ജീവിതത്തിന്റെ നല്ല കാലങ്ങളിലേക്കു മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാണ് ജൂണ്‍. അക്കാലത്തെ സൗഹൃദവും, സ്വപ്നങ്ങളും പ്രണയവുമെല്ലാം ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിച്ചു ചിത്രം. ചിത്രം പോലെ തന്നെ മനോഹരമായിരുന്നു ഓരോ ഗാനവും. മിന്നി മിന്നി, മെല്ലെ മെല്ലേ, എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവിൽ എത്തിയിരിക്കുകയാണ് മാനേ, പെൺമാനെ എന്ന ഗാനം. 

ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും നവാഗതനായ ഇഫ്ത്തിയാണ്. വിനായക് ശശികുമാറിന്റെതാണു വരികൾ. അർജുൻ അശോകനും രജിഷയും എത്തുന്ന ഗാനം കാലമെത്ര കഴിഞ്ഞാലും ചില പ്രണയം അങ്ങനെ മായാതെ നിൽക്കുമെന്ന് ഓർമിപ്പിക്കുകയാണ്. മനു മഞ്ജിത്ത്, അനു എലിസബത്ത് ജോസ് എന്നിവരും ചിത്രത്തിനായി വരികൾ എഴുതിയിരിക്കുന്നു. 

മികച്ച പ്രതികരണമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കം നാലര ലക്ഷത്തോളം ആളുകൾ ഗാനം കണ്ടു.  ‘ഈ ഗാനം കേൾക്കുന്നതിനേക്കാൾ ഭംഗിയാണു കാണാൻ, ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ എത്രയും പെട്ടന്ന് തീയറ്ററിൽ പോയി കാണണം, ചിത്രത്തിൽ അർജുൻ രജിഷയെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്’ എന്നിങ്ങനെയാണു ആരാധകരുടെ കമന്റുകൾ. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്.