വ്യത്യസ്തമായ രീതിയിൽ കവർ ഗാനങ്ങൾ ഒരുക്കി ആസ്വാദക ഹൃദയം കവർന്ന ഗായികയാണ് അഞ്ജു ജോസഫ്. അഞ്ജുവിന്റെ ഓരോ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. ഇപ്പോൾ മലയാളി മനസ്സിനെ കീഴടക്കിയ രണ്ടുമനോഹര ഗാനങ്ങൾക്കു കവർ ഒരുക്കുകയാണ് അഞ്ജു ജോസഫ്. കണ്ണാടിക്കയ്യിൽ, തങ്കത്തോണി എന്നീ ഗാനങ്ങള്‍ക്കാണ് അഞ്ജു കവർ ഒരുക്കിയിരിക്കുന്നത്. 

പാട്ടുകളുടെ തനിമ ചോരാതെ അതിമനോഹരമായാണ് അഞ്ജുവിന്റെ ആലാപനം. മികച്ച ദൃശ്യവത്കരണവും ഗാനത്തിനു മിഴിവേകുന്നു. ‘ജോൺസൺ മാസ്റ്ററുടെ മനോഹരമായ രണ്ടുഗാനങ്ങളെ പുനരാവിഷ്കരിച്ചിരിക്കുകയാണ്. എല്ലാവർക്കും ഇഷ്ടമാകും’  എന്ന കുറിപ്പോടെയാണ് അഞ്ജു വിഡിയോ പങ്കുവവച്ചത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു വിഡിയോ. 

‘അതിമനോഹരമാണു ആലാപനം. ഓർമകളിലേക്കു തിരികെ കൊണ്ടുപോയതിനു അഞ്ജുവിനു നന്ദി. സംഗീതമില്ലെങ്കിൽ, ജീവിതം തെറ്റാണ്.’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. പി.എസ്. ജയ്ഹരിയാണു മ്യൂസിക് പ്രൊഡക്ഷന്‍. അഭയ്  സ്റ്റീഫനാണ് സംവിധാനം. നേരത്തെ മേലെ മേലെ വാനം എന്ന ഗാനത്തിന്റെ കവർ വിഡിയോ അഞ്ജു ഒരുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.