ജയറാം നായകനായെത്തിയ പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ പുതിയ തീം സോങ് അണിയറക്കാർ പുറത്തിറക്കി. ‘ഒരു രസം ഉണ്ടാക്കിയ കല്യാണം’ എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തത്. ജയറാമും ഷീലു എബ്രഹാമും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. അടുക്കളയിൽ പാകം ചെയ്തുകൊണ്ടിരുന്ന ഷീലുവിന്റെ അടുത്തേക്ക് ജയറാം കടന്നു ചെല്ലുന്നതോടെയാണ് ഗാനം ആരംഭിക്കുന്നത്. ഇരുവരും തമ്മിലുള്ള ഏതാനും ചില സംഭാഷണ ഭാഗങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാചകത്തെപ്പറ്റി മികച്ച അഭിപ്രായം പറഞ്ഞ ജയറാം പിന്നീട് ഷീലുവിനെ തന്റെ ജീവിത സഖിയാക്കുന്നതോടെ വ്യത്യസ്തമായ ഒരനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ചത് പോലെ തന്നെ മികച്ച പ്രതികരണമാണ് തീം സോങിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. 

എം. ജയചന്ദ്രൻ, സനന്ദ് ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പട്ടാഭിരാമൻ. തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കണ്ണൻ തമരക്കുളവും ഒരുമിച്ച ചിത്രമാണ് പട്ടാഭിരാമൻ. അമിത ലാഭത്തിനായി ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് എത്രത്തോളം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവാണ് പട്ടാഭിരാമനിലൂടെ പ്രേക്ഷകന് ലഭിക്കുന്നത്.

പഴകിയ ഭക്ഷണം വിളമ്പുന്ന ചെറുകിട ഹോട്ടലുകൾ മുതൽ കൊള്ളലാഭത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്ന വമ്പൻ സംഘങ്ങൾ വരെ നീളുന്ന കേരളത്തിലെ ഭക്ഷണ വ്യവസായമാണ് സിനിമയിൽ മുഖ്യമായും ചിത്രീകരിച്ചിരിക്കുന്നത്. അധ്വാനിച്ച് സമ്പാദിക്കുന്ന പണം കൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്ന ജനതയായി നാം മാറി എന്ന ഓർമ്മപ്പെടുത്തലാണ് ചിത്രമെന്ന് പ്രേക്ഷകർ പറയുന്നു.