. ഇതിനു മുൻപ് മനോരമ ഓൺലൈനിനു വേണ്ടി ‘മേലെ വിണ്ണിൻ’ എന്ന പാട്ടിനു കവർ ഒരുക്കിയപ്പോൾ ആ പാട്ടിന്റെ സംഗീതസംവിധായകൻ വിദ്യാ സാഗർ സർ തന്നെ പാട്ട് നന്നായി എന്ന് എന്നെ നേരിട്ട് അറിയിക്കുകയുണ്ടായി. അതുപോലെ ഈ പാട്ടിലും ആ തനിമ കാത്തുസൂക്ഷിക്കണമെന്ന ചിന്തയിൽ തന്നെയാണ് അതിന്റെ ഓർക്കസ്ട്രേഷനൊക്കെ ചെയ്തത്. ഒറിജിനലിനെ മുറിവേൽപ്പിക്കാതെ തന്നെ പാട്ടൊരുക്കാൻ ഏറെ ശ്രദ്ധിച്ചു. 

ക്രിസ്മസ് കാലത്തിറക്കിയ ഈസ്റ്റർ ഗാനം

ക്രിസ്മസ് കാലത്താണ് പാട്ട് പുറത്തിറക്കിയതെങ്കിലും ഇത് യഥാർഥത്തിൽ ക്രിസ്മസ് ഗാനമല്ല. ഈസ്റ്റർ സ്പെഷൽ പാട്ടാണ്. പക്ഷേ പെട്ടെന്നു മനസ്സിൽ തോന്നിയപ്പോൾ പാട്ട് ചെയ്യുകയും ക്രിസ്മസ് ആഘോഷക്കാലത്ത് അത് ആസ്വാദകരിലേയ്ക്ക് എത്തിയ്ക്കുകയുമായിരുന്നു. ഈ പാട്ടിന്റെ സംഗീതസംവിധായകൻ ഗോപി ചേട്ടൻ (ഗോപി സുന്ദർ) തന്നെ എനിക്കു വേണ്ടി ഇത് റിലീസ് ചെയ്തു. അത് എനിക്കു വളരെ പ്രോത്സാഹനം നൽകുന്ന ഒന്നായി തോന്നി. അദ്ദേഹത്തിന്റെ നല്ല മനസ്സിനു നന്ദി. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷം. നമ്മുടെ മുഖ്യധാരയിലുള്ള പല ഗായകരും പാട്ടിനെക്കുറിച്ചു മികച്ച അഭിപ്രായങ്ങൾ അറിയിച്ചു. അതുപോലെ പ്രേക്ഷകരും സ്വീകരിച്ചു. അതിലൊക്കെ ഒരുപാട് സന്തോഷവും സ്നേഹവും അറിയിക്കുകയാണ്. 

ഇതൊരു തുടക്കം മാത്രം, ഇനിയുമുണ്ട് ഏറെ 

ഇനിയും തീർച്ചയായും എന്റെ ചാനലിലൂടെ വേറെയും പാട്ടുകളുടെ കവർ പതിപ്പുകളും മറ്റു വിഡിയോ ഗാനങ്ങളും ആസ്വാദകരിലേയ്ക്ക് എത്തും. ഞാൻ സമൂഹമാധ്യമങ്ങളിൽ അത്രയധികം സജീവമാല്ലായിരുന്നു. പക്ഷേ ഈയടുത്ത കാലത്ത് ഏറെ സജീവമായിത്തുടങ്ങി. ഇനിയും ഒരുപാട് പാട്ടുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. എന്റെ പാട്ടുകൾ സ്വീകരിക്കുന്ന, എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രേക്ഷകർ എപ്പോഴും എന്റെ കൂടെയുണ്ടാകും എന്ന വിശ്വാസം എനിക്കുണ്ട്. ഇനിയും അവരുടെ പ്രോത്സാഹനങ്ങൾ തുടരുമെന്നു ഞാൻ ‌കരുതുന്നു.