ആദ്യം പാടി, പിന്നെ ഈണമൊരുക്കി, ഇപ്പോഴിതാ വരികൾ എഴുതി. ഇതിനിടെ ഡബ്ബിങ്ങും... സയനോരയെ ഇനിയിപ്പോൾ ഗായിക എന്നു മാത്രം വിളിക്കാൻ പറ്റില്ല. സംഗീതസംവിധായിക‌യും പാട്ടെഴുത്തുകാരിയുമൊക്കെയാണെന്നു പറയേണ്ടി വരും. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിൽ ‘തണ്ടൊടിഞ്ഞ താമര’യുമായാണ് സയനോരയുടെ വരവ്. ചിത്രത്തിനു വേണ്ടി ഗായിക സംഗീതമൊരുക്കുന്നതിനെക്കുറിച്ചു നേരത്തേ വാർത്തകൾ വന്നിരുന്നു. ആദ്യ ഗാനമായ ആഘോഷപ്പാട്ട് അർജുൻ അശോകിനൊപ്പം ആലപിച്ചതും ശ്രദ്ധേയമായിരുന്നു. ഏതാനും ദിവസം മുൻപു പുറത്തിറക്കിയ ‘തണ്ടൊടിഞ്ഞ താമര’ എന്ന പ്രണയഗാനം പക്ഷേ എല്ലാവരെയും ഞെട്ടിച്ചു. സയനോര തന്നെ വരികളെഴുതി ചിട്ടപ്പെടുത്തി ആലപിച്ചു എന്നാണ് പാട്ടിന്റെ പ്രത്യേകത. കേട്ടവരെല്ലാം ‘സയയ്ക്കു മലയാളം അറിയുമോ’ എന്നുള്ള അതിശയ ചോദ്യമാണ് ചോദിച്ചത്. എന്നാൽ ‘കുട്ടിക്കു മലയാളം അറിയാം’, കലാവൈഭവത്തോടെ എഴുതാനും അറിയാം. ഓരോ വരിയിലും ആ മികവ് തെളിഞ്ഞു കാണുന്നുമുണ്ട്. വിജയ് യേശുദാസ് ആണ് പാട്ടിൽ സയനോരയ്ക്കൊപ്പം സ്വരമായത്. പുതിയ പാട്ടു വിശേഷങ്ങളുമായി സയനോര മനോരമ ഓൺലൈനിനൊപ്പം ചേർന്നപ്പോൾ. 

മലയാളം ഏറെ പ്രിയം

ഞാൻ മലയാളത്തിൽ വരികളെഴുതി ചിട്ടപ്പെടുത്തി ആലപിച്ചു എന്നു കേട്ടപ്പോൾ പലരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. കാരണം എനിക്കു മലയാളം അത്ര വശമില്ല എന്നായിരുന്നു പലരുടെയും ധാരണ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയാണ് മലയാളം. കോളജിൽ മലയാളം എടുക്കണം, ജേണലിസം പഠിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. പക്ഷേ പിന്നെ അത് സയൻസ് വിഭാഗത്തിലേക്കു മാറി. ഞാൻ സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ എഴുതുമായിരുന്നു. കുട്ടിക്കവിതകൾ എഴുതുന്നതൊക്കെ പതിവായിരുന്നു. പിന്നെ സാമൂഹികമായ എന്തെങ്കിലും കാര്യങ്ങൾ എന്നെ ബാധിക്കുന്നു എന്നു തിരിച്ചറിഞ്ഞാൽ എഴുത്തിലൂടെയാണ് ഞാൻ പ്രതികരിക്കുക. പബ്ലിഷ് ചെയ്യാറൊന്നുമില്ലെങ്കിലും അവയെക്കുറിച്ചൊക്കെ എഴുതാറുണ്ട്. 

എന്റെ പാട്ടൊരുക്കൽ

പാട്ട് കേട്ടപ്പോൾ സയനോര ഇങ്ങനെ പാടുമോ എന്നായിരുന്നു എല്ലാവരുടെയും അതിശയം. കാരണം ഇത്തരം പാട്ടുകളില്‍ എന്റെ ശബ്ദം അധികം പരീക്ഷിച്ചിട്ടില്ല. അതിൽ‍ ഞാൻ‌ ആരെയും തെറ്റു പറയില്ല. കാരണം അത് എന്റെ മാത്രം തെറ്റാണ്. വിവിധ തരത്തിലുള്ള ആലാപനം എനിക്കു വഴങ്ങുമെന്നു തിരിച്ചറിയാൻ ഞാൻ തന്നെ ശ്രമിച്ചിട്ടില്ല. കംപോസ് ചെയ്യുമ്പോൾ സാധാരണയായി എല്ലാവരും ആദ്യം ഈണമൊരുക്കും. അതിനനുസരിച്ചു വരികള്‍ എഴുതും. ഇപ്പോഴത്തെ ട്രെൻഡ് അതാണ്. ഞാൻ കംപോസ് ചെയ്യുമ്പോൾ വെറുതെ വരികള്‍ എഴുതിയിടും. അല്ലാതെ ആദ്യം ഈണമൊരുക്കിയിട്ടു പിന്നീടു വരികളെഴുതാറില്ല. രണ്ടും ഒരുമിച്ചു കൈകാര്യം ചെയ്യും. അങ്ങനെ ചെയ്യാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണെന്നാണ് ഞാൻ കരുതുന്നത്. പാട്ട് ചെയ്യുന്നതിനു മുൻപ് അതിന് എന്തു സൗണ്ടിങ് ആണ് കൊടുക്കേണ്ടതെന്നാണ് ഞാൻ ആലോചിക്കുക. ചില സമയത്തു മനസ്സ് ശൂന്യമായിരിക്കും. എന്താണു ചെയ്യേണ്ടതെന്ന് യാതൊരു ഐഡിയയും ഉണ്ടാകില്ല. പെട്ടെന്നായിരിക്കും ചില ആശയങ്ങൾ മനസ്സിൽ തെളിയുക. 

ദാസങ്കിൾ പറഞ്ഞു: ‘സയ മാത്രമേ പാടാവൂ’

ഈ പാട്ട് ഞാൻ പാടുമെന്നു വിചാരിച്ചതേയില്ല. യുഗ്മഗാനമായതിനാൽ വിജയ് യേശുദാസിന്റെ കൂടെ സൗമ്യയെയോ സിത്താരയെയോ കൊണ്ടു പാടിപ്പിക്കാം എന്നാണ് ഞാൻ വിചാരിച്ചത്. ഗിറ്റാർ വായിച്ചു കൊണ്ടു ഞാൻ പാടിയ വേർഷൻ വിജയ് യേശുദാസിനു ഞാൻ‌ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ആ പാട്ട് അവൻ ദാസങ്കിളിനു കേൾപ്പിച്ചു കൊടുത്തു. ആരാണു പാടുന്നത് എന്നു ചോദിച്ചപ്പോൾ വിജയ് പറഞ്ഞു, മറ്റാരെയോ കൊണ്ടു പാടിപ്പിക്കാനാണ് അവൾ ഉദ്ദേശിക്കുന്നതെന്ന്. അപ്പോൾ ദാസങ്കിൾ പറഞ്ഞു, സയ അല്ലാതെ അത് വേറെ ആരും പാടരുത്, ഇക്കാര്യം ഞാൻ പറഞ്ഞു എന്നു പ്രത്യേകം അറിയിക്കണം എന്നും പറഞ്ഞു. വിജയ് എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഒടുവിൽ ഈ പാട്ട് ഞാൻ തന്നെ പാടാൻ തീരുമാനിച്ചു. അല്ലാതെ ഞാൻ ഈ പാട്ട് പാടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല.‌ ഞാൻ പാടുന്നതിനോട് തീരെ താത്പര്യം കാണിക്കാതിരുന്നത് ഞാൻ മാത്രമാണ്. പാടാന്‍ എനിക്ക് ആത്മവിശ്വാസമില്ല, മറ്റാരെക്കൊണ്ടെങ്കിലും പാടിപ്പിക്കാമെന്നു തുടർച്ചയായി പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ എല്ലാവരും ഒപ്പം നിന്നു. അങ്ങനെ ഞാൻ തന്നെ പാടി. ആഹായുടെ ടീം മുഴുവൻ ഹാപ്പിയായി. പാട്ട് കേട്ട് സുജാത ചേച്ചിയും മനോജ് കെ ജയനുമൊക്കെ മെസേജ് അയച്ചു, മികച്ച അഭിപ്രായം പറഞ്ഞു. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. 

അവസരം വന്നാൽ ഇനിയും ചെയ്യും

ഞാൻ കൂടുതൽ പ്രതീക്ഷകൾ വയ്ക്കാത്ത ആളാണ്. കിട്ടുന്ന വർക്കുകൾ കൃത്യമായി ചെയ്തു കൊടുക്കും. അതുകൊണ്ടുതന്നെ സംഗീതസംവിധാന രംഗത്ത് സജീവമാകുമോ എന്ന ചോദ്യത്തിനു കൃത്യമായി ഇപ്പോൾ ഉത്തരം പറയാൻ സാധിക്കില്ല. അവസരങ്ങൾ ചോദിച്ചു ഞാൻ പോകില്ല. എന്നെത്തേടി വന്നാൽ തീർച്ചയായും ഏറ്റെടുക്കുകയും ചെയ്തുകൊടുക്കുകയും ചെയ്യും. എന്റേത് ഒരു സംഗീതകുടുംബം ആയതുകൊണ്ട് അവർ എപ്പോഴും എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നുണ്ട്. എന്റെ ഓരോ അധ്വാനത്തിന്റെയും പ്രാധാന്യം അവർ കൃത്യമായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിൽനിന്നു മാറി നിൽക്കുമ്പോഴും അവർക്കു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. 

പെൺപ്രതിഭകൾ വരട്ടെ, വളരട്ടെ

ഒരു വനിതാ സംഗീതസംവിധായക എന്ന നിലയിൽ നോക്കിപ്പഠിക്കാൻ പണ്ട് ഉഷ ഖന്ന ഉണ്ടായിരുന്നു. പക്ഷേ പൊതുവേ സംഗീതസംവിധാന രംഗത്ത് സ്ത്രീസാന്നിധ്യം വളരെ കുറവാണ്. പുരുഷന്മാരുടെ ആ ഒരു കൂട്ടത്തിനിടയിലേയ്ക്കു സ്ത്രീകള്‍ പതിയെ കയറി വരുന്നതേയുള്ളു. അതിനു പല കാരണങ്ങളുണ്ടാകാം. കലാപരമായ പല വർക്കുകളും നടക്കുന്നത് മിക്കപ്പോഴും രാത്രിയിലാണ്. രാവിലെ പോയി വൈകുന്നേരം തിരികെ വരാം എന്നത് ഈ രംഗത്ത് ഒട്ടും പ്രായോഗികമല്ല. റെക്കോർഡിങ്ങുകളൊക്കെ മിക്കപ്പോഴും‌ വൈകുന്നേരങ്ങളിലായിരിക്കും ആരംഭിക്കുക. ഇതൊക്കെ കൊണ്ടായിരിക്കാം സ്ത്രീസാന്നിധ്യം വളരെ കുറഞ്ഞു വരുന്നത്. പക്ഷേ ഇനിയങ്ങോട്ട് സ്ത്രീസംഗീതസംവിധായകരെ കൂടുതലായും പ്രതീക്ഷിക്കാം. നമ്മുടെ സമൂഹത്തിന്റെ ചിന്തകൾ കുറേയൊക്കെ മാറിക്കഴിഞ്ഞു. പലപ്പോഴും വുമൺ എന്നതിനെ വീക്ക് ആയിട്ടാണ് പലരും കണക്കാക്കുന്നത്. പെൺപിള്ളേർ അതൊക്കെ ചെയ്താൽ ശരിയാകുമോ എന്നൊരു കാഴ്ചപ്പാടാണ് പലർക്കും എന്നാണ് എന്റെയൊരു തോന്നൽ. അത് എത്രത്തോളം ശരിയാണ് എന്ന് എനിക്കും അറിയില്ല. ചിലപ്പോൾ അത് തെറ്റായിരിക്കാം. ആഹായിലെ ആദ്യ ഗാനം ഒരു റോക്ക് ടൈപ്പ് പാട്ടായിരുന്നു. അത്തരത്തിലൊന്ന് ഒരു പെണ്ണിനു സൃഷ്ടിക്കാൻ കഴിയുക എന്നത് എല്ലാവർക്കും വലിയ അദ്ഭുതമായിരുന്നു. അത്തരം ചിന്തകൾ മാറണം. ഇങ്ങനത്തെ കാര്യങ്ങളൊക്കെ പെണ്‍കുട്ടികൾക്കും നന്നായി തന്നെ ചെയ്യാൻ പറ്റും എന്ന് തെളിയിക്കേണ്ട കാലം കൂടിയാണിത്. കഴിവ് എന്നത് ലിംഗപരമായി തിരിച്ചു വ്യത്യാസം കാണിക്കേണ്ടതല്ല. 

ആ കറുത്ത സുന്ദരി

തണ്ടൊടിഞ്ഞ താമര എന്നത് വളരെ പാവപ്പെട്ട രണ്ടു പേരുടെ പ്രണയം പറയുന്ന പാട്ടാണ്. അതില്‍ ശാന്തി അവതരിപ്പിക്കുന്ന മേരി എന്ന കഥാപാത്രം അൽപം ഇരുണ്ട നിറമുള്ള ഒരു പെൺകുട്ടിയാണ്. മേരിയെക്കുറിച്ചു പറയാൻ വേണ്ടിയാണ്, അവളെ സൂചിപ്പിക്കാൻ വേണ്ടിയാണ് പാട്ടിൽ കൺമഷി എന്ന വാക്ക് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. അവൾ വളരെ സുന്ദരിയാണെന്നാണ് വരികളിൽ പറഞ്ഞു വയ്ക്കുന്നത്. അവളിലെ സൗന്ദര്യത്തെക്കുറിച്ച്, അല്ലെങ്കിൽ അൽപം ഇരുണ്ട നിറമുള്ള അവളെക്കുറിച്ചു വർണിക്കാന്‍ എനിക്കു വാക്കുകൾ പരുവപ്പെടുത്താൻ സാധിച്ചല്ലോ എന്നോർത്ത് ഒരുപാടൊരുപാടു സന്തോഷം തോന്നുന്നു. കാരണം, നിറം കുറഞ്ഞവർ സുന്ദരികളും സുന്ദരന്മാരും അല്ല എന്നാണ് സമൂഹത്തിൽ പലരുടെയും ചിന്ത. കറുത്ത പെണ്ണിനെ വർണിച്ചുള്ള ചിത്രങ്ങളും പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിലൊക്കെ അഭിനയിച്ചിരുന്നത് വെളുത്ത പെണ്ണുങ്ങളാണ്. എന്തിനാണ് അങ്ങനെയൊക്കൊയൊരു കാഴ്ചപ്പാട്? ചിത്രത്തിൽ അഭിനയിക്കാന്‍ വെളുത്ത പെൺകുട്ടിയെ വേണ്ട, ഇരുണ്ട നിറമുള്ള ഒരു സുന്ദരിയെയാണ് ആവശ്യമെന്ന് സംവിധായകൻ ബിബിൻ എന്നോടു പറഞ്ഞിരുന്നു. ഞാനാണ് ശാന്തിയുടെ പേരു പറഞ്ഞത്. കറുത്തവർക്കും സൗന്ദര്യം ഉണ്ടെന്ന് ലോകം അറിയട്ടെ. നമ്മൾ ചെറുപ്പം മുതൽ കേട്ടു വരുന്നതാണ് വെളുത്ത് മെലിഞ്ഞവരാണ് സൗന്ദര്യമുള്ളവർ എന്ന്. ആ ചിന്ത പാടേ ഇല്ലാതാകണം. തടിച്ചവർക്കും കറുത്തവർക്കുമൊക്കെ സൗന്ദര്യമുണ്ട്. അവരും സുന്ദരികളും സുന്ദരന്മാരുമാണ്.