ഇനി ആർക്കും പാടാം, ആടാം, വരയ്ക്കാം കൊച്ചിയുടെ തെരുവോരങ്ങളിൽ കൂള്‍ ആയി, ഫ്രീ ആയി. ഇന്നലെ കൊച്ചി മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടൻ ജയസൂര്യ ഉദ്ഘാടനം നിർവഹിച്ച ‘ആസ്ക്’ (ആർട്സ് സ്പേസ് കൊച്ചി) എന്ന പുതിയ സംരംഭത്തെക്കുറിച്ചാണ് ഈ ഹ്രസ്വ ആമുഖം. തെരുവിൽ പെർഫോം ചെയ്തു കയ്യടി വാങ്ങുന്ന കലാകാരന്മാർ വിദേശ രാജ്യങ്ങളിലെ പതിവു കാഴ്ചകളിൽ ഒന്നാണ്. തെരുവുകളെ സുന്ദരമായി കാക്കുന്ന ഒരു കാഴ്ച. അതുപോലൊരു കാഴ്ചയാണ് ഇനി നമ്മുടെ സ്വന്തം കൊച്ചിയിലും കാണാനാവുക. അതിനായി വിശാലമായൊരു വീഥിയാണ് ആസ്ക് തുറന്നു കൊടുത്തത്. തെളിമയുള്ള സങ്കൽപങ്ങളോടെയാണ് ജയസൂര്യ ഇത്തരമൊരു ആശയം മുന്നോട്ടു വച്ചത്. വിഷയം ഗൗരവത്തോടെ പരിശോധിച്ച മേയർ പൂർണപിന്തുണയും നൽകി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അങ്ങനെ ആസ്ക് ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലതയുടെ ആ ലോകത്ത് ഇനി ആർക്കും വരാം, പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാം. മലയാളിയുടെ വൈകുന്നേരങ്ങളെ കൂടുതൽ മികച്ചതും ആസ്വാദ്യകരവുമാക്കാൻ ഇനി കലാകാരന്മാർ എത്തിത്തുടങ്ങട്ടെ എന്നു പറയുമ്പോൾ ജയസൂര്യയുടെ വാക്കുകളിൽ സന്തോഷത്തിനപ്പുറം ആകാംക്ഷയും തെളിയുന്നു. ആസ്കിലൂടെ കലയും കലാകാരനും വളരട്ടെയെന്ന് ഏറെ പ്രതീക്ഷയോടെ താരം പറഞ്ഞു വയ്ക്കുന്നു. പുത്തൻ സംരംഭത്തെക്കുറിച്ച് ജയസൂര്യ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ. 

ഒരു പാത ആവശ്യമായിരുന്നു

ഒരുദിവസം ഞാനും കൊച്ചി മേയറും തമ്മിൽ എന്റെ വീട്ടിൽ വച്ച് ഒരു കൂടിക്കാഴ്ച നടത്തി. സംസാരത്തിനിടയിൽ ഞാൻ മുന്നോട്ടുവച്ച ഏതാനും ആശയങ്ങളിൽ ഒന്നാണിത്. പുറംരാജ്യങ്ങളിലൊക്കെ കാണാൻ വളരെ ഭംഗിയുള്ള തെരുവുകൾ ഉണ്ട്. ആ ഭംഗി നിർണയിക്കുന്നത് പല ഘടകങ്ങളായിരിക്കാം. നമ്മൾ സന്ദർശിച്ച രാജ്യങ്ങളെക്കുറിച്ചോർക്കുമ്പോള്‍ ഒരുപാട് സുന്ദരങ്ങളായ ഓർമകൾ മനസ്സിൽ തെളിയും. അവിടുത്തെ തെരുവുകളെക്കുറിച്ചോർക്കുന്നത് അതിന്റെ ഭംഗി കൊണ്ടു മാത്രമല്ല, മറിച്ച് ആ തെരുവിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ കൊണ്ടു കൂടിയാണ്. അതൊരുപക്ഷേ ചിത്രകാരന്മാരാകാം, ഗിറ്റാർ വാദകരാകാം, ഗായകരാകാം... നമുക്ക് യാതൊരു പരിചയവുമില്ലാത്ത ആ കലാകാരന്മാരിൽ പലരും വരച്ച ചിത്രങ്ങൾ നമ്മിൽ പലരുടെയും വീടുകളിൽ ഉണ്ടാകാം. അതൊക്കെ ആ യാത്ര നൽകുന്ന ഓർമകളിൽ ഒന്നാണ്. അത്തരത്തിൽ വിദേശരാജ്യങ്ങളിൽ നമ്മൾ കണ്ടാസ്വദിക്കുന്ന സ്ട്രീറ്റ് പെർഫോമൻസ് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ, ഇത്രയും മനോഹരമായ നമ്മുടെ കൊച്ചിയിൽ നടക്കുന്നില്ല? തീർച്ചയായും അതിനുള്ള സാധ്യത നമ്മൾ തുറന്നു കൊടുക്കാത്തതു കൊണ്ടല്ലേ എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായി. അങ്ങനെയാണ് ഇക്കാര്യം കൊച്ചി മേയറോട് അവതരിപ്പിച്ചത്. അദ്ദേഹം അതിനെ വളരെ ഗൗരവത്തോടെ തന്നെ സമീപിച്ചു. അങ്ങനെ ആ സംരംഭത്തിനു വഴി തുറന്നു. ഒരു കാര്യം ചർച്ച ചെയ്തതു കൊണ്ടു കാര്യമില്ലല്ലോ, അത് നടപ്പാക്കുന്നതിലല്ലേ വിജയം. ആസ്കിന്റെ ഉദ്ഘാടനത്തോടെ വാക്ക് പ്രവൃത്തിയിലേക്കെത്തുകയായിരുന്നു. 

വഴിത്തിരിവാകട്ടെ, അവർ വളരട്ടെ

ഇനി നമ്മുടെ തെരുവുകളിൽ കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ കാണാനാകും. അവർ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. അവർ ചിലപ്പോൾ ചിത്രകാരന്മാരായിരിക്കും, മജീഷ്യന്മാരായിരിക്കും, സംഗീതകലാകാരന്മാരായിരിക്കും. അവർ‌ ഇഷടമുള്ള തരത്തിൽ പെർഫോം ചെയ്യട്ടെ. വൈകുന്നേരങ്ങളിൽ കൊച്ചിയുടെ തെരുവുകളിലും ഇനി കലാകാരന്മാർ നിറയട്ടെ. അവരുടെ പ്രകടനങ്ങൾ കാണ്ടാസ്വദിക്കുന്നവർ മനസ്സറിഞ്ഞു നൽകുന്ന ഓരോ തുകയും അവർക്കുള്ള വരുമാനവുമാകും. ഒരുപക്ഷേ അവരുടെ പ്രകടനങ്ങളിലൂടെ അവർ സമൂഹമാധ്യമലോകത്ത് തരംഗമായേക്കാം. പുതിയ അവസരങ്ങൾ തേടിയെത്തിയേക്കാം. കലാകാരന്മാരെ സംബന്ധിച്ച് ഓരോ നിമിഷവും വഴിത്തിരിവാണ് എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അത് ഒരാളെ പരിചയപ്പെടുമ്പോഴോ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോഴോ ആകാം. അങ്ങനെ ഓരോ നിമിഷവും വഴിത്തിരിവിനു സാധ്യതയുള്ള സാഹചര്യത്തിലാണ് ഓരോ കലാകാരനും. അത്തരത്തിൽ വഴിത്തിരിവുകൾ ഉണ്ടാക്കാൻ കെൽപുള്ള നടപ്പാതയാണ് ആസ്ക് എന്നാണ് എനിക്കു തോന്നുന്നത്. 

നമ്മുടെ തെരുവുകളും സുന്ദരമാകണം

കല ഹൃദയത്തിൽനിന്നു വരേണ്ടതാണ്. ആർ‌ട്ട് ഫ്രം ഹാർട്ട്. കലാകാരന്മാർ പെർഫോം ചെയ്യുന്നതല്ല അവർ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതാണ് പ്രധാനം. യഥാർഥത്തിൽ ഞാ‌നും സ്ട്രീറ്റ് കലാകാരന്മാരില്‍ ഉൾപ്പെടുന്ന ഒരാളാണ്. ‍ഞങ്ങളുടെ പ്രകടനം ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്നു എന്നു മാത്രം. എത്രയോ തെരുവുകളിൽ വച്ചാണ് സിനിമയുടെ പല ഭാഗങ്ങളും ചിത്രീകരിക്കുന്നത്. അതു കാണാന്‍ ഒരുപാടു പേർ വരുന്നു. അതുപോലെ തന്നെയാകണം ഈ സംരംഭവും. ഇതിലേക്കു കടന്നു വരാൻ ആരും വിമുഖത കാണിക്കരുത്. തെരുവിൽ പെർഫോം ചെയ്യുന്നതിനോടുള്ള മോശം മനോഭാവം മാറ്റി വയ്ക്കണം. കാരണം, കലാകാരൻ ഹൃദയം തുറന്ന് പെർഫോം ചെയ്യുന്ന ഏതൊരു സ്ഥലവും അവനെ സംബന്ധിച്ച് ഒരു ക്ഷേത്രമായി മാറണം. അതിനു പറ്റിയ ഒരു ഇടമാകട്ടെ നമ്മുടെ ഈ പുതിയ സംരംഭം എന്നാഗ്രഹിക്കുന്നു. നമ്മുടെ തെരുവുകളും ഭംഗിയുള്ളതാകട്ടെ.

ഇതൊരു ചവിട്ടുപടി, വിമുഖത അരുത്

ഇത്തരം സംരംഭങ്ങളിലൂടെ കലയും കലാകാരനും ഒപ്പം ആസ്വാദകരും വളരുകയാണ്. വളരാൻ ആഗ്രഹിക്കുന്നയാളുകൾക്ക് ഇതൊക്കെ വലിയ പ്രചോദനമാണ്. പ്രചോദനം എവിടെനിന്നു ലഭിക്കുന്നു എന്നത് വിഷയമല്ല. അത് മറ്റൊരാളുടെ വാക്കിൽ നിന്നാകാം, ഒരു സിനിമയിൽ നിന്നാകാം, ഒരു പെർഫോമൻസിൽ നിന്നാകാം. അങ്ങനെ എന്തുമാകാം. ഒരുപക്ഷേ പുറമേയുള്ള കലാകാരന്മാരുടെ അത്രയും കഴിവ് ചിലപ്പോൾ സിനിമയില്‍ സജീവമായ ഞങ്ങൾക്കില്ലായിരിക്കാം. ഭാഗ്യം തുണയ്ക്കാത്തതു കൊണ്ടായിരിക്കാം അവര്‍ക്ക് മുൻനിരയിലേക്കു വരാനാകാത്തത്. പക്ഷേ ഇത് വളരാനുള്ള ഒരു ചവിട്ടു പടിയാണ്. കലാകാരന്മാർക്കു വേണ്ടി ഒരുക്കിയ ഈ പ്ലാറ്റ്ഫോമിൽ പെർഫോം ചെയ്യണമെന്ന് ഇനി അവർ തീരുമാനിക്കണം. ഒന്നോ രണ്ടോ മൂന്നോ ആളുകൾ മുന്നോട്ടു വരുമ്പോൾ അത് ട്രെൻഡ് ആവുകയും തുടർന്ന് കൂടുതൽ ആളുകൾ എത്തുകയും ചെയ്യും. അവർക്കു വളരാനുള്ള പാത തുറന്നു. ഇനി എല്ലാം അവരുടെ കയ്യിലാണ്. തെരുവിൽ പെർഫോം ചെയ്യുന്നതിൽ യാതൊരു നാണക്കേടും വിചാരിക്കേണ്ട. അതിനെ മോശമായി കാണരുത്. ഇത് വളരെ വലിയ ഒരു പ്ലാറ്റ്ഫോമാണ് എന്നറിയാത്തതു കൊണ്ടാണ് പലരും വിമുഖത കാണിക്കുന്നത്. തെരുവിൽ പെർഫോം ചെയ്യുമ്പോൾ തീർച്ചയായും നിരവധി ആളുകൾ കാണാന്‍ എത്തും. അതൊക്കെ കലാകാരന്മാർക്കു കിട്ടുന്ന അംഗീകാരവും ബഹുമാനവും ആണ്. 

English Summary: Actor Jayasurya opens up about Art Space Kochi