ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി എസ്. എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘ഈ വഴിയിൽ....’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഹരിചരൻ, പവിത്ര മേനോൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. 

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അഞ്ജു കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഷാൻ റഹ്മാനും ഗോപി സുന്ദറും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. 

തമിഴിലെ ആക്ഷൻ കിങ് അർജുൻ സർജ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്. അജു വർഗീസ്, ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു കമൽ തമീസ് ആണ് ചിത്രം നിർമിക്കുന്നത്.