ജയസൂര്യയുടെ മകൻ അദ്വൈത് ഒരുക്കിയ ‘ഒരു സർബത്ത് കഥ’ എന്ന വെബ് സീരീസിന്റെ ടൈറ്റിൽ ഗാനം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ ഗാനം ആലപിച്ചത് യുവാക്കളുടെ ഹരമായ ദുൽഖർ സൽമാൻ ആണ്. ഗാനം റിലീസ് ചെയ്തതോടെ അദ്വൈതിനെയും ദുൽഖറിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പരസ്യങ്ങൾക്ക് വേണ്ടി സംഗീതം ചെയ്യുന്ന കൃഷ്ണരാജ് ആണ് ഗാനത്തിന് ഈണം പകർന്നത്. അദ്ദേഹത്തിന്റെ ഭാര്യ ലയ കൃഷ്ണരാജിന്റേതാണ് വരികൾ. ജയസൂര്യയുമായി വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട് കൃഷ്ണരാജിന്. അങ്ങനെയാണ് അദ്വൈതിന്റെ വെബ് സീരീസിന്റെ ടൈറ്റിൽ സോങ് ചെയ്യാൻ ഇടയായത്. ഇതുവരെ അഞ്ഞൂറിലധികം പരസ്യങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ആദ്യമായി ഇങ്ങനൊരു ഗാനം ചെയ്തതിന്റെ അനുഭവങ്ങൾ കൃഷ്ണരാജ് മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു. 

ജയസൂര്യയുമായുള്ള സൗഹൃദം

‘ഏകദേശം പത്ത് വർഷമായി സംഗീത മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. പരസ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. അവയ്ക്കെല്ലാം എന്റെ ഭാര്യ ലയ ആണ് വരികളെഴുതാറുള്ളത്. വെബ് സീരീസിന് വേണ്ടി ഗാനം ചെയ്യുക എന്നത് വളരെ യാദൃശ്ചികമായി കിട്ടിയ കിട്ടിയ  അവസരമാണ്. ഞാനും ജയേട്ടനും (ജയസൂര്യ) തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. പെട്ടെന്നൊരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. അദ്വൈത് ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്, അതിന് വേണ്ടി ഒരു ടൈറ്റിൽ ഗാനം ചെയ്യാമോ എന്ന്. അങ്ങനെയാണ് ഞാൻ ഇതിന്റെ ഭാഗമായത്. 

‘സാധാരണയായി കുറച്ച് ദിവസങ്ങളെടുത്താണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. എന്നാൽ ഇതിന് വളരെ കുറച്ച് സമയമേ ഉള്ളു എന്ന് ജയേട്ടൻ പറഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നൽകി കുറച്ചു കുട്ടികളുടെ കഥ പറയുന്ന ചിത്രമാണത്. ഭാര്യയോട് ഇക്കാര്യം പങ്കുവച്ചപ്പോൾ അവൾ അതിന് വേണ്ടി വരികളെഴുതി. ഒരു മിനിട്ട് മാത്രം ദൈർഷ്യമുള്ള ഗാനം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ലയ എഴുതിയ വരികൾ ജയേട്ടന് ഒരുപാട് ഇഷ്ടമായി. അങ്ങനെ അദ്ദേഹത്തിന്റെ ആശയപ്രകാരം ഗാനം മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ളതാക്കി. കൊച്ചിയിലെ ചില പ്രത്യേക പ്രയോഗങ്ങൾ കൂട്ടിച്ചേർക്കണം എന്ന അഭിപ്രായമൊഴികെ മറ്റ് തിരുത്തലുകൾ ഒന്നും വേണ്ടി വന്നില്ല.’

അദ്വൈതില്‍ അഭിമാനം

ഈ ചെറു പ്രായത്തിൽ അദ്വൈത് ഇത്ര വലിയ കാര്യങ്ങൾ ചെയ്തതിൽ തീർച്ചയായും അഭിമാനം തോന്നുന്നു. ആദിക്ക് വളരെ ആഗ്രഹമായിരുന്നു ദുൽഖർ സൽമാനെക്കൊണ്ട് ഈ ഗാനം പാടിക്കണം എന്ന്. എങ്കിലും ഞങ്ങൾക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം അദ്ദേഹം വലിയ താരമാണ്, ഗായകരോട് തിരുത്തലുകൾ ചൂണ്ടിക്കാണിക്കുന്നത് പോലെ അദ്ദേഹത്തോട് പറയാൻ പറ്റില്ലല്ലോ. എന്നാൽ അദ്ദേഹം റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക് വന്നത് തന്നെ ഈ ഗാനം മൂളിക്കൊണ്ടായിരുന്നു. അപ്പോൾ ഞങ്ങൾക്ക് വലിയ ആശ്വാസമായി. ആദ്യം പാടിയപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി. 

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ഗാനം പൂർത്തീകരിച്ചത്. ഇപ്പോൾ കുറേ വെബ് സീരീസുകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ടൈറ്റിൽ സോങ് ഉൾപ്പെടുത്തിയ വെബ് സീരീസ് ഇതാദ്യമാണ്. മാത്രവുമല്ല ഒരു സെലിബ്രിറ്റി പാടുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ ഈ ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേർ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിക്കാൻ വിളിക്കുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു.