‘താരകേ മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ...’ അന്ത്യശ്വാസം വരെ പ്രണയിച്ച്, ഒടുവിൽ പാതിയിൽ മുറിഞ്ഞ നാദമായി രവീന്ദ്രൻ മാഷ് മടങ്ങിയപ്പോൾ ഇറ്റുവീണ കണ്ണീർത്തുള്ളികൾ ഇപ്പോഴും പൊള്ളിക്കുന്നുണ്ട് ഭാര്യ ശോഭയുടെ മിഴിയിതളുകളെ. മനസ്സിന്റെ കാണാക്കോണിൽ ഇന്നും ആ പ്രണയകാലം ഓർമകൾക്കൊപ്പം പെയ്തിറങ്ങി കണ്ണീരിന്റെ വർഷം സൃഷ്ടിക്കുന്നു. പ്രണയിക്കാനും കരയാനും ആഹ്ലാദിക്കാനും താളം പിടിക്കാനുമെല്ലാം രവീന്ദ്രസംഗീതത്തെ കൂട്ടുപിടിച്ച തലമുറകള്‍ ഇന്നും ഇടതടവില്ലാതെ മൂളുന്നുണ്ട്, മരണമില്ലാത്ത ആ ഈണങ്ങൾ. അതുതന്നെയാണ് മാഷിനുള്ള വിലമതിക്കാനാകാത്ത അംഗീകാരമെന്നു പറയുകയാണ് ശോഭ. ഇനിയുമേറെ ഈണങ്ങൾ നൽകാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രണയിക്കാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ ജീവിക്കാനുണ്ടായിരുന്നിട്ടും 61 ാം വയസ്സിൽ രവീന്ദ്രനാദം നിലച്ചു. ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് മാഷിനൊപ്പം ജീവിക്കാൻ തനിക്കു തുണയായതെന്നു വിശ്വസിക്കുന്ന ശോഭ, മാഷ് ഏൽപിച്ചു പോയ സ്നേഹത്തിന്റെ ശേഷിപ്പുകളെ ഇപ്പോഴും നെഞ്ചോടു ചേർക്കുന്നു. രവീന്ദ്രൻ മാഷിനൊപ്പമുള്ള പ്രണയവർണ കാലത്തിന്റെ ഓർമകൾ ശോഭ രവീന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...

‘താരകേ മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ...’ അന്ത്യശ്വാസം വരെ പ്രണയിച്ച്, ഒടുവിൽ പാതിയിൽ മുറിഞ്ഞ നാദമായി രവീന്ദ്രൻ മാഷ് മടങ്ങിയപ്പോൾ ഇറ്റുവീണ കണ്ണീർത്തുള്ളികൾ ഇപ്പോഴും പൊള്ളിക്കുന്നുണ്ട് ഭാര്യ ശോഭയുടെ മിഴിയിതളുകളെ. മനസ്സിന്റെ കാണാക്കോണിൽ ഇന്നും ആ പ്രണയകാലം ഓർമകൾക്കൊപ്പം പെയ്തിറങ്ങി കണ്ണീരിന്റെ വർഷം സൃഷ്ടിക്കുന്നു. പ്രണയിക്കാനും കരയാനും ആഹ്ലാദിക്കാനും താളം പിടിക്കാനുമെല്ലാം രവീന്ദ്രസംഗീതത്തെ കൂട്ടുപിടിച്ച തലമുറകള്‍ ഇന്നും ഇടതടവില്ലാതെ മൂളുന്നുണ്ട്, മരണമില്ലാത്ത ആ ഈണങ്ങൾ. അതുതന്നെയാണ് മാഷിനുള്ള വിലമതിക്കാനാകാത്ത അംഗീകാരമെന്നു പറയുകയാണ് ശോഭ. ഇനിയുമേറെ ഈണങ്ങൾ നൽകാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രണയിക്കാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ ജീവിക്കാനുണ്ടായിരുന്നിട്ടും 61 ാം വയസ്സിൽ രവീന്ദ്രനാദം നിലച്ചു. ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് മാഷിനൊപ്പം ജീവിക്കാൻ തനിക്കു തുണയായതെന്നു വിശ്വസിക്കുന്ന ശോഭ, മാഷ് ഏൽപിച്ചു പോയ സ്നേഹത്തിന്റെ ശേഷിപ്പുകളെ ഇപ്പോഴും നെഞ്ചോടു ചേർക്കുന്നു. രവീന്ദ്രൻ മാഷിനൊപ്പമുള്ള പ്രണയവർണ കാലത്തിന്റെ ഓർമകൾ ശോഭ രവീന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘താരകേ മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ...’ അന്ത്യശ്വാസം വരെ പ്രണയിച്ച്, ഒടുവിൽ പാതിയിൽ മുറിഞ്ഞ നാദമായി രവീന്ദ്രൻ മാഷ് മടങ്ങിയപ്പോൾ ഇറ്റുവീണ കണ്ണീർത്തുള്ളികൾ ഇപ്പോഴും പൊള്ളിക്കുന്നുണ്ട് ഭാര്യ ശോഭയുടെ മിഴിയിതളുകളെ. മനസ്സിന്റെ കാണാക്കോണിൽ ഇന്നും ആ പ്രണയകാലം ഓർമകൾക്കൊപ്പം പെയ്തിറങ്ങി കണ്ണീരിന്റെ വർഷം സൃഷ്ടിക്കുന്നു. പ്രണയിക്കാനും കരയാനും ആഹ്ലാദിക്കാനും താളം പിടിക്കാനുമെല്ലാം രവീന്ദ്രസംഗീതത്തെ കൂട്ടുപിടിച്ച തലമുറകള്‍ ഇന്നും ഇടതടവില്ലാതെ മൂളുന്നുണ്ട്, മരണമില്ലാത്ത ആ ഈണങ്ങൾ. അതുതന്നെയാണ് മാഷിനുള്ള വിലമതിക്കാനാകാത്ത അംഗീകാരമെന്നു പറയുകയാണ് ശോഭ. ഇനിയുമേറെ ഈണങ്ങൾ നൽകാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രണയിക്കാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ ജീവിക്കാനുണ്ടായിരുന്നിട്ടും 61 ാം വയസ്സിൽ രവീന്ദ്രനാദം നിലച്ചു. ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് മാഷിനൊപ്പം ജീവിക്കാൻ തനിക്കു തുണയായതെന്നു വിശ്വസിക്കുന്ന ശോഭ, മാഷ് ഏൽപിച്ചു പോയ സ്നേഹത്തിന്റെ ശേഷിപ്പുകളെ ഇപ്പോഴും നെഞ്ചോടു ചേർക്കുന്നു. രവീന്ദ്രൻ മാഷിനൊപ്പമുള്ള പ്രണയവർണ കാലത്തിന്റെ ഓർമകൾ ശോഭ രവീന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘താരകേ മിഴിയിതളിൽ കണ്ണീരുമായി 

താഴേ തിരയുവതാരേ നീ......’

ADVERTISEMENT

 

അന്ത്യശ്വാസം വരെ പ്രണയിച്ച്, ഒടുവിൽ പാതിയിൽ മുറിഞ്ഞ നാദമായി രവീന്ദ്രൻ മാഷ് മടങ്ങിയപ്പോൾ ഇറ്റുവീണ കണ്ണീർത്തുള്ളികൾ ഇപ്പോഴും പൊള്ളിക്കുന്നുണ്ട് ഭാര്യ ശോഭയുടെ മിഴിയിതളുകളെ. മനസ്സിന്റെ കാണാക്കോണിൽ ഇന്നും ആ പ്രണയകാലം ഓർമകൾക്കൊപ്പം പെയ്തിറങ്ങി കണ്ണീരിന്റെ വർഷം സൃഷ്ടിക്കുന്നു. പ്രണയിക്കാനും കരയാനും ആഹ്ലാദിക്കാനും താളം പിടിക്കാനുമെല്ലാം രവീന്ദ്രസംഗീതത്തെ കൂട്ടുപിടിച്ച തലമുറകള്‍ ഇന്നും ഇടതടവില്ലാതെ മൂളുന്നുണ്ട്, മരണമില്ലാത്ത ആ ഈണങ്ങൾ. അതുതന്നെയാണ് മാഷിനുള്ള വിലമതിക്കാനാകാത്ത അംഗീകാരമെന്നു പറയുകയാണ് ശോഭ. ഇനിയുമേറെ ഈണങ്ങൾ നൽകാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രണയിക്കാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ ജീവിക്കാനുണ്ടായിരുന്നിട്ടും 61 ാം വയസ്സിൽ രവീന്ദ്രനാദം നിലച്ചു. ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് മാഷിനൊപ്പം ജീവിക്കാൻ തനിക്കു തുണയായതെന്നു വിശ്വസിക്കുന്ന ശോഭ, മാഷ് ഏൽപിച്ചു പോയ സ്നേഹത്തിന്റെ ശേഷിപ്പുകളെ ഇപ്പോഴും നെഞ്ചോടു ചേർക്കുന്നു. രവീന്ദ്രൻ മാഷിനൊപ്പമുള്ള പ്രണയവർണ കാലത്തിന്റെ ഓർമകൾ ശോഭ രവീന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ.

 

പ്രണയം, കോലാഹലം

ADVERTISEMENT

 

എന്റെ 16 ാം വയസ്സിലാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. കാണാതെ പ്രണയിച്ചു തുടങ്ങിയ കാലം. ‍ഞങ്ങൾ ഒരേ നാട്ടുകാർ ആയിരുന്നു. പക്ഷേ ഞാൻ രവിയേട്ടനെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ 13 ാം വയസ്സിലാണ് ഞാൻ ജനിച്ചത്. ആ കാലത്ത് അദ്ദേഹം സംഗീതം പഠിക്കാനായി തിരുവനന്തപുരത്തേക്കും പിന്നീട് ചെന്നൈയിലേക്കും പോയി. അതുകൊണ്ടുതന്നെ എനിക്ക് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിരുന്നില്ല. രവിയേട്ടന്റെ കുടുംബാംഗങ്ങളുമൊക്കെയായി എനിക്ക് വളരെ അടുപ്പവും സൗഹൃദവും ഉണ്ടായിരുന്നു. ഞാൻ ആ വീട്ടിൽ പോകുമ്പോഴൊക്കെ രവിയേട്ടനെ കുറിച്ചുള്ള ചർച്ചകൾ കേട്ടിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹം തോന്നി. അതിനു വേണ്ടി കുറേക്കാലം കാത്തിരുന്നു.

 

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം രവിയേട്ടന്റെ അച്ഛൻ മരണപ്പെട്ടു. ആ സയമത്ത് രവിയേട്ടൻ വീട്ടിലേക്കു വന്നപ്പോൾ അവിടെ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. പിന്നീട് പലപ്പോഴും കണ്ടു, സംസാരിച്ചു, തമാശകൾ പറഞ്ഞു. അന്നെനിക്കു രവിയേട്ടനു വിവാഹാലോചനകൾ വരുന്ന സമയമായിരുന്നു അത്. ജോലി സ്ഥിരപ്പെട്ടതിനു ശേഷം മതി വിവാഹമെന്നു പറഞ്ഞ് അദ്ദേഹം ആലോചനകൾ നിരസിച്ചപ്പോൾ പലരും കരുതി എന്നോടുള്ള ഇഷ്ടം കൊണ്ടാണ് മറ്റൊരു വിവാഹത്തിനു തയാറാകാത്തതെന്ന്. എല്ലാവരും തെറ്റിധരിച്ചപ്പോള്‍ രവിയേട്ടനു വാശിയായി. എന്നെത്തന്നെ വിവാഹം കഴിക്കുമെന്നു തീർത്തു പറ‍ഞ്ഞു. അതോടെ എന്റെയും രവിയേട്ടന്റെയും വീട്ടുകാർ തമ്മിൽ ശത്രുതയിലായി. വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. ചെന്നൈയിലേക്കു തിരിച്ചു പോയ രവിയേട്ടൻ പിന്നീട് എനിക്കു കത്തുകൾ അയച്ചു. അങ്ങനെ തുടർന്നുള്ള ഒരു വർഷം ‍ഞങ്ങൾ കത്തുകളിലൂടെ പ്രണയിച്ചു. തുടർന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു വിവാഹിതരാകാൻ തീരുമാനിച്ചു.

ADVERTISEMENT

 

ഏതാനും ചില സുഹൃത്തുക്കളുടെ കൂടെ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. തിരുവനന്തപുരത്തുവച്ച് വിവാഹം റജിസ്റ്റർ ചെയ്തു. ശേഷം ഒരു ക്ഷേത്രത്തിൽ വച്ച് മാലയിട്ടു. ഇത്രയും മാത്രമായിരുന്നു ചടങ്ങുകൾ. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളാരും വിവാഹത്തിന് ഉണ്ടായിരുന്നില്ല. എന്തിനാണു ഞങ്ങളുടെ കാര്യത്തിൽ വീട്ടുകാർ ഇത്ര വലിയ ബഹളമുണ്ടാക്കിയതെന്നു പിൽക്കാലത്ത് ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. വിപ്ലവകരമായ വിവാഹം തന്നെയായിരുന്നു ഞങ്ങളുടേത്. ജീവിതത്തിലുടനീളം എല്ലാ കാര്യത്തിലും അദ്ദേഹം ആ ചങ്കൂറ്റം കാണിച്ചു. വിവാഹത്തിനു ശേഷമായിരുന്നു ഞങ്ങളുടെ യഥാർഥ പ്രണയം തുടങ്ങിയത്. വളരെ ലളിതമായി ജീവിതം ആരംഭിച്ചു. പിന്നീടെപ്പോഴും ആ ലാളിത്യം ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. തുടക്കത്തിൽ എങ്ങനെയായിരുന്നോ അതേ സ്നേഹത്തിൽ അവസാനം വരെ ഞങ്ങൾ ജീവിച്ചു. അന്ത്യശ്വാസം വലിക്കുന്നതുവരെ അദ്ദേഹം എന്നെ പ്രണയിച്ചിരുന്നു. 

 

നൂറു ശതമാനം വിജയിച്ച കുടുംബസ്ഥൻ, പക്ഷേ...

 

ഞങ്ങൾക്കു മൂന്ന് ആൺമക്കളാണ്. ഭർത്താവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും നൂറു ശതമാനവും വിജയിച്ച വ്യക്തിയാണ് രവിയേട്ടൻ. ഭാര്യയെ ഉത്തരവാദിത്തത്തോടെ സംരക്ഷിച്ചു. സംഗീതത്തെ എങ്ങനെ സ്നേഹിച്ചോ അതുപോലെയായിരുന്നു കുടുംബത്തെയും. എന്റെയും മക്കളുടെയും കാര്യത്തിൽ അദ്ദേഹം വളരെ പോസസീവ് ആയിരുന്നു. അതുപക്ഷേ ഒരു മെച്ചമായി ഞാൻ കണക്കാക്കില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും രവിയേട്ടൻ തന്നെയാണു നോക്കിയിരുന്നത്. സ്വന്തമായി ഒന്നും ചെയ്യാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പെട്ടന്നങ്ങു പോയപ്പോൾ ഞങ്ങൾക്കത് ഉൾക്കൊള്ളാനായില്ല. തുടർന്ന് എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. പ്രായം കൊണ്ടു മുതിർന്നെങ്കിലും ഞാനും മക്കളും സ്വയം പര്യാപ്തത നേടിയിരുന്നില്ല. 

 

മാഷ് പോയപ്പോൾ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. എല്ലാ കാര്യങ്ങളും ആദ്യം മുതൽ പഠിച്ചെടുക്കേണ്ടി വന്നു. മാഷിന്റെ ആ പൊസസീവ്നെസ് എപ്പോഴും ഒരു കുറവായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാക്കുകയെന്നതാണ് ഏറ്റവും അത്യാവശ്യം. രവിയേട്ടൻ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതുകൊണ്ട് എനിക്കോ മക്കൾക്കോ ആ സ്വയം പര്യാപ്തത നേടാനായില്ല. രവിയേട്ടന്റെ കാഴ്ചപ്പാട് അങ്ങനെയായിരുന്നു. അദ്ദേഹം എപ്പോഴും ഞങ്ങളെ ചിറകിൻകീഴിൽ കൊണ്ടു നടക്കുകയായിരുന്നു. അതെല്ലാം സ്നേഹക്കൂടുതൽ കൊണ്ടാണ്. എല്ലാ തരത്തിലും അദ്ദേഹം നല്ല അച്ഛനും നല്ല ഭർത്താവുമായിരുന്നു. പരാതി പറയാനുള്ള യാതൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 

 

രണ്ടേ രണ്ടു ലോകം, അതിനപ്പുറം ഒന്നും വേണ്ട

 

മാഷിന് രണ്ടു ലോകമാണ് ഉണ്ടായിരുന്നത്. ഒന്ന് സംഗീതം, മറ്റൊന്ന് കുടുംബം. ജോലി കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തും. അല്ലാതെ മറ്റൊന്നിനും പോകില്ല. കുടുംബത്തെ വിട്ടു നിൽക്കാൻ കഴിയാത്തതിനാൽ ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ പോലും മാഷ് ഉപേക്ഷിക്കുമായിരുന്നു. എനിക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. രവിയേട്ടനു വീട്ടിൽത്തന്നെയിരിക്കുമ്പോൾ ബോറടിക്കില്ലേ എന്ന് പല സിനിമാക്കാരും ചോദിക്കുമായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള സമയമാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതെന്ന് രവിയേട്ടൻ അപ്പോൾത്തന്നെ മറുപടിയും നൽകും. ഞങ്ങളുടെ വീട്ടിൽ എപ്പോഴും സന്തോഷകരമായ അന്തരീക്ഷമായിരുന്നു. എപ്പോഴും എല്ലാവരും ഒരുമിച്ച്. എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ രവിയേട്ടന് യാത്ര ഇഷ്ടമല്ലായിരുന്നതുകൊണ്ട് ഞാനും എന്റെ ആ സ്വപ്നങ്ങൾ ഉപേക്ഷിച്ചു.

 

ആദ്യം മൂളുന്നത് എന്റെ കാതുകളിൽ

 

രവിയേട്ടന്റെ മനസ്സിൽ തെളിയുന്ന ഓരോ ഈണവും ആദ്യം കേട്ടിരുന്നത് ഞാനായിരുന്നു. എനിക്കു സംഗീതത്തിൽ വലിയ ജ്ഞാനമൊന്നും ഇല്ല. എന്നിട്ടും അദ്ദേഹം ഓരോ ഈണവും എനിക്കു മൂളിത്തന്നു. അതുതന്നെയാണ് എന്റെ മഹാഭാഗ്യം. എന്നോട് അഭിപ്രായങ്ങൾ ചോദിക്കുകയും ഞാൻ പറയുന്ന കാര്യങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഞാൻ കേള്‍ക്കാത്ത ഒരു ഈണവും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടില്ല. അത് സുഹൃദ് വലയങ്ങളിലൊക്കെ തമാശയായി അൽപം അഹങ്കാരത്തോടെ ഞാൻ പറയാറുമുണ്ട്. കമ്പോസിങ് കൂടുതലും ഞങ്ങളുടെ വീട്ടിൽ വച്ചു തന്നെയായിരുന്നു. മറ്റെവിടെയങ്കിലും വച്ചാണ് ചെയ്യുന്നതെങ്കിലും ഫോൺ വിളിച്ച് ആ ഈണം കേൾപ്പിക്കുമായിരുന്നു.

 

എന്റെ രവിയേട്ടനും ഞങ്ങളുടെ ഈണങ്ങളും!

 

മാഷിന്റെ എല്ലാ പാട്ടുകളും എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മാഷിന്റെ ആദ്യ ഗാനമായ, ‘ചൂള’യിലെ ‘താരകേ’ എന്ന ഗാനം ആദ്യം വലിയ രീതിയിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് ഞാൻ അതിന്റെ ആഴം മനസ്സിലാക്കി. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നതും എനിക്കു പ്രിയപ്പെട്ടതും ‘താരകേ’ എന്ന ഗാനം തന്നെയാണ്. അതുപോലെ ‘രാജീവം വിടരും നിൻ മിഴികൾ’ എന്ന ഗാനം രവിയേട്ടൻ എനിക്ക് എപ്പോഴും പാടിത്തരുമായിരുന്നു. ഗായകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. ഏതു പാട്ടും രവിയേട്ടൻ പാടി കേൾക്കുന്നതായിരുന്നു എനിക്ക് ഇഷ്ടം. ഞങ്ങൾ തമ്മിലുണ്ടാകുന്ന സൗന്ദര്യപ്പിണക്കം മാറ്റാന്‍ അദ്ദേഹം പാടിത്തന്നിരുന്നത് ഈ ഗാനമാണ്. രവിയേട്ടൻ ചെയ്ത പാട്ടുകളിൽ പലതും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടതാണ്. പല അനുഭവങ്ങളിലൂടെയും കടന്നു പോയ വ്യക്തി ആയതുകൊണ്ടുതന്നെ രവിയേട്ടന് എല്ലാ സാഹചര്യത്തിനുമനുസരിച്ചുള്ള പാട്ടുകൾ ചെയ്യാൻ കഴിയുമായിരുന്നു. 

 

ഏതോ ജന്മ പുണ്യം

 

രവിയേട്ടനൊപ്പം ജീവിതം പങ്കിടാൻ സാധിച്ചതിൽ പരിപൂർണ തൃപ്തയാണു ഞാൻ. ഇത്രയും മഹാനായ ഒരു സംഗീതജ്ഞന്റെ ഭാര്യയായിരിക്കാൻ സാധിച്ചതാണ് എനിക്കു കിട്ടിയ മഹാഭാഗ്യം. ഏതോ ജന്മത്തിൽ ഞാൻ ചെയ്ത പുണ്യം. ആദ്യം മുതൽ അവസാനം വരെ സ്നേഹസമ്പന്നനായ ഭർത്താവ് ആയിരുന്നു അദ്ദേഹം. എനിക്കു കിട്ടിയ ജീവിതത്തിനു യാതൊരു കോട്ടവും സംഭവിക്കാതെ കൊണ്ടുനടക്കാൻ ഞാൻ അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. രവിയേട്ടൻ എനിക്കു വേണ്ടി പല ത്യാഗങ്ങളും സഹിച്ചിരുന്നു. പല തരത്തിലും പ്രതിസന്ധികളുണ്ടായപ്പോഴും ഞങ്ങൾ അന്യോന്യം മനസ്സിലാക്കി ജീവിച്ചു. ഞാനും രവിയേട്ടനും ഒരുമിച്ചു വളരെ ചുരുക്കം ചില യാത്രകൾ മാത്രമേ നടത്തിയിട്ടുള്ളു. 33 വർഷം ഒരുമിച്ചു ജീവിച്ചതിൽ ആകെ 3 തവണയാണ് എന്നെ റെക്കോർഡിങ് സ്റ്റുഡിയോയിൽ കൊണ്ടുപോയിട്ടുള്ളത്. മാഷിലൂടെയാണ് ഞാൻ ലോകവിവരങ്ങൾ അറിഞ്ഞിരുന്നത്. വീട്ടിൽത്തന്നെ അടച്ചിരുന്നതുകൊണ്ടാകും എനിക്ക് ആളുകളുമായി ഇടപഴകാൻ പോലും അറിയില്ലായിരുന്നു. 

 

എന്റെ മാഷ്, സിനിമയിലെ ‘ധിക്കാരി’

 

സിനിമാ മേഖലയിൽ മാഷിന് അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ല എന്നത് നിസ്സംശയം പറയാനാകും. പക്ഷേ എനിക്ക് അതിൽ ആരോടും പരാതിയില്ല. ആദ്യ ഗാനം മുതൽ മാഷിന് അംഗീകാരങ്ങൾ കിട്ടേണ്ടതായിരുന്നു. അദ്ദേഹത്തിന് ആകെ രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ മാത്രമാണു ലഭിച്ചത്. ജനങ്ങൾ നൽകിയ സ്വീകാര്യതയാണ് തനിക്കുള്ള അംഗീകാരമെന്ന് മാഷ് എപ്പോഴും പറയുമായിരുന്നു. മാഷ് വിടവാങ്ങി 17 വർഷത്തിനിപ്പുറവും ആളുകൾ മാഷിനെക്കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ അതൊരു വലിയ അംഗീകാരം തന്നെയാണ്. മാഷിന്റെ ഭാര്യ എന്ന നിലയിൽ ആളുകൾ എന്നെ സ്വീകരിക്കുന്നതും എന്നോടു പെരുമാറുന്നതുമെല്ലാം അദ്ദേഹത്തിനുള്ള അംഗീകാരമാണ്. അതെല്ലാം മാഷിനു കിട്ടുന്ന സ്നേഹമാണ്. പക്ഷേ അദ്ദേഹത്തിനു സിനിമാ മേഖലയിൽനിന്നു വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്നതു സത്യമാണ്. രവിയേട്ടന് ഇനിയും ഒരുപാട് ചെയ്യാനുണ്ടായിരുന്നു. സംഗീതത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. അത് പലർക്കും ഇഷ്ടപ്പെട്ടില്ല. ‌‌ജീവിതത്തിലുടനീളം എല്ലാ കാര്യത്തിലും അദ്ദേഹം ചങ്കൂറ്റത്തോടെ നിന്നു. സിനിമാ മേഖലയിൽ ‘ധിക്കാരി’ എന്നൊരു പേരു തന്നെയുണ്ട് രവിയേട്ടന്. വിട്ടുവീഴ്ചകളില്ലാത്ത സംഗീതജ്ഞനായതുകൊണ്ടു തന്നെ പലരും സിനിമകളിൽനിന്നു മാഷിനെ മാറ്റി നിർത്തി. മാഷിനെ വേണം എന്നു നിർബന്ധമുള്ളവർ മാത്രമാണ് പാട്ടുകൾക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നത്. സിനിമ അദ്ദേഹത്തെ വേണ്ട വിധം ഉപയോഗിച്ചില്ല എന്നതാണു സത്യം. 

 

സൗഹൃദങ്ങൾ ചുരുക്കം

 

രവിയേട്ടനു ചുരുക്കം ചില സുഹ‍ൃദ്ബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു അദ്ദേഹം. മാത്രവുമല്ല, ജോലി കഴിഞ്ഞ് ഉടൻ വീട്ടിലേക്കു പോകുന്നത് അദ്ദേഹത്തിന്റെ കൂടയുള്ളവർക്കൊന്നും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ക്കൊപ്പം യാത്രകൾക്കോ മറ്റ് ആഘോഷങ്ങൾക്കോ ഒന്നും രവിയേട്ടൻ സമയം മാറ്റി വയ്ക്കാത്തതുകൊണ്ടു തന്നെ പലരും അദ്ദേഹത്തെ അകറ്റി നിർത്തി. ദാസേട്ടനുമായി (കെ.ജെ.യേശുദാസ്) പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. സൗഹൃദം എന്നതിലുപരി ദാസേട്ടനോട് രവിയേട്ടന് ആരാധനയായിരുന്നു. രവിയേട്ടൻ എല്ലാവരോടും ഇടപഴകുമെങ്കിലും ആഴത്തിലുള്ള സൗഹൃദം വളരെ കുറവായിരുന്നു. ദീർഘകാല സൗഹൃദങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതം വളരെ ചുരുങ്ങിപ്പോയി. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടു വിദേശത്തേക്കുള്ള ക്ഷണങ്ങൾ അദ്ദേഹം നിരസിച്ചിരുന്നു. അവിടെയൊന്നും പോകേണ്ട ആവശ്യമില്ല, താത്‍പര്യമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ് അദ്ദേഹം ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. 

 

ആവശ്യങ്ങൾ പരിമിതം 

 

രവിയേട്ടന്റെ ആവശ്യങ്ങള്‍ വളരെ പരിമിതമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽനിന്നു മാറിനിൽക്കേണ്ടി വരുമ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തിനു നിർബന്ധമായിരുന്നു. എസി മുറി, സിഗരറ്റ്, എന്നെ വിളിക്കാനായി ഫോൺ. അതുപോലെ രുചികരമായ നാടൻ ഭക്ഷണം. സംഗീതത്തിലെന്ന പോലെ ആഹാര കാര്യത്തിലും അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള വിഭവങ്ങൾ ഞാൻ തയാറാക്കിക്കൊടുക്കുമായിരുന്നു. വീട്ടിൽനിന്നു ദൂരെയായിരിക്കുമ്പോൾ അര മണിക്കൂർ ഇടവിട്ട് എന്നെ ഫോൺ വിളിക്കും. സംസാരിക്കും. അതൊക്കെ അദ്ദേഹത്തിന്റെ പതിവുകൾ ആയിരുന്നു. പെട്ടെന്നങ്ങു പോയപ്പോൾ അത് ഉൾക്കൊള്ളാനായില്ല. ഇത്രയും മഹാനായ മനുഷ്യന്റെ ഭാര്യയായിരിക്കാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ എന്റെ രവിയേട്ടന്റെ വേർപാട് വേദനയോടെയാണെങ്കിലും ഞാൻ അംഗീകരിക്കുന്നു.

 

 

English Summary: Interview with Raveendran Master's wife Shobha