ഋതുഭേദകല്‍പന ചാരുത നല്‍കിയ പ്രിയ പാരിതോഷികവും അല്ലിയിളം പൂവോ..എന്ന താരാട്ടും... ഇളയരാജയുടെ അതിമനോഹരമായ ട്യൂണിലേക്ക് ശലഭങ്ങളെപ്പോലെ മനസ്സില്‍ നിന്നും വാക്കുകള്‍ പാറിയണഞ്ഞ ആ നിമിഷങ്ങള്‍ ഇന്നും ദീപ്തമായ ഓര്‍മ്മയാണ് എം ഡി രാജേന്ദ്രന്. ഇസൈജ്ഞാനി ഇളയരാജയുടെ 78ാം ജന്മദിനത്തില്‍ ആ മനോഹര സംഗീതത്തെക്കുറിച്ചും അദ്ദേഹത്തൊടൊപ്പം പാട്ടുണ്ടാക്കിയ അനുഭവവും എംഡിആര്‍ പങ്കുയ്ക്കുന്നു.

എം.ഡി.രാജേന്ദ്രൻ

‘മംഗളം നേരുന്നു’ എന്ന ചിത്രത്തിനായി പാട്ടെഴുതാനെത്തിയപ്പോഴാണ് ഇളയരാജയെ ആദ്യം കാണുന്നത്. ചെന്നൈ പാംഗ്രോവ് ഹോട്ടലില്‍ ഒരു വലിയ സംഘത്തിനു നടുവില്‍ ഒരു ചെറിയ മനുഷ്യന്‍. അലസമായ വസ്ത്രധാരണം, ശ്രദ്ധമുഴുവന്‍ ഹാര്‍മോണിയത്തിലാണ്. മുഖത്ത് എപ്പോഴും ഗൗരവം. എന്തോ തീവ്രമായി ആലോചിക്കുന്ന ഭാവം. ചിരി ഒട്ടുമില്ല. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന  നെടുമുടി വേണുവും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഇളയരാജയുടെ ഗൗരവഭാവത്തിന് ചെറിയ അയവ് വന്നത് അദ്ദേഹത്തിന്റെ ട്യൂണുകളില്‍ ചിലത് നെടുമുടി ഓര്‍ത്ത് പാടിയപ്പോഴാണ്. ഇടയ്ക്ക് തുമ്പീ വാ തുമ്പക്കുടത്തില്‍ എന്ന പാട്ടിലെ ഹമ്മിങ്ങ്  നെടുമുടി വേണു പാടിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ താത്പര്യത്തോടെ വിടര്‍ന്നു. അദ്ദേഹം അത് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.'

ഇളയരാജ എന്ന സംഗീതമാന്ത്രികൻ നിമിഷ നേരം കൊണ്ട് അതി മനോഹരമായ ട്യൂണൊരുക്കിയ രംഗം ഇപ്പോഴും കൺമുന്നിലുണ്ട്.ചിത്രത്തിലെ താരാട്ട് പാട്ടാണ് ആദ്യം കമ്പോസ് ചെയ്തത്. ഇളയരാജ ട്യൂണ്‍ പാടിത്തരുന്നു ഉടനെ അല്ലിയിളം പൂവോ ഇല്ലിമുളം തേനോ എന്ന് ഞാനെഴുതി.

തെങ്ങിള നീരോ തേന്‍മൊഴിയോ

മണ്ണില്‍ വിരിഞ്ഞ നിലാവോ

ട്യൂണ്‍ പറഞ്ഞതിനൊപ്പം എഴുതുകയായിരുന്നു. സംവിധായകന്‍ മോഹനുള്‍പ്പടെ എല്ലാവര്‍ക്കും പാട്ട് ഇഷ്ടമായി. വരികള്‍ ഇഷ്ടമായാല്‍ മാത്രം ഇളയരാജയുടെ മുഖത്ത് ഒരു ചിരി വിടരും. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നത് കൊണ്ട് ആ ചിരി വിടരുമ്പോള്‍ മുഖത്ത് പൂ നിലാവ് ഉദിക്കുന്നത് പോലെയാണ്.  ഋതുഭേദ കല്‍പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ എന്ന ഗാനം ഒരു പാട് അഭിനന്ദനങ്ങള്‍ നേടിത്തന്നു.

ട്യൂണിനൊപ്പിച്ച് വളരെ പെട്ടന്നാണ് ഋതുഭേദ കല്‍പനയും എഴുതിയത്. എല്ലാ ഈരടികളും ഞാന്‍ ഞാന്‍ എന്നവസാനിക്കുന്നത് പോലെയാണെഴുതിയത്. ട്യൂണില്‍ പക്ഷേ ഞാന്‍ ഞാന്‍ എന്ന് അവസാനിക്കുന്നത് ശരിയായില്ല. അദ്ദേഹം ഒരു പെന്‍സിലെടുത്ത് ഞാന്‍ എല്ലാം വെട്ടി. എന്നിട്ട്  തമാശയായ് പറഞ്ഞു .

''ഇന്ത നാന്‍ പോയാല്‍ താനേ എല്ലാം മംഗളമായിടും.'' ഞാനെന്ന ഭാവം പോയാല്‍ എല്ലാം മംഗളമായിടും എന്ന്. ഒരു ഋഷിയെ പോലെ ഇരുന്ന് ഇളയരാജ ട്യൂണ്‍ ആവാഹിച്ചെടുക്കുന്നതും മനോഹരമായ ഗാനം പിറക്കുന്നതും അതിന് വരികള്‍ എഴുതുന്നതും ഇപ്പോഴും മനസ്സിലുണ്ട്.  യേശുദാസ് ഭംഗിയായി പാടി. ഒപ്പം കല്യാണി മോനോനും. ഗാനം കേട്ടപ്പോള്‍  ഇന്നുവരെയുണ്ടാകാത്ത ഒരു നിര്‍വൃതി അനുഭവപ്പെട്ടു.

അദ്ദേഹം ഈണമുണ്ടാക്കുന്നത്  വളരെ പെട്ടന്നാണ്. പാട്ട് ഇന്നയാളിന് എന്ന് മനസ്സിലുണ്ടാവും. അല്ലിയിളം പൂവോ ' എന്ന ഗാനം യേശുദാസിന് വേണ്ടി ഉണ്ടാക്കിയിരുന്നതാണ്. എന്നാല്‍ കൃഷ്ണ ചന്ദ്രന്‍ പാടിയ ട്രാക്ക് കേട്ടപ്പോള്‍ ഈ  ഗാനം അദ്ദേഹത്തിനു നല്‍കുകയായിരുന്നു.

പാട്ട് ഇഷ്ടമായാല്‍ കണ്ണൊക്കെ വിടര്‍ത്തിച്ചിരിക്കും. ഗൗരവമാണ് സ്ഥായീ ഭാവം. എന്നാല്‍ ദാസേട്ടനു മുന്നില്‍ മാത്രം ആ ഗൗരവം അലിയും. റെക്കോര്‍ഡിങ് ഇല്ലാത്ത നേരങ്ങളില്‍ ദാസേട്ടനോടു മാത്രം അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കും, വര്‍ത്തമാനം പറയും, ചെറിയ തമാശകള്‍ക്കു പോലും പൊട്ടിച്ചിരിക്കും. നേരത്തെകണ്ട ഗൗരവമൊക്കെ എവിടെയോ പോയ്മറയും.

കുറച്ച് പാട്ടുകളേ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത പാട്ടുകള്‍ ഒന്നിനൊന്നു മെച്ചമായി. മംഗളം നേരുന്നു എന്ന സിനിമയിലെ പാട്ടുകളൊക്കെയും വ്യത്യസ്തമായിരുന്നു. ലളിതമായ പദങ്ങളായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. എന്നാല്‍ സാഹിത്യത്തിന്റെ മൂല്യത്തിന് വിലകല്‍പ്പിക്കുന്ന സംഗീതജ്ഞനാണ്. ചില കടുകട്ടി വാക്കുകള്‍ മാത്രമാണ് മലയാളത്തില്‍ അറിയാത്തത്. അങ്ങനെയുള്ള വാക്കുകളൊക്കെ വിശദമായി ചോദിച്ചറിയും.     റെക്കാര്‍ഡിങ് മുറിയിലും ഗൗരവം തന്നെ. പാട്ടുകാര്‍ക്കും അദ്ദേഹത്തെ ഭയമുണ്ടായിരുന്നു. യേശുദാസും ജാനകിയമ്മയും ആണെങ്കിലും ചില പാട്ടുകള്‍ പത്ത് പതിനെട്ട് ടേക്കുകള്‍ വരെ പോവും.

ചിത്രയ്ക്ക് അവാര്‍ഡ് കിട്ടിയ 'പാടറിയേ പടിപ്പറിയേ..' എന്ന ഗാനം മാത്രം മതി ലോക സംഗീതത്തില്‍ തന്നെ അദ്ദേഹത്തിന്റെ മഹത്വമറിയാന്‍. ഒരിക്കല്‍ ദാസേട്ടന്‍ പറഞ്ഞ ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. ഉപകരണങ്ങളൊന്നുമില്ലാതെ 'നീയും ബൊമ്മേ ഞാനും ബൊമ്മേ' എന്ന ഒരു ഗാനം അദ്ദേഹം റെക്കോര്‍ഡ് ചെയ്തത്. ഉപകരണ സംഗീത വാദ്യക്കാരെല്ലാം എത്താനായി ദാസേട്ടന്‍ കാത്തിരിക്കുകയാണ്. എന്നാല്‍  ഒരു ചെറിയ സംഗീത  ഉപകരണം മാത്രം വെച്ചാണ് പാട്ട് കമ്പോസ് ചെയ്തതും  റെക്കോര്‍ഡ് ചെയ്തതും.

മറ്റ് സംഗീത സംവിധായകരെ നോക്കുമ്പോള്‍ ഇളയരാജ രാജാവ് തന്നെയായിരുന്നു. ഞാന്‍ പണ്ടൊരിക്കല്‍ ദേവരാജന്റെ അനിയനാണ് ഇളയരാജ എന്ന് പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. നാടോടി പാരമ്പര്യത്തിന്റെ അംശങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ കാണാം. നാടോടി സംഗീതവും പാശ്ചാത്യവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു ഇന്ദ്രജാലമുണ്ട് പാട്ടുകളില്‍. ബിജിഎം കേട്ടാല്‍ ചില പാട്ടുകള്‍ പക്കാ പാശ്ചാത്യമാണെന്നു തോന്നും. പക്ഷേ അതിന്റെ ധാര നാടോടി ശൈലി തന്നെയായിരിക്കും. മാത്രമല്ല കര്‍ണാടക സംഗീതത്തിലെ രാഗങ്ങളെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചതും അദ്ദേഹം തന്നെ.