പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം. നിഗൂഢതകൾ നിലനിർത്തിക്കൊണ്ടു തന്നെ ലൂസിഫറിന്റെതായി ഓരോ ദിവസവും പുറത്തു വരുന്ന ക്യാരക്ടർ പോസ്റ്ററുകൾക്ക് വൻസ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട് എത്തുന്ന വാർത്തകളാണ് സജീവമാകുന്നത്. 

ചിത്രത്തിലെ ലൂസിഫർ ആന്തം ആലപിക്കുന്നത് പ്രശസ്ത ഗായിക ഉഷാ ഉതുപ്പാണ്. മുരളീ ഗോപിയുടെതാണു വരികൾ. ദീപക് ദേവിന്റെ സംഗീതം. മുരളീ ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഉഷ ഉതുപ്പിനൊപ്പമുള്ള ചിത്രങ്ങളും മുരളി ഗോപി പങ്കുവച്ചു. ഏറെ ആരാധിക്കുന്ന ഉഷ ദീദീയോടൊപ്പം ഒരു ഫാൻ മൊമെന്റ്. ‘രാജുവിനും ദീപക്കിനും എനിക്കും ഇത് മഹത്തായ നിമിഷമാണ്. ദീദി ലൂസിഫറിൽ പാടാമെന്നു സമ്മതിച്ചിരിക്കുകയാണ്.’– മുരളി ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉഷാ ഉതുപ്പിനൊപ്പം മകൾ അഞ്ജലി ഉതുപ്പ് കുര്യനെയും ചിത്രത്തിൽ കാണാം. 

2016ലാണ് ഉഷാ ഉതുപ്പ് അവസാനമായി ഒരു സിനിമയ്ക്കു വേണ്ടി പാടിയയത്. ഏകദേശം എട്ടുവർഷത്തിനു ശേഷമാണ് മലയാളത്തിൽ. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവീനോ എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. മാർച്ച് 28നു ലൂസിഫര്‍ തീയറ്ററുകളിലെത്തും.