പറയാന്‍ മറന്ന പരിഭവങ്ങള്‍ എന്ന ആദ്യപാട്ടിലൂടെ തന്നെ മലയാളിയുടെ സ്‌നേഹാദരങ്ങള്‍ നേടിയ പാട്ടെഴുത്തുകരന്‍, പിന്നെയെഴുതിയതൊക്കെയും മലയാളികളുടെ ഹൃദയാകാശത്താണ്. അനുപമമായ പ്രണയവും അങ്ങേയറ്റത്തെ വിരഹവും ഒക്കെ തുടിക്കുന്നൊരു പാട്ടുകേട്ടാല്‍ ആരും പറയും റഫീഖ് അഹമ്മദ്. അതെ എഴുതിയ പാട്ടുകളിലെല്ലാം ആ കവിയുടെ ഹൃദയമുദ്ര പതിഞ്ഞിട്ടുണ്ട്. മരണമെത്തുന്ന നേരത്ത് നീയെന്റെയരികില്‍ ഇത്തിരി നേരമിരിക്കണേ എന്ന ഗാനം ചങ്ക് പിടയാതെ കേട്ടിരിക്കാന്‍ ആര്‍ക്കാണു കഴിയുക? രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞ് കടവൊഴിഞ്ഞു കാലവും കടന്ന് പോയ് എന്നുമുള്ള പാട്ടില്‍ കണ്ണീരണിയാത്തവരുണ്ടോ?

തട്ടം പിടിച്ച് വലിക്കല്ലേ മൈല്ലാഞ്ചിച്ചെടിയേ, തെക്കിനി കോലായച്ചുമരില്‍ ഞാനെന്റെ പൊട്ടിയ കൈവളത്തുമ്പിനാലെ, കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചൊക ചൊകപ്പാണേ എന്നൊക്കെ എത്ര കേട്ടാലാണ് മതി വരിക. എഴുതിയതത്രയും മനോഹരം. ഇനിയെന്താണ് എഴുത്തിലെ സ്വപ്‌നമെന്ന് ചോദിച്ചാല്‍ മനുഷ്യഹൃദയങ്ങളെ തൊടാനാവുന്ന ഒരു വരിയെങ്കില്‍ ഒരു വരി എഴുതുക എന്നേയുള്ളൂ എന്ന് പറയും ഈ സ്‌നേഹഗായകന്‍. എഴുത്ത് വഴിയിലെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയാണ് റഫീഖ് അഹമ്മദ്.

പാട്ടെഴുത്തുകാര്‍ക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നുണ്ടോ?

പാട്ടെഴുത്തുകാര്‍ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നുണ്ട്. അത് ഇപ്പോള്‍ ഒരു വിഷയമായി ഞങ്ങള്‍ പാട്ടെഴുത്തുകാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എഫ്എം സ്റ്റേഷനുകള്‍, യൂട്യൂബ് എന്നിവയിലൊക്കെ ഗാനരചയിതാവിന്റെ പേര് വിട്ടു പോകുന്നു. യൂടൂബില്‍ കോസ്റ്റ്യൂമറുടെ പേരും ക്യാമറമാന്റെ പേരും ഒക്കെയുണ്ടാവും. പാട്ടെഴുതിയ ആളുടെ പേര് മാത്രം കാണില്ല. അത് പ്രശസ്തിയുടെ കാര്യം മാത്രമല്ല, അത് ചരിത്രപരമായ ആവശ്യം കൂടിയാണ്. പാട്ടിനെക്കുറിച്ചു പറയുമ്പോള്‍ രചയിതാവിനെക്കുറിച്ചും സംഗീത സംവിധായകനെക്കുറിച്ചും തന്നെയാണ് ഏറ്റവും ആദ്യം പറയേണ്ടത്. ഗാനരചയിതാക്കളുടെ കൂട്ടായ്മയില്‍ അങ്ങനെയൊരു വിഷയം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതിനായി നിയമപരമായ നടപടികളിലേക്കു നീങ്ങാനും ആലോചനയുണ്ട്. .

സിനിമക്കകത്തും അംഗീകാരക്കുറവുണ്ടോ?

സിനിമയില്‍ ഏറ്റവും കുറഞ്ഞ അംഗീകാരം കിട്ടുന്നവരും കുറഞ്ഞ പ്രതിഫലം കിട്ടുന്നവരുമാണ് പാട്ടെഴുത്തുകാര്‍. ഒരു കടലാസില്‍ കുറച്ച് വരികള്‍ എഴുതുന്ന പണിയല്ലേയുള്ളൂ എന്നാണ് പലരുടെയും ധാരണ. അത് വലിയ കാര്യമായി അംഗീകരിക്കപ്പെടുന്നില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച  ഇപ്പോള്‍ ഞങ്ങളും ബോധവാന്‍മാരാണ്.

സമ്മര്‍ദ്ദമാണോ പാട്ടെഴുത്ത്?

പുതിയ കാലത്ത് സംഗീത സംവിധായകനെക്കാള്‍ ബുദ്ധിമുട്ട് പാട്ടെഴുത്തുകാരനാണ്. പഴയകാലത്ത് ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്‌നാക്രാന്തം എന്നൊക്കെ ഒരു കവിത കിട്ടുമ്പോള്‍ സംഗീതം ചെയ്യല്‍ ശ്രമകരമായിട്ടുളള കാര്യമാണ്. ഇന്നിപ്പോള്‍ അവര്‍ക്കൊരു ട്യൂണുണ്ടാക്കാന്‍ പറ്റും. പാട്ടെഴുത്തുകാര്‍ അതിലേക്ക് എഴുതാനുളള ബാധ്യതയുണ്ട്. അതിനുളള മൂഡ് വരണം, വരികള്‍  ഇണങ്ങിച്ചേരണം, എന്തെങ്കിലും ഒരു പുതുമ വേണം ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതായിട്ടുണ്ട്.

പുതിയകാലത്തിനു വേണ്ടിയാകുമ്പോള്‍ സ്വയം പുതുക്കാനുളള ശ്രമങ്ങള്‍ നടത്താറുണ്ടോ?

പരമാവധി ശ്രമിക്കാറുണ്ട്. അല്ലെങ്കില്‍ പഴയതു തന്നെ വീണ്ടും വരും, പുളിയിലക്കരമുണ്ടും തുളസിപ്പൂവുമൊക്കെ. അതൊക്കെ എടുത്ത് പോയിക്കഴിഞ്ഞ ബിംബങ്ങളാണ്. വീണ്ടും വീണ്ടും കൊണ്ടു വരാന്‍ പറ്റില്ല. പുതിയ കാലത്തിന്റെ കാര്യങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കാറുണ്ട്.

‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടിനു നേരെ വിമർശനങ്ങൾ ഉയർന്നല്ലോ?

പാട്ട് ആത്മാവിഷ്‌ക്കാരമല്ല, സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അത് ആ സിനിമയുടെ ആവശ്യമായിരുന്നു, അത് ചെയ്തു കൊടുക്കുക എന്നേയുള്ളൂ. മഹാന്‍മാരായ വയലാറും ഭാസ്‌ക്കരന്‍ മാഷും ഒക്കെ അങ്ങനെയുളള പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അയല പൊരിച്ചതുണ്ട്, പാപ്പീ അപ്പച്ചാ അങ്ങനെ കുറെ പാട്ടുകള്‍ ഉണ്ട്. അത് ആ സിനിമയുടെ ഉപയോഗത്തിനായുള്ളതാണ്. അതിനെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് വിമര്‍ശനങ്ങള്‍ വരുന്നത്.

സംഗീതത്തിന്റെ അതിപ്രസരം കൊണ്ട് പാട്ടിന്റെ ഭംഗി കുറയുന്നുണ്ടോ?

സംഗീതത്തിന്റെ അതിപ്രസരമുള്ള ഘട്ടം കഴിഞ്ഞു പോയെന്നാണു തോന്നുന്നത്. ഇപ്പോള്‍ സാഹിത്യത്തിനും പ്രാധാന്യം കിട്ടുന്നുണ്ട്. പാട്ട് സംഗീത സൃഷ്ടി മാത്രമല്ല, വരികളും സംഗീതവും ചേരുമ്പോഴാണ് പാട്ടാവുന്നത്.

പാട്ടെഴുത്ത് സാങ്കേതിക കലയായി മാറി എന്നും ആരോപണമുണ്ടല്ലോ?

ജീവിതത്തിന്റെ എല്ലാ രംഗത്തും സാങ്കേതികതയുടെ അമിതമായ സ്വാധീനം ഇപ്പോള്‍ ഉണ്ട്. പാട്ടിന്റെ രംഗത്തു മാത്രമല്ല. വരികളില്‍ നിന്നു സംഗീതം കണ്ടെത്തുന്ന സ്വാഭാവികമായ രീതി മുൻപ് ഉണ്ടായിരുന്നു. അതില്‍ നിന്ന് എഴുത്തുകാരനോ സംഗീത സംവിധായകനോ ഉദ്ദേശിക്കാത്ത അദ്ഭുതങ്ങള്‍ ചിലപ്പോള്‍ ഉണ്ടാവും. വളരെ കാലമായി അങ്ങനെയൊരേര്‍പ്പാടില്ല. മീറ്ററിനകത്തേക്കു കാവ്യാത്മകമായി എഴുതാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. വെറുതെയൊരു പാട്ടുണ്ടാക്കാന്‍ പ്രയാസമില്ല. അത് എളുപ്പമാണ്, അതേ സമയം ദുഷ്‌ക്കരവുമാണ്. പണ്ടും സലില്‍ ചൗധരിയുടെ ഈണങ്ങളില്‍ വയലാറും ശ്രീകുമാരന്‍ തമ്പിയും പി.ഭാസ്‌ക്കരനുമൊക്കെ എഴുതിയിട്ടുണ്ട്. അതൊക്കെ നേരത്തേ തയ്യാറാക്കിയ ട്യൂണ്‍ അനുസരിച്ചായിരുന്നു. അതൊക്കെ നമ്മുടെ മലയാളത്തിന്റെ പാരമ്പര്യത്തോട് ഒത്തു പോകുന്ന പാട്ടുകള്‍ തന്നെയായിരുന്നു .

പാട്ടെഴുത്തിനായി പ്രത്യേകമായി വായന, തയ്യാറെടുപ്പുകളൊക്കെയുണ്ടോ?

അങ്ങനെയില്ല. നമ്മുടെ മലയാളത്തില്‍ പാരമ്പര്യമായ ഒരു പാട്ട് സമ്പത്തുണ്ടല്ലോ അതൊക്കെ  സൂക്ഷ്മമായി കേള്‍ക്കുകയും  മനസ്സിലാക്കുകയും ചെയ്യാറുണ്ട്. പാട്ടെഴുതണമെന്ന നിര്‍ബന്ധത്തോടെ ഈ രംഗത്തേക്കെത്തിയതല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ എത്തിയതാണ്. അതിനു വേണ്ടി അങ്ങനെ ശ്രമിച്ചിട്ടൊന്നുമില്ല. മുൻപേയുള്ള വായനയുടെ ഒരു പിന്‍ബലം ഉണ്ടാകും. പരിചയമില്ലാത്ത മേഖലയിലെ ചില കാര്യങ്ങള്‍ എഴുതേണ്ടി വരുമ്പോള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്.

പ്രണയം ഇത്രയും തീവ്രമായി അനുഭവിപ്പിക്കാനാവുന്നത് എങ്ങനെയാണ് ?

അത് അറിയില്ല. ഉള്ളിലുള്ളത് എഴുതുന്നു. അതില്‍ പ്രണയവും മരണവും ദുഖങ്ങളും എല്ലാം ഉണ്ടാകാം. പ്രണയം ജീവിതത്തെ കുറെക്കൂടി അര്‍ത്ഥവത്താക്കിയേക്കാം എന്ന തോന്നല്‍ ഉണ്ട്. എന്നു നിന്റെ മൊയ്തീനിലെ പാട്ടുകള്‍, കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞത്. വല്ലാതെ വേദനിപ്പിക്കും ആ പാട്ട്. കാഞ്ചനമാല -മൊയ്തീന്‍ പ്രണയം നേരത്തെയറിയാം. ഒരു ഫീച്ചര്‍ വായിച്ചിട്ടുണ്ട്. അതു വല്ലാതെ സ്വാധീനിച്ചിരുന്നു. സംവിധായകന്‍ വ്യക്തമായി പറയുകയും ചെയ്തു. അങ്ങനെ പെട്ടന്ന് ചെയ്യാന്‍ സാധിച്ച പാട്ടാണത്. 

ആസ്വാദകര്‍ കൂടുതലായും പറഞ്ഞിട്ടുള്ളത് ഏത് പാട്ടിനെപ്പറ്റിയാവും ?

പരദേശിയിലെ തട്ടം പിടിച്ച് വലിക്കല്ലേ എന്ന പാട്ടിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. മരണമെത്തുന്ന നേരത്ത് എന്ന പാട്ടിലാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. അത് നേരത്തേ എഴുതിയ കവിതയാണ്. കവിത ഇഷ്ടമായതിനാല്‍ സംവിധായകന്‍ സിനിമയില്‍ പൂര്‍ണമായും അതുപയോഗിച്ചു. എനിക്കു മാത്രമല്ല, സംവിധായകനായ രഞ്ജിത്തിനും പാടിയ ഉണ്ണിമേനോനും സംഗീതം ചെയ്ത ഷഹബാസ് അമനുമൊക്കെ ഈ പാട്ടിനെക്കുറിച്ച് ഒരുപാട് പ്രതികരണങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇടുക്കിയെക്കുറിച്ചുള്ള മലമേലെ തിരിവെച്ചു എന്ന പാട്ട് കേട്ട് ആ ഭാഗത്തു നിന്നും കുറെപേര്‍ വിളിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഒടിയനിലെ പാലക്കാടിനെക്കുറിച്ചുള്ള സംഗതികള്‍ കേട്ട് അവിടെ നിന്നും കുറെ പേര്‍ വിളിച്ചു. പിന്നെ ആമിയിലെ പാട്ടുകള്‍, സൂഫി പറഞ്ഞ കഥയിലെ തെക്കിനി കോലായച്ചുമരില്‍, അതില്‍ രണ്ട് സംസ്‌ക്കാരങ്ങളുടെ സമന്വയമൊക്കെ വരുന്നുണ്ട്. സംഗീത സംവിധായകനായ മോഹന്‍ സിതാരയുടെ കഴിവാണത്. കുറെ അഭിനന്ദനങ്ങള്‍ കിട്ടിയ പാട്ടാണ് അത്.

പ്രത്യേകിച്ച് ഏതെങ്കിലും വിഷയമെഴുതാന്‍ എളുപ്പമാണ് എന്നുണ്ടോ?

ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല. പതിവുരീതികളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ എഴുതാനിഷ്ടമാണ്. പൃഥ്വിരാജ് നായകനായ കുരുതിയില്‍ അങ്ങനെയൊരു പാട്ടാണ്. ലാല്‍ ജോസിന്റെ  41ല്‍ അയ്യനയ്യയ്യന്‍ എന്ന ഒരു പാട്ട് അത്തരത്തിലായിരുന്നു. അയ്യപ്പനും കോശിയിലും വ്യത്യസ്തമായ പാട്ടുകളായിരുന്നു.

സംതൃപ്തിയോടെ ചെയ്ത പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ അനുഭവമുണ്ടോ ?

അങ്ങനെയും കുറെ പാട്ടുണ്ട്. ഡോ.പേഷ്യന്റ് എന്ന സിനിമയിലെ മഴ ഞാനറിഞ്ഞിരുന്നില്ല, എന്നത് അത്തരമൊരു പാട്ടാണ്.

വ്യക്തിപരമായി അടുപ്പമുള്ള പാട്ട് ?

നല്ലതായി തോന്നിയ പാട്ടുകളോടൊക്കെ ഒരടുപ്പമുണ്ട്. ആദ്യത്തെ പാട്ടെന്ന നിലയില്‍ ഗര്‍ഷോമിലെ പറയാന്‍ മറന്ന പരിഭവത്തോട് ഒരു ഇഷ്ടമുണ്ട്. അത് ആദ്യത്തെ ഒരു പരീക്ഷണമാണ്. ഈ മേഖലയെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. പുതിയ ഒരു ലോകത്തേക്കുള്ള പ്രവേശനമാണ് ആ പാട്ടിലൂടെയുണ്ടായത്.

പഴയ തലമുറയില്‍ സ്വാധീനിച്ച പാട്ടെഴുത്തുകാരന്‍ ?

സ്വാധീനം ഇല്ലാതിരിക്കാനാണ് എപ്പോഴും ശ്രമം. പഴയ തലമുറയിലെ എഴുത്തുകാര്‍ വ്യത്യസ്തമായ രീതിയില്‍ എഴുതിയവരാണ്. വയലാറിന്റെ ഭാവന ഭൂമിവിട്ട് ഉയര്‍ന്ന് സ്വര്‍ഗത്തിലേക്കൊക്കെ പോവുന്നതാണ്. ഭാസ്‌ക്കരന്‍ മാഷ് മണ്ണിന്റെ മണമുള്ള, നാടന്‍ ഭംഗിയുള്ള പാട്ടുകള്‍ ഉണ്ടാക്കി. ഒഎന്‍വി വളരെ കാവ്യാത്മകമായി എഴുതി. ഈ പറയുന്ന എല്ലാ ഗുണങ്ങളും ചേരുന്ന പാട്ടുകളാണ് തമ്പിസാറിന്റേത്. നമുക്ക് നമ്മളെക്കൊണ്ട് കഴിയാവുന്ന ഒരു വഴി ഉണ്ടാക്കുക എന്നേയുള്ളൂ.

പാട്ടെഴുത്തിലെ പുതിയ തലമുറ?

കഴിവുള്ള കുറെ ആളുകൾ വരുന്നുണ്ട്. വെള്ളം സിനിമയിലെ നിധീഷ് നടേരിയുടെ പാട്ട് ഇഷ്ടമായി. പുതിയ തലമുറയില്‍ പ്രതീക്ഷിക്കാവുന്ന കുറെ കാര്യങ്ങളുണ്ട്. എഴുത്തും അതിന്റെ രൂപഭാവങ്ങളും ഒക്കെ ശ്രദ്ധിക്കാറുണ്ട്.

ആരോഗ്യകരമായ മത്സരങ്ങളുണ്ടോ?

ആരോഗ്യകരമായ മത്സരം നടക്കണമെങ്കില്‍ ക്രെഡിറ്റ് ആളുകള്‍ക്കു മനസ്സിലാകണം. പാട്ട് ആര് എഴുതിയതാണ് എന്നി്പ്പോള്‍ ആര്‍ക്കുമറിയില്ല. ഗാനരചയിതാവിനെ തിരിച്ചറിയുമ്പോള്‍ മാത്രമേ മത്സരത്തിനു പ്രസക്തിയുള്ളൂ. അങ്ങനെ തിരിച്ചറിയുമ്പോഴേ എന്റെ പാട്ട് മറ്റെയാളെക്കാളും നന്നാവണം എന്ന വാശിയൊക്കെ ഉണ്ടാകൂ. പാട്ടെഴുത്ത് വെറുമൊരു പണിയായി ചുരുങ്ങിയ അവസ്ഥയാണ്. ഒരാളുടെ ക്രിയേറ്റീവായ കഴിവുകള്‍ വ്യക്തമാകണമെങ്കില്‍ അയാളുടെ ഐഡന്റിറ്റി വ്യക്തമാകണ്ടേ. അതില്ലാത്ത പക്ഷം എന്തെങ്കിലും ചെയ്തുവച്ചാല്‍ മതി എന്ന അവസ്ഥയാകും.

പുതിയപാട്ടുകള്‍

ബ്ലെസിയുടെ ആടു ജീവിതത്തിലേക്കു രണ്ട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. പത്തൊമ്പതാം നൂറ്റാണ്ട്, വണ്‍, കുരുതി കൂടാതെ മറ്റ് മൂന്നാല് സിനിമകളിലേക്കു കൂടി എഴുതിയിട്ടുണ്ട്.

ഈ കോവിഡ് കാലത്തെ ഒഴിവുസമയമെങ്ങനെയാണ്?

ഒഴിവുസമയം എന്നൊന്നുമില്ല. വായിക്കുന്നതും പാട്ട് കേള്‍ക്കുന്നതുമൊക്കെ ഒഴിവു സമയത്തെ പരിപാടിയായി കാണുന്നില്ല. ലോക്ഡൗണില്‍ കുറെ വായിക്കണമെന്നു കരുതിയിരുന്നു. പക്ഷേ സാധിച്ചില്ല. കുറെ മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമൊക്കെ തോന്നി. ലോകം മുഴുവന്‍ ഇങ്ങനെയിരുട്ടില്‍ നില്‍ക്കുമ്പോള്‍ നമുക്ക് സന്തോഷിക്കാന്‍ പറ്റില്ല. ശാന്തിയുണ്ടാവില്ല. എങ്കിലും കുറെക്കാര്യങ്ങളൊക്കെ ചെയ്യാന്‍ സാധിച്ചു.

കുടുംബം?

ഭാര്യ ലൈല. രണ്ട് മക്കള്‍. മനീഷ് അഹമ്മദ്, ലാസ്യ രണ്ട് പേരും ഡന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍.