ട്രോളൻമാർ ആരെയും വെറുതെ വിടാറില്ല. എന്തു കണ്ടാലും പിറകെ വരും അതിന്റെ ട്രോൾ. ഏറ്റവും ഒടുവിൽ ട്രോളിന് ഇരയായിരിക്കുന്നത് മറ്റാരുമല്ല. പുതുതലമുറ ഗായിക സന മൊയ്തുട്ടിയാണ്. സന മൊയ്തുട്ടിയുടെ പുതിയ കവർ വിഡിയോയ്ക്കാണ് ട്രോളൻമാരുടെ ആക്രമണം. 

‘തേന്‍മാവിൻ കൊമ്പത്തി’ലെ ഹിറ്റ് ഗാനം ‘കറുത്തപ്പെണ്ണേ’യുടെ റിമിക്സ് വേർഷനുമായാണ് സന എത്തിയത്. തികച്ചും വ്യത്യസ്തമായ രീതിയിൽ. യഥാർഥഗാനത്തിൽ നിന്നും വ്യത്യസ്തമായി ഏതാനും ചില വരികളും റിമിക്സ് കവർ സോങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർണവിവേചനം ഇപ്പോഴും സമൂഹത്തിലുണ്ടെന്നും, നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തരുതെന്ന സന്ദേശവുമാണു ഗാനത്തിലൂടെ നൽകാൻ ശ്രമിക്കുന്നതെന്ന കുറിപ്പോടെയായിരുന്നു റീ മിക്സ് വേർഷൻ എത്തിയത്. 

എന്നാൽ, പാട്ടിലെ ഈ മാറ്റം ആസ്വാദകർക്ക് അത്ര പിടിച്ചിട്ടില്ലെന്ന് വിഡിയോയുടെ കമന്റുകളിൽ നിന്നും വ്യക്തമായിരുന്നു. യഥാർഥ ഗാനത്തിന്റെ ഭംഗി ഇല്ലാതാക്കരുതെന്നു വിമർശനം ഉന്നയിച്ചവരും ഉണ്ട്. പുതുമകള്‍ പെട്ടന്ന് ഉൾക്കൊള്ളാന്‍ കഴിയാത്ത മലയാളിയുടെ മാനസിക അവസ്ഥയാണ് വിമർശനങ്ങൾക്കു കാരണമെന്നു പറയുന്നവരും ഉണ്ട്.ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈ കവർവേർഷനു മാരക ട്രോളുകളും എത്തുന്നത്. ഈ ഗാനത്തെ കൊന്നു, കേസെടുക്കണം എന്നൊക്കെയുള്ള രീതിയിൽ വിവിധ സിനിമകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ട്രോളൻമാർ പുറത്തിറക്കിയ വിഡിയോയും ഇപ്പോൾ തരംഗമാകുകയാണ്. 

നേരത്തെയും നിരവധി മലയാളം സിനിമ ഗാനങ്ങള്‍ക്ക് സന കവർ വിഡിയോകൾ ചെയ്തിട്ടുണ്ട്. അതെല്ലാം മികച്ച പ്രതികരണമായിരുന്നു നേടിയത്. കറുത്തപ്പെണ്ണേ എന്ന ഗാനവും യൂട്യൂബിൽ എത്തി മണിക്കൂറുകൾക്കം തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ മറ്റുഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി ചില വരികളെല്ലാം കൂടുതലായി എഴുതി ചേർത്തതാണ് പാട്ട് ആസ്വാദകരെ അസ്വസ്ഥമാക്കിയതെന്നാണ് വിലയിരുത്തൽ.