ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കള മകച്ച അഭിപ്രായവുമായി മുന്നേറുകയാണ്. കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ അടുക്കള പശ്ചാത്തലമാകുന്ന ചിത്രത്തില്‍ രണ്ടു പാട്ടുകളാണുള്ളത്. പറയരുടെ വീട്ടകഭാഷയായ പാളുവയില്‍ മൃദുലാദേവി എഴുതിയ ഒരുകുടം പാര് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ക്ലൈമാക്സിനോടടുപ്പിച്ച് വരുന്ന ‘നീയേ ഭൂവിന്‍..’ എന്നുതുടങ്ങുന്ന രണ്ടാമത്തെ ഗാനം എഴുതിയത് ധന്യാ മേനോന്‍ ആണ്. സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്തയുടെ സഹോദരി. മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ബാന്‍ഡ് ആയ തൈക്കൂടം ബ്രിഡ്ജിനു വേണ്ടി ഗാനങ്ങള്‍ എഴുതിയാണ് ധന്യ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത്. സോളോ സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയതും ധന്യയാണ്. പാട്ടുവിശേഷങ്ങൾ ധന്യ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

എങ്ങനെയാണ് മഹത്തായ അടുക്കളയിലേയ്ക്ക്?

സംവിധായകന്‍ ജിയോ ബേബിയ്ക്ക് തൈക്കൂടത്തിലെ പാട്ടുകള്‍ അറിയാമായിരുന്നു. നവരസം ഒക്കെ അദ്ദേഹത്തിനു വളരെ ഇഷ്ടമുള്ള പാട്ടാണെന്ന് പറഞ്ഞിരുന്നു. ഭാരതീയ അടുക്കളയുടെ ഷൂട്ട്‌ ഒക്കെ കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. ക്ലൈമാക്സില്‍ ഒരു പാട്ട് വേണം എന്നു പറഞ്ഞു. വിഷ്വല്‍ നൃത്തരംഗം ആണെന്ന് തീരുമാനിച്ചിരുന്നു. സിനിമയുടെ കഥയുമായി നേരിട്ട് ബന്ധമുണ്ടാകില്ല പക്ഷെ തീമുമായി ചേര്‍ന്നുപോകുന്ന നൃത്തത്തിനു വേണ്ടിയുള്ള പാട്ടുപോലെ എന്നു പറഞ്ഞിരുന്നു. കഥ പറഞ്ഞുതന്നു. ഇന്നത് വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. സ്ത്രീപക്ഷ സിനിമയായതു കൊണ്ട് ഉള്ളിലുണ്ടായിരുന്നതും നവരസത്തിന്റെയൊക്കെത്തന്നെ പാറ്റേണ്‍ ആയിരുന്നു. എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു പാടാവുന്ന ഒരു പാട്ട് എന്നാണു പറഞ്ഞത്.

യഥാർഥത്തിൽ ക്ലൈമാക്സും കഴിഞ്ഞാണ് ഈ പാട്ട് വരുന്നത്. സൂരജ് മ്യൂസിക് സെറ്റ് ചെയ്തിട്ടാണ് വരികള്‍ എഴുതാന്‍ തന്നത്. ഒരുപാട് ഡിവോഷണല്‍ ടൈപ്പ് മ്യൂസിക് നോട്ട്സ് വരുന്നുണ്ട് ആ പാട്ടില്‍. സ്വാഭാവികമായും ദേവിയുടെയൊക്കെ നാമങ്ങളുമായി റിലേറ്റ് ചെയ്യാവുന്ന നോട്ട്സ് ഉണ്ട്. അയിഗിരി നന്ദിനിയോ ദേവീസഹസ്രനാമമോ ഒക്കെ ചേര്‍ന്നുപോകുന്ന ഒരു മ്യൂസിക്ക് ആയിരുന്നു. പക്ഷെ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ട  ഒരുവാക്കിലേയ്ക്കു പോലും പോകരുതെന്ന് കൃത്യമായി പറഞ്ഞിരുന്നു. സ്ത്രീയെക്കുറിച്ചു പറയുമ്പോൾ ദേവി, അമ്മ, ശക്തിയൊക്കെ സ്വാഭാവികമായും വന്നുപോകുമല്ലോ. അങ്ങനെയുള്ള ചില തിരുത്തലുകൾ മാത്രമാണു വേണ്ടിവന്നത്.

സിനിമയുടെ പൊളിറ്റിക്സ്

രണ്ടുതരത്തിലാണ് ഞാന്‍ അതിനെ കാണുന്നത്. ഒന്നാമത് ഇതൊരു ലിബറേഷന്‍ മാത്രമല്ല. വളരെ സാധാരണമായിട്ടുള്ള ഞാനും നിങ്ങളും എന്‍റെ അമ്മയും ഒക്കെയുള്‍പ്പെടെ ഭൂരിഭാഗം സ്ത്രീകളും കടന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ആ ഭാഗത്ത് പൂര്‍ണ്ണമായും ഞാന്‍ സിനിമയുടെ രാഷ്ട്രീയത്തിനൊപ്പം തന്നെയാണ്. ഇന്നത്തെ കാലത്തും ഇത്രയുമൊക്കെയുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിനു പ്രസക്തിയില്ല. രണ്ടുമണിക്കൂര്‍ ഒരു സിനിമയില്‍ ഈ കാര്യങ്ങള്‍ അതിന്‍റെ തീവ്രതയില്‍ പറയണമെങ്കില്‍ ഈ എക്സ്ട്രീം ലെവലില്‍ തന്നെ കാണിയ്ക്കണം. എന്തെങ്കിലും തോന്നിപ്പിയ്ക്കണ്ടേ. ഇത് സിനിമയാണ്. യഥാർഥ ജീവിതമല്ലല്ലോ. ഓരോ പ്രശ്നങ്ങള്‍ കാണിയ്ക്കാന്‍ ഓരോരോ കഥാപാത്രങ്ങളെ വയ്ക്കാന്‍ പറ്റില്ലല്ലോ.

അടുക്കള എന്നു പറയുന്ന ലോകത്തെ കാഴ്ചകള്‍ ലോക്ക് ഡൗൺ കാലത്തൊക്കെ കുറെ പുരുഷന്മാര്‍ക്ക് എങ്കിലും മനസ്സിലായിട്ടുണ്ടാവും. പെട്ടുപോയതുകൊണ്ടാണ് ചിലര്‍ക്കു മനസ്സിലാക്കാന്‍ പറ്റിയത്. അപ്പോൾ പെട്ടാലേ മനസ്സിലാവൂ എന്നാണ്. ഇതെല്ലാം കഴിഞ്ഞു നാളെ ഇതെല്ലാം ഓര്‍ക്കുമോ എന്നതാണ് അടുത്ത ചോദ്യം. പറഞ്ഞിട്ടു കാര്യമില്ല. ഇതവരുടെ ഒരു ദുശ്ശീലമാണ്. പുകവലിയൊക്കെ പോലെ ശീലം കൊണ്ടു വന്നുപോയ ഒരു ദുശ്ശീലം. മാറാന്‍ സമയമെടുക്കും. രണ്ടാമത്തേത് ശബരിമലയുമായി ബന്ധപ്പെട്ട ആര്‍ത്തവത്തിന്റെ പൊളിറ്റിക്സ്. അത് സംവിധായകന്റെ വ്യക്തിപരമായ പൊളിറ്റിക്സ് എന്ന നിലയിലാണു ഞാന്‍ കാണുന്നത്. കാരണം ഞാന്‍ അത് നേരിട്ടിട്ടില്ല. പക്ഷെ അതുകൊണ്ട് അതില്ലാ എന്നു ഞാന്‍ പറയില്ല. എന്‍റെ വീട്ടില്‍ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, അത്തരത്തിൽ പലരും പറയുന്നുണ്ട്. പക്ഷെ തുണി വെയിലത്തിടരുത് എന്നു പറയുന്ന സ്ത്രീകള്‍ ഒക്കെയുണ്ടോ എന്ന് തോന്നി. വീട്ടില്‍ നിന്ന് ദൂരെ ഇടണമെന്നും സന്ധ്യക്ക് മുന്‍പ് എടുക്കണമെന്നും ഇല്ലെങ്കില്‍ പാമ്പ്‌ വരും എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. രാത്രി പുറത്ത് പോകുന്നതിലെ സുരക്ഷയൊക്കെ ഓര്‍ത്തായിരിയ്ക്കും അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ വരുന്നത്. ഞാന്‍ അങ്ങനെയാണ് ഇത്തരം തിയറികള്‍ മനസ്സിലാക്കുന്നത്. എന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ അങ്ങനെയൊന്നില്ല. അതുകൊണ്ട് അത് എനിയ്ക്ക് അറിയില്ല എന്നേ പറയാന്‍ കഴിയൂ. പക്ഷെ അങ്ങനെ ചെയ്യുന്നവരുണ്ട് എങ്കില്‍ അത് പാടില്ല എന്നുതന്നെ പറയണം. 

ഉത്തരേന്ത്യയിലൊക്കെ ആര്‍ത്തവകാലത്തെ ക്രൂരതകള്‍ നമ്മള്‍ വായിക്കാറുണ്ടല്ലോ. ഈ സിനിമയിലെ നിമിഷയുടെ കഥാപാത്രത്തെ രാജ്യത്തില്‍ എല്ലായിടത്തുമുള്ള എല്ലാ തരത്തിലുമുള്ള ദുരിതങ്ങള്‍ അനുഭവിയ്ക്കുന്ന സ്ത്രീകളെ ചേര്‍ത്തുവച്ച് ഉണ്ടാക്കിയതാണ് എന്നാണ് എനിക്കു തോന്നിയത്. അത് എക്സ്ട്രീം ആവാതെ വയ്യല്ലോ. ബിജോയ്‌ നമ്പ്യാരുടെ സോളോയില്‍ ഞാന്‍ സംഭാഷണമെഴുതിയിരുന്നു. അതില്‍ രണ്ടു പാട്ടുകളും എഴുതി. ഒരെണ്ണം ഗോവിന്ദിന്റെ പാട്ടായിരുന്നു. കഥയെഴുത്ത് എന്‍റെ മേഖലയല്ല. സുഹൃത്തുക്കളുടെ ചില വര്‍ക്കിലൊക്കെ സീന്‍ തിരിച്ച് ഡയലോഗ് ആക്കിക്കൊടുക്കാറുണ്ട്. അതെനിക്കു പറ്റും. അല്ലാതെ ഒരു ത്രെഡ് ഉണ്ടാക്കിയെടുക്കാന്‍ അറിയില്ല. സ്കൂള്‍ തലത്തില്‍ തിയേറ്റര്‍ ചെയ്യുമ്പോഴും അതുതന്നെയാണ് ചെയ്തിരുന്നത്. പക്ഷെ ഒരു ക്യാരക്റ്ററിനെ മോള്‍ഡ് ചെയ്യാന്‍ അറിയില്ല. എന്‍റെ പരിമിതികളെക്കുറിച്ച് എനിയ്ക്കു നല്ല ബോധ്യമുണ്ട്. സമയവും ഒരു വലിയ പ്രശ്നമാണ്. വീട്ടില്‍ മകളുണ്ട്. അപ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കണം. 

തൈക്കൂടം ബ്രിഡ്ജ്....

ഏറ്റവും കംഫര്‍ട്ടബിളായിട്ട് വര്‍ക്ക് ചെയ്യുന്ന സ്ഥലം. അച്ഛനും ഗോവിന്ദുമുണ്ട്. പിന്നെ സിദ്ധാര്‍ത്ഥ് കസിനാണ്. അത് ഒരു കുടുംബമാണ് എന്നുതന്നെ പറയാം. ഒരു ഗിവ് ആന്‍ഡ്‌ ടേക്ക് സ്പെയ്സ് ആണ് അത്. ഗോവിന്ദ് പഠിയ്ക്കുന്ന കാലം മുതൽ എല്ലാവരെയും അറിയാം. അവര്‍ക്ക് ചേച്ചീ എന്നുവിളിച്ച് ഏതുസമയവും വരാനുള്ള അടുപ്പമുണ്ട്. തൈക്കൂടത്തിന്റെ അവസാനമിറങ്ങിയ ‘മിലേ സുര്‍ മേരാ’ വരെ കൂടെയുണ്ടായിരുന്നു.

പക്ഷെ അതുവച്ചിട്ട് സിനിമയില്‍ നോക്കാറില്ല. സിനിമ വേറെയാണ്. സിനിമയില്‍ ഒരു സര്‍ക്കിള്‍ വേണം. ഒരു ഫ്രെയിമിനുള്ളില്‍ നിന്നു വര്‍ക്ക് ചെയ്യണം. സമയവും ഒരു ഘടകമാണ്. തൈക്കൂടത്തില്‍ ആശയവും സ്വാതന്ത്ര്യവും നമ്മുടേതാണ്. അതുപോലെ മറ്റൊരു സംഗീതസംവിധായകന്‍റെ സമയം വച്ച് നമുക്ക് പരീക്ഷിക്കാന്‍ പറ്റില്ലല്ലോ. മറ്റൊരാളുടെ ഫ്രെയിമില്‍ നിന്നു വര്‍ക്ക് ചെയ്യുമ്പോള്‍ അതിലേയ്ക്ക് എത്താനുള്ള സാഹചര്യങ്ങള്‍ നമുക്ക് ഇല്ല. നമ്മളെ ആവശ്യപ്പെടുന്ന സമയങ്ങളില്‍ പെട്ടെന്ന് എത്താനുള്ള ഒരു സാഹചര്യമില്ല. അതുകൊണ്ട് തന്നെ അങ്ങനെയുള്ള തിരക്കുകളില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. സുഹൃത്തുക്കളുടെ വര്‍ക്കുകളിലാണ് കൂടുതലും ഇപ്പോഴുള്ളത്. ഹിഗ്വിറ്റ,അർച്ചന 31 നോട്ടൗട്ട്, കിംഗ്‌ ഫിഷര്‍, 19 (1)(എ) എന്നിവയാണ് വരാനുള്ള സിനിമകള്‍.