‌‌‌‌‌‌‌‌‌‌‌‌തൊണ്ടയിൽ നിന്നു വരുന്ന ശബ്ദത്തെ മയക്കി മെരുക്കി വരുതിയിലാക്കി സംഗീതത്തിന്റെ പുതിയ വഴികൾ സ്വയം തെളിയിച്ചെടുത്ത കലാകാരിയാണ് ആർദ്ര സാജൻ. സ്ത്രീകൾ അധികം ഭാഗമാകാത്ത ബീറ്റ്ബോക്സിങ് എന്ന കലാരൂപം യുട്യൂബിൽ കണ്ടു പഠിച്ച് പ്രശംസയും അംഗീകാരവും നേടിയെടുത്തു ഈ പെൺകുട്ടി. ബീറ്റ് ബോക്സിങ്ങിനൊപ്പം ഹിപ്പ് ഹോപ്പും ചെയ്ത് ആരാധകരുടെ മനസ്സ് കീഴടക്കിയ ഈ ലേഡി ബീറ്റ് ബോക്സർ നിരവധി വേദികളും പുരസ്കാരങ്ങളും സ്വന്തമാക്കി സിനിമയിലേക്കും കടന്നിരിക്കുകയാണിപ്പോൾ. അധികമാരും കടന്നു ചെല്ലാത്ത ഈ മേഖല കൂടുതൽ ജനപ്രിയമാക്കുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ആർദ്ര പറയുന്നു. കേരളത്തിലെ ആദ്യ ലേഡി ബീറ്റ്ബോക്സർ ആയ ‌ആർദ്ര സാജൻ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.  

എന്താണ് ബീറ്റ് ബോക്സിങ്? സാധാരണക്കാർക്കായ് ഇതിനെ എങ്ങനെ പരിചയപ്പെടുത്താം?

ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണമാണ് ബീറ്റ് ബോക്സിങ് എന്നു ലളിതമായി പറയാം. ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾ, ഡ്രംസ്, റിഥം പാഡ് മുതലായവയുടെ ശബ്ദം നമ്മുടെ ശബ്ദത്തിൽ അനുകരിക്കുകയാണ് ചെയ്യന്നത്. മിമിക്രിയിൽ ഉപയോഗിച്ചിരുന്ന പല ശബ്ദാനുകരണങ്ങളുടെയും ആധുനിക വേർഷനാണ് ബീറ്റ്ബോക്സിങ്. കേരളത്തിനു പുറത്ത് ബീറ്റ്ബോക്സിങ്ങിനു വലിയ അംഗീകാരമാണ്. ദേശീയതലത്തിൽ മത്സരങ്ങളിലൊക്കെ ബീറ്റ്ബോക്സിങ് ഒരു ഇനം ആണ്. റാപ്പ് ബീറ്റ്‌ബോക്സ്, ഹിപ്ഹോപ്പ് ബീറ്റ്ബോക്സ് അങ്ങനെ പലതരത്തിലുള്ള രീതികളുണ്ട്. മുൻപ് മിമിക്രി എന്നു തന്നെയാണ് ഇതിനെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ബീറ്റ്ബോക്സിങ് എന്ന പേരിൽ തന്നെ കലോത്സവങ്ങളിൽ പ്രത്യേക വിഭാഗത്തിൽ മത്സരങ്ങൾ നടത്താറുണ്ട്.  

ബീറ്റ്ബോക്സിങ്ങിലേക്ക് എത്തിയ വഴി? 

ഞാൻ എട്ടു വർഷത്തോളം ഷാർജയിൽ എമിറേറ്റ്സ് നാഷനൽ സ്കൂളിൽ ആണ് പഠിച്ചത്. അവിടെ മിമിക്രി, സംഗീതം ഒന്നും ഇല്ലായിരുന്നു. അഞ്ചുവർഷം മുൻപാണു നാട്ടിലെത്തിയത്. പിന്നീട് ഇവിടെയുള്ള ശബ്ദങ്ങൾ അനുകരിച്ചു തുടങ്ങി. രാഷ്ട്രീയക്കാരുടെ ശബ്ദമൊക്കെ അനുകരിച്ചപ്പോൾ നന്നായിട്ടുണ്ട് എന്നു പറഞ്ഞ് ചുറ്റുമുള്ളവർ പ്രശംസിച്ചു. എല്ലാവരും പിന്തുണച്ചപ്പോൾ കൂടുതലായി ചെയ്തു തുടങ്ങി. പക്ഷെ എപ്പോഴും ചെയ്യാറുള്ളത് പ്രഭാതം പൊട്ടി വിടരുന്ന ശബ്ദവും നായ കുരയ്ക്കുന്ന ശബ്ദവുമൊക്കെ ആയിരുന്നു. കുറേയായപ്പോൾ ആവർത്തന വിരസത തോന്നിത്തുടങ്ങി. പത്താം ക്ലാസിൽ വച്ച് ആദ്യമായി കലോത്സവത്തിനു പോയപ്പോൾ ഈ ആവർത്തന വിരസത കാരണം എനിക്ക് സി ഗ്രേഡ് ആണ് കിട്ടിയത്. അപ്പോഴാണ് ഒന്ന് മാറ്റിപിടിച്ചാലോ എന്നു തോന്നിയത്. പെൺകുട്ടികൾ അധികം കടന്നു ചെല്ലാത്ത മേഖലയാണ് ബീറ്റ്ബോക്സിങ്. ഇത് ഒരു പ്രൊഫഷൻ ആയി സ്വീകരിച്ചത് ഞാൻ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. മിമിക്രി ചെയ്യുന്ന പെൺകുട്ടികളും കുറവാണ്. വിദേശികൾ ചെയ്യുന്നത് യൂട്യൂബിൽ എടുത്തു നോക്കി അതു കണ്ടാണ് ഞാൻ ബീറ്റ്ബോക്സിങ് ചെയ്തു തുടങ്ങിയത്. തുടക്കത്തിൽ തന്നെ ബീറ്റ്ബോക്സിങ്ങിനോട് ഏറെ താത്പര്യം തോന്നി. അങ്ങനെയാണ് പരിപാടികളൊക്കെ അവതരിപ്പിച്ചു തുടങ്ങിയത്. 

ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയോ? 

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ ആദ്യമായി ബീറ്റ്ബോക്സിങ് പൊതു വേദിയിൽ അവതരിപ്പിച്ചത്. അപ്പോൾ മുതലാണ് ഞാൻ എന്ന ബീറ്റ്‌ബോക്സറെ ആളുകൾ അറിഞ്ഞു തുടങ്ങിയത്. പരിപാടിയിലെ ചില വിഡിയോകൾ വൈറൽ ആയിരുന്നു. പത്തുലക്ഷത്തോളം ആസ്വാദകർ അത് കണ്ടു.  ടിക്ടോക് ഉള്ളപ്പോൾ ഞാൻ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ടായിരുന്നു. ഒപ്പം ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാറുണ്ട്. ഇങ്ങനെയൊക്കെയാണ് ആളുകൾ എന്നെ കണ്ടുതുടങ്ങിയത്. ഈ കലാരൂപം അധികം ജനപ്രിയമായിട്ടില്ല എന്നതാണു സത്യം. എന്റെ ബീറ്റ്ബോക്സിങ്ങിന് പ്രേക്ഷകരിൽ നിന്നും കിട്ടിയ പിന്തുണ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും നന്നാക്കണം എന്നായി പിന്നീടുള്ള ചിന്ത. അങ്ങനെ കൂടുതൽ പഠിച്ചു. ഇപ്പോൾ സിനിമ വരെ എത്തി നിൽക്കുന്നു. 

എളുപ്പത്തിൽ സ്വായത്തമാക്കാൻ പറ്റുന്നതാണോ ബീറ്റ് ബോക്സിങ്? 

ഇത് വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷെ എന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു കലോത്സവത്തിലും ഒരു ഓഡിഷനിലും പങ്കെടുക്കണമായിരുന്നു. അങ്ങനെ ഞാൻ ആ ഒരു ലക്ഷ്യത്തിനു വേണ്ടി പരിശ്രമിച്ചു. മൂന്നുമാസം കൊണ്ടാണ് ബീറ്റ്ബോക്സിങ് പഠിച്ചെടുത്തത്. സമയമെടുത്ത് പ്രാക്ടീസ് ചെയ്തു. ആദ്യമൊക്കെ ചെയ്യുമ്പോൾ കാറ്റുമാത്രമേ പുറത്തു വരുമായിരുന്നുള്ളൂ. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ബീറ്റ്ബോക്സിങ് എനിക്കു വഴങ്ങിയത്. 

    

ബീറ്റ്‌ബോക്സിങ്ങിന്റെ സിനിമാ സാധ്യതകൾ?

സിനിമയിൽ തീർച്ചയായും സാധ്യതയുണ്ട്. ഇൻസ്ട്രുമെന്റിനു പകരം ബീറ്റ്ബോക്സിങ് ഉപയോഗിക്കാം. അതുപോലെ നാടൻ പാട്ടിൽ ബീറ്റ്ബോക്സിങ്ങിനു മികച്ച സാധ്യതയുണ്ട്. "കുട്ടാ കുട്ടാ കരയല്ലേ കുട്ടാ" എന്ന എന്റെ ഒരു ബീറ്റ്ബോക്സിങ് പാട്ട് വൈറൽ ആയിരുന്നു. പല പാട്ടിലും സംഗീത ഉപകരണങ്ങൾക്കു പകരം ഈ കലാരൂപം ഉപയോഗിക്കാം. അതുപോലെ ടൈറ്റിൽ സോങ്ങിലൊക്കെ ഉപയോഗിക്കാൻ സാധിക്കും. അത്തരത്തിൽ മികച്ച സാധ്യതയും ഭാവിയുമുള്ള ഒരു കലാരൂപം തന്നെയാണ് ബീറ്റ്ബോക്സിങ്. ഞാൻ ‘ആഹാ’ എന്ന സിനിമയിലാണ് ആദ്യമായി ബീറ്റ്ബോക്സിങ് ചെയ്തത്. ദുബായിൽ ഒരു പരിപാടി അവതരിപ്പിച്ചപ്പോൾ ഗായിക സയനോര ചേച്ചി അവിടെ ഉണ്ടായിരുന്നു. എന്റെ പ്രകടനം കണ്ട് ചേച്ചി മികച്ച അഭിപ്രായമാണു പറഞ്ഞത്. പിന്നീട് ചേച്ചി ഒരു സിനിമ ചെയ്തപ്പോൾ എന്നെ വിളിച്ചു. അങ്ങനെയാണ് തുടക്കം. പിന്നെ ഷെയ്ൻ നിഗത്തിന്റെ ‘വെയിൽ’ എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങിന് ബീറ്റ്ബോക്സിങ് ചെയ്തിരുന്നു. ഞാൻ‍ മ്യൂസിക് ചെയ്ത പുതിയ ഒരു സിനിമ പുറത്തിറങ്ങാനുണ്ട്. വേറെയും കുറേ ചിത്രങ്ങളുടെ പ്രവർത്തനങ്ങളിലാണിപ്പോൾ. കോവിഡ് കാരണം പലതും മുടങ്ങിക്കിടക്കുന്നുമുണ്ട്. 

വിധു പ്രതാപിനൊപ്പം ഒരു പാട്ട് ചെയ്തിരുന്നല്ലോ?

ഒരു സ്റ്റേജ് പ്രോഗ്രാമിൽ ആണ് വിധു ചേട്ടൻ എന്നെ കണ്ടത്. അത്തരം പരിപാടികൾ കണ്ടിട്ടാണ് പലരും എന്നെ തേടിവന്നിട്ടുള്ളതും. ഒരു പെൺകുട്ടി ബീറ്റ്ബോക്സിങ് ചെയ്യുന്നതു കണ്ടാണ് വിധു ചേട്ടന് താല്പര്യം തോന്നിയത്. പിന്നീട് വിധുച്ചേട്ടന്റെ യൂട്യൂബ് ചാനലിനു വേണ്ടി പാട്ടു ചെയ്യുന്ന സമയത്ത് ഒരു പെൺകുട്ടി ബീറ്റ് ബോക്സിങ് ചെയ്യുന്ന കഥ തന്നെ ഒരു പാട്ടായി ഒരുക്കുകയായിരുന്നു. ‘പേട്ട റാപ്പ് കവർ സോങ്’ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. വളരെ വ്യത്യസ്തമായ ഒരു കവർ സോങ് ആയിരുന്നു അത്. നിരവധി പേർ മികച്ച അഭിപ്രായവും അറിയിച്ചു. ഒരു  ദിവസം കൊണ്ടായിരുന്നു ആ പാട്ടിന്റെ ഷൂട്ട് പൂർത്തിയാക്കിയത്. അതിൽ ഞാൻ എന്താണു ചെയ്തതെന്നു പലർക്കും മനസ്സിലായിട്ടില്ലായിരുന്നു. അവതരണം ഞാൻ ആയതുകൊണ്ട് ബീറ്റ്ബോക്സിങ് ആയിരിക്കും ചെയ്തത് എന്നു പലരും ഉറപ്പിക്കുകയായിരുന്നു. പാട്ട് കണ്ടപ്പോൾ ഞാൻ ഡാൻസ് ചെയ്യുക മാത്രമാണെന്നാണു മറ്റു ചിലർ വിചാരിച്ചത്. 

സംഗീതോപകരണങ്ങള്‍ക്കു പകരമാകാൻ ബീറ്റ്ബോക്സിങ്ങിനു കഴിയുമോ? 

സംഗീതോപകരണങ്ങളുടെ സാധ്യത അപാരമല്ലേ. തൊണ്ടയിൽ നിന്നുവരുന്ന ശബ്ദത്തിനു പരിമിതിയുണ്ട് അതുകൊണ്ട് ഒരിക്കലും പകരമാകാൻ കഴിയില്ല.  പക്ഷെ ഇത് ഒരു കലാരൂപമായി ഉയർന്നുവരേണ്ടതിന്റെ ആവശ്യമുണ്ട്. ബീറ്റ്ബോക്സിങ് ഇനിയും ജനങ്ങളിലേക്ക് എത്തിക്കണം. ചിലയിടത്തൊക്കെ സംഗീത ഉപകരണങ്ങൾക്കു പകരം ഇതിനെ ഉപയോഗിക്കാൻ കഴിയും. ആദ്യമൊക്കെ ഉത്സവാഘോഷങ്ങളിലായിരുന്നു ഞാൻ പ്രകടനം നടത്തിയിരുന്നത്. അപ്പോഴൊന്നും ആളുകൾക്കു ഞാൻ ചെയ്യുന്നത് എന്താണെന്നു മനസ്സിലായിരുന്നില്ല. ഒരു പെണ്ണ് വന്ന് എന്തോ കാണിക്കുന്നു എന്ന രീതിയിൽ ആയിരുന്നു നോട്ടം. പക്ഷെ കേരളത്തിനു പുറത്ത് ബീറ്റ് ബോക്സിങ്ങിനു വലിയ സ്വീകാര്യതയാണ്. ഭാഷയുടെ പരിമിതി ഇല്ലാത്തതിനാൽ ഏതു സ്ഥലത്തും പോയി അവതരിപ്പിക്കുകയും ചെയ്യാം. ഹൈദരാബാദിൽ ഒരു പരിപാടിക്ക് പോയപ്പോൾ വലിയ വരവേൽപ് ആയിരുന്നു. അന്നത്തെ ആ വിഡിയോ 20 ലക്ഷം ആളുകൾ കാണുകയും ചെയ്തു. 

അവതരണത്തെക്കുറിച്ചുള്ള താരതമ്യങ്ങളുണ്ടാകാറുണ്ടോ?

 

ആദ്യമാദ്യമൊന്നും ആർക്കും ബീറ്റ്ബോക്സിങ്ങിനെക്കുറിച്ച് ഒരു ഐഡിയയും കിട്ടിയില്ലെങ്കിലും ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ട്. ആദർശ് എന്നൊരു ചേട്ടൻ ബീറ്റ്ബോക്സിങ് ചെയ്തു ശ്രദ്ധേയനായിട്ടുണ്ട്. അദ്ദേഹം വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുക. അതേ അവതരണം എന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ താരതമ്യ ചർച്ചകളും ഉയരുന്നു. ഇവൾ എന്താ ചെയ്യുന്നത് എന്ന തരത്തിലാണു സംസാരങ്ങൾ. പക്ഷെ പെണ്ണിന്റെയും ആണിന്റെയും തൊണ്ടയിൽ നിന്നു വരുന്ന ശബ്ദങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണല്ലോ? എനിക്ക് ചെയ്യാൻ പറ്റുന്നത് ആ ചേട്ടനു പറ്റില്ല അതുപോലെ അദ്ദേഹം ചെയ്യുന്നത് എനിക്കും പറ്റില്ല. എന്റെ പ്രകടനം മോശമാകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. 

പഠനവും കലയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു?

തിരുവനന്തപുരം മാർ ഈവാനിയസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണു ഞാൻ. പഠനത്തോടൊപ്പം കലയും ഒരുപോലെ കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ബീറ്റ്‌ബോക്സിങ്ങിനോടൊപ്പം ചിലപ്പോൾ പാട്ടു പാടേണ്ട ആവശ്യം വരാറുണ്ട്. ആ സാഹചര്യങ്ങളിൽ മാത്രം പാടും. അല്ലാതെ പ്രൊഫഷനൽ ആയി പാടാറില്ല. ബീറ്റ്‌ബോക്സിങ്ങിനു വേണ്ടി കരോക്കെ ഒരുക്കാറുണ്ട്. മ്യൂസിക്ക് പ്രൊഡക്‌ഷൻ പഠിക്കുന്നുമുണ്ട്. ഹ്രസ്വചിത്രങ്ങളിലൊക്കെ  സംഗീതം ചെയ്തുവരുന്നു. എങ്കിലും ബീറ്റ്ബോക്സിങ് തന്നെ തുടരാനാണ് കൂടുതൽ താത്പര്യം. കോവിഡ് കഴിയുമ്പോൾ സ്റ്റേജ് ഷോകളും ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ ‘ഫ്ലൂട്ട്ബോക്സിങ്’ എന്ന ഒരു പുതിയ ഒരു പരിപാടി കൂടി ചെയ്തു തുടങ്ങിയിട്ടുണ്ട്. ഫ്ലൂട്ടും ബീറ്റ്ബോക്സിങ്ങും ഒരേ സമയം ചെയ്യുന്ന രീതിയാണ് അത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫ്ലൂട്ട്ബോക്സർ ഞാനാണ്. ഇൻസ്ട്രുമെന്റ് ഉപയോഗിച്ചുകൊണ്ട് ബീറ്റ്ബോക്സിങ് ചെയ്യുക എന്നത് ഒരു പുതിയ പരിപാടി ആണ്. 

കുടുംബം?

തിരുവനന്തപുരത്ത് ആക്കുളം എന്ന സ്ഥലത്താണ് ഞാനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. കൊല്ലം ജില്ലയിലെ ആയൂർ ആണ് എന്റെ സ്വദേശം. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ മാധ്യമപ്രവർത്തകനാണ്, ഒപ്പം ബിസനസ് കൂടി ചെയ്യുന്നു. പാട്ടെഴുത്തുകാരൻ കൂടിയാണ് അച്ഛൻ. അമ്മ സ്കൂൾ അധ്യാപിക.  ചേട്ടൻ എൻജിനിയറിങ് വിദ്യാർഥിയാണ്. വീട്ടുകാരെല്ലാവരും എനിക്കു പൂർണ പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ട്.