സ്ത്രീത്വം എന്നത് ഒരേ പോലെ വരദാനവും, ശാപവുമായി മാറുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഒരിടത്ത് സ്ത്രീയെ അംഗീകരികരിക്കുമ്പോൾ മറ്റൊരിടത്ത് അവളിപ്പോഴും ഇരുട്ടിൽ തന്നെയാണ്. പലപ്പോഴും പല അതിക്രമങ്ങളുടെയും ഇരകളായി മാറാറുണ്ട് സ്ത്രീകള്‍. ഈ ആധുനിക സമൂഹത്തിലും പാവ പോലൊരു ജീവിതമാണ് നയിക്കുന്നതെന്നു സ്ത്രീക്കു തോന്നുന്നതായി പറഞ്ഞു വെക്കുകയാണ് ഈ മ്യൂസിക് വിഡിയോ. 

ഗായിക കാവ്യ അജിത്താണ് ഈ വിഡിയോക്ക് പിന്നിൽ. ‘നാൻ ഒരു വിളയാട്ട് ബൊമ്മയാ എന്നു തുടങ്ങുന്ന ഗാനത്തിൽ കാവ്യക്കൊപ്പം കുടുംബവും എത്തുന്നു. രണ്ടു തലമുറയിലെ സ്ത്രീകൾ പാടുന്നതാണ് വിഡിയോയിൽ. ഒപ്പം ശാസ്ത്രീയ നൃത്താവിഷ്കാരവും ഒരുക്കിയിരിക്കുന്നു. വനിതാ ദിനമായ മാർച്ച് എട്ടിനു ചലച്ചിത്ര താരം മഞ്ജുവാര്യൻ ഫെയ്സ് ബുക്ക് പേജിലൂടെ വിഡിയോ റിലീസ് ചെയ്തു. ടൊവീനോയും ഫെയ്സ് ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

പാപനാസം ശിവ ഒരുക്കിയ ശാസ്ത്രീയ സംഗീതത്തിന് വേറിട്ടൊരു പതിപ്പു നൽകുകയാണ് കാവ്യ. വിമാനം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗായികയാണ് കാവ്യ. ആദ്യഗുരുവും മുത്തശിയുമായ കമലാ സുബ്രഹ്മണ്യത്തിനൊപ്പമാണ് കാവ്യയുടെ ആലാപനം. അശ്വതിലേഖയാണ് നൃത്താവിഷ്കാരം. വിഷ്ണു ഉദയനാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.