കഴിഞ്ഞ വർഷം ഈ ദിനം കേരളമുണർന്നത് ഞെട്ടലോടെ ആയിരുന്നു. കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ സംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ബാലഭാസ്കർ എന്ന സൂര്യൻ അസ്തമിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. മാന്ത്രിക വിരലുകളാൽ വയലിനിൽ വിസ്മയം സൃഷ്ടിച്ച ആ കലാകാരൻ നോവിന്റെ ഈണം ബാക്കി വെച്ച് അകാലത്തിൽ പൊലിഞ്ഞു പോയത് സംഗീത ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമായി.  

എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ പൊതുവേദിയിലെത്തിയ ബാലപ്രതിഭയായിരുന്നു ബാലഭാസ്കർ. വയലിനും സംഗീതവുമായിരുന്നു ബാലഭാസ്കറിന്റെ ലോകം. രാജ്യാന്തര ശ്രദ്ധയിലേക്കെത്തിയ പ്രകടനങ്ങളും കരഘോഷമുയർന്ന വേദികളും അദ്ദേഹത്തിന്റെ സംഗീതവഴിയിൽ നാഴികക്കല്ലുകളായി. വെറും പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിച്ച് ചലച്ചിത്രരംഗത്തേയ്ക്കും ആ പ്രതിഭ എത്തി. 

ഇലക്ട്രിക് വയലിനിലെ പ്രകടനത്തിലൂടെ യുവതലമുറയെ കയ്യിലെടുക്കുന്ന ചാരുതയോടെ തന്നെ ശാസ്ത്രീയ സംഗീതക്കച്ചേരികളിൽ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും ബാലഭാസ്കർ ശ്രദ്ധിച്ചു. ബാലഭാസ്‌കറും വയലിനും ചേര്‍ന്നു നമ്മുടെ മനസ്സ് വായിക്കാന്‍ തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടിലേറെ കഴിയുന്നു. ഒടുവില്‍ നൊമ്പരപ്പെടുത്തി അകാലത്തില്‍ കടന്നുപോയപ്പോൾ ഓര്‍മയായത് മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയും മാത്രം. ഒരു വിങ്ങലായി സംഗീതപ്രേമികളുടെ മനസിൽ ആ വയലിൻ നാദം എപ്പോഴും ഉണ്ടാകും.