‘അതേ, ഞാനും ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്,’ ഒരു കാലത്തു തനിക്കു നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ചു പറയുകയാണു മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. 2014 ലെ ഫോട്ടോയും അടുത്തിടെയെടുത്ത ഫോട്ടോയുമാണ് ജ്യോത്സ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

∙ എന്തുകൊണ്ട് ഇങ്ങനെയൊരു പോസ്റ്റ്

ശരീരഭാര പ്രശ്നങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരുണ്ട്. ഞാനും അങ്ങനെ കടന്നുവന്നയാളാണ്. അവർക്കൊരു സപ്പോർട്ട് ആകുന്നതിനു വേണ്ടിയായിരുന്നു ആ പോസ്റ്റ്. കുറേ ഭക്ഷണം കഴിക്കുന്നതു കൊണ്ടു മാത്രമല്ല ഒരാൾ വണ്ണം വയ്ക്കുന്നത്. ഹോർമോൺ പ്രശ്നം, സമ്മർദ്ദം, മാനസികാരോഗ്യം, മരുന്നുകളുടെ സൈഡ് ഇഫക്ട്സ് എന്നിങ്ങനെ പല കാരണങ്ങൾ അതിനു പിന്നിലുണ്ടാകും. എന്നാൽ അക്കാര്യം മനസ്സിലാക്കാതെയാണ് ആളുകളുടെ പ്രതികരണം. ഒന്നും നോക്കാതെ, വാരി വലിച്ച് ആർത്തി മൂത്ത് ഭക്ഷണം കഴിക്കുന്നയാളാണ് എന്ന രീതിയിൽ പലരും നമ്മോടു സംസാരിക്കും. നമ്മുടെ ആത്മാഭിമാനത്തെ അതു ബാധിക്കും. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ വണ്ണം തിരിച്ചറിയാത്ത രീതിയിലുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിതരാകും. ആളുകൾ എന്തു പറയും എന്നോർത്ത് ഇഷ്ടമുള്ള വസ്ത്രം മാറ്റി വയ്ക്കേണ്ടി വരും. ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്.

∙ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട്!!

നല്ല പൊക്കമുള്ളയാളാണു ഞാൻ. വണ്ണം കൂടി വന്നപ്പോഴാണു ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നത്. തടിച്ചി, ആന പോലുണ്ടല്ലോ എന്നിങ്ങനെയുള്ള പലതും ആ സമയത്തു കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനു സ്റ്റേജിൽ കയറുമ്പോൾ പലരും ഇത്തരത്തിൽ കമന്റ് ചെയ്യും. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനടിയിൽ വന്നു കമന്റ് ചെയ്യും. 25 വയസ്സൊക്കെയുള്ള സമയത്താണ് എനിക്കു വണ്ണം കൂടുന്നത്. പ്രോഗ്രാമിനു പോകുമ്പോൾ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലർക്കും പറയാനുണ്ടാകുന്നത്. 

ചെറിയ പ്രായത്തിൽ അതു നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. കേൾക്കുന്നവരെ ഇതെങ്ങനെ ബാധിക്കും എന്നു ചിന്തിക്കാതെയാണു പലരുടെയും സംസാരം. ധാരാളം പ്രോഗ്രാംസ് ഉണ്ടായിരുന്ന സമയമായതിനാ‍ൽ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമൊക്കെ കൃത്യത ഇല്ലാതെ വന്നതോടെയാണ് അമിതവണ്ണമുണ്ടാകുന്നത്. 

∙ വണ്ണം കുറയ്ക്കുകയല്ല, ആരോഗ്യമാണു പ്രധാനം

ഭാരം കൂടിയതിനെ തുടർന്നുള്ള പല പ്രശ്നങ്ങളും എനിക്കുണ്ടായപ്പോൾ ലൈഫ് സ്റ്റൈലിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ദിനചര്യയിൽ വ്യത്യാസം വരുത്തി. ദിവസവും യോഗ ചെയ്തു തുടങ്ങി. ഡയറ്റ് ആരംഭിച്ചു. ഇങ്ങനെ ചെയ്തപ്പോൾ ഭാരം കുറഞ്ഞു എന്നതിനേക്കാൾ മാനസികമായും വൈകാരികമായുമൊക്കെ എന്നിൽ മാറ്റങ്ങളുണ്ടായി. നമുക്ക് നമ്മളിൽ ഒരു മാറ്റം കാണണമെങ്കിൽ നമ്മോടു തന്നെ സ്നേഹമുണ്ടാവുകയാണ് ആദ്യം വേണ്ടത്. ‘തടിച്ചിയാണ്, ഒന്നിനും കൊള്ളില്ല’ എന്ന രീതിയിലുള്ള ചിന്ത നമ്മുടെ മനസ്സിൽ കുത്തിവയ്ക്കാൻ പലരും ശ്രമിക്കും. അത്തരം സാഹചര്യങ്ങളിലൊക്കെ നമുക്കു സ്വയം സ്നേഹം ഉണ്ടാവുകയാണു വേണ്ടത്. നമുക്കു മാറണം എന്ന തോന്നലുണ്ടായാൽ അതു സാധ്യമാകും.

പരിധി വിട്ടു വണ്ണം കൂടിയപ്പോൾ ഞാൻ ആരോഗ്യവതിയല്ല എന്നൊരു ചിന്ത എന്നിലുണ്ടായി. ശാരീരികമായും മാനസികമായും അതെന്നെ ബാധിക്കാൻ തുടങ്ങി. അതോടെയാണു ലൈഫ് സ്റ്റൈൽ മാറ്റണം എന്ന ചിന്തിച്ചു തുടങ്ങുന്നത്. വണ്ണം കുറയ്ക്കുകയല്ല, ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമുള്ളതാക്കി മാറ്റുകയായിരുന്നു പ്രധാനം. 2014ലാണു യോഗ ആരംഭിക്കുന്നത്. താരാ സുദർശനന്റെ കീഴിലാണു യോഗപഠനം. 2019ൽ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്തിരുന്നു. ഇതൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാ ശരീരവും വ്യത്യസ്തമാണ്. ഓരോ ശരീരങ്ങളുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഡയറ്റിങ് ചെയ്യേണ്ടത്.