ചുരുങ്ങിയ കാലയളവില്‍ മലയാളത്തിലെ വിവിധ ഗാനങ്ങൾക്കു കവർ ചെയ്തു ശ്രദ്ധേയയായ വ്യക്തിയാണ് സന മൊയ്ദുട്ടി. മലയാളം നന്നായി വഴങ്ങില്ലെങ്കിലും സനയുടെ ഇത്തരം കവർ ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ തികച്ചും വ്യത്യസ്തമായ രീതിയിൽ കറുത്തപെണ്ണേ എന്ന ഗാനത്തിനു റാപ് വേർഷനുമായി എത്തിയിരിക്കുകയാണ് സന. 

ഒരു പെണ്ണുകാണലുമായി ബന്ധപ്പെട്ടുള്ള വാട്സ് ആപ്പ് ചാറ്റിലൂടെയാണു ഗാനം തുടങ്ങും. ഗാനത്തിലെ ഇംഗ്ലീഷ് വരികള്‍ എഴുതിയിരിക്കുന്നതും സന തന്നെയാണ്. സമൂഹത്തിലെ വർണവിവേചനം ചൂണ്ടി കാണിച്ചു കൊണ്ടാണ് സനയുടെ വരികൾ. നിറത്തിന്റെ പേരിൽ ആരും തന്നെ അകറ്റി നിർത്തേണ്ടവരല്ല. അവർക്കു മുണ്ട് ജീവിതത്തിൽ സ്വപ്നങ്ങളും പ്രതീക്ഷയുമെന്നു പറഞ്ഞുവയ്ക്കുന്നു സന. മോഹൻലാലും ശോഭനയും ചേർന്ന് അനശ്വരമാക്കിയ ഗാനത്തെ പുതുമയോടെ അവതരിപ്പിക്കാനുള്ള ചെറിയ ശ്രമം എന്ന കുറിപ്പോടെയാണ് 'കറുത്തപെണ്ണേ'യുടെ പുതിയ പതിപ്പ്.

നേരത്തെ ശ്രീരാഗമോ, ശ്യാമമേഘമേ തുടങ്ങിയ ഗാനങ്ങൾക്കെല്ലാം സന കവറുകൾ ചെയ്തിരുന്നു. പുതിയ ഗാനത്തിനു സമ്മിശ്ര പ്രതികരണമാണു ലഭിക്കുന്നത്. ഗാനത്തിന്റെ റാപ്പ് വേർഷൻ ഇഷ്ടമായെന്ന് ആരാധകർ പറയുമ്പോൾ വിമർശകരുടെ കമന്റുകൾ ഇങ്ങനെയാണ്: ‘ഈ ഗാനത്തിനു മനസ്സിൽ ഒരു സ്ഥാനമുണ്ട്. മലയാളി എന്നും ഹൃദയത്തോടു ചേർത്തുവെക്കുന്ന ഗാനമാണ് ഇത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലായതിനാൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല.’ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഇന്നലെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം 85,000ൽ അധികം ആളുകൾ കണ്ടു