മൂളിപ്പാട്ട് പാടുന്ന മലയാളിയെക്കൊണ്ടു പോലും 'ഹാ... എത്ര മനോഹരമാണ് ആ വരികളെ'ന്ന് പറയിപ്പിച്ച ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. മിഠായി പോലെ കൗതുകമുള്ള വാക്കുകളും ഭാവനകളും സിനിമാസംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ അടുക്കിവച്ച് അദ്ദേഹം എഴുതിയ പാട്ടുകൾ സിനിമയ്ക്കപ്പുറം ആരാധകരുടെ മനസിൽ ഇടം നേടി. പാട്ടും സംഗീതവും സൗഹൃദങ്ങളും അടയാളപ്പെടുത്തിയ ആ ഹ്രസ്വജീവിതത്തെ ഓർത്തെടുക്കുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ സുഹൃത്തും എഴുത്തുകാരനുമായ വി.ആർ സുധീഷ്. അതിൽ വഴക്കുകളുണ്ട്... കെട്ടിപ്പിടിയ്ക്കലുകളുണ്ട്... പൊട്ടിച്ചിരിപ്പിച്ച നർമമുഹൂർത്തങ്ങളുണ്ട്. മനോരമ ഓൺലൈനുമായി പങ്കുവച്ച ആ ഓർമകളിലൂടെ. 

നരേന്ദ്ര പ്രസാദ് പറഞ്ഞ 'മിടുക്കൻ പയ്യൻ'

ഞാൻ ആദ്യമായി ഗിരീഷിനെ കാണുന്നത് ഹോട്ടൽ മഹാറാണിയിൽ വച്ചാണ്. ആ കാലത്ത് നരേന്ദ്ര പ്രസാദുമായി എനിക്ക് വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മുറിയിൽ ഞാനിങ്ങനെ ഇരിക്കുമ്പോൾ നരേന്ദ്ര പ്രസാദ് പറഞ്ഞു, ഗിരീഷ് പുത്തഞ്ചേരി എന്നൊരു പയ്യൻ പുതിയതായി വന്നിട്ടുണ്ട്. ഗാനരചയിതാവ്. മിടുക്കനാണ്. രാത്രി എന്റെ കൂടെ ഉണ്ടായിരുന്നു. എഴുത്തച്ഛനെ മുതൽ എ.അയ്യപ്പനെ വരെ അറിയാം. ചിലപ്പോൾ ഇവിടെ വന്നേക്കും എന്നു പറഞ്ഞു. പറഞ്ഞപോലെ ഗിരീഷ് മുറിയിലേക്ക് കയറി വന്നു. ഈ ചങ്ങാതിക്ക് എന്നെ മുഖപരിചയം ഇല്ല. അന്നൊന്നും ടിവി അത്ര പോപ്പുലർ അല്ലല്ലോ. നരേന്ദ്ര പ്രസാദിന്റെ ഒരു ആരാധകൻ എന്ന രീതിയിലാണ് എന്നെ കാണുന്നത്. ഗിരീഷ് മുഖം തിരിച്ച് അപ്പുറത്തേക്ക് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നരേന്ദ്ര പ്രസാദ് പറഞ്ഞു, 'ഗിരീഷ്... ഇങ്ങോട്ട് വന്നിരിക്കൂ.' ഞങ്ങളുടെ സംസാരം കഴിയട്ടെ എന്നായി ഗിരീഷ്. അപ്പോൾ പ്രസാദ് സർ പറഞ്ഞു, 'ഇത് അന്യനായ ഒരാളല്ല. വി.ആർ സുധീഷ് ആണ്.' അതു കേട്ടതും ഗിരീഷ് ഞങ്ങൾക്കൊപ്പം വന്നിരുന്നു. ഒറ്റ സിനിമയ്ക്കേ അന്നേരം പാട്ടെഴുതിയിട്ടുള്ളൂ. എന്നാലും അഹങ്കാരത്തിന് തുമ്പിക്കൈ ആയിരുന്നു. അന്ന് രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു. എന്നെ അന്ന് വീട്ടിലേക്ക് വിട്ടില്ല. ഗിരീഷിന്റെ മുറിയിലാണ് അന്ന് താമസിച്ചത്. ആ രാത്രിയിലെ ദൃശ്യങ്ങൾ ഇപ്പോഴും എന്റെ മുൻപിലുണ്ട്. 

ആ രാത്രിയിൽ ഞങ്ങൾ വഴക്കിട്ടു

അന്നു രാത്രി ഞങ്ങൾ തല്ലായി. അക്കാര്യം രസകരമാണ്. വയലാറിന്റെ വലിയ ആരാധകനാണ് ഗിരീഷ്. ഞാൻ പി.ഭാസ്കരന്റേയും. ഇതിന്റെ പേരിലാണ് തർക്കം. ഗിരീഷ് വയലാറിന്റെ ഒരു പാട്ടു പാടും. ഞാൻ ഭാസ്കരൻ മാഷിന്റെയും. ഇങ്ങനെ പറഞ്ഞു പറഞ്ഞിരുന്ന് കെട്ടിമറിഞ്ഞ് തല്ലായിട്ടുണ്ട്. പിന്നീട്, ഗൗരീശങ്കരം എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് എഴുതിയ പാട്ടിന് പുരസ്കാരം ലഭിച്ചു. 'ഉറങ്ങാതെ...' എന്നു തുടങ്ങുന്ന പാട്ട്. 'പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേൽ ഉമ്മ വെച്ചു' എന്നൊരു വരി അതിലുണ്ട്. അപ്പോൾ ഞാൻ ചോദിച്ചു, എടോ മനുഷ്യാ, ഇത് വയലാറിനെ അനുകരിച്ച് എഴുതിയതോ? ഭാസ്കരൻ മാഷെ അനുകരിച്ചെഴുതിയതോ? അതു കേട്ടതും ആള് സാഷ്ടാംഗം എന്റെ കാലിലേക്ക് ഒരു വീഴ്ച. അപ്പോൾ ഞാൻ പറഞ്ഞു, 'ഭാസ്കരൻ മാഷിന് അൽഷിമേഴ്സാ... എന്നാലും പോയിട്ട് ആളുടെ കാൽക്കൽ വീഴൂ, അല്ലാതെ എന്റെ കാൽക്കൽ അല്ലാ', എന്ന്! അങ്ങനെ രസകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വയലാറിന്റെ ആരാധകൻ ആയിരുന്നെങ്കിലും അവസാന കാലത്ത് ഗിരീഷ് ഉപയോഗിച്ച ഇമേജറികളെല്ലാം ഭാസ്കരൻ മാഷിന്റെ ആയിരുന്നു. 

കയ്യിലെ 'വാക്കുപുസ്തകം'

ഗിരീഷിന്റെ പാട്ടെഴുത്ത് മിക്കവാറും തിരുവനന്തപുരത്തോ മദ്രാസിലോ ആകും. പാട്ടെഴുതി തിരിച്ചു വരുമ്പോൾ നല്ല പാട്ടാണെങ്കിൽ എന്നെ പറഞ്ഞു കേൾപ്പിക്കും. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിനു വേണ്ടി പിന്നെയും പിന്നെയും എന്നുള്ള പാട്ട് എഴുതി വന്നിട്ട് എന്നോടു പറഞ്ഞു, ഞാനിങ്ങനെയൊരു പാട്ടെഴുതിയിട്ടുണ്ട് എന്ന്. പിന്നെ, 'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ' എന്നെഴുതി വന്ന ദിവസം പറഞ്ഞു, 'ഞാനിങ്ങനെ ഒരു പ്രയോഗം നടത്തിയിട്ടുണ്ട്' എന്ന്. പാട്ടിന്റെ ട്യൂണൊന്നും ആ സമയം അദ്ദേഹത്തിന് ഓർമ കാണില്ല. വരികൾ ഇങ്ങനെ പറയും. സംഗീതത്തിൽ അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. നന്നായി പാടും. അതുകൊണ്ടാണല്ലോ അദ്ദേഹം ആ കലയിൽ വിജയിച്ചത്. ഇന്നത്തെ ആൾക്കാരെപ്പോലെ അല്ല. ആൾക്ക് ഏതു സ്ഥലത്തും ഇടിച്ചു കയറാൻ അറിയാം. മുന്നിൽ നിൽക്കുന്നത് ആരാണെന്ന നോട്ടമൊന്നും ഉണ്ടാകില്ല. വാക്കുകൾ കണ്ടെത്തുന്നതിൽ ഒരു പ്രത്യേക മിടുക്കുണ്ടായിരുന്നു ഗിരീഷിന്. കയ്യിലെപ്പോഴും ഡിക്ഷണറി പോലെ കൊണ്ടു നടക്കുന്ന ചെറിയൊരു പുസ്തകമുണ്ടായിരുന്നു. അദ്ദേഹം തന്നെ എഴുതിയുണ്ടാക്കിയ പുസ്തകമാണ്. അതുമായിട്ടാണ് അദ്ദേഹത്തിന്റെ കറക്കങ്ങൾ. ചില സൗഹൃദസദസുകളിൽ ഇരിക്കുമ്പോൾ ചില വാക്കുകൾ അറിയാതെ നമ്മുടെ നാവിൽ നിന്നു വീണു പോകും. ആ സമയത്ത് പറയും, 'ആശാനേ.., ഒരു നിമിഷം... ഈ വാക്കൊന്നു എഴുതി വച്ചോട്ടെ' എന്ന്. അങ്ങനെ എഴുതിവച്ചതിൽ ഇപ്പോൾ ഓർമ വരുന്ന വാക്ക് പകൽപ്പൂരം ആണ്. എവിടെയോ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞങ്ങൾ തമാശയായി പറയും, ഗിരീഷ് ബാത്ത്റൂമിൽ പോയാലും ഈ ബുക്കും കൊണ്ടേ പോകൂ എന്ന്. 

ഇന്നും ആ തമാശ ഓർമ വരും

എന്റെയും ഗിരീഷിന്റെയും വീടുകൾ അടുത്തടുത്താണ്. കാണാവുന്ന ദൂരത്തിലല്ലെങ്കിലും ഈ മനുഷ്യന്റെ വീടിന്റെ മുൻപിലൂടെയാണ് എനിക്ക് ദിവസവും കോളജിൽ പോകേണ്ടിയിരുന്നത്. ഞാൻ രാവിലെ സ്ഥിരം കോളജിൽ പോകും. കുറച്ചു സമയം കഴിയുമ്പോൾ ഈ മനുഷ്യന്റെ വിളി വരും. അവിടെ എന്തെയ്യാ? ഞാൻ പറയും, ക്ലാസെടുക്കുന്ന്! മതി പിള്ളേരെ പഠിപ്പിച്ചതെന്നു ഗിരീഷിന്റെ പ്രതികരണം. ഇങ്ങോട്ട് പോരേന്ന് പറയും. മിക്കവാറും ഉച്ചയ്ക്ക് 12 മണിക്കൊക്കെ ആകും ഈ വിളി എത്തുക. എന്നിട്ടു പറയും, 'എന്റെ ബീന ഇവിടെ അയല വറുത്തത്, മാന്ത വറുത്തത്, ചെമ്മീൻ വരട്ടിയത് എല്ലാം ഉണ്ടാക്കി വച്ചിരിക്കാ... പിന്നെ നിനക്കേറ്റവും ഇഷ്ടമുള്ള കുഞ്ഞി മത്തി ഉണ്ട്.' അതോടെ എന്റെ സപ്തനാഡികളും തളർന്നു പോകും. പിന്നെ, ഉച്ചയ്ക്ക് ഗിരീഷിന്റെ വീട്ടിൽ നിന്നാകും ഊണ്. അധ്യാപകൻ ആയതുകൊണ്ട് ബീനയ്ക്ക് എന്നോടു വലിയ ബഹുമാനമായിരുന്നു. ഒരു മണിയോടെ ഞങ്ങൾ ഭക്ഷണത്തിൽ പ്രവേശിക്കും. മീൻ വിഭവങ്ങൾക്കൊപ്പം എനിക്ക് ഇഷ്ടമുള്ള മോരും അച്ചാറും എല്ലാം ഉണ്ടാകും. അങ്ങനെ ഒരു ദിവസം സുഭിക്ഷമായി ഭക്ഷണം കഴിച്ച് കൈ കഴുകാൻ എണീറ്റു. വാഷ്ബേസിന് അടുത്തേക്ക് കൈ കഴുകാൻ പോയപ്പോൾ അറിയാതെ ഒരു പാട്ട് ഞാൻ പാടിപ്പോയി. നല്ല ഭക്ഷണത്തിന്റെ ലഹരിയിൽ അറിയാതെ പാടിപ്പോയതാണ്. ഞാൻ കൈ കഴുകി വന്നിരുന്നപ്പോൾ അയാൾ എന്നെ രൂക്ഷമായി നോക്കുന്നു. ഞാനെന്തെങ്കിലും അപകടം കാണിച്ചോ എന്നായി ചിന്ത. ആ സമയം എന്നോട് ഒറ്റ ചോദ്യം– ചോറ് ഇവിടെയും കൂറ് അവിടെയും ആണല്ലേ! ഞാൻ പാടിപ്പോയത് 'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...' എന്ന പാട്ടായിരുന്നു. അറിയാതെ മൂളിപ്പോയതാ...! ഗിരീഷിനെ ഓർക്കുമ്പോൾ ഇന്നും ആ തമാശ ഓർമ വരും. ചെറിയ കുട്ടികളുടെ മനസായിരുന്നു അദ്ദേഹത്തിന്!