2018ന്റെ അവസാനത്തിൽ സംഗീത പ്രേമികൾക്കു ലഭിച്ച ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായിരുന്നു തമിഴ് ചിത്രം ‘96’ലെ ‘കാതലേ കാതലേ’. യൂട്യൂബിൽ എത്തി ഗാനം മണിക്കൂറുകൾക്കകം തന്നെ ആസ്വാദക മനം കവർന്നിരുന്നു. തെന്നിന്ത്യയിലാകെ തരംഗം തീർത്ത ചിത്രം വിവിധ ഭാഷകളിലേക്കു തർജമ ചെയ്യപ്പെടുകയാണിപ്പോൾ. ഏറ്റവും ഇതിനിടെ ചിത്രത്തിന്റെ കന്നട പതിപ്പായ ‘99’ലെ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്

കഴിഞ്ഞ ദിവസം എത്തിയ സൂര്യനേ...എന്ന ഗാനം  മൂന്നരലക്ഷത്തോളം ആളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. കവിരാജിന്റെ വരികൾക്ക് അർജുൻ ജന്യയാണ് ഈണം പകർന്നിരിക്കുന്നത്. വിജയ് പ്രകാശ് ആണ് ആലാപനം. ഗണേഷും ഭാവനയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രീതം ഗബ്ബിയാണ് സംവിധാനം. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ഭാവനയുടെ മടങ്ങിവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. തമിഴിൽ ഈണം നൽകിയ ഗോവിന്ദ് വസന്തയല്ല, കന്നട പതിപ്പിനു സംഗീതം നൽകിയിരിക്കുന്നതെന്നു ശ്രദ്ധേയം. തെലുങ്കു പതിപ്പില്‍ ഗോവിന്ദ് സംഗീതം നൽകേണ്ട എന്ന നിർമാതാവ് നിലപാടെടുത്തത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഗോവിന്ദിന്റെ സംഗീതത്തിലൂടെ തെലുങ്ക് പതിപ്പുമായി മുന്നോട്ടു പോകാനാണ് സംവിധായകന്റെ തീരുമാനം.