ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. തനി തൊടുപുഴ നസ്രാണിയുടെ ലുക്കിൽ പ്രത്യക്ഷപ്പെട്ട ആസിഫ് അലിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. വില്യം ഫ്രാൻസിസ് സംഗീതം നൽകി ആലപിച്ചിരിക്കുന്ന നാടൻ ശീലുള്ള ഗാനം പ്രേക്ഷകശ്രദ്ധ നേടി. ബി.കെ ഹരിനാരായണന്റെതാണ് വരികൾ. 

ആസിഫ് അലിയുടെ നാടൻ ലുക്കിനെക്കുറിച്ചാണ് ആരാധകരുടെ പ്രതികരണങ്ങളിൽ ഏറെയും. നാടൻ കഥാപാത്രം വേറെ ഒരു ലെവലിലേക്ക് ഉയർത്താൻ ആസിഫ് അലിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ഈ വർഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

മാജിക് ഫ്രെയ്മ്സിന്റെ ബാനറിൽ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. പുതുമുഖം വീണാ നായരാണ് ആസിഫിന്റെ നായികയായെത്തുന്നത്. അജി പീറ്റർ തങ്കത്തിന്റെതാണ് തിരക്കഥ. ക്യാമറ അഭിലാഷ് ശങ്കറും എഡിറ്റിങ് നൗഫൽ അബ്ദുള്ളയുമാണ് നിർവഹിക്കുന്നത്.