പുതിയ തലമുറയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ രണ്ടുപേരായി മാറുകയാണ് കാളിദാസന്റെയും ഐശ്വര്യലക്ഷ്മിയുടെയും. ഒടുവിലായി എത്തുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർകടവി’ലെ പുതിയഗാനത്തിന്റെ അവസ്ഥയും വിഭിന്നമല്ല. ഗാനം യൂട്യൂബിൽ എത്തി മണിക്കൂറുകൾക്കകം കണ്ടത് ഒന്നരലക്ഷത്തിലധികം ആളുകളാണ്. 

സിത്താര കൃഷ്ണകുമാറാണ് കാത്തു കാത്ത് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം. പുതിയ ഗാനം കേള്‍ക്കുമ്പോൾ അൻവറിലെ കിഴക്കു പൂക്കും എന്ന ഗാനവുമായി സാമ്യം തോന്നുന്നുണ്ട്. ഗോപി സുന്ദർ തന്നെയാണ് ഇരു ഗാനങ്ങൾക്കും സംഗീതം നൽകിയത് എന്നു തന്നെയാകണം ഈ സാമ്യത്തിനു കാരണമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. മാത്രമല്ല, കരിക്ക് എന്ന ഷോയിടെ മലയാളിക്കു സുപരിചിതനായ ജോർജ് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഒപ്പനപ്പാട്ടിന്റെ താളത്തിൽ എത്തുന്ന ഗാനമാണ് കാത്തു കാത്ത്. വ്യത്യസ്തമായ ലുക്കിൽ ഐശ്വര്യ ലക്ഷ്മി എത്തുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. അശോകൻ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർകടവ്. മിഥുൻ‌ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.